ഉത്ഥാനം (കവിത -ഷേർലി മണലിൽ)

sponsored advertisements

sponsored advertisements

sponsored advertisements

16 April 2022

ഉത്ഥാനം (കവിത -ഷേർലി മണലിൽ)

നാഥാ,
ഓശാനനാളിലെ
ആൾത്തിരക്കിലും
ഏകനായിരുന്നു നീ –
യെന്നു ഞാനറിയുന്നു.
അത്താഴമേശയിൽ
നുറുക്കിവിളമ്പിയത്
ഹൃദയം തന്നെയായിരുന്നു.
ഒറ്റുചുംബനത്തിലും മണത്തത്
മരണത്തെയായിരുന്നുവല്ലേ,
സ്നേഹിച്ച കുറ്റത്തിന്
മൂന്നാണിക്കുരുക്കിൽ
പിടഞ്ഞുനൊന്തത്
നിൻ്റെയാത്മാവു തന്നെയല്ലേ ?
രക്തം വിയർപ്പായ് –
പൊടിഞ്ഞു മേനിയിൽ
നിന്ദയാലേറ്റം
പൊട്ടിത്തകർന്നപ്പോഴല്ലയോ ?
തലതാഴ്ത്തി നീ
പ്രാണനെ വെടിഞ്ഞത്
ഈ ലോകനീതിയിൽ
ലജ്ജിച്ചു തന്നെയാവണം !
ഏകാന്തതയുടെ
ഗുഹാമുഖങ്ങളിൽ
വഴിമുടക്കും കല്ലുരുട്ടിയകറ്റി
നീയിറങ്ങിവരുന്നത്
തിരിച്ചറിവുകളുടെ
ഉയർപ്പിലേയ്ക്കാണ്,
ചേർത്തുപിടിയ്ക്കുമ്പോൾ
തളിരിട്ട കൊമ്പ്
വെട്ടിയെടുത്തൊരുക്കും
കുരിശാണ് പ്രതിഫലം.

ഷേർലി മണലിൽ