ഉടന്‍ വിരമിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ലിയോണല്‍ മെസി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 December 2022

ഉടന്‍ വിരമിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ലിയോണല്‍ മെസി

ദോഹ: ലോകകിരീടത്തിന്റെ തിളക്കത്തിൽ നിൽക്കെ ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അർജന്റൈൻ നായകൻ ലിയോണൽ മെസി. അടുത്ത ലോകകപ്പിലും മെസിക്ക് ഇടമുണ്ടെന്ന് കോച്ച് ലിയോണൽ സ്‌കലോണിയും പറഞ്ഞു. തുടരെ മൂന്ന് വർഷം മൂന്ന് ഫൈനലുകളിൽ അർജന്റീന വീണപ്പോൾ മെസി പൊട്ടിക്കരഞ്ഞു പ്രഖ്യാപിച്ചിരുന്നു, ഇനി ആൽബിസെലസ്റ്റെ ജേഴ്‌സിയണിയാൻ ഞാനില്ലെന്ന്. ആവുന്നതെല്ലാം ചെയ്തിട്ടും എനിക്ക് നാടിന് കിരീടം നൽകാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അർജന്റീനയും ഫുട്‌ബോൾ ലോകവും വീണ്ടും വിളിച്ചപ്പോൾ പിന്നെയും മെസ്സി പടക്കോപ്പുകൾ കൂട്ടി. ആറ് വർഷത്തെ ഇടവേളയിൽ 3 കിരീടങ്ങൾ. കരിയറിന്റെ പൂർണതയിലെത്തുമ്പോൾ നെഞ്ചിൽ ചേർത്തുവച്ച ജേഴ്‌സിയൂരാൻ മെസിക്കാകില്ല. ഈ ചാംപ്യൻടീമിനൊപ്പം ഇനിയും കളിക്കണമെന്ന് മെസി. 98ലെത്തി നിൽക്കുന്ന ഗോൾനേട്ടത്തിനപ്പുറം ഒരു കോപ്പ അമേരിക്കയ്ക്ക് കൂടി കളമൊരുക്കാമെന്ന് പ്രതീക്ഷ. അടുത്ത ലോകകപ്പാമ്പോൾ മെസിക്ക് 39 വയസ്സാകും.

എങ്കിലും അർജന്റൈൻ നായകന്റെ ഇടം ആർക്കും നൽകില്ലെന്ന് കോച്ച് ലിയോണൽ സ്‌കലോണിയും പ്രഖ്യാപിക്കുന്നു. നിരാശയുടെ ഭാരവുമായി കളിച്ച മെസിയെ നമ്മൾ ഏറെ നാൾ കണ്ടു. ഇതിഹാസത്തിന്റെ സ്ഥാനാരോഹണത്തിന് ശേഷമുള്ള മെസിയെ ഇനി കാണാം. സൗദി അറേബ്യ നൽകിയ ഇരട്ടപ്രഹരം ഊർജമാക്കിയെന്നും മെസി പറഞ്ഞു. തോൽവിക്ക് ശേഷം മെസി പറഞ്ഞത് ഇങ്ങനെയായിരുന്നു… ” ഈ സംഘത്തെ നിങ്ങൾ വിശ്വസിക്കൂ. നിങ്ങൾ നിരാശപ്പെടില്ല.” പിന്നെ കണ്ടത് ചരിത്രം.

ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസിയെ തേടി അപൂർവമായ മറ്റൊരു നേട്ടം കൂടിയെത്തി. രണ്ട് തവണ ഗോൾഡൻ ബോൾ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരവുമായി 35കാരൻ. ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി.

ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാൻഡ്രോ പരേഡസിനും ഗോൺസാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയൻ എംബാപ്പെ, കോളോ മ്വാനി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കിംഗ്സ്ലി കോമാൻ, ഓർലിൻ ചൗമേനി എന്നിവർക്ക് പിഴച്ചു. കൊമാനെ അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് തടഞ്ഞിട്ടപ്പോൾ ചൗമേനി പുറത്തേക്കടിച്ചു. അർജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീൽ ലോകകപ്പിൽ ടീം ഫൈനലിൽ കളിച്ചിരുന്നു.