നമ്മുടെ കുട്ടികളും ലഹരി മാഫിയയും (ശിവകുമാർ )

sponsored advertisements

sponsored advertisements

sponsored advertisements

11 February 2023

നമ്മുടെ കുട്ടികളും ലഹരി മാഫിയയും (ശിവകുമാർ )

ശിവകുമാർ

നമ്മുടെ കുഞ്ഞുങ്ങളെ എങ്ങിനെ സംരക്ഷിക്കാം?
മാതൃകാപരമായ നടപടികൾ, സർക്കാരിൻ്റെ, വിവിധ വകുപ്പുകളുടെ, സ്കൂൾ അധികൃതരുടെ, വിവിധ സംഘടനകളുടെ, കുട്ടികളുടെ, പൊതുജനങ്ങളുടെയൊക്കെ നേതൃത്വത്തിലും കൂട്ടായ്മയിലും ഊർജ്ജിതമായി നടക്കുന്നത് ശ്ലാഘനീയമാണ്. ഈ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ തീർച്ചയായും ഫലം നൽകുന്നുമുണ്ട്.
എന്നാൽ, ഈ ആരവം കെട്ടടങ്ങിയാൽ, സമൂഹത്തിൻ്റെ ശ്രദ്ധ മാറിയാൽ, വീണ്ടും തഴച്ചു വളരാൻ തയ്യാറെടുത്ത് പതുങ്ങി നിൽക്കുകയാണ്, ഈ സാമൂഹ്യ വിരുദ്ധർ എന്നത് ഒരിക്കലും നമ്മൾ മറന്നു പോകരുത്.
മുൻ കാലത്തെ അപേക്ഷിച്ച്, സിന്തറ്റിക് അഥവാ കൃത്രിമമായി നിർമ്മിക്കാനാവുന്നതും, എളുപ്പത്തിൽ ലഭ്യമാക്കാവുന്നതും, ഉപയോഗിക്കുന്നവരെ പെട്ടന്ന് തിരിച്ചറിയാനാവാത്തതുമായ മരുന്നുകൾ, സർക്കാരിനും, അധികാരികൾക്കും, മാതാപിതാക്കൾക്കും, പൊതു സമൂഹത്തിനും ഒക്കെ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നാൽപതിനായിരത്തോളം കുട്ടികളാണ് ലഹരിക്കടിമപ്പെട്ട്, ചികിത്സ തേടിയത് എന്ന കണക്കുകൾ പുറത്ത് വരുമ്പോൾ, പുറത്തറിയാത്തതും ഇതുവരെ പിടിക്കപ്പെടാത്തതുമായ കുട്ടികളുടെ എണ്ണം എത്ര ഇരട്ടിയായിരിക്കാം എന്നത് ചിന്തിക്കുമ്പോൾ തന്നെ ഭയപ്പെടുത്തുന്നതാണ്. പക്ഷേ, ഭയാനകമായ ആ യാഥാർത്ഥ്യം, നമ്മൾ അംഗീകരിച്ചേ മതിയാവുകയുള്ളു.
ഈ വർഷം, ആഗസ്ത് 20 വരെ മാത്രം, ലഹരി വിൽപനയുമായി ബന്ധപ്പെട്ട 16,128 കേസുകളിൽ 17,834 പേർ അറസ്റ്റിലായി എന്ന്. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് കേട്ടിട്ട് യാതൊരു ഭാവവ്യത്യാസവുമില്ലാത്ത മാതാപിതാക്കളാണ്, യഥാർത്ഥത്തിൽ ലഹരി മാഫിയയെക്കാൾ നമ്മളെ ഭയപ്പെടുത്തുന്നത്.
നൂറിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് പിടിക്കപ്പെടുന്നത് എന്നതിനാൽ, ഇപ്പോഴും സജീവമായി വിൽപ്പന നടത്തുന്നവർ എത്ര പേർ ഉണ്ടാവും എന്ന് ഊഹിച്ച് നോക്കാമോ? അത്രയും പേർ ശരാശരി പത്ത് കുട്ടികൾക്ക് വീതം ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നുവെങ്കിൽ, നമ്മുടെ കലാലയങ്ങളിലെ എത്ര കുട്ടികൾ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടാവും എന്നാലോചിച്ചു നോക്കുക.
മക്കൾ ലഹരിക്ക് അടിമയായതറിഞ്ഞും, വിൽപ്പനക്കാരായതറിഞ്ഞും, അലമുറയിടുന്ന മാതാപിതാക്കൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഒരു കാര്യമാണ്. ” എൻ്റെ കുട്ടിക്ക് വളരെ നല്ല സ്വഭാവമാണ്. അവൻ/അവൾ ഇങ്ങിനെയാവുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല ” എന്നത്.
ഇപ്പോഴും ഇതേ രീതിയിൽ ചിന്തിക്കുന്ന, മക്കളെ അമിതമായി വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പിക്കുക, നിങ്ങളുടെ കുട്ടി അപകട മേഖലയിലാണ്. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നതിൽ ലഹരി മാഫിയ, കൂട്ടുകാർ, മാതാപിതാക്കൾ എന്നിവർക്ക് തുല്യ പങ്കുണ്ട് എന്ന് തിരിച്ചറിയണം. മാത്രമല്ല നമ്മുടെ കുട്ടികളെ എങ്ങിനെ രക്ഷിക്കാം എന്ന് കൂടെ നാം ചിന്തിക്കണം. മക്കൾ എത്ര നല്ല കുട്ടികളാണെങ്കിലും ഏതെങ്കിലും വിധത്തിൽ കൂട്ടുകാരുടെ സമ്മർദ്ധത്തിന് വഴങ്ങിയോ, ആകാംക്ഷ കൊണ്ടോ, അതല്ലെങ്കിൽ ചതിപ്രയോഗത്തിലൂടെയോ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ തന്നെ, അടിമപ്പെടുത്തുന്നതാണ് മാരകമായ മയക്കുമരുന്നുകൾ എന്ന് മാതാപിതാക്കൾ എങ്ങിനെയാണ് അറിയാതെ പോകുന്നത്?
ലഹരി ഉപയോഗിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളും കുറവല്ല എന്നതും മറന്ന് പോകരുത്.
താടിയും മുടിയും നീട്ടി വളർത്തി, മുടിയിൽ സ്ലൈഡും ഹെയർബാൻഡും വച്ച് കെട്ടി, ശരീരം മുഴുവൻ പച്ചകുത്തി, കുളിക്കാതെയും നനക്കാതെയും പ്രാകൃതയുഗത്തിലെ ഗോത്രവർഗ്ഗക്കാരെപ്പോലെ നടക്കുന്ന ഫ്രീക്കൻമാരാണ് മയക്ക് മരുന്ന് വിൽപ്പനക്കാർ എന്ന ധാരണ മാറ്റേണ്ട കാലം എന്നേ കഴിഞ്ഞു പോയി.
ഇക്കാലത്ത്, മാന്യമായി വസ്ത്രധാരണം ചെയ്ത, സ്ത്രീകൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണ് ലഹരി മാഫിയയിലെ പ്രധാന കണ്ണികൾ എന്നാണ് പോലീസ് പറയുന്നത്. താഴെത്തട്ടിലെ വിൽപ്പനക്കാരാവട്ടെ, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുമായിരിക്കും.
മണി ചെയിൻ മാതൃകയിലാണ് ലഹരി മാഫിയ പ്രവർത്തിക്കുന്നത് എന്നാണ് അധികാരികൾ കണ്ടെത്തിയിരിക്കുന്നത്. അതായത്, ഒരു കലാലയത്തിലെ വിശ്വാസയോഗ്യതയുള്ള ഏതാനും ചില വിദ്യാർത്ഥികളെ ആദ്യം തന്നെ ഇവർ കണ്ടെത്തി, സൗജന്യമായി ലഹരി നൽകി അഡിക്ടഡ് ആക്കി മാറ്റും. അതിന് ശേഷം ലഹരി നൽകണമെങ്കിൽ പണം ആവശ്യപ്പെടുകയും, നിവൃത്തിയില്ലാതെ ഏതാനും തവണത്തേക്ക് കുട്ടികൾ വീട്ടിൽ നിന്നും സംഘടിപ്പിച്ച് നൽകുകയും ചെയ്യും.
എന്നാൽ തുടർച്ചയായി വീട്ടിൽ നിന്നും പണം ലഭിക്കാതെ വരുമ്പോൾ, മാഫിയ തന്നെ, കൂട്ടുകാർക്ക് ലഹരി വിറ്റ് പണമുണ്ടാക്കാനും അങ്ങിനെ സ്ഥിരമായി ലഹരി ലഭിക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു.
അങ്ങിനെ, ഈ കുട്ടികൾ താഴെത്തട്ടിലെ വിൽപ്പനക്കാരായി മാറുകയും, വിശ്വസിക്കാൻ കൊള്ളുന്നവരെന്ന് അവർക്ക് ബോധ്യമുള്ള സുഹൃത്തുക്കൾക്ക്, അഥവാ വീട്ടിൽ കാര്യങ്ങൾ പറയാത്തവരും, വീട്ടുകാരുടെ ശ്രദ്ധ കുറവുള്ളതുമായ കുട്ടികൾക്ക് മാത്രം വിൽപ്പന നടത്തുകയും ചെയ്യുന്നു.
ഇവിടെ, നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരക്കാരിൽ നിന്നും രക്ഷിക്കാനൊരു മാർഗ്ഗം തെളിഞ്ഞ് കിടക്കുന്നുണ്ട്.
നമ്മുടെ കുട്ടികളുടെ വിശ്വാസ്യത തകർക്കുക എന്നതാണ് ആ മാർഗ്ഗം. ഇടയ്ക്കിടെ, സ്കൂളിൽ വരുന്ന, മക്കളോട് അടുപ്പത്തിൽ ഇടപഴകുന്ന, അധ്യാപകരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന, സ്കൂളിന് പരിസരത്തുള്ളവരുമായി സൗഹൃദമുള്ള, ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായി കുട്ടിയെ വിളിക്കാൻ വരുന്ന, മാതാപിതാക്കളുടെ കുട്ടികൾ ലഹരി മാഫിയയുടെ കണ്ണിൽ വിശ്വാസയോഗ്യരല്ല എന്നു കാണാം.
ഇത്തരത്തിൽ, മാതാപിതാക്കളുടെ ശ്രദ്ധാ വലയത്തിൽ ഉള്ള കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയാൽ, പെട്ടന്ന് തന്നെ പിടിക്കപ്പെടുമെന്നറിയാവുന്നത് കൊണ്ട്, നമ്മുടെ കുട്ടികൾ അവരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും.
ഓർക്കുക, നമ്മുടെ കുട്ടികൾ നല്ലവരായിരിക്കും. പക്ഷേ ശരിയായ തീരുമാനങ്ങളെടുക്കാൻ മസ്തിഷ്ക്കം പാകതയെത്താത്തത് കൊണ്ട്, കൂട്ടുകാരുടെ സമ്മർദ്ധങ്ങൾക്കും ലഹരി മാഫിയയുടെ തന്ത്രങ്ങൾക്കും മുന്നിൽ പിടിച്ച് നിൽക്കാനായെന്ന് വരില്ല.
അത് കൊണ്ട്, എൻ്റെ കുട്ടി ഒരിക്കലും അങ്ങിനെ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന, ആ മൂഡ വിശ്വാസത്തിൻ്റെ പുറത്ത്, കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കളുടെ മക്കളാണ്, എന്നും ലഹരി മാഫിയയുടെ ലക്ഷ്യം എന്ന് തിരിച്ചറിയുക.
കൗമാരപ്രായത്തിലുള്ള കുട്ടികളോട്, മാതാപിതാക്കൾ നിർബന്ധമായും സൗഹൃദം സ്ഥാപിക്കുക. അവരുടെ പെരുമാറ്റം നമുക്ക് ചിലപ്പോൾ സഹിക്കാനായെന്ന് വരില്ല. പക്ഷേ, മിക്കതും അവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല എന്ന് മാതാപിതാക്കളറിയണം. (കൗമാരത്തിലെ കുട്ടികൾ എന്ത് കൊണ്ടിങ്ങനെ പെരുമാറുന്നു എന്ന് മുൻപ് എഴുതിയത് താഴെ കൊടുക്കുന്നുണ്ട്.)
ചുരുക്കത്തിൽ, നമ്മുടെ കുട്ടികളെ രക്ഷിക്കാൻ ഏറ്റവുമധികം സാധിക്കുന്നത് നമുക്ക് തന്നെയാണ്. ബാക്കി സംവിധാനങ്ങൾ എല്ലാം പ്രവർത്തിക്കട്ടെ. പക്ഷേ, കുട്ടികളുടെ സുരക്ഷയും ഉത്തരവാദിത്തവും നമ്മുടെ കയ്യിലാണ്.
നമ്മുടെ കുട്ടികളുടെ, “വിശ്വാസ്യത ” തകർക്കേണ്ടത്, നമ്മുടെ മാത്രം ആവശ്യമാണ്, കടമയുമാണ്. ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് കൈകൾ കോർത്ത് മുന്നോട്ട് പോകാം.

ശിവകുമാർ