കെ റെയില്‍; കേരളം വിഭജിക്കും: ഇ.ശ്രീധരന്‍

sponsored advertisements

sponsored advertisements

sponsored advertisements

5 January 2022

കെ റെയില്‍; കേരളം വിഭജിക്കും: ഇ.ശ്രീധരന്‍

പൊന്നാനി: കെ റെയില്‍ പദ്ധതിയിലെ സര്‍ക്കാര്‍ വാദങ്ങള്‍ക്കെതിരെ മെട്രോമാന്‍ ഡോ. ഇ.ശ്രീധരന്‍ രംഗത്ത്. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റാണെന്ന് ഡോ. ഇ.ശ്രീധരന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മിക്കേണ്ടിവരുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. ഇതിനായി വേലികള്‍ നിര്‍മിക്കുകയെന്നത് അപര്യാപ്തമാണ്. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ തടസ്സപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാവും 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക.

ഈ 393 കിലോമീറ്ററിലും 800 റെയില്‍വേ റോഡ് ഓവര്‍ ബ്രിജ്/റോഡ് അണ്ടര്‍ ബ്രിജുകള്‍ നിര്‍മിക്കേണ്ടിവരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചെലവുവരും. ഇതിനായി മാത്രം 16,000 കോടി രൂപ വേണ്ടിവരുമെന്നര്‍ഥം. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നതും പരിഗണിച്ചിട്ടില്ല.

അധികഭൂമിക്ക് വേണ്ടിവരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡിപിആര്‍ പുറത്തുവിടില്ലെന്ന വാദവും കളവാണ്. ഞാന്‍ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആര്‍ തയാറാക്കിയിട്ടുണ്ട്. ഒരെണ്ണം പോലും ജനങ്ങളില്‍നിന്ന് ഒളിപ്പിച്ചിട്ടില്ല. ചെലവു കുറച്ചുകാട്ടിയും വസ്തുതകള്‍ മറച്ചുവച്ചും സര്‍ക്കാര്‍ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു.