ഭർത്താവ് മരിച്ചതിൽ
പിന്നെയാണ്
ശാന്തേച്ചി മുറ്റംനിറയെ
ചെമ്പരത്തി നട്ടു പിടിച്ചത്
മഞ്ഞ
ചോപ്പ്
വെള്ള
റോസ്
പല നിറത്തിലും
പല വലിപ്പത്തിലും
എണ്ണിത്തീരാതെ പൂക്കൾ
തൊടിയൊരു
ചെമ്പരത്തി പൂപ്പാടമായി..
പക്ഷേ
വയസ്സാം കാലത്ത്
ഒറ്റക്ക് താമസിക്കുന്ന
കാരണം പറഞ്ഞാണ്,
മകനൊപ്പം
നഗരത്തിലേയ്ക്ക്
കൂടുമാറിയത് …
ആദ്യ ദിവസം
രാത്രിയുറക്കത്തിൽ
ഓർക്കാപ്പുറത്ത്
ഒരു സ്വപ്നം പൊട്ടിവീണു
മുളക്ചെമ്പരത്തിക്കാട്ടിൽ
തനിച്ചിരിക്കുന്ന
മാധവേട്ടൻ …
നെഞ്ചുപൊട്ടിയ ഒരു കരച്ചിൽ
വീട് ഉണർന്നു
പിറ്റേന്നും
ഇതേ കഥയായപ്പോൾ
മകൻ അമ്മയെ
തിരിച്ചെത്തിച്ചു …
ശാന്തേച്ചി
പിന്നെയും
ചെമ്പരത്തിക്കൊമ്പുകൾ
ഒട്ടിച്ചു കുത്തി
നട്ടുനനച്ചു
അപ്പോഴാ
മകന് മാത്രം
കണ്ടു കിട്ടി
അമ്മയുടെ കണ്ണിൽ
പൂത്തു നിറഞ്ഞ
അച്ഛനെ…
അതേ
നീയെന്താണൊന്നും
മിണ്ടാത്തത്
മറന്നു പോയോ ….
ഓർമ്മളെ
മറികടക്കാൻ
മുറിവുകളിൽ
ഒരു തൈ നടണം
അത് തളിർത്തു
പൂത്തിറങ്ങും
ശലഭങ്ങളും കിളികളും
പറന്നെത്തും
അങ്ങനെയും
ചിലർ ഇല്ലാത്ത ശുന്യതയെ
നിനക്കും മറികടക്കാം.