അങ്ങനെയൊരാൾ (കവിത -സിമ്മി കുറ്റിക്കാട്ട് )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 June 2022

അങ്ങനെയൊരാൾ (കവിത -സിമ്മി കുറ്റിക്കാട്ട് )

ടവരമ്പ് ജങ്ഷനിൽ നിന്നും
ഏതോ ബസിലേയ്ക്ക് ചാടിക്കേറുമ്പോൾ
കരയാൻ തോന്നിയിട്ടും
ഞാൻ കരഞ്ഞിരുന്നില്ല .
അന്വേഷിച്ചു വന്ന വിലാസത്തിലെ
വാതിൽ തുറക്കുന്ന ചെറുപ്പക്കാരനെ
അതിതീവ്രമായി സ്നേഹിച്ചിരുന്ന
കാമുകിയായിരുന്നല്ലോ ഞാൻ.
ബെല്ലടിച്ചെങ്കിലുമത് ശബ്ദിച്ചതേയില്ലല്ലോ
എന്നൊരു സന്ദേഹം പോലും
തോന്നാത്ത വണ്ണം സന്തോഷപ്പെട്ടിരുന്നവൾ.
മുന്തിയതല്ലെങ്കിലും
മൂന്നുമൂന്നായി പകുത്ത് കൊത്തിയ
പന്ത്രണ്ട്‌ പൂക്കൾ വിരിഞ്ഞ വാതിൽ.
അതിന് പുറകിലെ ലോകത്തെയോർത്തപ്പോൾ
എന്റെ ഹൃദയഗതി കൂടി.
മുട്ടുംതോറും വിരലുകളിൽ
വേദന പടർന്ന് കയറിയെങ്കിലും
ഞാനത്‌ ഗൗനിച്ചില്ല.
കാത്ത്‌ നിൽക്കുമ്പോൾ
അവന്റെ പൂന്തോട്ടത്തിൽ കണ്ണുടക്കി.
വേണ്ടവണ്ണം ശ്രദ്ധിക്കാതെ
പൂക്കളുള്ള ശിഖരങ്ങൾ
പടർന്നു പൊന്തിയിരിക്കുന്നു.
ഒരിക്കലും വളരാത്ത കുഞ്ഞുങ്ങളും
അവരോടൊപ്പം തിമിർത്തു കളിയ്ക്കുന്ന
മുയൽ കുഞ്ഞുങ്ങളും നായ്കുട്ടികളും
ആ തൊടിയിൽ ഓടി കളിയ്ക്കുന്ന സ്വപ്നം
ഞങ്ങൾ ഒരുമിച്ചാണല്ലോ കണ്ടിരുന്നത് .
വഴുവഴുത്ത അടുക്കള മുറ്റവും
അടഞ്ഞ ജനലകളുമെന്നെ
ഭയപ്പെടുത്തും മുന്നേയവനിപ്പോൾ
വാതിൽ തുറക്കുമല്ലോ .
‘അങ്ങനെയൊരാൾ’
അങ്ങനെയൊരാൾ
ഇവിടെയില്ലല്ലോയെന്നു പറയാൻ
തത്രപ്പെടുന്നവരുടെ മനോവിഷമം കണ്ട്
എന്റെ ഉമിനീര് വരെ കയ്ച്ചു.
മതിഭ്രമം പിടിപ്പെട്ടവളേപ്പോലെ
കാഴ്ച്ചകൾ മുന്നോട്ടോ പിന്നോട്ടോ
എന്ന് പോലുമറിയാതെ
ബസിന്റെ സീറ്റിൽ പിടിമുറുക്കി .
അടുത്തിരുന്നവളെന്തെങ്കിലും
ചോദിച്ചാൽ കയ്യിലൊന്ന്‌
മുറുകെ പിടിക്കുമോയെന്നു ചോദിക്കാൻ
ഞാൻ കാത്തിരുന്നു.
തകരാറുള്ള എന്തോ യന്ത്രം
തലയ്ക്കുള്ളിൽ മാറ്റിവെച്ചവളെപ്പോലെ
എന്റെ ശരീരം ദുർബലമായി.
ഭൂമിയതിന്റെ അച്ചുത്തണ്ടിൽ നിന്നും
അടർന്ന് മാറിയെന്ന് വരെ
എനിക്കിപ്പോൾ തോന്നുന്നുണ്ട്.
ഒരു പക്ഷേ,
‘അങ്ങനെയൊരാൾ’
അങ്ങനെയൊരാളുണ്ടെന്ന്
എനിക്കിനി തോന്നിയതാവുമോ?!

സിമ്മി കുറ്റിക്കാട്ട്