ഡാലിയാ ഉദയന്‍
“ഞാന്‍ മഹാറാണി ദ്രൗപതി പഞ്ചപാണ്ഡവരുടെ പത്നി എന്നിട്ടും…എന്നിട്ടും ഞാനീസഭയില്‍ അപമാനിക്കപ്പെടുകയാണല്ലോ! (ദ്രൗപതി പൊട്ടിത്തെറിച്ചു)
“അല്ലയോ ഗുരുജനങ്ങളേ നിങ്ങളിത് കാണുന്നില്ലേ? സര്‍വ്വശക്തനായ ഭീമാ ഈ ദ്രൗപതിയെ ദാസിയെന്നുവിളിക്കുന്നതങ്ങ് കേള്‍ക്കുന്നില്ലേ?….”
“പ്രതികാരവെറി പൂണ്ട ദുര്യോധനന്‍ അപമാനിക്കുന്നത് നോക്കിനില്‍ക്കുന്നതെന്തേ!…അര്‍ജ്ജുനാ”
“അയ്യോ… ഈ അപമാനം ഇവള്‍ക്കുതാങ്ങുവാനാവുന്നില്ലല്ലോ അമ്മമാരേ… അഞ്ചു ഭര്‍ത്താക്കന്മാരുള്ള ഈ സ്ത്രീത്വം ഇതാ… ഇതാ… ഇവിടെ അപമാനിതയാവുന്നു.. നിങ്ങള്‍ ..നിങ്ങള്‍ അന്ധരും ബധിരരുമായോ പ്രിയ പാണ്ഡവരേ… അവള്‍ ഉറക്കെക്കരഞ്ഞു. ഒരു മാത്രപോലും ഇവള്‍ വിസ്മരിച്ചില്ല്യാത്ത കൃഷ്ണാ… നീ.. നീയെവിടെയാണ്.. ഇതാ നിന്‍റെ പ്രിയ തോഴി… നിന്‍റെ പ്രിയ ഭക്ത ദ്രൗപതി ഇവിടെ ഈ കൗരവ സഭയില്‍ അനാഥയായി നിസ്സഹായയായി അപലയായി നിലക്കൊള്ളുന്നു.”
അവളുടെ കണ്ഠമിടറി. ശരീരം വിറപൂണ്ടു… ദ്രൗപതിയുടെ ദീനരോദനം കേട്ടിട്ടെന്നപോലെ പ്രകൃതിയാകെ വിറപൂണ്ടു പക്ഷികളും മൃഗങ്ങളും നിശ്ചലരായി. ആകാശം മേഘാവൃതമായി. അതേ… അവള്‍ അവള്‍ പൂര്‍ണ്ണമായും ദ്രൗപതിയായികഴിഞ്ഞിരിക്കുന്നു. ആ ശരീരം അപമാനഭാരത്താല്‍ ബലഹീനമായി.. കൃഷ്ണായെന്നവള്‍ ഉറക്കെവിളിച്ചു.
ഇതിഹാസത്തിന്‍റെ അടുത്ത വേദിയില്‍ അവള്‍ സീതയായി ജനകന്‍റെ പ്രിയപുത്രി ജാനകി. രാമനെ ദൈവതുല്ല്യം ആരാധിച്ച പ്രിയ പത്നി.
“നോക്കൂ.. ഈയുള്ളവള്‍ ഒരു മാത്രപോലും ലങ്കയില്‍ ആനന്ദവതിയായിരുന്നില്ലല്ലോ. ഇവള്‍ അങ്ങയുടെ പ്രിയ പത്നി സീത ഒരു വേളപോലും രാവണ സമക്ഷം രാമനാമം ജപിക്കുവാന്‍ വിസ്മരിച്ചിട്ടില്ലല്ലോ.. എന്നിട്ടും എന്തിനാണിവളെ ഈ അഗ്നിപരീക്ഷയ്ക്കൊരുക്കിയിടുന്നത് ദേവാ?
“ലക്ഷ്മണാ നീയിത് അറിയുന്നില്ലേ… ഈ ജേഷ്ഠത്തിയുടെ ചാരിത്ര്യ ശുദ്ധിയില്‍ നീയും സംശയിക്കുന്നുവോ… അനുജാ ” അവളുടെ കണ്ണുകള്‍ ദുഃഖഭാരത്താല്‍ കലങ്ങിച്ചുവന്നു നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ തിളങ്ങിക്കൊണ്ടിരുന്നു. സ്നേഹ നിര്‍ഭരവും വേദനാജനകവുമായ അവളുടെ ദീനരോദനം ശ്രീരാമന്‍റ കാലടികളില്‍ അഭയം പ്രാപിച്ചു. ആരുടെയും മനം കവരുന്ന ആരേയും വിസ്മയിപ്പിക്കുന്ന ഭാവപ്പകര്‍ച്ച.
“മഹേശ്വരീവര്‍മ്മാ… നിങ്ങള്‍ .. നിങ്ങള്‍ ഉറങ്ങുകയാണ് നിങ്ങളിപ്പോള്‍ ഉറക്കത്തിന്‍റെ ആലസ്യ ലഹരിയിലേയ്ക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. അഭിനയത്തിന്‍റെ പരിവേഷ ലോകത്തുനിന്നും യഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തിലെത്തിനില്‍ക്കുകയാണ്. നിങ്ങളിപ്പോള്‍” ഇരുണ്ട വെളിച്ചമുള്ള ആ മുറിയില്‍ ഉയര്‍ന്ന ടേബിളില്‍ ഒരു സ്വപ്നാലസ്യത്തിലെന്നപോലെ മഹേശ്വരി വര്‍മ്മ കിടക്കുകയാണ്. അവള്‍ തന്‍റെ വലതുകൈ പ്രശസ്ത ഹിപ്നോട്ടിസ്റ്റ് ഗോപിനാഥിന്‍റെ കൈകളില്‍ ചേര്‍ത്തു വച്ചു. ഗോപിനാഥ് തുടര്‍ന്നു… “മഹേശ്വരി വര്‍മ്മാ പറയൂ എന്താണ് എന്താണ് നിങ്ങളിപ്പോള്‍ കാണുന്നത്? നിങ്ങളിപ്പോള്‍ എവിടെയാണ്?”
“ഞാന്‍ എനിക്ക് എനിക്ക്… സ്റ്റേജിലെ സ്പോട്ട്ലൈറ്റ് തെളിഞ്ഞിരിക്കുന്നു… പക്ഷേ ഞാന്‍ ഞാന്‍ ആരാണ്?”വീണ്ടും അവര്‍ നിശ്ശബ്ദരായി.. മഹേശ്വരീ വര്‍മ്മാ… പറയൂ ഡോക്ടര്‍ സ്നേഹപൂര്‍വ്വം പറഞ്ഞു. “എനിക്ക് ഒന്നും വ്യക്തമല്ല.. ആകെ ആകെയൊരു മരവിപ്പാണ് ഡോക്ടര്‍ ജീവിതത്തിന്‍റെ ഹിമകണങ്ങള്‍ക്കേറ്റ മരവിപ്പെന്ന ഭാവപ്പകര്‍ച്ച.
നോക്കൂ… ആരോ കരേണ്ണ്ടല്ലോ ന്‍റെ കുട്ട്യല്ലേത് അയ്യോ തുടകളിലാകെ രക്തമാണല്ലോ ഇവള്‍ക്കിതെന്തുപറ്റി… എനിക്കു കരയുവാന്‍ കഴിയുന്നില്ലല്ലോ… ശരീരമാകെ തളര്‍ന്നു പോകുന്നപോലെ.. എന്‍റെ ഹൃദയമിടിപ്പുകള്‍ ഉച്ചത്തിലാവുന്നുവല്ലോ.. ഈ കുഞ്ഞുദേഹമാകെ കഴുകന്മാരുടെ നഖപ്പാടുകളാണല്ലോ അയ്യോ.. എനിക്ക്.. എനിക്കൊന്നും കാണണ്ട… എനിക്കുറങ്ങണം.. എനിക്കുറങ്ങണം..എനിക്കുറങ്ങിയാല്‍ മതി.. എനിക്കുറങ്ങിയാല്‍ മതി.
മഹേശ്വരി വര്‍മ്മയെന്ന ഈ കലാകാരിയുടെ ജീവിതത്തില്‍നിന്നും അരങ്ങുകളും അഭിനിവേശങ്ങളും കഥാപാത്രങ്ങളും അല്‍പമാത്രാ പ്രതീക്ഷകളും എല്ലാം… ഇനിയൊരിക്കലും മടങ്ങിവരാനാവാത്ത വിധം പടിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു”. പിന്നേയും.. സ്പഷ്ടമല്ലാത്തഭാഷയില്‍ അവളെന്തൊക്കേയോ പറഞ്ഞുകൊണ്ടിരുന്നു.. (വീണ്ടും ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക്)
അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം ഡോ. ഗോപിനാഥ് മഹേശ്വരി വര്‍മ്മയെ വീണ്ടും വിളിച്ചു.
“മഹേശ്വരി വര്‍മ്മാ… നിങ്ങള്‍ ഉണരുകയാണ് … അതാ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളോടൊപ്പം ഉണര്‍ന്നിരിക്കുന്നു. പ്രഭാതകിരണങ്ങള്‍ നിങ്ങളുടെ അഴകുള്ള നെറ്റിയില്‍ ഉമ്മവയ്ക്കുന്നു…
ആ കാതുകളില്‍ പ്രപഞ്ച പറവകള്‍ ഇഷ്ടസംഗീതത്തിന്‍റെ തേന്‍മഴ പെയ്യിക്കുന്നു. ശ്രദ്ധിച്ചു കേള്‍ക്കൂ അത് മോഹനമല്ലേ.. നിങ്ങളുടെ ഇഷ്ടരാഗം… എത്രയോ വേദികളില്‍ നിങ്ങളീരാഗം ആലപിച്ചിരിക്കുന്നു. നോക്കൂ പ്രഭാതം നിങ്ങള്‍ക്കായ് ഈ ഭൂമിയെത്തന്നെ ഒരുക്കിനിര്‍ത്തിയിരിക്കുന്നു. ഉണരൂ… പ്രതീക്ഷയുടെ പുതിയ ലോകത്തേയ്ക്ക് നിങ്ങള്‍ തിരികെയെത്തികൊണ്ടിരിക്കയാണ് മഹേശ്വരീവര്‍മ്മാ..
മഹേശ്വരിവര്‍മ്മയുടെ കണ്‍പീലികള്‍ പതിയെ ചലിച്ചു. ആനന്ദിപ്പിക്കുന്ന ഏതോ ഒരു ലോകത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടെന്നപ്പോലെ അവരുടെ കവിളുകള്‍ ചുവന്നു തുടുത്തു. സുന്ദര പ്രതീക്ഷകളിലേക്ക് അവള്‍ പ്രണയത്തോടെ ചുണ്ടുകളടുപ്പിച്ചു. ഭൂമിയെ പുണരുവാനായി അവള്‍ തന്‍റെ കൈകള്‍ പതിയെ ഉയര്‍ത്തി. ജീവിതത്തിന്‍റെ സുഖലാളനത്തിനായ് തന്നെ മാടിവിളിയ്ക്കുന്ന മാസ്മരിക കുളിരിലേക്കവള്‍ ദമയന്തിയെപ്പോലെ നടന്നടുത്തു.
പക്ഷേ.. പെട്ടെന്ന് ഭൂമിയാകെയിരുള്‍ നിറഞ്ഞതായി. യഥാര്‍ത്ഥ്യത്തിന്‍റെ കറുത്ത പടലങ്ങള്‍ ആകാശമാകെ നിറഞ്ഞു. ഒരു കലാകാരിയുടെ ഭാവപ്പകര്‍ച്ചകളില്ല്യാത്ത മടുപ്പിക്കുന്ന രാപകലുകളിലേയ്ക്ക് വീണ്ടുമവള്‍ നിര്‍ബാധം വന്നുപതിച്ചു… കാണികളില്ലാത്ത വേദികളില്‍ മൂക്കും വായും മില്ലാത്ത ക്രൗരഭാവം പൂണ്ട കോമാളികള്‍ നഗ്നരായ് ഓടിനടക്കുന്നവള്‍ വീണ്ടും കണ്ടു.
ചോരയില്‍ക്കുളിച്ച കുഞ്ഞു തുടകള്‍ കാണുവാനാവാതെ അവള്‍ തന്‍റെ കണ്ണുകള്‍ സര്‍വ്വശക്തിയാല്‍ മുറുക്കിയടച്ചു
പ്രതീക്ഷയുടെയെണ്ണവറ്റിയ കുത്തുവിളക്കുകള്‍, ആരേയും നൊമ്പരപ്പെടുത്തുന്ന ശൂന്യതയിലേയ്ക്ക് അവളുടെ ചിന്തകളെ നിര്‍ബന്ധബുദ്ധിയോടെ തിരികെ വിളിച്ചു.
ഡോക്ടര്‍ ഗോപിനാഥ്.. പ്രതീക്ഷ കൈവിടാതെ അവരെ വീണ്ടും വിളിച്ചു. മഹേശ്വരിവര്‍മ്മാ… അരുത് നിങ്ങള്‍ സുന്ദര പ്രഭാതത്തിലേക്ക് പതിയേ നടന്നടുത്താലും.. നോക്കൂ ഇവിടം സുന്ദരമാണ്… ഇവിടെ സംഗീതമുണ്ട്.. നൃത്തമുണ്ട്.. വിസ്മരിക്കാനാവാത്ത ഒരായിരം കൃതികളുണ്ട്.. കവിതകളുണ്ട്.. നിങ്ങള്‍ കേള്‍ക്കാന്‍ കൊതിയ്ക്കുന്ന കഥകളുണ്ട്.. നോക്കൂ ഇവിടം സ്വര്‍ഗ്ഗതുല്ല്യമാണ്
ചെറിയ ഒരു മുരള്‍ച്ചയോടെ… മഹേശ്വരി വര്‍മ്മയെന്ന കലാകാരി ഡോക്ടര്‍ ഗോപിനാഥിന്‍റെ ആ വലിയ ടേബിളില്‍ നിര്‍വികാരയായി നിശ്ചലയായി മയങ്ങിക്കിടന്നു
അരങ്ങിന്‍റെ ആത്മഹത്യയുടെ ചിതയിലെന്നപോലെ
ആ ഭാവപ്പകര്‍ച്ചയുടെ ഭസ്മഗന്ധം അവരുടെ ആരാധകര്‍ മാത്രം ആര്‍ത്തിയോടെ നുകര്‍ന്നു (ആവാഹിച്ചു) അപ്പോഴേയ്ക്കും മഹേശ്വരീവര്‍മ്മയെന്ന കലാകാരിയെ കാലം വിസ്മയിച്ചു കഴിഞ്ഞിരുന്നു.
