ശ്രീജ പ്രവീൺ
ഒരാളോട് നിങ്ങൾക്ക് അസൂയ തോന്നുന്നുണ്ടോ? അയാൾ നിങ്ങളെക്കാൾ ഏതെങ്കിലും രീതിയിൽ ഉയർന്ന നിലയിൽ ആണെന്ന തോന്നലുണ്ടോ? എങ്കിൽ അയാളുടെ ആത്മവിശ്വാസം കെടുത്താൻ പറ്റിയ ആയുധം എന്താണെന്ന് അറിയാമോ? അവരുടെ രൂപത്തെയോ നിറത്തെയോ ഒന്ന് കളിയാക്കി നോക്കിയാൽ മതി. അതോടെ കുറച്ചു നേരത്തേക്കെങ്കിലും കേൾക്കുന്നയാളുടെ സന്തോഷം ഒന്ന് മങ്ങി പോകും.
മറ്റൊരാളുടെ തൂക്കത്തെ അല്ലെങ്കിൽ തൂക്കമില്ലായ്മയെ
അതുമല്ലെങ്കിൽ നിറത്തെ അല്ലെങ്കിൽ ഉയരത്തെ അല്ലെങ്കിൽ മുടിയെ ഇവയെ ഒക്കെ പ്പറ്റി അഭിപ്രായം പറയാൻ മലയാളിക്കുള്ള അത്രയും താൽപ്പര്യം മറ്റെവിടെയും കണ്ടിട്ടില്ല.
ബോഡി ഷേമിങ്ങിന്റെ ഉത്ഭവ സ്ഥാനം ദൗർഭാഗ്യകരമെന്നു പറയട്ടെ,പ്രൈമറി മുതലുള്ള ക്ലാസ്സു മുറികളിൽ ആണ്. കുട്ടികൾക്ക് അവരുടെ രൂപം അനുസരിച്ചു ഇരട്ട പേരുകൾ ആദ്യം വിളിക്കുന്നത് കൂടുതലും ക്ലാസ്സിലെ ടീച്ചർമാർ തന്നെയാണ്. കറുത്ത അശ്വതി-വെളുത്ത അശ്വതി, തടിച്ച ശ്രീജ -മെലിഞ്ഞ ശ്രീജ, പൊക്കമുള്ള മഞ്ജു-പൊക്കമില്ലാത്ത മഞ്ജു, ഉണ്ട സുരേഷ്- നീണ്ട സുരേഷ് ഇങ്ങനെയാണ് അവർ കുട്ടികളെ വേർതിരിക്കുന്നത്. ഇത് കേട്ടു വളരുന്ന കുട്ടികളുടെ മനസ്സിൽ ബോഡി ഷെമിങ്ങിന്റെ വിത്തുകൾ വിതച്ചു കൊടുക്കുകയാണ് ഈ അധ്യാപകർ. ഈ കുഞ്ഞുങ്ങൾ വലുതായി കൗമാരത്തിൽ എത്തുമ്പോൾ ഇതേ അധ്യാപകർക്ക് ഇതിലും നല്ല പേരുകൾ ( കൂടുതലും ശാരീരിക പ്രത്യേകതകളേ സൂചിപ്പിക്കുന്നവ ) ഇട്ടു പറഞ്ഞു ചിരിക്കും.
ഈ കുട്ടികൾ വളർന്നു വലുതാവുമ്പോഴും മറ്റുള്ളവരുടെ ശരീര ഘടനയെ കളിയാക്കാനുള്ള പ്രവണത കൂടുതൽ വളരും.
മങ്ങിയ നിറമുള്ള അച്ഛന്റെയും അമ്മയുടെയും മകൾക്ക് കല്യാണ സമയത്ത് വെളുത്ത നിറം വയ്ക്കാനുള്ള വിദ്യകൾ ഉപദേശിക്കും ഈ ആളുകൾ.കൂടുതൽ പേർക്കും അഞ്ചടി പൊക്കമുള്ള കുടുംബത്തിലെ കുട്ടികളോട് പറയും, ” മോനെ, ദിവസവും ഈ ബാറിൽ തൂങ്ങിയാൽ മതി. പൊക്കം കൂടും. കണ്ടോ, എന്റെ മോന് അങ്ങനെയാണ് ഇത്രയും പൊക്കം വന്നത്. ” ഇത് പറയുന്നത് ആറടി പൊക്കമുള്ള അച്ഛനാണ്. ഇത് കേൾക്കുന്ന കുട്ടിക്ക് ജീവിതകാലം മുഴുവൻ ആ ബാറിൽ തൂങ്ങാത്ത കാരണമാണ് തനിക്ക് അഞ്ചടി പൊക്കം വന്നതെന്ന് വിചാരിച്ചു കഴിയും.
ഒരു മനുഷ്യന്റെ ശരീരഘടന ജനിതക കാരണങ്ങളെയും ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കും.എന്നാൽ നമ്മൾ മലയാളികളുടെ പൊതു ധാരണയിൽ നമ്മൾ സ്ത്രീക്കും പുരുഷനും ഒരു അളവ് കോൽ പണിയിച്ചു കൊടുത്തിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി കാണുന്ന എന്തിനെയും നമ്മൾ തിരുത്താൻ ശ്രമിക്കും അല്ലേൽ കളിയാക്കും.
ഒരാളെ കാണുമ്പോൾ തന്നെ അയാളുടെ കുടുംബ പശ്ചാത്തലം, പൊതുവായ ആരോഗ്യം എന്നീ വിഷയങ്ങൾ ഒന്നും തന്നെ അറിയാതെ അയാൾക്ക് വണ്ണം കുറയ്ക്കാനുള്ള അല്ലെങ്കിൽ കൂട്ടാനുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കുക, നിറം അല്ലെങ്കിൽ പൊക്കം വയ്ക്കാനുള്ള മരുന്ന് പറഞ്ഞു കൊടുക്കുക, കൂട്ടുകാരുടെ തമാശകളുടെ ഇടയിൽ ഒരാളെ കേന്ദ്രീകരിച്ചു അവരുടെ പ്രത്യേകതകൾ പറഞ്ഞു കളിയാക്കുക ഇതൊക്കെ നിങ്ങളുടെ മാനസിക ആരോഗ്യമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ സംസാരിക്കുന്ന മനുഷ്യർക്ക് അവരുണ്ടാക്കുന്ന മാനസിക പ്രയാസം മനസിലാവില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇതൊക്കെ തമാശ ആയി കണ്ടാൽ പോരെ എന്ന് ചോദിക്കുന്നവർ ഉറപ്പായും ബോഡി ഷെമിങ് നേരിട്ടിട്ടുണ്ടാവില്ല,ഉറപ്പ്!
പറയാനുള്ളത് ഇന്നത്തെ കുഞ്ഞുങ്ങളെ വളർത്തുന്നവരോടാണ് – ദയവു ചെയ്ത് അവരെ ലേബൽ ചെയ്യാതിരിക്കൂ . മനുഷ്യ ശരീരങ്ങൾ കറുപ്പിലും വെളുപ്പിലും തടിച്ചിട്ടും മെലിഞ്ഞിട്ടും നീണ്ടും കുറുകിയും ഒക്കെയാണെന്നും അതൊക്കെ സുന്ദരമാണെന്നും അവർക്ക് പറഞ്ഞു കൊടുക്കൂ. മനുഷ്യരുടെ സൗന്ദര്യം അവരുടെ സ്വഭാവമാണെന്നും പറഞ്ഞു മനസിലാക്കൂ.
ഇനി അഥവാ അവരെ ആരെങ്കിലും ശരീരഘടനയുടെ അടിസ്ഥാനത്തിൽ കളിയാക്കിയാൽ മനസ്സിൽ കരഞ്ഞു കൊണ്ട് അവരുടെ തമാശക്ക് കൂടെ ചിരിക്കാതെ ബോഡി ഷെമിങ്ങിനു എതിരെ പ്രതികരിക്കണം എന്ന് പഠിപ്പിക്കൂ.
എല്ലാവരെയും ഒരേ അളവ് കോലിൽ അളക്കാത്ത ഒരു പുതിയ തലമുറയെങ്കിലും വളർന്നു വരട്ടെ
