ഒരുപാട് പെൺകുട്ടികൾക്ക് ഈ പുഞ്ചിരി വിളക്കായി മാറട്ടെ (ശ്രീജ രാമൻ)

sponsored advertisements

sponsored advertisements

sponsored advertisements


26 February 2023

ഒരുപാട് പെൺകുട്ടികൾക്ക് ഈ പുഞ്ചിരി വിളക്കായി മാറട്ടെ (ശ്രീജ രാമൻ)

ശ്രീജ രാമൻ

വളരെ ആക്റ്റീവ് ആയിരുന്ന തൊഴിലിടത്തിൽ നിന്ന് പൊടുന്നനെ ഒരു ദിവസം അവൾ ഇല്ലാതായി. പിന്നീട് അഞ്ച് വർഷത്തിന് ശേഷം ഒരുപാട് roller coaster റൈഡുകളിലൂടെ കടന്നു വരുന്ന അവളെ ആളുകൾ സ്വാഗതം ചെയ്യുന്നു. അവളുടെ തിരിച്ചു വരവ് അത്രമേൽ അവർ ആഗ്രഹിക്കുന്നുണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാവാം. എന്നാൽ അതിൽ പ്രധാനമായത് അവളുടെ തിരിച്ചു വരവ് ആശയറ്റ ഒരുപാട് പേർക്ക് പ്രചോദനം ആകും എന്ന ചിന്തയാണ്.. ആ ഉറപ്പാണ്.
അഞ്ചു വർഷത്തെ അസാന്നിധ്യത്തിലും, പേരില്ലാതിരുന്നിട്ടും, ഭാവനയെ നമ്മൾ മറന്നില്ല. (അവളെ അനുതാപത്തോടെയോ സ്നേഹത്തോടെയോ മാത്രമല്ല പലരും ഓർത്തിരുന്നത് എന്നത് പക്ഷെ പുതിയ തിരിച്ചറിവാണ്. സ്വന്തം അനുഭവത്തിൽ വരും വരെ കെട്ടുകഥകൾ എന്ന് മാത്രം വിശ്വസിക്കുന്നവരും, എന്തിലും ഏതിലും ബൈനറികളിൽ മാത്രം ചിന്തിക്കുന്നവരും കൂടി ചേർന്നതാണല്ലോ ലോകം).
സ്ഥലപേരുകളിൽ ഒതുങ്ങിപ്പോയ, പിന്നീട് നമ്മുടെ ഓർമ്മകളിൽ നിന്ന് പോലും മാഞ്ഞുപോയ എത്രയോ പെൺകുട്ടികൾ..ഒരിക്കൽ പോലും വാർത്തയിലോ വർത്തമാനത്തിലോകയറി വരാത്ത അതിലുമേറെ എത്രയോ പെൺകുട്ടികൾ..
എന്തിനാണ് ഇവർ മാറി നിന്നത്..ആരാണ് ഇവരെ മുഖ്യധാര യിൽ നിന്ന് മാറ്റി നിർത്തുന്നത്. എന്തുകൊണ്ടാണ് അവർക്ക് പിന്നീട് സ്വന്തം മുഖമോ പേരോ പോലും അന്യമാവുന്നത്. എന്തുകൊണ്ടാണ് അവർക്ക് ആളുകൾ കൂടുന്ന ഇടങ്ങൾ മുതൽ സ്വകാര്യസന്തോഷങ്ങൾ വരെ അന്യമാവുന്നത്..
നമ്മളെല്ലാം ജീവിതത്തിന്റെ സകല വർണ്ണങ്ങളിൽ കൂടിയും കടന്നു പോവുമ്പോൾ, അവർ മാത്രമെന്താണ് വെളിച്ചമേ കടന്നു ചെല്ലാത്ത മുറികളിൽ തനിച്ചായി പോവുന്നത്.
ഒരുപാട് പേർ ഒരുപാട് തവണ ചോദിച്ചിട്ടും പലർക്കും ഉത്തരം കിട്ടിയിട്ടും അതിനൊരു സൊലൂഷൻ ഇതുവരെ ഉണ്ടായിട്ടില്ല.
തൂക്കി കൊല്ലുന്നതിന് ദിവസങ്ങൾക്ക് മുൻപ് പോലും ഡൽഹി സംഭവത്തിലെ പ്രതി പറഞ്ഞ കാര്യം നമ്മളെല്ലാവരും കേട്ടതാണ്..”അവൾ എന്തിനാണ് അസമയത്ത് ആൺസുഹൃത്തിന്റെ കൂടെ പുറത്ത് പോയത്?”
ആ ചോദ്യം നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കുന്ന ഒരുപാട് മെയിലും ഫീമെയിലുമായ ഷോവനിസ്റ്റുകൾ പൂണ്ട് വിളയാടുന്ന ഈ സമൂഹത്തിൽ പല പെൺകുട്ടികൾക്കും ഇരുട്ടിൽ അഭയം തേടേണ്ടതായി വരും. ലോകക്രമം മാറുമ്പോൾ, രാത്രികൾ പകലുകളാക്കുന്ന തൊഴിലിടങ്ങൾ സാധാരണമാവുമ്പോൾ, ആൺ-പെൺ സൗഹൃദങ്ങൾക്ക് ഫോർമാലിറ്റികളുടെ വ്യാജമതിലുകൾ ഇല്ലാതാവുമ്പോൾ, അസഹിഷ്ണുത കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതാവുന്നവരും എണ്ണത്തിൽ കൂടി വരുന്നുണ്ട് എന്നത് ദുഖകരമായ വസ്തുതയാണ്. ആൺ സുഹൃത്ത്, അസമയം, സാമൂഹിക ഇടപെടലുകൾ, ഡ്രസിങ് സെൻസ്…അങ്ങനെ ഒരുപാട് സ്കാനിങ് മെഷീനുകളിൽ കൂടി കടന്ന് പോയതിന് ശേഷമേ ഇന്നും പലപ്പോഴും പെണ്കുട്ടികള്ക്ക് mainstream ലേക്ക് എൻട്രി കിട്ടുന്നുള്ളൂ.
അതിനെ ചോദ്യം ചെയ്താലോ അനുസരിക്കാതിരുന്നാലോ മേൽപറഞ്ഞ ഇരുട്ടുമുറി തന്നെയാണ് അവർക്കും വിധിക്കുന്നത്.
ഭാവന ഒന്നിനെയും ചോദ്യം ചെയ്തില്ല.
പക്ഷെ അവൾ അവളായി തന്നെ നിന്നു.
അതിജീവിത എന്ന വാക്ക് കോമഡിആയ ലോകത്തിനോട് “ഞാൻ അതിജീവിത അല്ല ഞാൻ ഭാവന യാണ്” എന്നവൾ പറഞ്ഞു. ആ പേരിന് പിന്നിൽ മറഞ്ഞിരിക്കാതെ പുറത്ത് വന്നു. യോഗ്യനായ ഒരു ആണിനെ വിവാഹം ചെയ്തു. ഭർത്താവിന്റെ വീട്ടിൽ അയാളോടൊപ്പം താമസിച്ചു കൊണ്ട് സ്വന്തം തൊഴിൽ ആയ അഭിനയം തുടരുന്നു. എണ്ണമറ്റ അന്വേഷണ ഉദ്യോഗസ്ഥരും വക്കീലുമാരും ഡോക്റ്റര്മാരും ആവർത്തിച്ച് ആവർത്തിച്ച് ചോദിച്ച സകല ചോദ്യങ്ങൾക്കും അവൾ ഉത്തരം പറഞ്ഞു. ഒരിക്കൽ പോലും, “ഇല്ല എനിക്കൊന്നും സംഭവിച്ചില്ല. എന്റെ hallucination ആണെ”ന്ന് പറഞ്ഞ് തോറ്റു പിന്മാറിയില്ല. (ഈ അനുഭവത്തിന്റെ തീവ്രത എന്താണെന്ന് അതിജീവിതകളെ ഒതുക്കുന്നവർക്ക് ഒരുപക്ഷേ അറിയാനിട വന്നു കാണില്ല. കഴിയുമെങ്കിൽ “The unbelievable story of rape” എന്ന ടൈറ്റിലിൽ ഉള്ള ഒരു സീരീസ് ഉണ്ട്. അത് കാണുക)
അങ്ങനെ സകല സാമ്പ്രദായികതകളിൽ നിന്നും അവൾ മാറി നടക്കുകയാണ്. അവൾ ഒരു born fighter ആയത്കൊണ്ടാണ് അതെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ല. സാമ്പ്രദായികതയുടെ ചതുപ്പ്നിലങ്ങളിൽ
അവളുടെ ഓരോ ചലനവും ഓരോ fight ആയി മാറുന്നതാണ്. ഓരോ തവണ താഴ്ന്നു പോവുമ്പോഴും അവളെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന കുറച്ചുപേരെങ്കിലും കൂടെ ഉള്ളത് കൊണ്ടാണ്. അഭിനയം, സിനിമ, നൃത്തം തുടങ്ങിയ കാര്യങ്ങളോടുള്ള അവളുടെ അഭിനിവേശവും കൊണ്ട് കൂടിയാണ് അവൾക്ക് അതിജീവനം സാധ്യമാകുന്നത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
ഒരു ചെറിയ അനുസരണക്കേടുള്ള ഇടം പല്ല് കാണിച്ചു ചിരിക്കുന്ന, തനി തൃശൂക്കാരിയായിരുന്ന കാർത്തികാ ബാലചന്ദ്രനിൽ നിന്നും അവൾ ഒരുപാട് വളർന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.
Welcome back Bhavana. You are the CHANGE.
സമൂഹത്തിന്റെ മുഖം മിനുക്കാനായി, ഇരുട്ടുമുറികളിലേക്ക് തള്ളപ്പെട്ട ഒരുപാട് പെൺകുട്ടികൾക്ക് നിന്റെ പുഞ്ചിരി വിളക്കായി മാറട്ടെ

ശ്രീജ രാമൻ