നെടിയ നിഴലുകൾ
പാകിയൊരറയ്ക്കുള്ളിൽ
നോവു പുതച്ചു നിന്നെ
കാത്തു ഞാൻ കിടക്കുന്നു.
ഒടുവിൽ നീയെത്തുമ്പോൾ
കാണുന്നൂ, വലം കൈയിൽ
ജീവിതം, ഇടതിലോ
അമേയസൗഖ്യസാരം !
ഏതെനിക്കേകും നീ,യെൻ
ചേതസ്സിൻ ചിര:സാക്ഷി?
വിളർത്തു , മനുക്ഷണം
വാടിയുമെൻ നാമ്പുക
ളാകിലും പടരുമോ
വാഴ്വിൻ ശാഖിമേലിനി?
ശൈത്യമുറഞ്ഞൊരീ പാഴ് –
ക്കുടീരത്തിലിനിയും
ചിറകാർന്നുയരുമോ
ആഗ്നേയശലഭങ്ങൾ ?
നിർന്നിമേഷം ഞാൻ കാണ്മൂ
നിന്നിടംകൈ തുറക്കുന്നു
നിഴൽപ്പേടികൾ മറയുന്നു
നിനവുകൾ പൂക്കുന്നു.
ചിനാറുകൾ ചോപ്പുതിർക്കും
വഴിത്താരയും തെളിയുന്നു.
രാത്രി തൻ യാനമിതിൽ
യാത്രികർ നാം മാത്രമായ്..
ചേരേണ്ടതില്ല, വിണ്ണിൻ
മോക്ഷസോപാനങ്ങളിൽ
തീരല്ലേ വഴിയെന്നു
മിഴികൾ നനയുന്നു…
രാവു പെയ്തുതോരുന്നു
മഞ്ഞിൻ ധൂളികൾ പോലെ
മാഞ്ഞുമാഞ്ഞലിയുന്നു
ഇഹപര സീമകൾ !
സിന്ധു സൂസൻ വർഗ്ഗീസ്