റോട്ടറി ഇന്റർ നാഷണൽ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത ഷിബു പീറ്റർ വെട്ടുകല്ലേൽ (വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements

21 March 2022

റോട്ടറി ഇന്റർ നാഷണൽ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത ഷിബു പീറ്റർ വെട്ടുകല്ലേൽ (വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര

“സമൂഹത്തിന് ആവശ്യമായ എല്ലാ നന്മകളും എനിക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും സമൂഹത്തിന് ആവശ്യമാണ്”

” SERVICE ABOVE SELF “ എന്ന സന്ദേശം മുൻ നിർത്തി ആഗോളതലത്തിൽ വിവിധ കമ്മ്യൂണിറ്റി സർവ്വീസ് പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മുൻനിര സന്നദ്ധ സംഘടനയായ ചിക്കാഗോ ഇവൻസ്റ്റൺ ആസ്ഥാനമായുള്ള റോട്ടറി ഇന്റർനാഷണലിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ സാധിച്ചാൽ നമ്മുടെ “റോൾ മോഡൽ ” നാം തന്നെ ആയി മാറുമെന്ന് തന്റെ ഇരുപത്തിയേഴ് വർഷത്തെ റോട്ടറി ജീവിതാനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ പാലാ സ്വദേശിയായ ഷിബു പീറ്റർ . പരേതരായ പാലാ വെട്ടുകല്ലേൽ വി.ജെ. പീറ്ററിന്റേയും അന്നമ്മ പീറ്ററിന്റെയും ഇളയമകനാണ് ഷിബു.

1905 ൽ ചിക്കാഗോയിൽ സ്ഥാപിതമായി, ലോകമെമ്പാടും 220 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റോട്ടറി എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്ത് സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുവാൻ സാധിക്കുന്നതിൽ ഏറെ അഭിമാനവും ചാരിതാർത്ഥ്യവും ഉളവാക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നു..

അശരണർക്ക് താങ്ങും തണലുമായി
പീറ്റർ ഫൗണ്ടേഷൻ ട്രസ്റ്റ്

തന്റെ പിതാവിന്റെ പേരിൽ നിർദ്ധന കിഡ്നി രോഗികളുടെ പുരോഗതിക്കും, ഉന്നമനത്തിനുമായി ഷിബു ആരംഭം കുറിച്ച പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന പീറ്റർ ഫൗണ്ടേഷന്റെ പല പ്രവർത്തനങ്ങളും റോട്ടറി യുമായി സഹകരിച്ചാണ്. സൗജന്യ ഡയാലിസിസ്, ഡയാലിസിസ് കിറ്റുവിതരണം, കിഡ്നി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ യാത്രാ സൗകര്യങ്ങൾ, കിഡ്നി മാറ്റി വെക്കാനുള്ള ക്രോസ് ഡൊണേഷൻ സംവിധാനങ്ങൾ, ബോധവൽക്കരണ കൗൺസിലിംഗ് തുടങ്ങി പല പദ്ധതികളും പീറ്റർ ഫൗണ്ടേഷനിലൂടെ നടത്തി വരുന്നു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനാണ് പീറ്റർ ഫൗണ്ടേഷന്റെ രക്ഷാധികാരി.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ

2011 മുതൽ ഫാ.ഡേവിഡ് ചിറമ്മേൽ ചെയർമാനായുള്ള കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സുരക്ഷകേരളം പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ എന്ന നിലയിലും ഷിബു സേവനമനുഷ്ഠിച്ചു. അദ്ദേഹവും സുഹൃത്തുക്കളും കൂടി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു മൊബൈൽ ലാബ് കിഡ്നി ഫെഡറേഷന് സംഭാവന ചെയ്തു. തുടർന്ന് ആയിരക്കണക്കിന് കിഡ്നി രോഗ നിർണ്ണയ ക്യാമ്പുകളും സെമിനാറുകളുമാണ് ഈ മൊബൈൽ ലാബ് സംവിധാനത്തിലൂടെ അദ്ദേഹം കേരളത്തിലുടനീളം നടത്തിയത്. കിഡ്നി രോഗം ആരംഭത്തിൽ തന്നെ കണ്ടുപിടിച്ച് തടയുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ആറ് വർഷം കൊണ്ട് കിഡ്നി രോഗാരംഭമുള്ള പതിനാലായിരത്തോളം ആളുകളെയാണ് രോഗാരംഭത്തിൽ തന്നെ കണ്ടുപിടിച്ച രോഗം മൂർച്ഛിക്കാതെ രക്ഷപെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചത് .


പ്രചോദനം, വിളക്കുകൾ

പാലാ രൂപതാ സഹായ മെത്രാനും കിഡ്നി ദാതാവുമായ മാർ ജേക്കബ് മുരിക്കൻ , കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യാ ചെയർമാൻ ഡേവിസ് ചിറമ്മേൽ , വി ഗാർഡ് ഇൻഡസ്ട്രീസ് & ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാനും കിഡ്നി ദാതാവുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നീ വഴി വിളക്കുകളിൽ നിന്നുള്ള പ്രചോദനമാണ് തനിക്ക് ഈ വഴിയിൽ മറ്റുള്ളവർക്ക് ദീപമാകുവാൻ സാധിച്ചതെന്ന് ഷിബു പറയുന്നു.
സാമ്പത്തിക ഭദ്രതയിലും, സ്ഥാനമാനങ്ങളിലും, അധികാരത്തിലും നാം സന്തോഷം കണ്ടെത്തുന്നവരാണ് . എന്നാൽ യഥാർത്ഥ ആത്മസംതൃപ്തി നമ്മിൽ ഉളവാകണമെങ്കിൽ നമ്മുടെ പണവും സമയവും സഹജീവികൾക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോൾ മാത്രമാണ് എന്ന സത്യം അദ്ദേഹം തിരിച്ചറിയുന്നു.
സമൂഹത്തിലെ നിർദ്ധനരായവർക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ അവരുടെ മുഖത്ത് പ്രകടമാകുന്ന സംതൃപ്തി നിറഞ്ഞ പുഞ്ചിരിയാണ് തനിക്ക് വീണ്ടും പ്രവർത്തിക്കുവാൻ കരുത്തേകുന്നത്- ഷിബു പറയുന്നു.

പ്രവർത്തനങ്ങൾ, മാതൃകകൾ

ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ഉപരിപഠനത്തിനായി 1989 ലാണ് ഷിബു ന്യൂയോർക്കിലെത്തിയത്. പക്ഷെ തന്റെ മൂത്ത ജേഷ്ഠ സഹോദരൻ ജോസ് പീറ്ററിന്റെ ആകസ്മിക വേർപാടുമൂലം ഇടയ്ക്ക് ഉപരിപഠനം എന്ന സ്വപ്നം ഉപേക്ഷിച്ച് പാലായിലും കാഞ്ഞിരപ്പള്ളിയിലുമുള്ള വി.ജെ.പീറ്റർ & കമ്പനി എന്ന തങ്ങളുടെ കുടുംബ ബിസിനസ്സിൽ രണ്ടാമത്തെ ജേഷ്ഠസഹോദരൻ തോമസ് പീറ്ററിനൊപ്പം ചേർന്ന് ബിസിനസ്സിൽ പ്രവർത്തിച്ചു.
1995 ൽ റോട്ടറി പ്രസ്ഥാനവുമായി ചേർന്ന് ചെറിയ ചെറിയ സന്നദ്ധ പ്രവർത്തനങ്ങൾ പാലായിലുള്ള തൻറെ സ്വന്തം ഗ്രാമത്തിൽ നടത്തുവാനുള്ള അവസരമുണ്ടായി. 2001 മുതൽ തന്റെ സമയത്തിന്റെ മുപ്പത് ശതമാനവും റോട്ടറിയിലൂടെയുള്ള സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവെച്ചു .
തുടർന്നങ്ങോട്ട് കിഡ്നി ഡയാലിസിസ് സെന്ററുകൾ , കൃത്രിമ കാൽ വിതരണം, ഭവന നിർമ്മാണം, കുടിവെള്ള പദ്ധതികൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ , കിഡ്നി രോഗ നിർണ്ണയ ക്യാമ്പുകൾ അങ്ങനെ കോടിക്കണക്കിന് രൂപയുടെ വിവിധ സർവ്വീസ് പ്രോജക്ടുകളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ കരുതലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും റോട്ടറി ഫൗണ്ടേഷന്റെ നിയന്ത്രണത്തിലൂടെ ആയതിനാൽ നൂറുശതമാനവും സുതാര്യമായിട്ടാണ് നടക്കുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.


പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ

പുരസ്കാരങ്ങളും അംഗീകാരങ്ങളും നമ്മുടെ മുന്നിലേക്ക് നമ്മെ തേടി വരുന്ന നിമിഷങ്ങൾ അതിസുന്ദരമാണ്. ഷിബുവിന്റെ ജീവിതത്തിലേക്ക് അങ്ങനെ കടന്നു വന്ന നിരവധി മുഹൂർത്തങ്ങൾ ഉണ്ട്.
റോട്ടറി ക്ലബ് ഇന്റെർനാഷണലിന്റെ ഏറ്റവും വിശിഷ്ടമായ “SERVICE ABOVE SELF” അവാർഡിന് രണ്ടു തവണ അദ്ദേഹം അർഹനായി. ഇല്ലിനോയി നാഷണൽ കിഡ്നി ഫൗണ്ടേഷൻ എക്സലൻസ് അവാർഡ്, ഇല്ലിനോയി ഗിഫ്റ്റ് ഓഫ് ഹോപ്പ് അംബാസിഡർ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എക്സലൻസ് അവാർഡ്, കേരളാ ജനമൈത്രി പോലീസ് സാമൂഹിക സേവന അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

തുടർ പദ്ധതികൾ, പരിപാടികൾ

2018 ൽ മക്കളുടെ തുടർ പഠനാർത്ഥം ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഷിബു പീറ്റർ .ഒപ്പം തന്നെ കേരളത്തിലെ മറ്റ് റോട്ടറി ക്ലബുകളുമായി സഹകരിച്ചുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കായി ചിക്കാഗോയിൽ റോട്ടറി ക്ലബ്ബ് ഓഫ് നൈൽസ് എന്ന പേരിൽ റോട്ടറി ഇന്റെർനാഷണലിന്റെ കീഴിൽ ഒരു ക്ലബ്ബും അദ്ദേഹം രൂപീകരിച്ചു. ഇന്ത്യാക്കാർക്കു മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ റോട്ടറി ക്ലബാണിത്.
നിർദ്ധന കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ നോർത്ത് കരോലിനായിലുള്ള ജേക്കബ് ജോബി കണ്ടാരപ്പള്ളിൽ, കുറുപ്പുന്തറ കണ്ടാരപ്പള്ളിൽ ജോണി, നൈൽസ് ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയും റോട്ടറി ഇന്റർ നാഷണലുമായി ചേർന്നും കേരളത്തിൽ ഡയാലിസിസ് സെന്റെർ ഇല്ലാത്ത ആശുപത്രികളിൽ ഡയാലിസിസ് മെഷീനുകൾ സൗജന്യമായി നൽകി ഡയാലിസിസ് സെന്റെറുകൾ തുടങ്ങിക്കൊണ്ടിരിക്കുന്നു.
ജീവിതം തന്നെ നഷ്ടപ്പെട്ടു പോയേക്കാവുന്ന ആയിരങ്ങൾക്ക് തണലായി ഷിബു പീറ്റർ തന്റെ സേവന യാത്ര തുടരുമ്പോൾ താങ്ങും തണലുമായി ഭാര്യ ലിയാൻ (ചിങ്ങവനം കാളിശ്ശേരിൽ കുടുംബാംഗം) മക്കൾ ദിയാ ( UIC എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി) , എൽനാ (UIC ഫാം ഡി വിദ്യാർത്ഥിനി), സൈമൺ (UlC ബാച്ചിലേഴ്സ് വിദ്യാർത്ഥി ), ജോൺ (5th ഗ്രേഡ് വിദ്യാർത്ഥി ) എന്നിവരും ഒപ്പമുണ്ട്.

ചില മനുഷ്യർ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇങ്ങനെ പുഞ്ചിരിച്ചു കൊണ്ട് പ്രവർത്തന നിരതമാകുമ്പോഴാണ് ലോകത്തിന്റെ മറ്റിടങ്ങളിൽ കാരുണ്യത്തിന്റെ പുഞ്ചിരി പൂത്തുലയുന്നത്. ഷിബു പീറ്റർ തന്റെ പുഞ്ചിരിച്ച മുഖവുമായി വിവിധ ജീവിതങ്ങളിലേക്ക് പടർന്ന് പന്തലിക്കട്ടെ. അദ്ധേഹത്തിന്റെ മേൽ ഈശ്വരന്റെ പുഞ്ചിരി തണലായി വിളങ്ങട്ടെ..