നിങ്ങൾക്കറിയുമോ ? ഒരാളുടെ ഹൃദയത്തിൽ അനവധി രഹസ്യ വഴികളുണ്ടാകും (കവിത-സിനി തോമസ് )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


20 July 2022

നിങ്ങൾക്കറിയുമോ ? ഒരാളുടെ ഹൃദയത്തിൽ അനവധി രഹസ്യ വഴികളുണ്ടാകും (കവിത-സിനി തോമസ് )

കുളിച്ചൊരുങ്ങി
ജൂബ്ബയും കസവു മുണ്ടും
കുരിശുമാലയുമിട്ട്
ബെൻസ് കാറിലാണെന്നും
പീറ്ററേട്ടന്റെ പോക്ക്
തോട്ടത്തിലേക്ക്
ഒരു ദിവസം
വൈകുന്നേരം
കോണിപ്പടിയിൽ നിന്നും
കാൽ വഴുതി വീണ്
പീറ്ററേട്ടൻ
ആശുപത്രിയിലായി
ജെസീന്ത ചേട്ടത്തി
നെഞ്ചത്തിടിച്ചു നിലവിളിച്ചു
അമേരിക്കയിലും
കാനഡയിലും ജോലി ചെയ്യുന്ന
മക്കളോട്
എത്രയും വേഗം എത്തണമെന്ന്
ഫോൺ വിളിച്ചു
മക്കളെല്ലാം വന്നു
പീറ്ററേട്ടൻ ആശുപത്രി വിട്ടു
വീട്ടിലെത്തി
ഫയലുകൾ ദൂരെക്ക് മാറ്റി വച്ചു
കാണാൻ വരുന്നവരോട്
കഥ പറഞ്ഞു…
റേഡിയോ ട്യൂൺ ചെയ്ത്
പാട്ടു കേട്ടു…
പിന്നെ പിന്നെ
മേശപ്പുറത്ത് താളമിട്ടു
പാടാൻ തുടങ്ങി
നല്ല അസ്സല് പാട്ട്
പൂരപ്പാട്ട്…
തെറിപ്പാട്ട്…
അപ്പന്റെ മാറ്റത്തിൽ
മക്കൾ അമ്പരന്നു
പിറ്റേന്ന്
കപ്പ പുഴുക്കും ചമ്മന്തിയും
ഉണ്ടാക്കി വച്ച
ജെസീന്ത ചേട്ടത്തി
മേശപ്പുറത്ത് നോക്കി
ഇളയ കൊച്ചു മോൻ
ഇതെന്ത് മൈ …. എന്ന്
ചോദിക്കുന്നതു കേട്ട്
ഞെട്ടി പോയി
പണി പാളീന്ന്
അമ്മയും മക്കളും
ഒരു നോട്ടം കൊണ്ട്
പരസ്പരം പറഞ്ഞു
വാ പൊത്താൻ അടുത്തെത്തിയ
ജെസീന്ത ചേട്ടത്തിയെ
പീറ്ററേട്ടൻ ചുറ്റിപിടിച്ചു
അടുത്തിരുത്തി
മോളെ
വേഗം ഒരുങ്ങ്
നമ്മുക്ക് പോകാൻ
പുത്തൻ കാറ് വരും
ചുവന്ന കാർ..
പകച്ചുനിന്ന
ജെസീന്ത ചേട്ടത്തിയെ നോക്കി
പീറ്ററേട്ടൻ പാടി തുടങ്ങി
കാറ് വന്നു
അപ്പനും മക്കളും
ആശുപത്രിയിലെത്തി
പരിശോധന കഴിഞ്ഞ്
ഡോക്ടർ തിരിച്ചെത്തി
മക്കളെ വിളിപ്പിച്ചപ്പോൾ
പീറ്ററേട്ടൻ പാട്ടു നിർത്തിയിരിപ്പുണ്ട്
അപ്പന്
എന്താ പറ്റിയത്
മകൻ ചോദിച്ചു ..
ഡോക്ടർ വിശദമാക്കി
ഓർമ്മകളഴിഞ്ഞു പോകുമ്പോ
ചെയ്തതോ
ചെയ്യാനാഗ്രഹിച്ചതോ
ആയ കാര്യങ്ങളിൽ നിന്നും
തിരഞ്ഞെടുത്തവ
ആഘോഷിക്കുകയാണത്രെ
മരുന്നും കുറിപ്പടിയും
വാങ്ങി
പീറ്ററേട്ടനെ അവർ
വീട്ടിലെത്തിച്ചു
ഉമ്മറത്തപ്പോൾ
ജെസീന്ത ചേടത്തി
താടിക്ക് കൈയ്യും കൊടുത്ത്
അടുത്ത ആഘോഷമെന്താകുമെന്ന്
ചിന്തിച്ചിരിപ്പുണ്ട്….
നിങ്ങൾക്കറിയുമോ
ഒരാളുടെ ഹൃദയത്തിൽ
അനവധി രഹസ്യ വഴികളുണ്ടാകും
അവിടെ അലയുന്ന
നമ്മുക്കറിയാത്ത
കണ്ടിട്ടില്ലാത്ത
മറ്റൊരാളും…
ഇതിപ്പോ ആര് പറയും
ജെസീന്ത ചേട്ടത്തിയോട്.

സിനി തോമസ്