കുട്ടിക്കാലത്ത് എന്റെയോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് മലപ്പുറത്തുള്ള എ. ആർ നഗറിലെ എന്റെ വല്യച്ഛന്റെ വീട്ടിലേക്കുള്ള യാത്ര. ഇന്നത്തെ പോലെ വലിയ യാത്രകളൊന്നും പതിവില്ലാതിരുന്ന അക്കാലത്ത് കൊല്ലത്തിലൊരിക്കലുള്ള ഗുരുവായൂരിലേക്കുള്ള യാത്രയും വേനലവധിക്ക് വല്യഛന്റെ വീട്ടിലേക്കുള്ള യാത്രയും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമായിരുന്നു. മൂന്നു ബസ് മാറിക്കയറിയുള്ള വല്യച്ഛന്റെ ( അച്ഛന്റെ മൂത്ത ജേഷ്ഠൻ )വീട്ടിലേക്കുള്ള യാത്ര എനിക്കേറെ ആസ്വാദകരമായിരുന്നു
ഇന്നും “ഉദയം “എന്ന് പേരുള്ള ആ വീടിനെ കുറിച്ചോർക്കുമ്പോൾ സ്നേഹം നിറഞ്ഞ കുറെ മുഖങ്ങളെയാണോർമ്മവരുക. വല്യമ്മയും, വല്യച്ഛനും,മക്കൾ കൃഷ്ണകുമാരേട്ടനും, ഗോപിട്ടനും, രാധ ചേച്ചിയും.എന്നും ചുണ്ടിൽ സംഗീതവുമായി നടക്കുന്ന മൂന്നു പേർ. അടിസ്ഥാനപരമായി സംഗീതം അഭ്യസിക്കാതെ തന്നെ വളരെ മനോഹരമായി പാടാൻ കഴിവുള്ളവരാണ് ഇവർ മൂന്നു പേരും.
ആ അവധിക്കാലത്ത് അച്ഛന്റെ മറ്റ് അനുജന്മാരും മക്കളുമെല്ലാം വല്യച്ചന്റെ വീട്ടിൽ ഒത്തുചേരും. രാത്രി മുകളിലെ വരാന്തയിലിരുന്നു പിന്നെ പാട്ട് സഭയാണ്. ഞങ്ങളുടെ ഏറ്റവും ചെറിയ ഇളയച്ഛനാണ് സഭ നയിക്കുന്നത്. ഹാർമോണിയം വായിച്ചു “അന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല മണ്ണിതിൽ കരുണക്കാണ് പഞ്ഞം “എന്നുറക്കെ പാടുന്ന ഇളയച്ഛന്റെ സ്നേഹം നിറഞ്ഞ മുഖം ഇന്നും ഓർമ്മയിലുണ്ട്.
പിന്നെ ഓരോരുത്തരായി പാടുന്നു. ഉറക്കമിളച്ച് കേൾവിക്കാരായി ഞങ്ങളും.
സംഗീതവും സ്നേഹവും ഒരേപോലെ നിറഞ്ഞൊഴുകുന്ന വീടായിരുന്നു അത്.
ഇന്ന് കൃഷ്ണകുമാരേട്ടന്റെ മകൾ സിതാര വളർന്നു വലിയ പാട്ടുകാരിയായി. സിത്തുവിനെ കുറിച്ചോർക്കുമ്പോൾ കുളിച്ചു തല തോർത്തികൊടുക്കുന്ന സാലി ചേച്ചി യെയും (സിതാരയുടെ അമ്മ )ഉറക്കെ അക്ഷരസ്ഫുടതയോടെ കവിത ചൊല്ലുന്ന ഒരു മൂന്ന് വയസ്സുകാരിയുടെയും ചിത്രമാണ് മനസ്സിൽ മായാതെ കിടക്കുന്നത്.
ഇന്ന് സിതാര ഒരിക്കൽകൂടി സ്റ്റേറ്റ് അവാർഡ് ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവരുമ്പോൾ എനിക്കെന്തോ സംഗീതം നിറഞ്ഞ ആ രാത്രികളാണ് ഓർമ്മവരുന്നത്. വല്യച്ഛനും ഇളയച്ഛനും
ഈ സന്തോഷം പങ്കിടാൻ ഞങ്ങളുടെ കൂടെയില്ല. എങ്കിലും ദൂരേയിരുന്നു അവർ എല്ലാം കാണുന്നുണ്ടാവും അഭിമാനിക്കുന്നുണ്ടാവും
ഇപ്പോൾ വല്ലപോഴും മാത്രമേ സിത്തുവിനെ കാണാറുള്ളു. അവസാനമായി കണ്ടത് വല്യമ്മയുടെ എൺപതാം പിറന്നാളിനായിരുന്നു. അന്ന് ആ ചടങ്ങിൽ കുടുംബത്തിലെ ഒരുപാട് പേർ പാടിയിരുന്നു. കൃഷ്ണ കുമാരേട്ടനും ഗോപിയേട്ടനും രാധചേച്ചിയും മൈക്കിന് മുന്നിൽ നിന്ന് പാടുന്നത് കേട്ടപ്പോൾ ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.
സംഗീതം നെഞ്ചിലേറ്റി നടക്കുന്ന ഒരു കുടുംബത്തിലാണ് സിതാര ജനിച്ചത്. സംഗീതത്തോടുള്ള തികഞ്ഞ അർപ്പണബോധം തന്നെയാണ് സിത്തുവിന്റെ ഉയർച്ചക്ക് പിന്നിൽ., സ്നേഹം നിറഞ്ഞ ആ പുഞ്ചിരിയും സംഗീതവും എന്നും കൂടെയുണ്ടാവട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അംഗീകാരങ്ങൾ തേടിയെത്തട്ടെ.
so proud of you….. സിത്തു .
