ഞങ്ങളുടെ – എന്ന് വച്ചാൽ ഞാൻ അടക്കമുള്ള മധ്യവയസ് കഴിഞ്ഞ പത്രപ്രവർത്തകരും മുൻ പത്രപ്രവർത്തകരുമായ വലിയ തലമുറയുടെ – ഗുരുവായ ആർ. ഗോപീകൃഷ്ണൻ (ഗോപി സാർ – 65 ) അന്തരിച്ചു. ഞാൻ 1998 ൽ ആദ്യമായി കാണുമ്പോൾ തെളിഞ്ഞ കഷണ്ടിയുള്ള സുന്ദര പുരുഷനായിരുന്നു ഗോപി സാർ. പല്ല് പുറത്തു കാണിക്കാതെയുള്ള അർഥങ്ങൾ കായകൽപം സേവിച്ച വശ്യമായ പുഞ്ചിരി ; കണ്ട് പുറത്തിറങ്ങിയ ഞാൻ മനസിൽ പറഞ്ഞു;സൽമാൻ റുഷ്ദിയെ പോലെ ഉണ്ട്; സുന്ദരൻമാർ ഇങ്ങനേയും ഉണ്ടോ? ഹരിപ്രസാദ് ചൗരസ്യയും ശിവകുമാർ ശർമയും അണിനിരന്ന ജുഗൽബന്ദി റിപ്പോർട്ട് ചെയ്യാൻ എന്നെ കൂടി നിയോഗിച്ചതും ആസ്ഥാന റിപ്പോർട്ടർമാരെ നിരസിച്ച് എൻ്റെ റിപ്പോർട്ട് ചെറിയ തിരുത്തുകളോടെ വലിയ പ്രാധാന്യത്തിൽ പ്രസിദ്ധീകരിച്ചതും ഓർമയിലുണ്ട്. മില്ലേനിയത്തോട് അനുബന്ധിച്ച് പത്രത്തിൽ പ്രസിദ്ധീകരിച്ച് വന്ന പരമ്പരയിൽ നൂറ്റാണ്ടിൻ്റെ ചെറുകഥയെ കുറിച്ച് എഴുതാൻ നിയോഗിച്ചതും ഗോപി സാറായിരുന്നു. എഴുതിയത് വായിച്ച ശേഷം പറഞ്ഞു – നാരായണപിള്ളയുടെയും ജോൺ എബ്രഹാമിൻ്റെയും കഥകളെ കുറിച്ച് നിരൂപിച്ചത് കൊള്ളാം. ആരാധകനാകരുത്.എന്ന് വിചാരിച്ച് കണ്ടിടത്തൊക്കെ കറങ്ങി നടന്ന് ഓഫീസിൽ വരാതിരിക്കരുത്; പിന്നീട് ഇണക്കങ്ങളും പിണക്കങ്ങളുമായി തുടർന്ന ഔദ്യോഗിക ജീവിതം. പിൽക്കാലത്ത് സാറ് വിഗ് ഉപയോഗിച്ചു തുടങ്ങി – സാറിൻ്റെ കൃത്രിമ മുടി എനിക്ക് ഉൾക്കൊള്ളാനായില്ല; ഇന്നേ വരെ. ഞാൻ എല്ലായിടത്തും തിരഞ്ഞ് നോക്കി. സാറിൻ്റെ പഴയ ഒരു ചിത്രത്തിനായി. സൽമാൻ റുഷ്ദിയോട് സാദൃശ്യം തോന്നുന്ന, വെളുത്ത് സുന്ദരമായ ആ മുഖം! ഞാൻ നിരാശനായി. പക്ഷേ ഇപ്പോഴും എൻ്റെ ഓർമകളിൽ ആ കോളിനോസ് പുഞ്ചിരി ബാക്കിയാവുന്നു.
ആദരാഞ്ജലികൾ!
