എഴുത്തിലെ ജീവിതം : കഥകളുടെ കാണാപ്പുറങ്ങളിൽ ശ്രീജ പ്രവീൺ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 June 2022

എഴുത്തിലെ ജീവിതം : കഥകളുടെ കാണാപ്പുറങ്ങളിൽ ശ്രീജ പ്രവീൺ

അനിൽ പെണ്ണുക്കര

ഥകൾ ഭൂമിയുടെ ഓരോ മിടിപ്പിലുമുണ്ട്, പാമ്പിന്റെ പൊത്ത് മുതൽക്ക് പഴുതാരയുടെ മേശക്കാൽ വരെ കഥകൾ നീണ്ട് കിടക്കുന്നു. അത് ചിലപ്പോൾ ആട്ടിയിറക്കിയാലും വിട്ടുപോകാത്ത മൃഗത്തെ പോലെ ഓർമ്മകളെ നക്കിയെടുക്കും.

മനുഷ്യൻ വേവിച്ച മാംസം തിന്ന് തുടങ്ങിയത് മുതൽക്ക് ഭൂമിയിൽ കഥകളുണ്ടായി. ഇടിയും, മിന്നലും, കാറ്റും മഴയുമൊക്കെ കഥാപാത്രങ്ങളായിരുന്ന അന്നത്തെ കഥകളിൽ ജീവിതത്തോടുള്ള ഭയവും പ്രകൃതി ശക്തികളോടുള്ള ഭീതിയും നിറഞ്ഞു. മനുഷ്യന്റെ പരിണാമങ്ങൾ കഥകളുണ്ടാകുന്നതിനേക്കാൾ പതിയെയാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ മഴയും വെയിലും കാറ്റും ക്രമേണ ദൈവമായി മാറി, അത് ഭീതിയുള്ളതായി തോന്നി. അങ്ങനെയാണ് കഥകൾ ജീവിതം പറയാനാരംഭിച്ചത്. അങ്ങനെയാണ് കഥകൾക്ക് കാലും വാലും തലയും ഹൃദയവും മുളച്ചത്.
മുഖം ബുക്സ് പ്രസിദ്ധീകരിക്കുന്ന ലോക മലയാള കഥകൾ പല ഭാഷയുടെ, സംസ്കാരങ്ങളുടെ, ജീവിത രീതികളുടെ ചരിത്രമെഴുതുമ്പോൾ, കഥകളെ ഹൃദയത്തിലേറ്റിയ ശ്രീജ പ്രവീണിലൂടെ കടന്നുപോകാതിരിക്കാൻ മുഖം ബുക്സിനും എനിയ്ക്കും കഴിയില്ല. അധ്യാപനവുമായി കേരളത്തിലും ഗൾഫ് നാടുകളിലും ഓടി നടന്ന ശ്രീജ പ്രവീണിന്റെ ജീവിതാനുഭവങ്ങൾ അത്രത്തോളം നമ്മൾ അറിഞ്ഞിരിക്കേണ്ട ഒന്നുതന്നെയാണ്. കഥകളിലൂടെ ശ്രീജ നടത്തുന്ന ഓരോട്ടമുണ്ട്, അതിൽ നിറയെ സ്വന്തം ജീവിതം തന്നെ തെളിഞ്ഞു കിടക്കും. താൻ കണ്ട നഗരം, മനുഷ്യർ, വീടുകൾ, വാഹനങ്ങൾ തുടങ്ങി തന്റെ തന്നെ യാത്രകളുടെ തുടർ പതിപ്പാണ് ശ്രീജയുടെ കഥകളിൽ വ്യക്തമാകുന്നത്.

തിരുവനന്തപുരത്ത് കേന്ദ്ര സർക്കാർ ജീവനക്കാരായിരുന്ന ശശിധരൻ ഉണ്ണിത്താൻ്റെയും ജയശ്രീയുടേയും മകളായിട്ടാണ് ശ്രീജാ പ്രവീൺ ജനിച്ചത്. കോട്ടൺ ഹിൽ ഗവണ്മെന്റ് സ്കൂളിലും വിമൻസ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും ആയി ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക ബിരുദവും പൂർത്തിയാക്കിയ ശ്രീജയ്ക്ക് , ഇരുപത് വർഷത്തോളം തുടർച്ചയായി അധ്യാപക മേഖലയിൽ പ്രവർത്തിക്കാൻ സാധിച്ചു. കേരളത്തിലും മുംബൈയിലും ഗൾഫ് നാടുകളിലും വിവിധ പ്രമുഖ സ്കൂളുകളിൽ ജോലി ചെയ്തു. ഒരു വർഷം മുൻപ് നാട്ടിലേക്ക് സ്ഥിര താമസമാക്കുമ്പോൾ നടന്നു തീർത്ത നാടുകളുടെ ഓർമ്മകളിലാണ് ശ്രീജയുണ്ടായിരുന്നത്. ഓരോ നാടിനും പറയാനുണ്ടായിരുന്ന കഥകളെ ശ്രീജയെന്ന എഴുത്തുകാരി തൊട്ടെടുക്കുകയാണ്, അതിന്റെ ഭൂതവും ഭാവിയും വാർത്തമാനാവുമെല്ലാം അവരുടെ കഥകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

പിജി ക്ലാസ്സ്‌ തൊട്ട് തന്നെ അടുത്തറിയുന്ന മനസ്സിലാക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോൾ ശ്രീജ പ്രവീൺ എന്ന എഴുത്തുകാരിയുടെ മുന്നോട്ടുള്ള ഭാവിയാണ് അവിടെ കൃത്യമായത്.
താൻ എന്തെഴുതിയാലും ആദ്യ വായനക്കാരനും വിമർശകനും തന്റെ ഭർത്താവ് പ്രവീൺ തന്നെയാണെന്നാണ് ശ്രീജ പറയാറുള്ളത്. തിരുത്തനും പ്രോത്സാഹിപ്പിക്കാനും കൂടെയൊരാൾ ഉള്ളത് ജീവിതത്തെ അത്രമേൽ അർത്ഥപൂർണ്ണമാക്കും. എഴുത്തിൻറെ വഴികളിലേക്ക് തന്നെ കൈപിടിച്ചു നടത്തിയ അച്ഛനെയും, അതെ എഴുത്തിന്റെ ലോകത്ത് തന്നെ നിലനിർത്തുന്ന ഭർത്താവ് പ്രവീണിനെയും അത്യധികം നന്ദിയോടെയാണ് ശ്രീജ എന്ന എഴുത്തുകാരി ഓർക്കുന്നത്.

ഓർമ്മകളിൽ എപ്പോഴും കഥകൾ കൊണ്ട് നടന്നിരുന്ന ഒരു പെൺകുട്ടിയായിരുന്നു ശ്രീജ പ്രവീൺ. എല്ലാ പെൺകുട്ടികളും ഇത്തരത്തിലാണെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ചിലർ മാത്രം കഥകൾ തുടർന്ന് പോവുകയും മറ്റു ചിലർ കഥകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. കുട്ടിക്കാലത്ത് കയ്യിൽ കിട്ടുന്ന എന്തും വായിച്ചിരുന്ന ശ്രീജ , എഴുത്തുക്കളെ ജീവിതം തന്നെയായിട്ടായിരുന്നു കണ്ടിരുന്നത്. വായിച്ച കഥകൾക്ക് തുടർച്ചയായി കഥാ പാത്രങ്ങളുടെ ജീവിതം ഊഹിച്ച് പുതിയ കഥകൾ ഉണ്ടാക്കാൻ പണ്ടേ ഇഷ്ടമായിരുന്നു. യാത്രകളിൽ, കൂടുതലും ട്രെയിൻ യാത്രകളിൽ, വഴിയരികിൽ കാണുന്ന വീടുകളുടെ ഉള്ളിലെ ജീവിതങ്ങളുടെ കഥകൾ അവർ ഊഹിക്കാൻ ശ്രമിക്കുമായിരുന്നു . വഴിയരികിലെ ഓരോ വീടുകളിലും ഒരായിരം കഥകൾ ഉറങ്ങുന്നതായി തോന്നിയിരുന്നു. എന്നാൽ ഇവയൊന്നും ഒരിടത്തും കുറിച്ച് വയ്ക്കാൻ ശ്രമിച്ചില്ല. മനസ്സിൽ നിന്ന് മനസ്സിലേക്ക് അത് മാഞ്ഞു പോയത് പോലെ തോന്നുന്നു.

എന്നാൽ ജീവിതത്തിന്റെ തിരക്കുകൾ എഴുത്തിനെ പാടെ മോഷ്ടിച്ചെടുത്തു. പഠിത്തത്തിൻ്റെയും ജോലി നേടാനുമുള്ള തിരക്കിലും തത്രപ്പാടിലും പെട്ടു എപ്പോഴോ തന്നിലെ കഥാകാരി ഉറങ്ങിപ്പോയെന്നാണ് പിന്നീടുള്ള കാലങ്ങളെ ശ്രീജ അടയാളപ്പെടുത്തിയത്. ഇരുപത് വർഷങ്ങൾ നീണ്ട അധ്യാപന ജീവിതവും കുടുംബ കെട്ടു പാടുകളും ഒക്കെയായി ജീവിക്കുമ്പോഴാണ് കോവിഡ് കടന്നു വരുന്നതും, ജീവിതം അവനവനിലേക്ക് ചുരുങ്ങുന്നതും. ആ ചുരുക്കത്തിനിടയിൽ ശ്രീജയ്ക്ക് വീണ്ടും തന്റെ കഥകളോടുള്ള ഭ്രമം തിരിച്ചു കിട്ടുകയായിരുന്നു. വർഷങ്ങൾ പഴകിയ വാക്കുകൊണ്ട് പിന്നീടവർ ഒരു വസന്തം തന്നെ രൂപപ്പെടുത്തി.

ബ്ലോഗിൻെറ രൂപത്തിൽ എഴുത്ത് ആരംഭിച്ചതോടെ ആദ്യത്തെ ഒന്നോ രണ്ടോ എഴുത്തുകൾ തന്നെ വളരെ നന്നായി ശ്രദ്ധിക്കപ്പെട്ടു. തമാശക്കഥകൾക്കൊപ്പം തന്നെ ശാസ്ത്ര ലേഖനങ്ങളും കുട്ടികൾക്ക് വേണ്ടിയുള്ള ചെറു കുറിപ്പുകളും എഴുത്തിന് വിഷയങ്ങളായി. ചെറിയ കാലയളവിൽ തന്നെ പി എസ് സി ബുള്ളറ്റിൻ, ഏഷ്യനെറ്റ് ന്യൂസ് , മനോരമ ഓൺലൈൻ തുടങ്ങിയ മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ചു. പല ഓൺലൈൻ മാസികകളിലും സ്ഥിരമായി എഴുതാൻ തുടങ്ങി. അങ്ങനെ മുഖത്തിന്റെ മുഖമാകാനും ഭാഗ്യം ലഭിച്ചു.

ഇപ്പോൾ മുഖം പ്രസിദ്ധീകരിക്കുന്ന ലോക മലയാള കഥകളിൽ ശ്രീജ പ്രവീണിന്റെ രണ്ട് പ്രിയപ്പെട്ട കഥകളുണ്ട്. താൻ ജീവിച്ച മറ്റൊരു പ്രദേശത്തേക്കുറിച്ചാണ് ശ്രീജ ഈ കഥകളിൽ വ്യക്തമാക്കുന്നത് . ലോക മലയാള കഥകളുടെ ഭാഗമായതിൽ ശ്രീജയോട് നന്ദി പറയുന്നു. തോൽക്കാൻ സമ്മതിക്കാതെ നമുക്കൊപ്പം നിൽക്കാൻ ശ്രമിക്കുക . കഥകളുടെയും എഴുത്തിന്റെയും വഴികളിൽ പിന്തുണയുമായി ഭർത്താവ് ഡോ.പ്രവീണും മകൾ- മാളവികയും (ദുബായിൽ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിനി) മയൂഖയും ( ഒൻപതാം ക്ലാസ് വിദ്യാർഥിനി)ഒപ്പമുണ്ട് .

ശ്രീജ പ്രവീണും കുടുംബവും