സോഫി.എൻ.പി
ദൈവമെന്നത് ഒരു പുല്ലിംഗ പദമാണ് …..
വിധവ …. സ്ത്രി ലിംഗപദവും
അദൃശ്യമായ ചരടാണ്.
അവരെ ബന്ധിച്ചിരുന്നത് …..
പുല്ലിംഗ പദത്തിന്റെ
നേരിലുറച്ചാണ്
അവൾ ജീവിച്ചത് ….
ഉപയോഗിച്ചുപയോഗിച്ച്
തേയ്മാനം വന്നപ്പോൾ .
മുക്കുപണ്ടമെന്ന് ……
തീ നാഴികളിലെരിഞ്ഞ് … എരിഞ്ഞ് …….
ഉരുകി ഉരുകി
മാറ്റു കൂട്ടി കൂട്ടി ….
ഉരഞ്ഞുരഞ്ഞ്
തേയ്മാനം വന്ന് …………
അവഹേളനത്തിന്റെ
കൂർത്ത കല്ലിൽ തട്ടിയാണത്
പൊട്ടിച്ചിതറിയത്….
മാറ്റലക്കിയ മണ്ണാത്തിക്കും
മാറ്ററിഞ്ഞില്ല ….
അപ്പോഴേക്കും ദൈവം
മറ്റൊരു ലോകത്തെത്തിയിരുന്നു.
ദൈവത്തിന് ആരോടും
മമതയില്ലല്ലോ ….
പൊട്ടിയ ചരടിന്റെ അറ്റം കൂട്ടിപ്പിടിച്ച്
അവൾ അലഞ്ഞു ..
കണ്ട മുഖങ്ങളോടും
മേഘങ്ങളോടും
കാറ്റിനോടും മരങ്ങളോടും
പുഴയോടും കിളികളോടും
ചരടൊന്ന് വിളക്കാൻ
വിളക്കി ചേർക്കാൻ
അല്പം തീ ചോദിച്ചു…..
വഴിവക്കിലെ എച്ചിലിലയിൽ
പശിക്കു പതം തേടുന്നവളെ നോക്കി
ആളുകൾ പറഞ്ഞു ….. ഭ്രാന്തി …..
അവൾ മറുമൊഴി ചൊല്ലി …
.ശ് …….. മിണ്ടരുത്…
ഞാൻ …..
ദൈവത്തിന്റെ വിധവ …
