പാപ്പൻ;ഇമോഷണൽ ത്രില്ലർ (ശ്രീജ രാമൻ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 August 2022

പാപ്പൻ;ഇമോഷണൽ ത്രില്ലർ (ശ്രീജ രാമൻ )

ശ്രീജ രാമൻ

‘എന്റെ ശരികളിൽ തെറ്റുകളുണ്ടെന്നും എന്റെ തെറ്റുകളിൽ ശരികളുണ്ടെന്നു’മുള്ള ഒരു തിരിച്ചറിവ് അടിസ്ഥാനപരമായി ഒരു മനുഷ്യന് ഉണ്ടാവേണ്ടതാണ്.
അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് പ്രത്യേകിച്ചും. അതില്ലാത്തത് കൊണ്ടാണ് ചില വാർത്തകൾ വായിച്ച് നമുക്ക് ശബ്ദമില്ലാതെ കരയേണ്ടി വരുന്നത്.
കാല്പനികമെങ്കിലും ഒരു പോലീസ് ഓഫീസർക്ക് ആ തിരിച്ചറിവ് ഉണ്ടായതാണ് പാപ്പൻ എന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ സിനിമക്ക് ഒരു ക്രൈം ഡ്രാമ എന്നതിലുപരി ഒരു ഇമോഷണൽ ത്രില്ലർ പരിവേഷം കിട്ടിയത് എന്ന് തോന്നുന്നു. അതുകൊണ്ട് കൂടിയായിരിക്കും തിയറ്ററുകളിലേക്ക് ഫാമിലി ഓഡിയൻസ് ഇങ്ങനെ ഒഴുകിയെത്തുന്നത്.
മുറിവേറ്റ ഒരു മനുഷ്യന്റെ കഥകൂടിയാണ് പാപ്പൻ. ആ മുറിവിലൂടെ കടന്ന് വന്ന വെളിച്ചത്തിലൂടെ സ്റ്റോറി ലൈൻ വളഞ്ഞു പുളഞ്ഞു കടന്നു പോവുന്നു. അതുകൊണ്ടാവാം കറുപ്പിൽ തിളങ്ങുന്ന ചുവന്ന തീ നാമ്പുകളുടെ വെളിച്ചമാണ് സിനിമയിലുടനീളം. കഥയിലെ ഒരു പ്രധാന കഥാപാത്രമായ “കാളത്തലയൻ കത്തി” യുടെ ഇന്ററോ സീൻ ഒക്കെ കിടിലം. ഇത്രയും മനോഹരമായ ലൈറ്റിംഗ് ഉള്ള ഒരു മലയാളം സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല. രാത്രിയുടെ, മഴയുടെ, കാടിന്റെയൊക്കെ ഷോട്ടുകൾ ഓർത്തെടുക്കുമ്പോൾ തന്നെ
അജയ് കാച്ചപ്പിള്ളി…hats off
പാപ്പന്റെ രണ്ടാമത്തെ ഹൈലൈറ്റ് പശ്ചാത്തല സംഗീതമാണ്. Inox ലെ Dolby atmos ഉള്ള സ്‌ക്രീൻ വൺ തന്നെ കിട്ടിയത് കൊണ്ട് അതിന്റെ മാജിക്ക് മുഴുവനും ആസ്വദിക്കാൻ ഭാഗ്യമുണ്ടായി. സിനിമയുടെ സ്ലോ പേസിന് അനുസരിച്ച് പതിഞ്ഞു പതിഞ്ഞു പോകുന്ന, ഓരോ ട്വിസ്റ്റിലും വട്ടം കറക്കി ഉയർത്തി താഴെക്കെടുത്തിടുന്ന സിനിമയുടെ ബിജിഎം, ത്രില്ലർ എക്സ്പീരിയൻസിന് കട്ടയ്ക്ക് നിൽക്കുന്നുണ്ട്. ജെയ്ക്ക് ബിജോയ്ക്ക് സല്യൂട്ട്.
മൂന്നാമത്തെ ഹൈലൈറ്റ് അന്വേഷണ ഉദ്യോഗസ്ഥ ആയി വേഷമിട്ട നീത പിള്ളയാണ്. ഒരു വനിതാ IPS ഓഫീസർ എന്ന് പറയുമ്പോൾ മലയാളം സിനിമയ്ക്ക് ഓർത്തെടുക്കാൻ അഹങ്കാരവും ആവേശവും കൂട്ടിക്കുഴച്ചു വിളമ്പുന്ന ‘കാശുള്ള വീട്ടിലെ പെണ്ണോ’ അല്ലെങ്കിൽ “സിബ്ബ് ഇടെടീ.. എന്നോ “;നിന്നെയിവിടെയങ്ങ് തിരിച്ചു നിർത്തി പൂശിയാലുണ്ടല്ലോ ..” എന്നൊക്കെ പറയുമ്പോൾ ചൂളി പോവുന്ന പെണ്ണോ മാത്രമേ ഉള്ളു. ആ സമ്പ്രദായത്തിന് നല്ല ഒരു മാറ്റം വന്നിട്ടുണ്ട് ഇവിടെ. നല്ല ആർജ്ജവമുള്ള, ഇരിപ്പിലും നിൽപ്പിലും നടത്തത്തിലും നോട്ടത്തിലും വരെ പോലീസ് ഭാഷ്യമുള്ള ഒരു നടി. ഒരു fight സീൻ ഇല്ലാതിരുന്നിട്ടു പോലും നല്ലൊരു കായികാഭ്യാസിയാണെന്നു തോന്നിപ്പിക്കുന്ന ചലനങ്ങൾ. അപാര സ്‌ക്രീൻ പ്രസൻസ്. പല കോമ്പിനേഷൻ സീനുകളിലും സുരേഷ് ഗോപി അടക്കമുള്ള പുരുഷ കഥാപാത്രങ്ങളെ നിഷ്പ്രഭമാക്കുന്നുണ്ട് നീതയുടെ വിൻസി.
അടുത്തത് ടൈറ്റിൽ റോളിൽ എത്തുന്ന സുരേഷ് ഗോപിയാണ്. Super cop എന്ന സ്വന്തം ഇമേജിനെ തികച്ചും സ്വാഭാവികമായി തകർത്തുകൊണ്ടാണ് അദ്ദേഹം പ്രായത്തിനനുസരിച്ചുള്ള കഥാപാത്രമായി മാറിയിരിക്കുന്നത്. നേടുങ്കൻ ഡയലോഗുകൾ പറയാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് ഉപയോഗപ്പെടുത്താനുള്ള സ്‌പേസ് ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും തളർന്ന ഇടത് കൈ വച്ചുള്ള ഫൈറ്റ് സീനുകളിലും, കുറ്റാന്വേഷണം നടത്തുന്ന ചുരുക്കം ചില സീനുകളിലും ആ പഴയ firebrand നായകനെ നമുക്ക് കാണാം.
ഔദ്യോഗിക റിട്ടയർമെന്റ് കഴിഞ്ഞാലും പ്രഫഷണൽ എന്നും പ്രഫഷണൽ തന്നെ എന്ന് ഉറപ്പിക്കുന്ന കഥാസന്ദര്ഭങ്ങളിൽ അദ്ദേഹം മുതൽക്കൂട്ടാവുന്നു. വാത്സല്യവും കാരുണ്യവും അനുഭവപ്പെടുത്തേണ്ട രംഗങ്ങളിൽ താരത്തിൽ നിന്ന് നടനായും നടനിൽ നിന്ന് മനുഷ്യനായും മണ്ണിലേക്ക് ഇറങ്ങുന്ന അദ്ദേഹത്തെ മലയാളികൾക്ക് അറിയാത്തതല്ലല്ലോ.
‘ന്യൂഡൽഹി’ യും ‘ധ്രുവ’വും ‘കൗരവരും’ മാത്രം മതി ജോഷി എന്ന സംവിധായകൻ എന്താണെന്ന് തിരിച്ചറിയാൻ. ഈ മൂന്ന് സിനിമകളും ഇറങ്ങിയ കാലഘട്ടങ്ങളും അതിലെ അഭിനേതാക്കളുടെ അന്നത്തെ സാഹചര്യങ്ങളും കൂടി ചേർത്തു വയ്ക്കുമ്പോൾ മാത്രമേ ആ സിനിമകളെ കൃത്യമായി വിലയിരുത്താനാവൂ. അതാണ് ശരിക്കുള്ള Director’s brilliance എന്നാണ് വിശ്വസിക്കുന്നത്. ആ ബ്രില്യൻസ് പാപ്പനിലും തുടരുന്നു. നിരവധി ലെയറുകളിലായി നിരവധി കുഞ്ഞു കുഞ്ഞു ട്വിസ്റ്റുകൾ ഒളിപ്പിച്ചു വച്ച്, ഒരു മുഴുനീള ത്രില്ലർ എക്സ്പീരിയൻസ് തരുന്ന കാര്യത്തിൽ ഈ വെബ് സീരീസ് കാലഘട്ടത്തിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. അത് ഇടമുറിയാതെ വിളക്കിചേർത്ത ശ്യാം ശശിധരനും കയ്യടി അർഹിക്കുന്നുണ്ട്.
അവസാന ഭാഗത്ത് കുറച്ചു കൂടി ടൈറ്റ് ആകാമായിരുന്നു തിരക്കഥ എന്ന് തോന്നിയത് തികച്ചും വ്യക്തിപരമാവാം. എങ്കിലും മനോഹരമായി കഥ പറഞ്ഞിട്ടുണ്ട് RJ ഷാൻ.
കഥാതന്തു, വായിച്ചു മറന്നുപോവാത്ത ചില പത്രവാർത്തകളെ ഓർമ്മിപ്പിച്ചു. (സ്‌പോയ്‌ലർ ആയേക്കാം എന്ന ഭയത്തിൽ അത് പറയുന്നില്ല). സ്വന്തം ശരികളിൽ തെറ്റ് കാണാൻ കൂട്ടാക്കാത്ത ചില പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണം, സ്വപ്നം കണ്ട ജീവിതം ചിതറിത്തെറിച്ച് നിസ്സഹായരായിപ്പോയ രണ്ട് പെണ്കുട്ടികളെയും അവരുടെ പ്രിയപ്പെട്ടവരെയും ഓർമ്മ വന്നു കണ്ണ് നിറഞ്ഞുപോയി സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ.

ശ്രീജ രാമൻ