നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ല (ശ്രീജ രാമൻ )

sponsored advertisements

sponsored advertisements

sponsored advertisements

8 May 2022

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ല (ശ്രീജ രാമൻ )

“നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ല.
നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിനൊടു തന്നെയുള്ള
കാമനകളുടെ കുഞ്ഞുമക്കളാണ് അവർ.
നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളില്‍നിന്നല്ല അവർ വന്നത്.
നിങ്ങളോടൊപ്പമുണ്ടെങ്കിലും അവർ നിങ്ങളുടേതല്ല.
നിങ്ങളുടെ സ്നേഹം അവര്‍ക്കു നല്കാം.
എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ നൽകരുത്;
എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക്
അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങളെ നിങ്ങള്‍ക്ക് വീടുകളിലടച്ചിടാം.
എന്നാല്‍ അവരുടെ ആത്മാവിനെ
തളയ്ക്കാൻ നിങ്ങൾക്കാവില്ല.
സ്വപ്നങ്ങളില്‍പോലും നിങ്ങള്‍ക്ക് പ്രവേശിക്കാനാവാത്ത
നാളെകളിലാണ്
അവരുടെ ആത്മാവ് വസിക്കുന്നത്.
നിങ്ങള്‍ക്ക്
അവരെപ്പോലെയാകാന്‍ ശ്രമിക്കാം.
എന്നാല്‍ അവരെ
നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്;
എന്തുകൊണ്ടെന്നാല്‍,
ജീവിതം ഒരിക്കലും
പിന്നോട്ടൊഴുകുന്നില്ല……”
മക്കൾ Mother’s day വിഷ് ചെയ്തില്ല എന്ന് പരിഭവം പറയുന്ന അമ്മമാരും, വയസ്സായാൽ മക്കൾ സപ്രമഞ്ചത്തിൽ ആട്ടിയുറക്കും എന്ന് സ്വപ്നം കാണുന്ന അമ്മമാരും, മക്കളെ നല്ലൊരു investment ആയി കരുതുന്ന അമ്മമാരും, വർഷത്തിൽ ഒരിക്കലെങ്കിലും വായിച്ചു നോക്കേണ്ട വരികളാണ്.
ഒന്നാം ലോക യുദ്ധത്തിന്റെ തിരുശേഷിപ്പുകളായ വിഷാദവും അനിശ്ചിതത്വവും നെഞ്ചിൽ ചേർത്തു പിടിച്ച് നിന്ന ഒരു ജനതയ്ക്ക്, ഋഷിയായിരുന്ന ഒരാൾ കൊടുത്ത ആത്മോപദേശങ്ങളിൽ ഒന്ന്.
ഒരുപക്ഷേ, അത്തരം cross road കളിൽ നിൽക്കുമ്പോൾ മാത്രം പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന ചില സത്യങ്ങൾ.
കുഞ്ഞുങ്ങൾ ഒരു ബാധ്യതയോ,ഉത്തരവാദിത്വമോ, വിവാഹത്തിന്റെ സ്വാഭാവിക ഉപോത്പന്നമോ ആകുമ്പോൾ ഈ വരികൾ ചോദ്യം ചെയ്യപ്പെട്ടേക്കാം. അവിടെ ത്യാഗത്തിന്റെ ട്രാക്ക് റെക്കോർഡുകളും, ബാലൻസ് ഷീറ്റിലെ സൂചികകളും ചർച്ച ചെയ്യപ്പെട്ടേക്കാം.
അല്ലാത്ത പക്ഷം,
ഗർഭകാലത്തും, കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും താൻ അനുഭവിച്ച ആനന്ദത്തിന്റെ, അനുഭൂതിയുടെ പേരിൽ, കൈകൂപ്പാം.
ജീവിച്ചിരിക്കെ തന്നെ പുതുമകൾ നിറഞ്ഞ മറ്റൊരു ജന്മം അമ്മക്ക് സമ്മാനിച്ച , ആ കുഞ്ഞിനോട് നന്ദി പറയാം. മാർഗം തന്നെയാണ് ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ് ആസ്വദിക്കാം, മാതൃത്വം എന്ന മഹനീയതയെ.
എന്നിട്ടും കടക്കണക്കുകളും അനുഷ്ഠാനങ്ങളും ശല്യപ്പെടുത്തുന്നുവെങ്കിൽ,
സ്വന്തം കുഞ്ഞിനില്ലാത്ത ഒരു സന്തോഷവും എനിക്കും വേണ്ട എന്ന് പറഞ്ഞ് ജീവിതത്തിന്റെ എല്ലാ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ചില ബ്ലാക്ക് ആൻഡ് വൈറ്റ് അമ്മമാരെ കുറിച്ചെങ്കിലും ഓർക്കാം.
“ഞങ്ങളെയുണ്ടാക്കുവാൻ ഞങ്ങൾ താനുണ്ടോ ചൊല്ലീ…” എന്ന് പറയിപ്പിച്ച് കുഞ്ഞിന് കലിയുഗ സന്തതി എന്ന ചെല്ലപ്പേര് കിട്ടാതെയെങ്കിലും നോക്കാലോ.
PS : ഖലീൽ ജിബ്രാന്റെ Prophet എന്ന കാവ്യസമാഹാരത്തിന്റെ ഒരു ചെറിയ ഭാഗം വിവർത്തനം ചെയ്തതാണ് മുകളിൽ.

ശ്രീജ രാമൻ