വിജയകുമാറിൻറെ മഹോർവശീയം (ശ്രീവൽസൻ തിയ്യാടി)

sponsored advertisements

sponsored advertisements

sponsored advertisements

2 April 2022

വിജയകുമാറിൻറെ മഹോർവശീയം (ശ്രീവൽസൻ തിയ്യാടി)

ളചരിതം കളിയരങ്ങിലെ ദമയന്തിയെ ഫലത്തിൽ തീറെഴുതി വാങ്ങിയിരുന്നു കോട്ടക്കൽ ശിവരാമൻ എങ്കിലും കഥയുടെ ‘രണ്ടാം ദിവസ’ത്തിലെ നായികയെ അദ്ദേഹം ഉന്നതകാലത്തും ഏറെയൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. പച്ചവേഷമണിഞ്ഞ കാന്തനു പിന്നാലെ ആട്ടിൻകുട്ടിയെപ്പോലെ ‘മേ’ എന്നു നടക്കുന്നവിധം അഭിനയം അപ്രധാനമാവുന്നു എന്ന് പരസ്യമായിത്തന്നെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു മദ്ധ്യവയസ്സ് പിന്നിട്ടുതുടങ്ങിയതോടെ വിശേഷിച്ചും.

ശിവരാമൻ (1936-2010) എന്ന അനുപമനടൻറെ പേരിലുള്ള ‘ഓർമ’ പുരസ്‌കാരം ഈവർഷം മാർഗി വിജയകുമാറിന് നൽകുകയാണ്. അന്തരിച്ചയാചാര്യൻറെ വള്ളുവനാടൻ ഗ്രാമമായ കാറൽമണ്ണയിൽ വച്ചാണ് തിരുവന്തപുരത്തെ തോന്നയ്ക്കൽ സ്വദേശി വിജയകുമാർ അവാർഡ് സെപ്റ്റംബർ 18-ന് ഏറ്റുവാങ്ങുക. ശിവരാമൻറെ ശൈലി പിന്തുടർന്നിട്ടല്ലെങ്കിലും അദ്ദേഹത്തിൻറെ പ്രഭാവകാലത്തിൻറെ രണ്ടാംപാതിയോടെയേ പേരെടുത്തു കഴിഞ്ഞിരുന്ന വിജയകുമാർ സമകാലിക കഥകളിയിൽ ഏറ്റം ജനസമ്മിതിയുള്ള സ്ത്രീവേഷക്കാരനാണ്. ശിവരാമനെക്കാൾ 24 വയസ്സ് ഇളപ്പമുള്ള വിജയകുമാർ ഇന്നത്തെ കഥകളിലോകത്തെ മുടിചൂടാമന്നൻ കലാമണ്ഡലം ഗോപിയുടെ ഇഷ്ടനായികാനടൻ കൂടിയാണ്.

ഗോപിയാശാനും വിജയകുമാറും നളദമയന്തിമാരായുള്ള വേദികൾ കളിഭ്രാന്തർക്ക് മൂന്നരദശകമായെങ്കിലും പരിചിത്രമാണ്. നൂറ്റാണ്ടു മറിഞ്ഞതോടെ അവർതമ്മിലുള്ള കലാഗാഢത ഏറിവന്നു. ഒരു വിശേഷോദാഹരണം: മേൽചൊന്ന ‘രണ്ടാം ദിവസ’ത്തിലെ വിവാഹരാത്രിയുടെ അവതരണം. പരസ്പരം മൂന്ന് സുദീർഘ പദങ്ങൾ ആടിയശേഷം പൂന്തോട്ടത്തിൽ ഒന്നിച്ചുലാത്തേണ്ടുന്ന രണ്ടുമണിക്കൂർ രംഗം.

അധികം വിദൂരമല്ലാത്തൊരു ഗതകാലത്ത് ഈ ഭാഗം ഗോപിശിവരാമന്മാർ ചെയ്തിരുന്നത് കാണികളെ മത്തുപിടിപ്പിച്ചിരുന്നു. അപ്പോഴും ശിവരാമൻ തൻറെ നിർവഹണത്തിൽ സ്ഥിരോത്സാഹം കണ്ടെത്തിയില്ല.(കാരണം ആദ്യമേ പറഞ്ഞുവല്ലോ.) എന്നാൽ പിൻഗാമി വിജയകുമാർ ഇക്കാര്യത്തിൽ നേരെ തിരിച്ചാണ്. മുഖ്യത കല്പിക്കാവുന്ന റോൾ അല്ല ദമയന്തിക്ക് എന്നത് നളനെ പിരിയുംവരെയുള്ള പദങ്ങൾ അവൾക്ക് രണ്ടേയുള്ളൂ എന്നതിൽ വ്യക്തമാണ് എങ്കിൽക്കൂടി ഉള്ളതത്രയും വിജയകുമാറിന് ഇന്നും ചെയ്യാനാവേശമാണ്.

ഉണ്ണായി വാര്യർ പതിനെട്ടാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ രചിച്ച ഗ്രന്ഥത്തിലെ ‘കുവലയ വിലോചനേ’ എന്ന സംഭോഗശൃംഗാരപദം തുടർകാലത്തെ നടന്മാർ പലവുരു കാച്ചിയെടുത്താണ് ഇന്നുകാണുന്ന നിറക്കൂട്ടിലേക്കെത്തിച്ചിട്ടുള്ളത്. അതിൻറെ സമ്പൽപ്രകാശം ഗോപിയാശാനിൽ പ്രത്യേകിച്ചുമറിയാം. അടന്തതാളം വിളംബത്തിൽ തോടി രാഗത്തിൻറെ പിന്നണിയിൽ മുക്കാൽമണിക്കൂർ ധ്യാനം. അന്നേരമത്രയും പതിവചനങ്ങൾ സ്വയംവധുവെന്നു കരുതി ഉൾക്കൊള്ളുന്നത് മതിവരാത്ത അനുഭവമാണ് എന്ന് വിജയകുമാർ. “അവനവനെത്ര സുന്ദരി!” എന്ന് നിരൂപിച്ചുള്ള ആ നിൽപ്പിൽ മിന്നിമറിക്കാവുന്ന മുഖരാഗങ്ങളുടെ വൈവിദ്ധ്യസാദ്ധ്യത തന്നെ സദാ പരീക്ഷണോന്മുഖൻ ആക്കുന്നുവത്രേ. കഴിഞ്ഞ വർഷം വേനലൊടുവിൽ കൈവന്ന ഷഷ്ടിപൂർത്തിയുടെ മുഹൂർത്തത്തിലായിരുന്നു ഇക്കാര്യം പങ്കുവച്ചത്.

‘കുവലയ വിലോചനേ’ക്ക് മറുപടിയായുള്ള ‘സാമ്യമകന്നൊരു ഉദ്യാനം’ എന്ന ദമയന്തീപദത്തിൽ വിജയകുമാർ നവോഢയുടെ കൗതുകങ്ങൾ വീണ്ടുംവീണ്ടും ആഘോഷിക്കാറുണ്ട്. പിന്നാലത്തെ ‘ദയിതേ നീ കേൾ’ എന്നുതുടങ്ങുന്ന നളവരികളിലും തുടർന്നുള്ള ഉദ്യാനപ്രദക്ഷിണത്തിലും അതുപോലെത്തന്നെ.

കാലകേയവധത്തിലെ നായിക

പ്രണയാർദ്രമായ രതിയിൽനിന്ന് ദമയന്തിയുടെ ഭാവം ‘നളചരിതം രണ്ടാം ദിവസ’ത്തിൻറെ ഉത്തരഭാഗമെത്തുമ്പോൾ പ്രശ്നസാന്ദ്രമായ ശോകത്തിലേക്ക് പ്രവേശിക്കുന്നത് കൈകാര്യം ചെയ്യാനും വിജയകുമാറിന് ഉത്സാഹമാണ്. ‘ഒന്നാം ദിവസത്തി’ലെ നായികക്കും ഇതുപോലെ വ്യത്യസ്തമായ രണ്ടു ഭാവങ്ങളാണ്: ആദ്യം സഖിമാർക്കൊപ്പം ഉല്ലസിക്കുന്ന കുമാരി; പിന്നെ പൊടുന്നനെ കാര്യഗൗരവം ഉണ്ടാക്കുന്ന പക്വത. അത്തരമൊരു മുതിർച്ചിയുടെ തുടർച്ച ‘മൂന്നാം ദിവസ’ത്തിലെ ദമയന്തി കാണിക്കുന്നു നഷ്ടപ്പെട്ട നളനെ തിരിച്ചുപിടിക്കാൻ. അതിനു തന്ത്രംമെനയുന്നു ‘കരണീയം ഞാനൊന്ന് ചൊല്ലുവൻ’ എന്ന പദത്തിൽ. ഇതെല്ലാം ചേർന്നുള്ള വികാരവിക്ഷുബ്ദത എങ്ങനെ സംവദിക്കണം എന്നതാണ് ‘നാലാം ദിവസ’ത്തിലെ ദമയന്തിയെ ചിത്രീകരിക്കുമ്പോഴത്തെ വെല്ലുവിളി.

ശിവരാമൻറെ വാമൊഴിപോലെ അർദ്ധോക്തികൾ നിറഞ്ഞതായിരുന്നു അരങ്ങുഭാഷയും. തനിക്കത് ശീലമില്ലെന്ന് വിജയകുമാർ പറയുന്നു അറുപതാംപിറന്നാൾ ആഘോഷത്തിനിടെ കഥകളിനടനും ഗവേഷകനും ആയ ഡോ. ഏറ്റുമാനൂർ പി. കണ്ണനോട് ഓൺലൈൻ അഭിമുഖത്തിൽ. “ശിവരാമേട്ടനെ പത്രബാഹ്യമായ പലതും പരിധിക്കപ്പുറം ബാധിച്ചിരുന്നില്ല. പാട്ടോ കൊട്ടോ സ്വന്തം മിനുക്കോ ഭൂഷകളോ പോലും,” എന്ന് വിജയകുമാർ. “ഞാനാകട്ടെ കഴിവതും സംഗീതത്തിനും താളത്തിനും അനുസരിച്ചേ മുദ്രകൾ പിടിച്ചും വിട്ടും പതിവുള്ളൂതാനും.”

കൈയാംഗങ്ങൾക്കൊത്ത് ദേഹമിളക്കാനും കണ്ണുകൂടാനും വിജയകുമാറിനെ നിഷ്കർഷയായി പഠിപ്പിച്ചത് അനന്തപുരിയിലെ മാർഗി എന്ന സ്ഥാപനത്തിൽ കഥകളി അഞ്ചാംവർഷം കഴിഞ്ഞുപഠിക്കേ ആശാനായെത്തിയ സാക്ഷാൽ കലാമണ്ഡലം കൃഷ്ണൻനായരായിരുന്നു. പയ്യൻറെ ചൊല്ലിയാട്ടം ആദ്യമായി സ്വാദിനു കണ്ട സാർവഭൗമൻ പറഞ്ഞത്രേ: വിജയാ, ഇതേതായാലും പോരാ. ഇനി കുറേ മിനക്കെട്ടാൽ ഫലം കണ്ടേക്കാം. അതിന് തയ്യാറാണെങ്കിൽമാത്രം.

അതുവരെ നേടിയത് അഴിച്ചുപണിയേണ്ടി വരുമോ എന്ന ശങ്കയിൽ സഹപാഠികൾ മടിച്ചുനിന്നപ്പോൾ വിജയൻ വീണ്ടും അരയും തലയും മുറുക്കി കളരിയിലിറങ്ങി. അതിലൂടെ ദൃഢപ്പെടുത്തിയതാണ് ചിട്ടപ്രധാനമായ ചില സ്ത്രീവേഷങ്ങൾ. ‘കിർമീരവധ’ത്തിലെ ലളിതയെന്നപോലെ, അതിലും മീതെ തിളക്കിയെടുക്കാനായി ‘കാലകേയവധ’ത്തിലെ ഉർവശി എന്ന സ്വർഗവനിതയെ എന്നത് പിന്നീട് ലോകർ നേരിലറിഞ്ഞു. നാല് പതിറ്റാണ്ടുമുമ്പ്, 1982-ൽ കൃഷ്ണൻനായർ അർജുനനായുള്ള അരങ്ങത്തായിരുന്നു മാർഗിയിലെ കളിക്ക് വിജയകുമാർ ആ വേഷം നടാടെ ചെയ്യുന്നത്. അടിസ്ഥാന ചട്ടക്കൂട് ഒഴികെ അവിടെനിന്ന് തേച്ചുമോറൽ പലകുറി നടന്നിരിക്കുന്നു.

‘പൂതനാമോക്ഷം’ കഥയും കൃഷ്ണൻനായർ സവിസ്തരം ചൊല്ലിയാടിച്ചു. ആട്ടങ്ങൾ പറഞ്ഞുതന്ന് ചെയ്യിച്ചു. മരണം നടിക്കേണ്ടത് എങ്ങനെയെന്ന് സ്വയം കണ്ടെത്തണം എന്നുപദേശിച്ചു. മുഖമടക്കം അംഗോപാംഗ നടനത്തിൽ ആശാൻ നിഷ്കർഷിച്ചു; അതേയളവിൽ കലാശങ്ങളെ പരിഗണിച്ചില്ല.

മറ്റു മിനുക്കുകൾ

തോന്നയ്ക്കൽ പീതാംബരനിൽനിന്ന് ബാലപാഠങ്ങൾക്കു ശേഷം മാങ്കുളം വിഷ്ണുനമ്പൂതിരിക്കും ഇഞ്ചക്കാട്ട് രാമചന്ദ്രൻപിള്ളക്കും ശിഷ്യപ്പെട്ട വിജയകുമാറിനെ പാത്രാവിഷ്കാരത്തിൽ ശിവരാമൻ സ്വാധീനിച്ചിട്ടുള്ള മറ്റൊരു നായികാവേഷമാണ് ‘രുഗ്മാംഗദചരിത’ത്തിലെ മോഹിനി. ഈ വേഷം പെട്ടെന്നൊരു സാഹചര്യത്തിലായിരുന്നു 1978-ൽ അടിയന്തിരമായി ചെയ്തത്. പതിനെട്ടു വയസ്സിലെ അന്തമില്ലായ്മ എന്ന മട്ടിലേ ഇന്നതിനെ സ്മരിക്കാനാവൂവത്രേ. “അന്നെനിക്ക് ഒരു പരിഭ്രമവും ഉണ്ടായില്ല. ഇപ്പോഴതല്ല, നല്ല കരുതലുണ്ട്.”

‘കർണശപഥ’ത്തിലെ കുന്തിയെ ശിവരാമാനുപരി ചിറക്കര മാധവൻകുട്ടിയുടെ അവതരണം വിജയകുമാറിനെ ഭ്രമിപ്പിച്ചിട്ടുണ്ട്. “എൻറെ കുന്തിക്ക് കരച്ചിൽ അധികമാണ് എന്നൊരു പക്ഷമുണ്ട്. അക്കാര്യം ഗൗരവത്തിൽ എടുത്തിട്ടുമുണ്ട്.” കചദേവയാനിയിലെ നായികയും ധാരാളമായി കിട്ടുന്ന വേഷമാണ്.

മിനുക്കിയ പുരുഷവേഷങ്ങളിൽ ‘നളചരിത’ത്തിലെ സുദേവൻ തുടങ്ങി ചിലവ ചെറുപ്പത്തിലും വല്ലപ്പോഴൊക്കെ ചെയ്തുപോന്നെങ്കിലും കഴിഞ്ഞ എട്ടു വർഷമായി ആ ഗണത്തിൽ കുറേക്കൂടി കേന്ദ്രപ്രധാന്യമുള്ളവക്ക് അവസരം കിട്ടുന്നുണ്ട്. ‘സന്താനഗോപാല’ത്തിലെ ബ്രാഹ്മണനും ‘കുചേലവൃത്ത’ത്തിലെ സുദാമാവും ഉദാഹരണങ്ങൾ. മാർഗിയുടെ മേൽനോട്ടത്തിൽ 2016 ആഗസ്തിൽ അരങ്ങേറ്റിയ ‘ഡോൺ കിഹോത്തെ’ എന്ന സ്പാനിഷ് ക്ലാസ്സിക്കിൽ സാഞ്ചോ പാൻസ എന്ന രാജശിങ്കിടിയെ അവതരിപ്പിച്ചു.

“പൊതുവെ എൻറെ സ്ഥിരംവേഷങ്ങളിൽ ഹാസ്യം തീരെയില്ല,” എന്ന് വിജയകുമാർ. “അതിനാൽ നർമത്തിൻറെ സ്പർശമുള്ള കഥാപാത്രങ്ങളെ കിട്ടിയാൽ സന്തോഷമായി ചെയ്യും.”

ശ്രീവൽസൻ തിയ്യാടി