സാമൂഹികാരോഗ്യ ക്ഷേമ ലക്ഷ്യവുമായി ഐനാനി ഹെൽത് ഫെയർ നടത്തി (പോൾ.ഡി.പനക്കൽ)

sponsored advertisements

sponsored advertisements

sponsored advertisements

2 May 2022

സാമൂഹികാരോഗ്യ ക്ഷേമ ലക്ഷ്യവുമായി ഐനാനി ഹെൽത് ഫെയർ നടത്തി (പോൾ.ഡി.പനക്കൽ)

ആരോഗ്യ ക്ഷേമത്തിൽ ശ്രദ്ധിക്കപ്പെടാതെ, അവശ്യമായ ആരോഗ്യ സുസ്രൂഷയ്ക്ക് അവസരങ്ങളില്ലാതെ പൊതു സമൂഹത്തിന്റെ ഭാഗമായി കഴിയുന്നവരെ ലക്ഷ്യമാക്കി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഹെൽത്ത് ഫെയർ ലോങ്ങ് ഐലൻഡിൽ ചരിത്രം ആയി. ഈ സംഭവത്തിന് പിന്തുണയുമായി ന്യൂ യോർക്ക് സ്റ്റേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ പരിരക്ഷാ സ്റുംഘലയായ നോർത്ത് വെൽ ഹെൽത്ത്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മോലോയ് കോളേജ്, നാസാവ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ, മാരത്തോൺ ഫിസിക്കൽ തെറപ്പി, ന്യൂ ഹോറൈസൺ കൗൺസെല്ലിങ് സെന്റർ, മോംസ് ഡിമാൻഡ് ആക്ഷൻ ഫോർ ഗൺ സെൻസ് ഇൻ അമേരിക്ക, ലയൺസ് ഐ സെന്റർ, എന്നീ സ്ഥാപനങ്ങൾ അവരുടെ സൗജന്യ സേവനങ്ങളുമായി ഹെമ്പ്സ്റ്റെഡിലെ കെന്നഡി മെമ്മോറിയൽ പാർക്കിൽ എത്തിയിരുന്നു.
ബ്ലഡ് പ്രെഷർ പരിശോധന, കോവിഡ് ടെസ്റ്റിംഗ്, മാമ്മോഗ്രാം, ആരോഗ്യ സംരക്ഷണ ശിക്ഷണം, ഡയബെറ്റിക്സിനുള്ള ഹീമോഗ്ലോബിൻ എ വൺ സി പരിശോധന, മാനസികാരോഗ്യ പരിശോധന, ശാരീരിക വേദനയിൽ നിന്നുള്ള ആശ്വാസത്തിനു ഫിസിക്കൽ തെറപ്പി, സ്ട്രെസ് റിലീഫ് ശിക്ഷണം, കാർഡിയോ പൾമണറി റിസസിറ്റേഷൻ, മയക്കു മരുന്ന് ആസക്തിയെ പ്രതിരോധിക്കുന്നതിനുള്ള കൗൺസെല്ലിങ്, ഓപിയോയ്ഡ് ഓവർഡോസ് എമർജൻസി ചികിത്സയ്ക്കുള്ള ശിക്ഷണവും നലോക്സോൺ വിതരണവും, കുട്ടികളിൽ നിന്ന് തോക്ക് സുരക്ഷിതമാക്കുന്നതിനുള്ള ബോധവൽക്കരണം, ഫിഡെലിസ് കെയർ ഹെൽത് ഇൻഷുറൻസ് ആപ്പ്ളികേഷൻ സ്വീകരണം തുടങ്ങി വ്യക്തികൾക്കും സമൂഹത്തിനും വേണ്ട ആരോഗ്യകരമായ പ്രൊഫഷണൽ സേവനങ്ങൾ ആണ് നടന്നത്.
ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകളെ ഒരു മലയാളി എന്ന നിലയിൽ വളരെയധികം അഭിമാനത്തോടെയാണ് അംഗീകരിക്കുന്നതെന്ന് പ്രൊക്ലമേഷൻ ബഹുമതി നൽകി കൊണ്ട് സംസ്ഥാനത്തെ ആറാം ഡിസ്ട്രിക്ട് സെനറ്റർ കെവിൻ തോമസ് പുകഴ്ത്തി. തങ്ങളുടെ ലൈസെൻസ് അനുവദിച്ചിട്ടുള്ള പൂർണ്ണ ശേഷിയും പരിശീലനത്തിന്റെ വ്യാപ്തിയും വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വളർച്ചയ്ക്കും പ്രതിബദ്ധമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജ് പറഞ്ഞു.
ഹെൽത് ഫെയറിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്ക് സെനറ്റർ തോമസ് പ്രൊക്ലമേഷൻ നൽകി ആദരിച്ചു. ഡോക്ടർ അന്നാ ജോർജ് അവർക്കു പ്രത്യേകം പ്രത്യകമായി നന്ദി നൽകി.

പോൾ.ഡി.പനക്കൽ