അസ്തമയം (കഥ -മാത്യു കെ മാത്യു )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 May 2022

അസ്തമയം (കഥ -മാത്യു കെ മാത്യു )

ആര്‍ട്ട്‌ സ്കൂളിലെ അവസാന ദിനം. ഒരു വർഷം പെട്ടെന്നാണ് കടന്നു പോയത്. ഒരിക്കൽക്കൂടി പോര്‍ട്ട്‌ഫോളിയോയിൽ വച്ചിരുന്ന ആർട്ട്‌വർക്ക് എല്ലാം മറിച്ചു നോക്കി. സ്വന്തം കഴിവിൽ അഭിമാനം തോന്നി. ഇതൊന്നും സാധിക്കുമെന്ന് വിചാരിച്ചതല്ല.

Ars Gratia Artis എന്ന സിദ്ധാന്തത്തിൽ അടിയുറച്ച വിശ്വാസ്വവുമായിട്ടാണ് കൊച്ചിയിൽ നിന്നും വണ്ടി കയറിയത്. “തനിക്കു കൈതോർ പിടിക്കാന്‍ ഇവിടം പോരെ, ബോംബെ വരെ പോണോ” എന്ന പലരുടെയും പരിഹാസം കൂടുതൽ പ്രചോദനം നല്കി. അത് കൊണ്ട് തന്നെ കല മാത്രമായിരുന്നു മനസ്സിലും പ്രവൃത്തിയിലും.
•••••••••••••••••••
പ്രൊഫസർ പലെക്കറുടെ ഓഫീസ് മുറിയിലേക്ക് നടന്നു. പുറത്ത് ഒരാൾ വെയിറ്റ് ചെയ്തിരിപ്പുണ്ട്. പലെക്കറിന്റെ എക്സിറ്റ് ഇന്റർവ്യൂ അനുസ്സരിച്ചാ യിരിക്കും ഫൈനൽ റിസൾട്ട്. അടുത്ത് കണ്ട കസ്സേരയിൽ ഊഴവും കാത്ത് ഇരുന്നു.

“ഹൈ സിറിൽ!”
പുഞ്ചിരിച്ചു കൊണ്ട് അടുത്ത് വന്നു നിന്ന യുവതിയെ സാകൂതം നോക്കി. ഉഷ മോഹൻ. എന്റെ ക്ലാസ്സില്‍ ഫൊട്ടോഗ്രഫി പഠിക്കുന്ന തെന്നിന്ത്യൻ പെണ്‍കുട്ടി. കുലീനത അവളുടെ നടപ്പിലും എടുപ്പിലും പ്രകടമായിരുന്നു. അവൾ അണിഞ്ഞിരുന്ന ബനാരെസ് സിൽക്ക് സാരി അഴകിനു മോടി കൂട്ടി.
“ഹൈ! ഹൌ ആർ യു?” പറയുമ്പോൾ സ്വരം അല്പം പതറിയോ എന്ന് തോന്നി.
“ഗുഡ്. അയാം ടണ് വിത്ത്‌ ദി ഇന്റർവ്യൂ.” പ്രസ്സരിപ്പുള്ള സ്വരവും മുഖഭാവവും.

“ഗുഡ് ഫോർ യു.” പതിവില്ലാത്ത ഉത്സാഹത്തോടെ പറഞ്ഞു.
“സിറിൽ, നിങ്ങളുടെ വർക്ക് എനിക്ക് ഒത്തിരി ഇഷ്ടമാണ്. നേരേ ഒരു വര വരക്കാൻ പോലും എനിക്ക് അറിയില്ല.” ഉഷ വാചാലയായി. അടുത്ത് കണ്ട കസ്സേരയിൽ അവൾ ഇരുന്നു.
അവളുടെ ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം ഓരോ വാക്കിലും പ്രകടമായി. ഒപ്പം പിടിച്ചു നിൽക്കുവാൻ ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നെങ്കിലും തടി തപ്പുവാൻ തുനിഞ്ഞില്ല. തന്നെയുമല്ല, അവളുടെ ഭാവവും പെരുമാറ്റവും തടസ്സങ്ങൾക്ക് വഴി മാറിത്തന്നു.
“നിങ്ങൾ കേരളത്തിൽ നിന്നാണെന്ന് അറിയാം. കൊച്ചിൻ?”
“അല്ല, കോട്ടയം. ഉഷയോ?”
“ശരിക്കും പറഞ്ഞാൽ എന്റെ പേരന്റ്സ്‌ മദ്രാസിൽ നിന്നുള്ളവരാണ്. ഇവിടെ ജുഹുവിലാണ് വീട്.”
എന്താണ് പറുയുക എന്നറിയാതെ മിണ്ടാതിരുന്നു. ഉഷ മൌനത്തിനു വിരാമമിട്ടു.
“ബസ്സിൽ കണ്ടിട്ടുണ്ടല്ലോ… സാന്താക്രൂസ്?”
“അല്ല… കലീന. അങ്കിളിന്റെ കൂടെ താമസിക്കുന്നു.”
അവൾ ആലോചനയിൽ മുഴുകി. പിന്നെ തല ഉയർത്തി നോക്കി, എന്തോ ചോദിക്കുവാനെന്ന പോലെ.

“ചില തിയറി നോട്ടുകൾ എനിക്ക് മിസ്സായി. ബുദ്ധിമുട്ടില്ലെങ്കിൽ സിറിളിന്റെ ബുക്ക്‌ ഒന്ന് തരുമോ?” ഉഷ സന്ദേഹത്തോടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“അതിനെന്താ.” ഉത്സാഹത്തോടെ ഞാൻ ബാഗില്‍ നിന്നും ബുക്ക് എടുത്തു കൊടുത്തു. അവൾ അത് തുറന്നു കൌതുകപൂർവം താളുകൾ മറിച്ചു നോക്കി.

“നിങ്ങളുടെ കൈപ്പട മനോഹരമായിരിക്കുന്നു!” ഞാൻ പുഞ്ചിരിച്ചതല്ലാതെ നന്ദി എന്ന് പറഞ്ഞില്ല. ഇംഗ്ലിഷ് സംസാരം ബുദ്ധിമുട്ടായിരുന്നു വെങ്കിലും തെറ്റ് കൂടാതെ എഴുതുവാനറിയാ മായിരുന്നു. ഹൈസ്കൂളിലെ വർക്കി മാഷിനെ അതിന് മനസ്സാ വന്ദിച്ചു.
………………………………………

ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങുമ്പോൾ ഉഷ കാത്തു നിന്നിരുന്നു.
“സിറിൽ വരുന്നോ?”
ചോദ്യം പ്രതീക്ഷിച്ചിരുന്നതാണ്. ഉത്തരവും കരുതിയിരുന്നു. ബസ് സ്റ്റോപ്പ് വരെ കൂടെ പോകാമല്ലോ എന്ന് വിചാരിച്ചു. ഞാൻ “ഓക്കേ” എന്ന് പറയാൻ തുടങ്ങും മുമ്പേ ഇതാ ഉഷയുടെ അടുത്ത ചോദ്യം.
“എന്റെ മമ്മി ഇപ്പോൾ കാറുമായി വരും.” സന്ദേഹത്തോടെ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഉഷ ചോദിച്ചു, “ഈസ്‌ ദാറ്റ്‌ ഓക്കേ?”

കരുതിയിരുന്ന ഉത്തരം പ്രയോഗിക്കാൻ പറ്റില്ലെന്ന് മനസ്സിലായി. രക്ഷപെടാൻ പെട്ടെന്ന് തന്നെ മറ്റൊരു ഉത്തരം പാസ്സാക്കി.
“സോറി. എനിക്കല്പം ഷോപ്പിംഗ്‌ ചെയ്യാനുണ്ട്. മറ്റെന്നാൾ നാട്ടിലേക്ക് പോകുകയാണ്.”
“ഓ… ഹാവ് എ ഗുഡ് ടൈം. അവധി കഴിഞ്ഞു വരുന്പോൾ ബുക്ക്‌ തിരികെ തരാം. ഈസ്‌ ദാറ്റ്‌ ഓക്കേ?”

“പോതും.” ഉഷക്ക് തമിഴ് അറിയാമെന്ന ധൈര്യത്തിൽ തട്ടിവിട്ടു. അവൾ തലയാട്ടി കണ്ണ് മിഴിച്ചു ചിരിച്ചു കൊണ്ട് കാറിൽ കയറി.

സ്കൂളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്തോ നഷ്ടപ്പെട്ടത് പോലൊരു തോന്നൽ. അതെന്താണെന്ന് കൃത്യമായി പറയാൻ മനസ്സ് മടിച്ചു. ചഞ്ചലമായ മനസ്സുമായി മല്ലിട്ടു. ഉഷ മനസ്സിൽ ഇടം പിടിച്ചിരി ക്കുന്നു. അവൾ വിളിച്ചപ്പോൾ പോകേണ്ടതായിരുന്നു. ഇനി അത്തരം ഒരു അവസരത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കണമല്ലോ എന്നോർ ത്തപ്പോൾ വീർപ്പ് മുട്ടി. അഥവാ അതിനു മുമ്പ് കാണണമെങ്കിൽ എന്താണ് വഴി? അഡ്രസ് ഇല്ല. ഫോണ്‍ നമ്പറില്ല. കല മാത്രം തലയിലേറ്റി നടന്നയാൾ ചിന്തിക്കാൻ തുടങ്ങി. ഇനി എങ്ങനെ അവളെ ഒന്ന് കാണാൻ സാധിക്കും? ചിന്തിച്ചു… ഇരുന്നും നടന്നും ചിന്തിച്ചു.

“നീ എന്താ രണ്ടു ദിവസമായി വെരുക് പോലെ നടക്കുന്നെ? വീട്ടില്‍ പോകാനുള്ള ധൃതി ആയിരിക്കും അല്ലെ?” ആന്റിയുടെ കമന്റ്.

“ഓ, എനിക്ക് സ്കൂൾ ഒന്ന് മാറണമെന്നുണ്ട്. ജെ ജെ സ്കൂളിൽ കിട്ടണമെങ്കിൽ പലെക്കർ കനിയണം. നല്ല മാർക്കും വേണം.”

“അതിനു നീ എന്നും ഒന്നാമനല്ലേ വരക്കാൻ! ഒന്ന് പോടാ… നിന്നെ എനിക്കറിഞ്ഞു കൂടെ? വേറെ വല്ല ലപ്പടയും ആയിരിക്കും.”

“എനിക്കോ? പുളിക്കും!”

ഉടൻ എങ്ങു നിന്നോ ഒരു ഐഡിയ പറന്നെത്തി. സ്കൂളിൽ നിന്നും ഉഷയുടെ മേൽവിലാസം കരസ്ഥമാക്കുക. ഐഡിയ കൊള്ളാം. അവര് തരെണ്ടേ? എന്തായാലും ഉടൻ തിരിച്ചു ബാന്ദ്ര സ്കൂൾ ലക്ഷ്യമാക്കി.

പ്രൊഫസർ പലെക്കറിന്റെ സമ്മതപ്രകാരം ഒരു നോട്ബൂക്ക് തിരികെ എല്പിക്കാനെന്ന ഭാവത്തിൽ ഉഷയുടെ അഡ്രസ്സ് സ്‌കൂൾ ഓഫിസിൽ നിന്നും കൈക്കലാക്കി. സന്തോഷം തോന്നി. പക്ഷെ അത് അധിക നേരം നീണ്ടു നിന്നില്ല. പട്ടിക്ക് കിട്ടിയ പൊതിയാ തേങ്ങ പോലെയായി അഡ്രസ്സ്. എന്ത് പറഞ്ഞു അവളുടെ വീട്ടിൽ ചെല്ലും? രണ്ടു ദിവസ്സത്തിനുള്ളിൽ നാട്ടിൽ പോകുകയാണ്. കാണാനുള്ള വ്യഗ്രതയുടെ കാറ്റ് പോയി. ശരി.
ഇനി തല്കാലം ഒരെഴുത്തിൽ നിർത്താം. അതായിരിക്കും ശരിയായ മാർഗ്ഗം എന്നോർത്ത് സമാധാനിച്ചു.

നാട്ടിൽ ചെന്നിട്ടും എഴുതണമോ വേണ്ടയോ എന്ന ചിന്ത അലട്ടി. ഉഷയുടെ പ്രതികരണം എന്തായിരിക്കും? ഒരു ബുക്ക് മാത്രമല്ലേ തന്റേതായിട്ട് അവൾക്ക് കൊടുത്തിട്ടുള്ളൂ? ബുക്കിന്റെ കാര്യം വിടാം. വെറുതെ കുശലം ചോദിച്ചു ഒരു കത്ത് തട്ടിക്കൂട്ടി. മാറി മാറി വായിച്ചു. രണ്ടും കല്പിച്ചു കത്ത് മെയിൽ ബോക്സിൽ ഇട്ടു. പിന്നെ കാത്തിരിപ്പായി. ആഴ്ച്ചകൾ രണ്ടു കഴിഞ്ഞു… മൂന്നു കഴിഞ്ഞു… ഒരു മാസവും പിന്നിട്ടു… നോ ലെറ്റർ!

ഒന്നുകിൽ അവൾ എഴുതേണ്ട, സംഗതി വഷളാക്കേണ്ട എന്ന് തീരുമാനിച്ചു കാണും. അല്ലെങ്കിൽ അവളുടെ അമ്മയോ അച്ഛനോ ഇടപെട്ടു കാണും. തന്നെക്കുറിച്ച് ചോദിച്ചു കാണും. ഛെ! ഇതൊന്നും വേണ്ടിയിരുന്നില്ല. പക്ഷെ മനസ്സു പറഞ്ഞു, “പേടിക്കുന്നവന് ഒന്നും നേടാൻ കഴിയുകയില്ല.” ധൈര്യമായിരിക്കുവാൻ ശ്രമിച്ചു. ഇനി വരുന്നത് പോലെ വരട്ടെ. ഒന്നും നക്ഷപ്പെട്ടില്ലല്ലോ. നോട്ട്ബുക്കുമായി അവൾ തീർച്ചയായും വരും.

നാല്പതാം ദിവസ്സം ഉഷയുടെ കത്ത് വന്നു. വായിച്ചു. വീണ്ടും വീണ്ടും വായിച്ചു…

“Sorry for the delay in replying… We were traveling… stayed at Lonavla, Bangalore, and Mysore… Days went so fast… Got to copy the notes after reaching Bombay…. ”

കണ്ടതിന്റെയും കേട്ടതിന്റെയും വിവരണങ്ങൾ കത്തിന് നീളം കൂട്ടി.

“Want to visit Kerala next year. Hope you had a wonderful vacation.”
Best regards,
Usha

കത്ത് കിട്ടിയിട്ടും കിട്ടാത്തത് പോലെ. അകാരണമായ ഒരു അസ്വസ്ഥത. സ്കൂൾ തുറക്കുന്നതിനു ഒരാഴ്ച മുമ്പ് ബോംബെയിൽ എത്തി. ജെ ജെ സ്കൂളിലേക്ക് ട്രാന്‍സഫർ ചെയ്യണമെങ്കിൽ അതിനു രണ്ടു മൂന്നു ദിവസമെങ്കിലും കയറി ഇറങ്ങേണ്ടി വരും. ഇതിനിടെ ഉഷയെ കാണാൻ ശ്രമിക്കണം. എങ്ങനെ കാണും എന്നത് ഒരു പ്രശ്നമായി അവശേഷിച്ചു.

രണ്ടു ദിവസ്സം ആലോചനയുമായി നടന്നു. ഇതിനിടെ ജെ ജെ സ്കൂളിൽ അഡ്മിഷൻ കിട്ടി. ഇനി ഉഷയെ ഉടനെയൊന്നും കാണാനും പറ്റില്ല. അക്കാര്യം പറഞ്ഞു ഇനി ധൈര്യമായി ബുക്ക് ചോദിക്കാൻ പോകാം.

അന്ന് ശനിയാഴ്ച ആയിരുന്നു. ഉച്ച കഴിഞ്ഞു ജുഹു ബീച്ചിൽ ബസ്സിറങ്ങി. മണല്പരപ്പിലൂടെ കുറെ നേരം വെറുതെ നടന്നു. ഉത്സാഹമെല്ലാം എങ്ങോ പോയി ഒളിച്ചത് പോലെ. സണ്‍ ന്‍ സാന്റ് ഹോട്ടലും കഴിഞ്ഞു തെങ്ങിൻ തോപ്പിൽ എവിടെയോ ആണ് ഉഷയുടെ വീട്. വള്ളിപ്പടർപ്പുകൾ കൊണ്ട് മൂടിയ മതിലുകൾ. അതിനെല്ലാം പിന്നിൽ ബംഗ്ലാവുകൾ. അതിലൊന്നിലെ ഗേറ്റിന്റെ മതിലിൽ കുമാർ
മോഹൻ എന്നെഴുതിയ തുരുമ്പ് പിടിച്ചു തുടങ്ങിയ നെയിം പ്ലേറ്റ്.

വാതിലിലെ കോളിംഗ് ബെല്ലിൽ വിരലമർത്തി. നിശബ്ധത. ഒന്നുകൂടി വിരലമർത്തി. അനക്കമില്ല. തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽ കാല്‍പ്പെരുമാറ്റം കേട്ടു.
“ആരാ?” അകത്തു നിന്നും ഒരു വൃദ്ധന്റെ ചോദ്യം. തനിക്കു വീട് തെറ്റിയോ? ജനലിലൂടെ ഒരു പെൺകുട്ടിയുടെ മുഖം.

“സിറിൽ … ഉഷയുടെ ക്ലാസ്സ്മേറ്റ്,” ഞാൻ സ്വയം പരിചയപ്പെടുത്തി.

മെല്ലെ കതകു തുറന്നു. പാതി തുറന്ന വാതിലിലൂടെ പാറിപ്പറന്ന മുടിയുമായി ഒരു പെൺകുട്ടി. ഉഷയുടെ അനുജത്തി ആയിരിക്കാം.

“പ്ലീസ് കം ഇൻ,” വാതിൽ തുറന്നു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

സ്വീകരണ മുറിയിൽ കയറി നിന്നു. ചുറ്റും കണ്ണോടിച്ചു. ചുവരു നിറയെ മനോഹരമായ ചിത്രങ്ങൾ. മിക്കതും ബ്ലാക്ക് ആന്റ് വൈറ്റ് പോർട്രെയ്റ്റസ്. ഉഷ എടുത്ത ചിത്രങ്ങൾ ആയിരിക്കും. പെൺകുട്ടി ഒന്നും മിണ്ടാതെ മാറി നിന്നു. വൃദ്ധൻ ഒരു ഈസി ചെയറിൽ മൌനമായി ഇരുന്നു. അടുത്ത് കണ്ട കസ്സേരയിൽ ഇരിക്കുവാൻ ആംഗ്യം കാട്ടി. ആരും ഒന്നും മിണ്ടുന്നില്ല. ഉഷ എവിടെ? തന്റെ ചോദ്യം പ്രതീക്ഷിച്ചിട്ടാവും വൃദ്ധൻ കോഫി ടേബിളിൽ മടക്കി വച്ചിരുന്ന ന്യൂസ്‌പേപ്പർ തന്നിട്ട് പറഞ്ഞു, “എല്ലാം അതിലുണ്ട്.” പത്രം തുറന്നു നോക്കി. ഒരാഴ്ച
കഴിഞ്ഞ വാർത്ത.
മുന്‍ പേജിൽ തന്നെ എഴുതിയിരിക്കുന്നു:

Fatality in the Ghats

Two members of a family returning from vacation in Madras die in a horrific crash on the Poona-Bombay Highway at Khandala yesterday.
Mr. Kumar Mohan, who was driving, and daughter Usha died at the scene of the accident while
Mrs. Kumar still remains in critical condition at Nanavati Hospital…

കൂടുതൽ വായിക്കുവാൻ കഴിഞ്ഞില്ല. എന്താണ് പറയുക എന്നറിയാതെ കുറെ നേരം ഇരുന്നു. പിന്നെ ഒന്നും പറയാതെ ഇറങ്ങി. പെൺകുട്ടി പുറകെ വന്നു നോട്ട്ബുക്ക് നീട്ടി.
ചൂട് പിടിച്ച ചിന്തകളുമായി കടപ്പുറത്തേക്ക് നടന്നു. ജുഹു ബീച്ചിലെ മണലിനും ചൂടാറിയിരുന്നില്ല. അപ്പോൾ പടിഞ്ഞാറെ ചക്രവാളത്തിൽ ഒരു പകലും എരിഞ്ഞടങ്ങുകയായിരുന്നു.

മാത്യു കെ മാത്യു