BREAKING NEWS

Chicago
CHICAGO, US
4°C

സ്റ്റീഫൻ മറ്റത്തിൽ:ഓർമ്മകളുടെ പുസ്തകം ( വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements


8 February 2022

സ്റ്റീഫൻ മറ്റത്തിൽ:ഓർമ്മകളുടെ പുസ്തകം ( വഴിത്താരകൾ )

അനിൽ പെണ്ണുക്കര

“നിർവചനങ്ങൾക്കുമപ്പുറമാണ് ജീവിതം, അതു ചിലപ്പോൾ അത്ഭുതങ്ങൾ കൊണ്ട് ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യും”

സ്റ്റീഫൻ മറ്റത്തിൽ
ജനനവും ജീവിതരേഖയും

തന്റെ ജീവിതത്തിൽ രാഷ്ട്രീയപരമായ മുന്നേറ്റങ്ങൾ കൊണ്ടും, വ്യക്തമായ സാമൂഹ്യ ബോധം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് സ്റ്റീഫൻ മറ്റത്തിൽ. ജീവിതമെന്ന ചെറിയ യാത്രയ്ക്കിടയിൽ അദ്ദേഹം രൂപപ്പെടുത്തിയ പേര് വാനോളം ഉയർന്നതും, ശരികളുടെ വഴിയിൽ മറ്റുള്ളവർ നടന്നു നീങ്ങുന്നത് അദ്ദേഹം തന്നെ കണ്ടതും ഒരു വലിയ അത്ഭുതം തന്നെയാണ്. സമൂഹത്തിനു വേണ്ടി,നന്മകൾക്കു വേണ്ടി നിലകൊള്ളുന്ന മനുഷ്യനാണ് സ്റ്റീഫൻ മറ്റത്തിൽ.

1956 മാർച്ച് 28ന് കോട്ടയം ജില്ലയിലെ ഉഴവൂരിൽ പരേതനായ ജോസഫ് കുര്യൻ മറ്റത്തിലിന്റെയും ഏലിക്കുട്ടി ജോസഫ് മറ്റത്തിലിന്റെയും മകനായാണ് സ്റ്റീഫൻ മറ്റത്തിൽ ജനിച്ചത്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ അൾത്താര ബാലൻ ആയും ഒ.എൽ.എൽ സ്‌കൂൾ വിദ്യാർത്ഥിയായുമാണ് സ്റ്റീഫന്റെ സാമൂഹിക ജീവിതം ആരംഭിച്ചത്. അന്ന് തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച സ്റ്റീഫൻ ഉഴവൂർ OLLHS ലെ കേരള സ്റ്റുഡന്റ്സ് യൂണിയൻ യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു. സമൂഹത്തോടുള്ള കടപ്പാടുകളിൽ കുട്ടിക്കാലം മുതൽക്കെ സ്റ്റീഫൻ ശ്രദ്ധാലുവായിരുന്നു.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കുന്ന കാലത്ത് കാത്തലിക് മാനേജ്‌മെന്റിന്റെ ചില അനീതികളുടെ പേരിൽ ശബ്ദമുയർത്താനും വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കാനും കോളേജിൽ മുൻപന്തിയിൽ സ്റ്റീഫനുണ്ടായിരുന്നു . കോളേജും അതിന്റെ രാഷ്ട്രീയ സ്വഭാവവും അവിടെയുള്ള ഭാവി തലമുറയുടെ വളർച്ചയുമെല്ലാം കണ്ടുകൊണ്ട് അദ്ദേഹം കോളേജിൽ സാന്നിധ്യം അറിയിച്ചു .

രാഷ്ട്രീയ ജീവിതത്തിലെ
രാജകീയ മുഹൂർത്തങ്ങൾ

സ്റ്റീഫൻ ഉഴവൂർ സെന്റ് സ്റ്റീഫൻസിലെ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുന്ന കാലഘട്ടത്തിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി മത്സരിക്കുകയും ഏറ്റവും കൂടിയ മാർജിനിൽ വിജയിക്കുകയും ചെയ്തു . ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. 1974 മുതൽ 1977 വരെ കെഎസ്‌ യു പാലാ ബ്ലോക്ക് പ്രസിഡന്റായും ഉഴവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്തിനിടയ്ക്ക് പലപ്പോഴായി കാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സ്റ്റീഫന്റെ കയ്യൊപ്പുകൾ പതിഞ്ഞിരുന്നു.

എം.എം ജേക്കബ് എംപിയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇത് അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലെ പ്രാദേശിക ക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഉത്തരവാദിത്തങ്ങൾ അധികമാക്കി. തുടർന്ന് ബിരുദപഠനത്തിന് ശേഷം ബോംബെയിൽ എത്തിയ സ്റ്റീഫൻ ചർച്ച് ഗേറ്റിലുള്ള K.C കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ അഡ്മിനിസ്‌ട്രേറ്റീവ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ എടുത്ത ശേഷം ബോംബെ യൂണിവേഴ്സിറ്റിയിൽ എംകോമിനു ചേർന്നു, പിന്നീടാണ് രണ്ടാം വർഷത്തിൽ സോമയ്യ കോളേജ് വിദ്യാവിഹാറിൽ ജൂനിയർ ലക്ചററായി പുതിയ ജീവിതം തുടങ്ങുന്നത്.വളരെ ഉത്തരവാദിത്തപ്പെട്ട കർമ്മ മേഖലയായിരുന്നു അത്.പ്രത്യേകിച്ച് കുട്ടികൾക്കൊപ്പമുള്ള ജീവിതം.

എം.കോം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ അദ്ധ്യാപകനായി മാറുകയായിരുന്നു സ്റ്റീഫൻ മറ്റത്തിൽ .കൃത്യമായ ജോലിയും, ആത്മാർത്ഥതയും അധ്യാപനത്തിലെ വ്യത്യസ്തതയും കൊണ്ട് പിന്നീട് കെനിയയിലേക്കു കുടിയേറ്റം .അവിടെ മുറിണ്ടോക്കോയിൽ അധ്യാപനം . അക്കാദമിക് സഖ്യവും,സ്കൂൾ ബോർഡ്, പി.ടി.എ., ലോക്കൽ മാനേജ്‌മെന്റ്, രൂപത എന്നിവയ്‌ക്കുമിടയിൽ അദ്ദേഹം മികച്ച സൗഹൃദ ബന്ധം പുലർത്തി . ഏറ്റവും മികച്ച സ്കൂളുകളിലൊന്നായി മുറിണ്ടോക്കോ ഹയർസെക്കൻഡറി സ്‌കൂൾ വളർന്നു .തുടർന്ന് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ പദവിയിലേക്ക് സ്റ്റീഫൻ മറ്റത്തിൽ ഉയർത്തപ്പെട്ടു . കെനിയൻ കൃഷിമന്ത്രി ജെറമിയ നൈഗ സ്കൂളിന്റെ രക്ഷാധികാരിയായിരുന്നു. സ്കൂൾ അദ്ദേഹത്തിന്റെ മണ്ഡലത്തിലായിരുന്നു .ആ വർഷത്തെ ഏറ്റവും മികച്ച പ്രിൻസിപ്പലായി സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു.ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഏടായിരുന്നു അത് .

കുവൈറ്റിലെ ജീവിതവും, പൊതു പ്രവർത്തനവും
സഹോദരങ്ങളുടെ പ്രേരണയെത്തുടർന്നാണ് സ്റ്റീഫൻ കുവൈറ്റിലേക്ക് മാറാൻ തീരുമാനിക്കുന്നത്. കുവൈറ്റിലെ ജീവിതം വലിയൊരു മാറ്റമാണ് സ്റ്റീഫന്റെ ജീവിതത്തിൽ രൂപപ്പെടുത്തിയത്, സിബിഎസ്ഇ പരീക്ഷകളിൽ 100% വിജയം നേടാനാകുന്ന ന്യൂ ഇന്ത്യൻ സ്കൂളിൽ ലക്ചററായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കുവൈറ്റിലെ ഇന്ത്യൻ ജനസംഖ്യ ക്രമാതീതമായി വളരുകയും നിലവിലുള്ള ഇന്ത്യൻ സ്‌കൂളുകളിൽ മതിയായ സീറ്റുകൾ ഇല്ലാതിരിക്കുകയും ചെയ്ത സമയമായിരുന്നു അത് . ആ സമയത്താണ് അന്നത്തെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് ആയിരുന്ന എ.വി.വർക്കിയെ പരിചയപെട്ടത് . കുവൈറ്റിൽ കൂടുതൽ ഇന്ത്യൻ സ്‌കൂളുകളുടെ ആവശ്യകതയെക്കുറിച്ച് വർക്കിയോട് വിശദീകരിച്ചത് സ്റ്റീഫൻ മറ്റത്തിൽ ആയിരുന്നു . ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഒരു സ്വകാര്യ ഇന്ത്യൻ സ്കൂൾ ലൈസൻസുമായി മറ്റത്തിലിനെ സമീപിച്ചു. അങ്ങനെയായിരുന്നു യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ കുവൈറ്റിന്റെ പിറവി.

കുവൈറ്റിലെ 25 വർഷത്തെ വാസത്തിലുടനീളം സഹപ്രവർത്തകർക്കിടയിൽ ഐക്യവും സൗഹാര്ദ്ദവും കൊണ്ടുവരാൻ സജീവമായി പ്രവർത്തിച്ചു .കുവൈറ്റ് അധിനിവേശസമയത്ത് ഇന്ത്യൻ അംബാസഡർ ശ്രീ ബുദ്ധി രാജ് ആയിരുന്നു. യാത്രാരേഖകൾ ലഭിക്കുന്നതിന് ഇറാഖിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് അറിഞ്ഞ അംബാസഡർ സ്റ്റീഫനെ ബന്ധപ്പെടുകയും കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാരേഖകൾ തയ്യാറാക്കുന്നതിനായി പാസ്‌പോർട്ടിന്റെ ഫോട്ടോ കോപ്പിയോ വിശദാംശങ്ങളോ എഴുതി ശേഖരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. സ്റ്റീഫനെയും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ മറ്റു ചിലരെയും അദ്ദേഹം ആ ജോലി ഏൽപ്പിച്ചു. 1990 സെപ്തംബർ വരെ ആ പ്രവർത്തനങ്ങൾ തുടർന്നു. ഒരു ദിവസം, ബസ്ര ഇന്ത്യൻ എംബസിയിൽ നിന്ന് യാത്രാ രേഖകളുമായി മടങ്ങുമ്പോൾ, കുവൈറ്റിലെ അംബാസിയയിൽ ഒരു റോഡ് ബ്ലോക്കിൽ തന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ പക്കൽ ബസ്രയിൽ നിന്ന് കുറച്ച് മദ്യക്കുപ്പികൾ പിടിച്ചു . (സദ്ദാം ഹുസൈൻ ഒരു ലിബറൽ രാഷ്ട്രീയക്കാരൻ/സ്വേച്ഛാധിപതിയായിരുന്നു, എല്ലാ ആളുകൾക്കും സ്വാതന്ത്ര്യം അനുവദിച്ചു, മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും ഇറാഖിൽ എല്ലായിടത്തും മദ്യം ലഭ്യമായിരുന്നു ) .ഇറാഖി ചെക്കിംഗ് ഉദ്യോഗസ്ഥൻ മദ്യക്കുപ്പികൾ പിടിച്ചെടുത്തു, സുഹൃത്ത് എതിർത്തു. ഇറാഖി പട്ടാളക്കാരൻ രണ്ടുപേരെയും കാറിൽ നിന്ന് തള്ളിയിട്ട് തോക്കിൻ മുനയിൽ നിർത്തി. അത് തങ്ങളുടെ അവസാന ദിവസമാണെന്ന് കരുതി കണ്ണുകൾ അടച്ചു. പെട്ടെന്ന് ആരോ സ്റ്റീഫനെ കെട്ടിപ്പിടിച്ച് ഒഴിവാക്കാൻ ആജ്ഞാപിച്ചു. കണ്ണുതുറന്നപ്പോൾ കണ്ടത് ബുള്ളറ്റിൽ നിന്ന് തന്നെ തടഞ്ഞത് ഒരു ഇറാഖി സൈനികൻ .അദ്ദേഹവും സൈനികരും ഹിജാബ് പോലെയുള്ള ഒരു തുണികൊണ്ട് മുഖം മറച്ചിരുന്നു ആ സൈനികൻ സ്റ്റീഫന്റെ അടുത്തു വന്നു ചെവിയിൽ ഇങ്ങനെ പറഞ്ഞു. “സ്റ്റീഫൻ ഞാൻ അബ്ദുള്ളയാണ്. താങ്കളോടൊപ്പം അൽഗാനിയം കമ്പനിയിൽ ജോലി ചെയ്യുവാൻ നിങ്ങൾ അവസരം നൽകിയ അബ്ദുള്ള” .അന്ന് ഇവരുടെ ജീവൻ രക്ഷിച്ചത് തന്റെ സഹപ്രവർത്തകനും ഇറാഖ് ആർമി കമാണ്ടറുമായിരുന്ന അദ്ദേഹമായിരുന്നു .”നന്ദി അബ്ദുള്ള…നിങ്ങൾ എവിടെയായിരുന്നാലും?”


കുവൈറ്റ് അധിനിവേശത്തിന് മുമ്പ്
കുവൈറ്റ് ടൈംസ് ഇംഗ്ലീഷ് പത്രത്തിലെ മലയാളം എഡിഷൻ (കൈയെഴുത്ത്)പത്രത്തിൽ സ്റ്റീഫൻ ഒരു കോളമിസ്റ്റായി മാറി. അതായിരുന്നു പിന്നീടുള്ള സ്റ്റീഫന്റെ ജീവിതം മാറ്റിമറിച്ചത്. എം.എം ജേക്കബിന്റെ കുവൈറ്റ് സന്ദർശനത്തിന് രണ്ട് കോളം വാർത്ത സ്റ്റീഫൻ നൽകിയിരുന്നു, അതിനെ തുടർന്ന് എം.എം ജേക്കബുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ഒത്തുകൂടാൻ കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചു. ഏകദേശം 20 കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു, ജേക്കബിന്റെ ഉപദേശപ്രകാരം സ്റ്റീഫനും സംഘവും ചേർന്ന് ഗൾഫ് മലയാളി കോൺഗ്രസ് രൂപീകരിച്ചു.ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു അത് .

ചെന്നെത്തുന്ന എല്ലാ ഇടങ്ങളിലും സ്റ്റീഫൻ തന്റെ സാമൂഹിക ബോധം നിലനിർത്താൻ ശ്രമിച്ചിരുന്നു. കേരളത്തിലും മുംബൈയിലും കെനിയയിലും തുടർന്ന് കുവൈറ്റിലും അത് തന്നെ സംഭവിച്ചു. സ്റ്റീഫൻ തന്റെതായ ഒരു ലോകം അവിടെ സൃഷ്ടിച്ചു. തുടർന്ന് മലയാളികൾക്ക് വേണ്ടി പ്രവർത്തിക്കാൻ സ്വയം സജ്ജമായി. നാടുകൾക്കൊന്നും തന്നെ സ്റ്റീഫനിലെ രാഷ്ട്രീയക്കാരനെ മാറ്റാൻ കഴിഞ്ഞില്ല. അദ്ദേഹം വളർന്നുകൊണ്ടേയിരുന്നു.
ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ (OIC) പ്രസിഡന്റായി രണ്ടു തവണ നിയമിക്കപ്പെട്ട സ്റ്റീഫന് , കേരളത്തിലെയും സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ നേതാക്കളെയും സ്വീകരിക്കാനും സ്വാഗതം ചെയ്യാനും അവസരം ലഭിച്ചു.


കലാകാർ എന്ന പേരിൽ സംഗീത പ്രതിഭകൾക്കായി സ്ഥാപിച്ച മറ്റൊരു സാമൂഹിക സംഘടനയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം .കൃത്യമായ ഇടവേളകളിൽ നടക്കുന്ന സംഗീത നിശകൾ ജീവിതത്തിന്റെ മറ്റൊരു തലം കൂടി വെളിപ്പെടുത്തുന്നവയായിരുന്നു .

നാനാത്വത്തിൽ ഏകത്വം എന്ന യഥാർത്ഥ ഇന്ത്യൻ ആശയത്തിലൂന്നി എല്ലാ മത, ജാതി, രാഷ്ട്രീയ, സാമ്പത്തിക ഗ്രൂപ്പുകളോടൊപ്പം ഒത്തുചേർന്ന് അദ്ദേഹം പ്രവർത്തിച്ചിരുന്നു, കുവൈറ്റിലെ 25 വർഷത്തെ ജീവിതം ഒരു വലിയ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.കുവൈറ്റ് ഇറാഖ് സംഘർഷം നടന്ന കാലഘട്ടത്തിലും ,അതിന് മുമ്പും സ്റ്റീഫൻ വീടുകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുകയും, ഇന്ത്യൻ എംബസി ജീവനക്കാരുടെ സഹായത്തോടെ അവരെ രക്ഷപ്പെടുത്തി, എംബസി യാത്രാരേഖയുണ്ടാക്കുന്നത് വരെ എംബസിയിൽ താമസിപ്പിച്ചു.സ്‌പോൺസർ അറിയാതെ അവരെ വിമാനമാർഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാനും സ്റ്റീഫൻ മുൻപിലുണ്ടായിരുന്നു. ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ ന്യൂഡൽഹിയിൽ നിന്ന് ഹിന്ദ് രത്തൻ അവാർഡ് ലഭിക്കാൻ സ്റ്റീഫനെ സഹായിച്ചു.

സാൻ അന്റോണിയോയിലെ
സമാധാനപൂർണ്ണമായ ദിനരാത്രങ്ങൾ
2006 ആഗസ്റ്റിലാണ് സ്റ്റീഫനും കുടുംബവും സാൻ അന്റോണിയോയിൽ എത്തിയത്, സാൻ അന്റോണിയോ എക്സ്പ്രസ് പത്രത്തിന്റെ ബിസിനസ് കോളത്തിൽ വിൽപ്പനയ്‌ക്കായി ഒരു ബിസിനസ്സ് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഈ മേഖലയിലെ പരിചയസമ്പന്നരായ സുഹൃത്തുക്കളുമായി കൂടുതൽ വിലയിരുത്തലും കൂടിയാലോചനയും നടത്തി, അത് വാങ്ങിയതോടെ അമേരിക്കയിലും വേരുറപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2006 ലാണ് സാമൂഹിക പ്രവർത്തനങ്ങളിൽ സ്റ്റീഫൻ ഏർപ്പെട്ട് തുടങ്ങുന്നത്. ഓണം ആഘോഷിക്കാൻ സഹ സ്പോൺസറായി പങ്കെടുക്കാൻ തീരുമാനിച്ചത്തോടെയായിരുന്നു അതിന്റെ തുടക്കം. ഇത്തരം ആഘോഷങ്ങൾ സ്‌പോൺസർ ചെയ്യാൻ ചുരുക്കം ചില വ്യക്തികളേക്കാൾ, ഒരു അസോസിയേഷൻ നടത്തുന്നതാണ് നല്ലത് എന്ന പിന്നീടുണ്ടായ തോന്നലിൽ നിന്നാണ് സാൻ അന്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷന് സ്റ്റീഫനും സംഘവും തുടക്കം കുറിച്ചത്.

സുമ എന്നായിരുന്നു സംഘടനയുടെ ചുരുക്കപ്പേര്. സാൻ അന്റോണിയോയിൽ ആദ്യമായി സുമയുടെ പ്രസിഡന്റായത് സ്റ്റീഫനായിരുന്നു. അതിന് ശേഷം സാൻ അന്റോണിയോയിൽ മലയാളം സിനിമകൾ മാസാടിസ്ഥാനത്തിൽ പ്രാദേശിക തിയേറ്ററിൽ പ്രദർശിപ്പിക്കുകയും കേരളത്തിൽ നിന്നുള്ള ഒരു പ്രൊഫഷണൽ സംഘത്തെ സ്റ്റേജ് ഷോയിലേക്ക് ക്ഷണിക്കുകയും ചെയ്തത് സംഘടനയുടെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007 ൽ സാൻ അന്റോണിയോയിലെ ക്നാനായ കാത്തലിക് സൊസൈറ്റിയും സ്റ്റീഫൻറെ നേതൃത്വത്തിൽ സ്ഥാപിതമായി.ക്നാനായ പരമ്പരാഗത കുടുംബമായി ജീവിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് സ്റ്റീഫൻ എപ്പോഴും പറയും.വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ മാതൃസംഘടനയായ KCCNA യുടെ ദേശീയ കൗൺസിൽ അംഗമാണ് ഇപ്പോൾ സ്റ്റീഫൻ മറ്റത്തിൽ .

ഭാര്യ സെലിൻ മറ്റത്തിലാണ് എന്നും സ്റ്റീഫന്റെ നട്ടെല്ലായി നിലനിന്നിട്ടുള്ളത്. സ്റ്റീഫന്റെ ഓരോ പൊതുപ്രവർത്തനത്തിലും, ജീവിതത്തിലെ സുപ്രധാന നേട്ടങ്ങളിലും സെലിൻ ഉണ്ടായിരുന്നു. പിതാവിനോടൊപ്പം മുന്നേറാൻ മക്കളായ ഡോ. സെലീന മറ്റത്തിൽ,ഡോ. സ്റ്റെഫനി മറ്റത്തിൽ, മകൻ സഞ്ജിത്ത് മറ്റത്തിൽ (യൂണിവേഴ്സിറ്റി ഓഫ് ഡാളസിൽ ബിസിനസിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥി ) എന്നിവർ കൂടെയുണ്ട്.

ഓരോ അമേരിക്കൻ മലയാളിയുടെയും ജീവിതത്തിലെ മുന്നേറ്റങ്ങൾക്ക് പിറകിൽ അവരുടെ കുടുംബവുമുണ്ടാകും .സെലിനെയും മക്കളെയും പോലെ. സ്റ്റീഫൻ മറ്റത്തിൽ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഇനിയും ലോകത്തിന്റെ നന്മയുടെ നെറുകയിലേക്ക് നടന്നു കയറട്ടെ.