സ്നേഹിക്കാം കിഡ്നികളെ; ലോക കിഡ്നിദിനം – 2023 മാര്‍ച്ച് 9 വ്യാഴം (ഷിബു പീറ്റർ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 March 2023

സ്നേഹിക്കാം കിഡ്നികളെ; ലോക കിഡ്നിദിനം – 2023 മാര്‍ച്ച് 9 വ്യാഴം (ഷിബു പീറ്റർ)

ഷിബു പീറ്റർ

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ 2-ാം വ്യാഴാഴ്ച കിഡ്നി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. പ്രായഭേദമന്യേ ആരെയും കടന്നാക്രമിക്കാവുന്ന “നിശ്ശബ്ദ കൊലയാളി” എന്ന് വൈദ്യശാസ്ത്രം വെളിപ്പെടുത്തിയ കിഡ്നിരോഗമെന്ന മഹാവിപത്തിന്‍റെ പിടിയിലകപ്പെടാതിരിക്കുവാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഈ രോഗത്തിന് പൂര്‍ണ്ണമായി അടിമപ്പെട്ടുകഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുകയില്ല എന്നതുതന്നെ. പിന്നീടുള്ള ഏകാശ്രയം സ്ഥിരമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുക, അല്ലെങ്കില്‍ കിഡ്നി മാറ്റിവയ്ക്കല്‍ ശ്സ്ത്രക്രിയ മാത്രമാണ് ഏക പരിഹാരമാര്‍ഗ്ഗം. കോവിഡ് മഹാമാരിപോലെയുള്ള പകര്‍ച്ചവ്യാധിയും കൂടിയായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലുമാകും.
എന്താണ് എളുപ്പ പരിഹാരമാര്‍ഗ്ഗം
കിഡ്നിരോഗാരംഭത്തില്‍ പ്രകടമാകുന്ന ചില നിസ്സാരലക്ഷണങ്ങളെ ഗൗരവത്തോടെ മനസ്സിലാക്കി പ്രാരംഭഘട്ടത്തില്‍തന്നെ ശരിയായ രീതിയില്‍ പ്രതിരോധിച്ചാല്‍ ഈ രോഗത്തെ പൂര്‍ണ്ണമായും അതിജീവിക്കുവാന്‍ സാധിക്കും.
പ്രധാനലക്ഷണങ്ങള്‍
മൂത്രത്തില്‍ എണ്ണമയവും കൊഴുപ്പും കലര്‍ന്ന രീതിയില്‍ പതഞ്ഞ് പൊങ്ങുക, അളവില്‍ കുറയുക, മൂത്രത്തില്‍ പഴുപ്പ്, കട്ടന്‍ ചായയുടെ നിറം, രക്തം കലര്‍ന്ന് വരിക, ദുര്‍ഗന്ധം, ആവര്‍ത്തിച്ച് ചെറിയ അളവില്‍ തുള്ളിയായി മൂത്രം ഒഴിക്കുക, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും തടസ്സവും പുകച്ചിലും അനുഭവപ്പെടുക. കൂടാതെ കണ്ണിനുചുറ്റും തടിപ്പ്, കൈകാലുകളിലും മുഖത്തും ദേഹത്തും നീര്, ശരീരവേദന, ചൊറിച്ചില്‍, വിളര്‍ച്ച, തളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, കിതപ്പ്, വിറയലോടുകൂടിയ പനി, ശ്വാസംമുട്ടല്‍, നടുവേദന, ഉറക്കക്കുറവ്, അബോധാവസ്ഥ, ബലക്ഷയം, കാഴ്ചമങ്ങല്‍, കാലിനും കൈയ്ക്കും കുടച്ചില്‍, എല്ലിനു ബലക്ഷയം ഇങ്ങനെയുള്ള ലക്ഷണങ്ങളെയൊക്കെ ശ്രദ്ധിക്കാതെ രോഗം മൂര്‍ച്ഛിച്ച് ക്രോണിക് കിഡ്നി രോഗത്തിന് അടിമപ്പെട്ടാല്‍ വീണ്ടും ചികിത്സിച്ച് വൃക്കകളെ പൂര്‍വ്വസ്ഥിതിയില്‍ ആക്കുവാന്‍ സാധിക്കുകയില്ല.

പ്രധാന കാരണങ്ങള്‍
1) നിയന്ത്രണാതീതമായ പ്രമേഹവും അധിക രക്തസമ്മര്‍ദ്ദവും.
2) നിരന്തരമായ വേദന സംഹാരികളുടെയും മറ്റ് ചില ഗുളികകളുടെയും മരുന്നുകളുടെയും അമിതമായ ഉപയോഗം.
3) കൂടാതെ കിഡ്നിയിലെ ചെറുമുഴകള്‍, മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ അണുബാധ, കിഡ്നിയില്‍ കല്ല്, ഗര്‍ഭിണികള്‍ക്ക് ഏകദേശം 6 മാസം ആകുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പി.ഐ.എച്ച് (പ്രഗ്നന്‍സി ഇന്‍ഡ്യൂസ് ഹൈപ്പര്‍ ടെന്‍ഷന്‍), പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ധിയുടെ പ്രശ്നങ്ങള്‍, കുട്ടികള്‍ക്കുണ്ടാകുവാന്‍ സാധ്യതയുള്ള നെഫ്രൈറ്റിസ്(കിഡ്നിയില്‍ നീര്‍വീക്കം) എന്നിവയും ആരംഭത്തിലെ ശരിയായി ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ കിഡ്നിരോഗത്തിന് കാരണമായേക്കാം. ഹൃദ്രോഗമുള്ളവര്‍ ഭക്ഷണ നിയന്ത്രണവും ശരിയായ ജീവിതശൈലിയും പാലിച്ചില്ലെങ്കില്‍ കിഡ്നിരോഗത്തിന് സാധ്യതയേറുന്നു. മൂത്ര തടസ്സമുണ്ടാക്കുന്ന ചില രോഗങ്ങളും (ഒബ്സ്ട്രക്റ്റീവ് നെഫ്രോപ്പതി) കാരണമാകുന്നുണ്ട്. പ്രസവ സമയത്ത് കിഡ്നിരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ കുഞ്ഞിനെ ബാധിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.
ഈ രോഗത്തിന് അടിമപ്പെട്ട അതിസമ്പന്നരെപ്പോലും ചുരിങ്ങിയകാലംകൊണ്ട് ശാരീരിക മാനസിക തകര്‍ച്ചയിലേയ്ക്കും സാമ്പത്തികമായി ദാരിദ്ര്യത്തിലേയ്ക്കും നയിക്കുന്നതായാണ് കണ്ട് വരുന്നത്. “ഒരു നേരമെങ്കിലും വേദനയെടുക്കാതെ മൂത്രമൊഴിക്കാന്‍ സാധിച്ചിരുന്നെങ്കില്‍” എന്നതാണ് പല രോഗികളുടെയും ഏക ആഗ്രഹം. ഈ രോഗം മൂര്‍ച്ഛിച്ച് അവസാന ഘട്ടത്തിലെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുകയില്ല, മറിച്ച് രോഗം വരാതെ ശ്രദ്ധിക്കുക, ആരംഭഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞ് കണ്ടുപിടിച്ച് പ്രതിരോധിക്കുക എന്നത് മാത്രമാണ് കിഡ്നി രോഗത്തെ അതിജീവിക്കുവാനുള്ള ഏകപരിഹാരമാര്‍ഗ്ഗമെന്ന് നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഷിബു പീറ്റർ