അടുത്ത വീട്ടിലെ മുത്തശ്ശി (കഥ -അഞ്ജലി .ജെ.ആർ )

sponsored advertisements

sponsored advertisements

sponsored advertisements

25 July 2022

അടുത്ത വീട്ടിലെ മുത്തശ്ശി (കഥ -അഞ്ജലി .ജെ.ആർ )

ലളിതമ്മായീന്നുള്ള വിളി കേട്ടു കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിലിട്ട് അശ്വതി ഓടിച്ചെന്നപ്പോൾ ഒക്കത്തു കണ്ണനുണ്ണിയേം കൊണ്ട് നിന്നു കിതക്കുകയാണ് ചിത്ര. മുന്നിലത്തെ വീട്ടിലെ ലൈൻമാൻ സുരേഷേട്ടന്റെ ഭാര്യയാണ് ചിത്ര.

“എന്താ ചിത്രേ, അമ്മായി ഇവിടില്ലല്ലോ..”
എന്നുള്ള മറുപടിയൊന്നും ശ്രദ്ധിക്കാതെ ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു,
“അശ്വതി ചേച്ചി ഒന്നു പെട്ടന്ന് വന്നേ, തങ്ക മുത്തശ്ശി ചാപ്പിൽ താഴെ വീണു കിടക്കുന്നു.. ഉണ്ണീനേം വച്ചിട്ട് എനിക്കു ഒറ്റക്ക് എടുത്തു പൊക്കാൻ കഴിയില്ല.. എന്തോ നിലവിളി കേട്ടു ഞാൻ നോക്കാൻ പോയതാ. ”

അശ്വതി ഓടി അവളുടെ കൂടെപ്പോയി. ചെന്നു നോക്കുമ്പോൾ കട്ടിലിൽ നിന്നും താഴെ വീണു കിടക്കുകയാണ് മുത്തശ്ശി. ഉടുതുണി ഒന്നുമില്ല. എല്ലും തോലുമേ ഉള്ളൂ.. ആകെ ആ ദേഹത്തു രണ്ടു സ്വർണ കമ്മലുകൾ ഞാലുന്നുണ്ട്. അല്ലെങ്കിൽ ഇപ്പൊ കുറേ ആയിട്ട് മുണ്ടൊന്നും ഉടുപ്പിക്കാറില്ല ശ്യാമള ചേച്ചി. കിടപ്പായെൽ പിന്നെയാ ഇങ്ങനെ. എന്തേലും ചോദിക്കാൻ പോയാൽ എല്ലാം കൂടെ ആരു കഴുകണം എന്നവർ നമ്മളോട് തിരിച്ചു ചോദിക്കും.

അശ്വതിയും ചിത്രേം കൂടെ ആവുന്ന പോലെ അവരെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തി. കട്ടിലിൽ ഒരു ഷീറ്റ് പോലും വിരിച്ചിട്ടില്ല. വെറുമൊരു തടി കട്ടിൽ, അതിലൊരു ഫ്ലക്സ് വിരിച്ചിട്ടുണ്ട്, പത്താം ക്ലാസ്സിൽ എ പ്ലസ് കിട്ടിയ വകയിൽ ആർട്സ് ക്ലബ്ബുകാർ അടിച്ചതാ…

” തണുവു.. തണുവു… ”

മുത്തശ്ശി പിറു പിറു പറഞ്ഞു. അതു പിന്നെ ഈ മഴയത്തു പിന്നെ ഒരു മുണ്ട് പോലും ഉടുക്കാതെ കിടന്നാൽ പിന്നെ തണുക്കില്ലേ. അതും വാതിലൊന്നും ഇല്ലാതെ തുറന്നു കിടക്കുന്ന ഒരു ഓല മറ.
കണ്ണ് നിറഞ്ഞു അശ്വതി തിരികെ പോന്നു. എന്താ ചെയ്ക.. തൊട്ടടുത്ത വീട്ടിലെ കാര്യമാ.. എന്തേലും വെള്ളമോ കഞ്ഞിയോ കൊടുക്കാന്നു വച്ചാൽ ശ്യാമള ചേച്ചി ജോലി കഴിഞ്ഞു വന്നു ചുമ്മാ വഴക്കുണ്ടാക്കും. എന്തേലും കൊടുത്താൽ കൊടുക്കുന്നവർ വന്നു മല മൂത്രാദികൾ കോരണം എന്നാണ് അവരുടെ പക്ഷം. അവർക്ക് അതിനൊന്നും സമയവുമില്ല, മനസ്സുമില്ല. മുത്തശ്ശിയുടെ ഒരേ ഒരു മരുമോളാണ് ശ്യാമള ചേച്ചി.. കുട്ടികളും ചേച്ചിയെ പോലെ തന്നെ, മുത്തശ്ശിയോട് ഒരു അറപ്പാണ്.. മുത്തശ്ശിടെ ആകെയുള്ളൊരു മോനാണ് അയ്യപ്പേട്ടൻ. കഴിയുന്ന പോലൊക്കെ ഭാര്യ കാണാതെ അമ്മയെ നോക്കും അയാൾ … പഞ്ചായത്തിൽ അടുത്തുള്ളവർ ചേർന്ന് പരാതി കൊടുത്തിട്ടുണ്ട്… ആരും ഇത് വരെ അന്വേഷിച്ചു വന്നു കണ്ടില്ല. ഇതിപ്പോൾ മുന്നിലത്തെ വീട്ടിലെ ചിത്ര കേട്ടോണ്ട് രക്ഷപെട്ടു.. ആരും കേട്ടില്ലെങ്കിൽ വൈകുന്നേരം ജോലി കഴിഞ്ഞു അയ്യപ്പേട്ടൻ വരണം അല്ലെങ്കിൽ, ശ്യാമള ചേച്ചി. കുട്ടികൾ വരാൻ പിന്നെയും വൈകും. . ഇത്രേം പ്രായമായ ഒരു മുത്തശ്ശിയെ ഇങ്ങനെ ഒറ്റക്ക് ഇട്ടിട്ട് പോകുന്നതിൽ അശ്വതിക്ക് ദേഷ്യം തോന്നി. ചിത്രേടെ കല്യാണം കഴിഞ്ഞു കിടപ്പായതാ മുത്തശ്ശി. ഇപ്പോൾ കണ്ണനുണ്ണിക്ക് അഞ്ചു മാസം.. ഈ കർക്കിടകത്തിനെങ്കിലും മുത്തശ്ശിയെ ഒന്നു രക്ഷിച്ചു കൂടെ…..അശ്വതി നെടുവീർപ്പോടെ ബാക്കിയുള്ള പാത്രങ്ങൾ കഴുകാൻ തുടങ്ങി.

അഞ്ജലി .ജെ.ആർ