രാമന്തളിയിലെ ഹനൂമൽസമൻ (ശ്രീവൽസൻ തിയ്യാടി)

sponsored advertisements

sponsored advertisements

sponsored advertisements


26 April 2022

രാമന്തളിയിലെ ഹനൂമൽസമൻ (ശ്രീവൽസൻ തിയ്യാടി)

വിദ്യാലയമെന്നു പറയാൻ ഒരു നെടുമ്പുരമാത്രം. ചെമ്മണ്ണ് ഇടിച്ചുപരത്തിയ നിലത്ത് ചാണകം മെഴുകിയിട്ടില്ല. മേൽക്കൂര ഓലമേഞ്ഞത്. വടക്കേ മലബാറിലെ കുഞ്ഞിമംഗലം ഹയർ എലിമെൻററി സ്‌കൂളാണ്. ഇന്ത്യാരാജ്യം സ്വാന്തന്ത്ര്യം കിട്ടിയകാലത്ത് പയ്യന്നൂർപരിസരത്തെ സരസ്വതീസ്ഥാപനം.

അവിടെയാണ് അയലത്തെ രാമന്തളിയിൽനിന്ന് കുട്ടി അക്കാലത്ത് വന്നു പഠിച്ചത്. കുന്നരു എന്ന ഗ്രാമത്തിനടുത്തുള്ള പുഴ കടന്നുവേണം എത്താൻ. മൂന്നാംതരത്തിൽ ചിണ്ടൻ മാസ്റ്റർ ക്ലാസ്സിൽ ചൊല്ലിക്കേൾപ്പിച്ച ‘മാമ്പഴം’ ബാലനെ വല്ലാതെയാകർഷിച്ചു. തലേ ശതാബ്ദത്തിൽ (1936) വൈലോപ്പിള്ളി ശ്രീധരമേനോൻ മദ്ധ്യകേരളത്തിലിരുന്ന് എഴുതിയ കവിത. സാഹിത്യത്തിൽ താത്പര്യം മുളച്ച പയ്യനെ ഇതരകലകളും ആവേശംകൊള്ളിച്ചു. വൈകുന്നേരം തോണിയിൽ മടങ്ങുമ്പോഴും പിറ്റെന്നാൾ രാവിലെ വയൽവരമ്പിലൂടെ നടക്കുമ്പോഴും അവൻ സഹയാത്രക്കാരുടെ സംസാരത്തിനും കർഷകരുടെ ഞാറ്റുപാട്ടിനും കാതോർത്തു.

ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാംപാതിയിൽ മലയാളക്കരയുടെ നാട്ടറിവ് പ്രസ്ഥാനം കുറേശ്ശെയായി പുഷ്ടിപ്പെട്ടപ്പോൾ ഹരിതമായ ആശയങ്ങളും വാങ്മയചിത്രങ്ങളും കോറിയിട്ടു അതിനകം യുവാവായ ഇദ്ദേഹം. കണ്ണൂർ ജില്ലക്കാരൻ എം.വി. വിഷ്ണു നമ്പൂതിരി. ഉൾനാടൻ കലകളെയും ജീവിതരീതികളെയും കുറിച്ച് ചിതറിക്കിടന്ന വിജ്ഞാനശകലങ്ങളെ തന്നാലാവുംവിധം ശാസ്ത്രീയമായി സ്വരുക്കൂട്ടി ഫോക്‌ലോർ കാരണവർ (1939-2019). അറുപത്തിയാറ്‌ പുസ്തകങ്ങളും അതിനെത്രയോയിരട്ടി പ്രസംഗങ്ങളും ദ്വാരാ നാടോടി വിജ്ഞാനീയത്തിലേക്ക് വെളിച്ചംവീശി. അശീതിക്ക് ഏഴരമാസം മുമ്പ് നിര്യാതനായ ഈ ജ്ഞാനിയുടെ എൺപത്തിരണ്ടാം പിറന്നാൾ ആണീ മാസം — ഒക്ടോബർ 25-നായിരുന്നു ജനനം.

Kangani author M V Vishnu Namboothiri

കുറഞ്ഞ സൗകര്യങ്ങളിൽ യാത്രകളും തമ്പുകളും സാധാരണ മനുഷ്യരുമായുള്ള ഇടപഴകളിലൂടെ നിരന്തര വിവരശേഖരണവും മരിക്കുവോളം ശീലിച്ച കർമനിരതൻ. ലോവർ പ്രൈമറിയിൽ തുടങ്ങി യൂണിവേഴ്സിറ്റികളിൽ വരെ ക്ലാസ്സെടുത്തു, 1995 തുടങ്ങി സംസൃത സർവകലാശാലയുടെ പ്രാദേശികകേന്ദ്രത്തിൽ മലയാളംവകുപ്പ് തലവനായി, ആറുവർഷം ചെന്നപ്പോൾ കണ്ണൂരെ ചിറക്കലിൽ സ്വയംഭരണാധികാരമുള്ള കേരളാ ഫോക്‌ലോർ അക്കാദമിയുടെ അദ്ധ്യക്ഷനായി. അതിനടുത്ത കൊല്ലം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കാഞ്ഞങ്ങാട്ടുള്ള പി. സ്മാരക ക്യാമ്പസ്സിൽ ഭാഷാദ്ധ്യാപകനായി, കേന്ദ്ര സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും പുരസ്‌കരിച്ചു.

സ്ഥാനങ്ങൾക്കപ്പുറം വിഷ്ണുനമ്പൂതിരിയുടെ സാംസ്കാരിക സംഭാവനകൾ സഹൃദയർ ശ്രദ്ധിച്ചു. വിയോഗശേഷം അവയുടെ മൂല്യം അവർക്ക് കൂടുതൽക്കൂടുതൽ ബോദ്ധ്യപ്പെട്ടുവരുന്നു. അതിനാൽകൂടിയാണ് 2016-ൻറെ തുടക്കത്തിൽ അദ്ദേഹത്തെ ആസ്പദിച്ചിറക്കിയ ഗ്രന്ഥം ഈയിടെ പുനഃപ്രകാശം ചെയ്തിറങ്ങുന്നത്. ‘കങ്ങാണി’ എന്ന 210-താൾ പ്രസിദ്ധീകരണം അങ്ങനെ അഞ്ചരയാണ്ടിനു ശേഷം ഇക്കഴിഞ്ഞമാസം രണ്ടാംപതിപ്പിറക്കി. ഡോ. എം.വി. വിഷ്ണുനമ്പൂതിരി ആദരസമിതിയുടെ സംരംഭത്തിന് ഇക്കുറിയും നല്ല പ്രതികരണമാണ്.

Kangani – Kundor Chamundi Theyyam

പതിമൂന്നു പേരുള്ള പത്രാധിപസമിതി വിഷ്ണുനമ്പൂതിരിയെ സംബന്ധിച്ചുള്ള 34 ലേഖനങ്ങളാണ് ‘കങ്ങാണി’യിൽ ചേർത്തിട്ടുള്ളത്. ഇവയിൽ 14 അദ്ദേഹത്തിൻറെ പഠനങ്ങളെ കുറിച്ചും ബാക്കിയുള്ളവ വ്യക്തിവിചാരങ്ങളും ആണ്. ‘വടക്കൻ പെരുമ’ എന്ന തലക്കെട്ടിൽ ആരംഭത്തിൽ വരുന്ന ഭാഗം കഥാനായകനെ സമഗ്രമായും നോക്കിക്കാണുന്നു. വിഷ്ണുനമ്പൂതിരിയുടെ എഴുത്തിൻറെ മാതൃക കാട്ടുന്ന ഒരു പുസ്തകശകലവും ഉണ്ട്.

പല കോൺ, ഏക വീക്ഷണം

ശൈശവത്തിൽ അസുഖങ്ങളാൽ ഉഴന്നു വിഷ്ണു. വൈദ്യശാസ്ത്രം അത്രയൊന്നും വികസിക്കാത്ത കാലം, ഇല്ലത്ത് സമ്പത്തിന് ക്ഷയവും. അപ്പോഴും മകൻ മിടുക്കാനാവണം എന്ന് മോഹിച്ചു വേദജ്ഞനികൂടിയായ സുബ്രഹ്മണ്യൻ നമ്പൂതിരി എന്ന ശാന്തിക്കാരൻ. ബാലാരിഷ്ട മൂലം എട്ടുവയസ്സിലേ വിഷ്ണു സ്‌കൂളിൽ ചേരുന്നുള്ളൂ. കൊല്ലം 1958-ൽ ഇ.എസ്.എൽ.സി. കഴിഞ്ഞ് കണ്ണൂര് ടി.ടി.സി.ക്ക് പ്രവേശനം കിട്ടിയപ്പോൾ ചിറക്കൽ കിഴക്കേക്കര ക്ഷേത്രത്തിൽ തിരുമേനിയെ സഹായിച്ചുംകൂടി.

ഇങ്ങനെ പാശ്ചാത്തലം ഉള്ളപ്പോഴും ജാതീയമായ ഒരുവിധ വിവേചനവും കാണിച്ചില്ല. എന്നുമാത്രമല്ല, “ഫോക്‌ലോർ പഠനം ഒരർത്ഥത്തിൽ കീഴാളജനതയുടെ വിമോചനത്തിനായുള്ള സാംസ്കാരികപ്രവർത്തനം” ആയി മുന്നേറി. “അവരുടെ ജീവിതാഭിവൃദ്ധിയെ ത്വരിതപ്പെടുത്താൻ തൻറെ പഠനം സഹായിച്ചിട്ടുണ്ട്” എന്ന് മാസ്റ്റർ വിശ്വസിച്ചിരുന്നതായി ആമുഖം കഴിഞ്ഞുള്ള അദ്ധ്യായത്തിൽ സഹൃദയൻ പയ്യന്നൂർ കുഞ്ഞിരാമൻ.

Kangani – Kothaamooriyaattam

ആദ്യത്തെ തോറ്റംപാട്ട് ശേഖരണത്തിനായി നല്ല ചെറുപ്പത്തിൽ കൊടക്കട്ടെ കണ്ണപ്പെരുവണ്ണാനോട് കുറെ അപേക്ഷിച്ചു വേണ്ടിവന്നുവത്രേ ആ നിറകുടം തുളുമ്പിക്കിട്ടാൻ. നാമശാസ്ത്രപഠനവുമായി ബന്ധപ്പെട്ടൊരു പദ്ധതിയിൽ വിഷ്ണുനമ്പൂതിരിയുടെ സമീപനത്തെ കവി ദേശമംഗലം രാമകൃഷ്ണൻ ഇങ്ങനെ ഓർക്കുന്നു: “ഗ്രാമ്യം, നിരർത്ഥകം, അശ്ലീലം എന്ന പന്തിതിരിവോ അകറ്റിനിർത്താലോ നാടൻ പാരമ്പര്യാധിഷ്ഠിതമായ നാമപഠനത്തിൽ വേണ്ടതില്ല. എന്തെന്നാൽ ഉച്ചപദം, നീചപദം എന്ന വേർതിരിവ് ഒരു ഫോക്‌ലോർ നിഘണ്ടുവിലും ഉചിതമല്ലതന്നെ.”

കേരളസംസ്കാരമെന്നാൽ തെയ്യവും പടയണിയും മുല്ലപ്പൂചൂടിയ നായർസ്ത്രീകളും മാത്രമല്ലെന്ന് വിഷ്ണുനമ്പൂതിരി വിലയിരുത്തിയിട്ടുള്ളതായി സാഹിത്യകാരൻ സോമൻ കടലൂർ. “നയപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഫോക്‌ലോറിസ്റ്റ് അല്ലെന്ന് മാഷ് പറയുമായിരുന്നു. ഭരണകൂടത്തിൻറെ കടമയാണത്,” എന്നും ഫോക്‌ലോറിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റ് അല്ലെന്നും വൈകാരികത പാടില്ലെന്നും ഓർപ്പിക്കുമായിരുന്നു. നാടകകൃത്ത് സി.ആർ. രാജഗോപാലൻ കൂട്ടിച്ചേർക്കുന്നു: “നരവംശതത്വത്തിൽ ഊന്നിക്കൊണ്ട് സാംസ്കാരിക പൊലിമയിലേക്ക് എത്തിച്ചേരുകയെന്നതാണ് വിഷ്ണുമാഷിൻറെ പഠനരീതി.”

സൈദ്ധാന്തികാന്വേഷത്തേക്കാൾ പ്രാധാന്യം ശേഖരണത്തിന് നൽകി വിഷ്ണുനമ്പൂതിരി എന്ന് സാഹിത്യനിരൂപകൻ ഇ.പി. രാജഗോപാലൻ. ഫോക്‌ലോർ ഗവേഷകരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് വിഷ്ണുനമ്പൂതിരിയുടെ ഗവേഷണപ്രവേശിക്കയിലെ ആറാം അദ്ധ്യായം എന്ന് പി.കെ. സുരേഷ്‌കുമാർ. “ബാഹ്യമണ്ഡല ഗവേഷണത്തിന് അത്യന്താപേക്ഷിതമായ അന്വേഷണം, നിരീക്ഷണം, ഭാഗഭാഗിത്തം, കൂടിക്കാഴ്ച, ഡോക്യുമെൻറേഷൻ എന്നീ പ്രവർത്തനമേഖലകളെ കുറിച്ച് ഇത്രയും ശാസ്ത്രീയവും യുക്തിഭദ്രവും ആയി വിവരകിക്കുന്ന പഠനം മുമ്പ് ഉണ്ടായിട്ടില്ല.”

Kangani – Marathukali

വിഷ്ണുനമ്പൂതിരിയുടെ ‘പുലയരുടെ പാട്ടുകൾ’ എന്ന കൃതി ഇനിയും വേണ്ട രീതിയിൽ വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്ന സംശയമാണ്, എന്ന തെയ്യം പണ്ഡിതൻ വൈ.വി. കണ്ണൻ. വടക്കൻപാട്ടുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ നീക്കിക്കിട്ടുവാനും അവയുടെ ഇതിവൃത്തങ്ങളുടെ വ്യാപ്തി ബോദ്ധ്യപ്പെടുത്താനും അദ്ദേഹത്തിൻറെ പഠനങ്ങൾക്ക് ആയിട്ടുണ്ടെന്ന് രാമന്തളി രവി. മലയാളത്തിലെ സ്തോത്രകാവ്യങ്ങളെ പരമാവധി സമാഹരിക്കാൻ വിഷ്ണുനമ്പൂതിരി ശ്രമിച്ചിട്ടുണ്ടെന്ന് കലാഗവേഷകൻ ഇ. ശ്രീധരൻ. നമ്പൂതിരി സമുദായക്കാർ മാത്രമുപയോഗിക്കുന്ന പദാവലികളുടെ ശബ്ദകോശം വിഷയത്തിൻറെ സാംസ്കാരിക മൂല്യങ്ങളെ പരിഗണിച്ചു വിലയിരുത്തിയ കൃതിയാണ് എന്ന് ഗവേഷകൻ കോറമംഗലം നാരായണൻ നമ്പൂതിരി.

അനുഷ്ടാനകലകളുടെ തനിമയും ഗരിമയും എന്ന പേരിൽ ഗീത പി. കോറമംഗലം എഴുതിയിട്ടുള്ളതിനു പുറമെ വിഷ്ണുനമ്പൂതിരിയെപ്പറ്റി ഗവേഷകരായ ദിനേശൻ വടക്കിനിയിൽ, വി.എം. സന്തോഷ്, എം.ടി. നാരായണൻ എന്നിവരും നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

Kangani Gets a Second Edition

വ്യക്തിവിചാരം എന്ന വിഭാഗത്തിൽ മകൾ എം.വി. ലളിതാംബികയെ കൂടാതെയുള്ളവർ നല്ലൊരുപങ്കും വിഷ്ണുനമ്പൂതിരിയുടെ കീഴിൽ ഗവേഷണം വിജയകരമാക്കിയവരാണ്. പുരാണത്തിലെ ഹനൂമാൻറെ കൈയിൽനിന്ന് അടർന്നുവീണു എന്ന് കരുതപ്പെടുന്ന ഏഴിമലയുടെ താഴ്വരയിൽ ജനിച്ചുജീവിച്ച് അന്യസംസ്‌കാരങ്ങളെ സമന്വയിപ്പിച്ച “വിഷ്ണുവേട്ടനെ ഞാനൊന്ന് നാമിച്ചോട്ടെ!” എന്ന് ബന്ധു കുന്നരു മംഗലം ഗോവിന്ദൻ നമ്പൂതിരി.

സ്വന്തം ബാല്യത്തെ അപേക്ഷിച്ച് കേരളത്തിലെ വിനോദങ്ങളെല്ലാം മാഞ്ഞുതുടങ്ങി എന്ന ഖേദിക്കുന്നുണ്ട് വിഷ്ണുനമ്പൂതിരി. “മറ്റു ജീവിതരംഗങ്ങളിൽ എന്നപോലെ ക്രീഡാവിനോദരംഗത്തും കാലാനുഗതമായ പരിവർത്തനങ്ങളും രുചിഭേദങ്ങളും സംഭവിക്കാറുണ്ട്. എന്നാൽ ഇവിടെ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്തരം പരിഷ്കരണമല്ല; ഒരുതരം അനുകരണമാണ്,” എന്ന് ‘നാടൻകളികളും വിനോദങ്ങളും’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് അദ്ദേഹം. ജനം കഴിവതും അടഞ്ഞുകൂടിയിട്ടുള്ള ഈ കൊറോണാകാലത്ത് പ്രത്യേകം ചിന്ത്യം.

ശ്രീവൽസൻ തിയ്യാടി