ഛിന്നഗ്രഹങ്ങളുടെ വരവ് (കഥ -ഗിരിജാവാര്യർ )

sponsored advertisements

sponsored advertisements

sponsored advertisements

3 May 2022

ഛിന്നഗ്രഹങ്ങളുടെ വരവ് (കഥ -ഗിരിജാവാര്യർ )

ഇനി ആരോടും വെറുപ്പുവേണ്ടാ. വിദ്വേഷം വയ്ക്കേണ്ടാ. ഉള്ള ദിവസങ്ങൾ സന്തോഷായിട്ടങ്ങനെ…

രാമഭദ്രൻ കണ്ണാടിയിൽ സ്വന്തം പ്രതിബിംബമൊന്നു നോക്കി. എണ്ണയില്ലാതെ പാറിപ്പറന്നുകിടന്ന മുടിയെ ബ്രിൽക്രീം തേച്ചൊതുക്കി. ഇത്തിരി പൗഡർ കൈവെള്ളയിൽ കുടഞ്ഞിട്ടു, അതും മുഖത്തു തേച്ചുപിടിപ്പിച്ചു. ടീപ്പോയിൽ കിടക്കുന്ന ന്യൂസ്പേപ്പറിൽ അലസമായൊന്നു കണ്ണോടിച്ചു. ഓ!ഇല്ലെങ്കിൽ, ഇനിയെന്തിനു ന്യൂസ്? പേപ്പർ ചുരുട്ടി തൽസ്ഥാനത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ ചായ മൊത്തിക്കുടിക്കാൻ തുടങ്ങി.ഉമയപ്പോഴും അടുക്കളയിൽ പാത്രങ്ങളോടു കലഹിക്കുകയാണ്.
ദോശയിൽ കിനിയുന്ന നറുനെയ്യിന്റെ മണം ഹാളിൽ പടർന്നപ്പോൾ അയാൾ വിളിച്ചു.

“ഉമേ..”
“എന്തേ, വിളിച്ചോ? ”
“നീയിങ്ങു വാ ”
“ദേപ്പൊ നന്നായേ… ദോശ കരിയില്ലേ? നിങ്ങളിങ്ങു അടുക്കളയിലോട്ടു വാ ”
“ആ സ്റ്റൗവ് ഓഫാക്കി നീയിങ്ങു വാ ഉമേ ”
അയാൾ വീണ്ടും വിളിച്ചു. അടുക്കളയിൽ ഉമയുടെ പിറുപിറുപ്പ്.
രണ്ടുനിമിഷത്തിനുള്ളിൽ കിച്ചൺ ടവ്വൽകൊണ്ടു മുഖമമർത്തിത്തുടച്ച് അവൾ ഹാജരായി.

“നിങ്ങളെന്താന്ന്വച്ചാൽ പറയ്.. അടുക്കളയിൽ നൂറുകൂട്ടം പണി കെടക്കുണൂ.. രാവിലേ മനുഷ്യനെ നേരം ചുറ്റിക്കാൻ…”

“നീയിവിടെ വന്നിരിക്ക്. ദോശയൊക്കെ നമുക്ക് പിന്നെച്ചുടാം ”

അവൾ അത്ഭുതത്തോടെ രാമഭദ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“ഇങ്ങേർക്കിതെന്തു പറ്റി? കൊച്ചുവെളുപ്പാൻകാലത്ത് കിന്നരിക്കാൻ..”

“നീയിവിടെ വന്നിരിക്ക്. എനിക്കൊരു കാര്യം പറയാനുണ്ട് ”

അവളുടെ മുഖത്ത് അത്ഭുതംമാറി പരിഭ്രമം നിഴലുവീഴ്ത്താൻ തുടങ്ങിയിരിക്കുന്നു.

“എന്തേ..? സത്യം പറ.. നിങ്ങൾക്കു വല്ല വയ്യായയും..?”

“ഹേയ്.. ഒന്നൂംല്ല്യാ.. ഐ ആം പെർഫെക്ട്ലി ഓക്കേ”
രാമഭദ്രൻ കുലുങ്ങിച്ചിരിച്ചു.
“ഞാൻ വിളിച്ചത്, ഒരു കാര്യം പറയാനാ. നമുക്കു പിള്ളേരോട് ഒന്നിവിടം വരെ വരാൻ പറയണം ”

“എന്തിന് ”

അവളുടെ ശബ്ദത്തിന് ഇടർച്ചയുണ്ടോ? പാവം ശരിക്കും പരിഭ്രമിച്ചുപോയിട്ടുണ്ടാവും.

“അവരെല്ലാം ഈ ന്യൂ ഇയറിനുമുമ്പേ വന്നു പോയല്ലേഉള്ളൂ? പിന്നെന്തേ ഇപ്പൊ ഇങ്ങനെ തോന്നാൻ.. ശരിക്കും പറയു..എന്താ വയ്യായ? നമുക്കൊന്ന് ഡോക്ടറെ കാണാം ”

ഉമയുടെ ശബ്ദം നേർത്തുപോയി. അവളുടെ വിഹ്വലമായ മിഴികൾ രാമഭദ്രന്റെ മുഖത്ത് സശ്രദ്ധം പരതുന്നു.
മോള് പുറത്താണ്. ഫ്ലൈറ്റ് ചാർജൊക്കെ ഹൈക് ആയ സമയം. മരുമോൻ പുതിയ ജോലിയിൽ പ്രവേശിച്ചിട്ടേയുള്ളൂ.ലീവ് കിട്ടാൻ വിഷമം. കൊച്ചുമോന്റെ സ്കൂളും തുടങ്ങി. മോൻ ബംഗലൂരു ആയതുകൊണ്ടു ഓടിയെത്താൻ പറ്റുമായിരിക്കും. പക്ഷേ, എന്തിന്? ഇപ്പോൾ അവരെയൊക്കെ തിരക്കിട്ടു വിളിക്കേണ്ട ആവശ്യം..

“നീ പരിഭമിക്കേണ്ട ഉമേ.. എനിക്കൊന്നൂല്ല്യാ ന്ന്‌ പറഞ്ഞില്ലേ? ന്റെ കുട്ട്യോളെ ഒന്നു കാണാൻ തോന്നി. അതിലെന്താ കുഴപ്പം? ഒരച്ഛന് സ്വന്തം മക്കളെക്കാണാൻ ആഗ്രഹിച്ചുകൂടെ? ശരി.. വേണ്ടെങ്കിൽ പറയേണ്ടാ.
പിന്നെ,നമുക്കിന്നൊന്നു പുറത്തുപോവാം. ടൗൺ വരെ. ഇന്നിനി കുക്കിംഗ്‌ വേണ്ടാ. പുറത്തുനിന്നാവാം എല്ലാം ”

“ദ് ഒക്കെ നേരത്തെ അറിഞ്ഞെങ്കിൽ.. ദോശക്കല്ലിൽ മാവൊഴിച്ചു, ചമ്മന്തിയും അരച്ചുവച്ചു. ഇനീപ്പോ ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞുമതി.”

“ഓക്കേ.. നിന്റെ ഇഷ്ടംപോലെ ”

ഉമ സന്തോഷത്തോടെ അടുക്കളയിലേയ്ക്കു വലിഞ്ഞു.
എന്നാലും ഇങ്ങേർക്ക് ഇതെന്തുപറ്റി? ഒന്നു പുറത്തുപോവാൻ മോഹം പറയുമ്പോഴൊക്കെ ചന്ദ്രഹാസമെടുക്കുന്ന ആളാ.ഇതിപ്പോൾ ഇങ്ങോട്ടു പറയുന്നു, പോകാമെന്ന്. എന്തോ ആവട്ടേ. മനസ്സിൽ ലഡ്ഡു പൊട്ടേണ്ട പ്രായമൊന്നുമല്ലെങ്കിലും ഉമയാകെ ഉന്മേഷവതിയായി. ഉള്ളിലെ ദു:ശങ്കകളെ മാറ്റിവച്ച് അവൾ ദോശക്കല്ലിലേയ്ക്ക് മാവുകോരിയൊഴിച്ചു, ഒരു മൂളിപ്പാട്ടോടെ.

ചുട്ടെടുത്ത മുളകും ഉള്ളിയും വെളിച്ചെണ്ണയിലലിയുന്ന മണം രാമഭദ്രന് ഏറെയിഷ്ടം. എന്നാൽ അന്നെന്തോ, ദോശ ചമ്മന്തിയിലൊപ്പി കഴിക്കുമ്പോഴും അയാളുടെ മനസ്സ് അവിടെയൊന്നുമായിരുന്നില്ലെന്ന്‌ ഉമയ്ക്കുതോന്നി.രണ്ടുദോശ കഴിച്ചു രാമഭദ്രൻ നിറുത്തിയപ്പോൾ അവൾ നിർബന്ധിച്ചു.

“സാമ്പാറുകൂട്ടി കഴിക്കാനൊന്നു കൂടി.. ”

“വേണ്ടുമേ.. വയറ് നിറഞ്ഞു ”

രാമഭദ്രൻ കൈ കുടഞ്ഞ് എഴുന്നേറ്റു.

“വിശപ്പില്ലാത്തതുകൊണ്ടാവും ”
അപ്പോഴും മനസ്സിലെ ദുശ്ചിന്തകളെ കുടഞ്ഞെറിഞ്ഞ് ഉമ സ്വയം സമാധാനിപ്പിച്ചു.
ഒന്നു പുറത്തുപോകാൻ കാത്തിരുന്നുകിട്ടിയൊരവസരം. ഇതു സന്തോഷിക്കാനുള്ളതാണ്. അദ്ദേഹത്തിന് കാര്യമായ ഒരു പ്രശ്നങ്ങളും ഉള്ളതായി തോന്നിയതുമില്ല. വേഗത്തിൽ, അടുക്കളയൊതുക്കിവച്ച് അവൾ ബെഡ്റൂമിലെത്തി അലമാര തുറന്നു.

“ഇന്ന്‌ ചുരിദാർ വേണ്ട ഉമേ.. ആ പ്ലയ്ൻ പച്ചസാരിയില്ലേ? അരികിൽ മാമ്പഴമഞ്ഞ ബോർഡർ ഉള്ളത്. അതുടുത്താൽ മതി.”

കാതുകളെ വിശ്വസിക്കാനാവുന്നില്ലല്ലോ!ഇന്നു കാക്ക മലർന്നു പറക്കും. ഏതു പുതിയ ഡ്രസ്സിട്ടു കാണിച്ചാലും ഒന്നു തിരിഞ്ഞുപോലും നോക്കാത്ത പുള്ളിയാണ്! എന്നിട്ടുവേണ്ടേ അഭിപ്രായം പറയാൻ? ഇന്നിതെന്തു പറ്റി? പുതുവർഷത്തിൽ കാത്തിരിക്കുന്നത് ഇത്തരം സന്തോഷങ്ങളാണോ ഭാഗവാനേ!
അല്ലെങ്കിലും,ഞങ്ങൾ,ഭാര്യമാർക്ക് സന്തോഷിക്കാൻ ഒരു വാക്കോ നോക്കോ മതി. കൂടെ ഒരൗട്ടിങ്!ഒരു ചുടുകാപ്പിയും, മസാലദോശയും, അല്ലെങ്കിലൊരു ഡ്രസ്സ്‌.. ഇത്രയൊക്കെ മതി തൃപ്തിയാവാൻ. എന്നിട്ടും ഈ ആണുങ്ങൾ എന്തേ മടിക്കുന്നു?

പോട്ടേ.. കഴിഞ്ഞതിനെപ്പറ്റിയോർത്തു എന്തിനു വേവലാതിപ്പെടണം?ആകസ്മികമായി വീണുകിട്ടുന്ന ഇടവേളകൾ ആസ്വാദ്യമാക്കുന്നവരാണ് മിടുക്കികൾ!

തത്തപ്പച്ച നിറത്തിലുള്ള ആ സാരി ഉമയ്ക്കും ഏറെയിഷ്ടമാണ്. സാരി ഉടുക്കാൻ തുടങ്ങുമ്പോഴേക്കും രാമഭദ്രൻ അവൾക്കു മുഖം കൊടുക്കാതെ സിറ്റ് ഔട്ടിലേക്കു നീങ്ങിക്കഴിഞ്ഞിരുന്നു.

സമയമെടുത്തുതന്നെ ഒരുങ്ങി. പുറത്തുവരുമ്പോഴും രാമഭദ്രൻ അതേയിരിപ്പാണ്. മുണ്ടു മാറ്റിയിട്ടുപോലുമില്ല.

“അല്ലേ.. ഇതെന്തൊരിരിപ്പാണ്? പോകുന്നെന്ന് പറഞ്ഞിട്ട്…”
ഉമയ്ക്കാശ്ചര്യം തോന്നി.സാധാരണ,ഒരുങ്ങുന്നനേരംമുഴുവൻ പിറുപിറുത്തുകൊണ്ടിരിക്കുന്ന മനുഷ്യനാണ്.

“എന്റുമേ.. ഒന്നു വേഗാവട്ടേ. നെറ്റിപ്പട്ടം കെട്ടി ചമഞ്ഞുപോവാൻ ദ് ഉത്സവോ, പൂരോ ന്നും അല്ലല്ലോ..”
എന്ന സ്ഥിരം ചോദ്യം ഇന്നുണ്ടായില്ല. ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തോ വ്യത്യാസമുണ്ട്.

“അതേയ്.. നിങ്ങളിതെവിട്യാ? ഞാൻ ചോദിയ്ക്കണതൊന്നും
കേൾക്ക്ണില്ല്യേ? ഇന്നു പോകുന്നുണ്ടോ ന്ന്‌?”

രാമഭദ്രൻ ചിന്തയിൽ നിന്നുണർന്നു. ഇന്നലെ കണ്ട വീഡിയോദൃശ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു മുഴുവൻ. ഭൂമിയിൽ മനുഷ്യായുസ്സ് ഇനിയേതാണ്ട് പത്തുവർഷം മാത്രം!ജ്യോതിഷികൾ പറഞ്ഞതല്ല. ശാസ്ത്രജ്ഞർ ലോകത്തിനു മുന്നറിയിപ്പ് കൊടുത്തതാണ്. ഏതു നിമിഷവും ഒരു ഛിന്നഗ്രഹാക്രമണമുണ്ടായേക്കാം. വോൾകാനോ ഇറപ്ഷനും റേഡിയേഷനും ഒപ്പം വന്നേക്കാം. ഇനിയധികം കാലമില്ല ഈ ഭൂമി. ഏറിയാൽ പത്തേ പത്തുവർഷം.

“ദേ.. എനിക്കു ദേഷ്യം വരണ് ണ്ട് ട്ടോ. ഞാനെന്തിനാ കെട്ടിയൊരുങ്ങി പുറപ്പെട്ടേ? നമ്മൾ പോകുന്നുണ്ടോ, ഇല്ലയോ?”

രാമഭദ്രൻ പിടഞ്ഞെണീറ്റു.
“പിന്നെ പോവാതെ? ദേ ഇപ്പൊ വരാം.. അഞ്ചേ അഞ്ചു മിനിറ്റ് ”
അയാൾ പെട്ടെന്നു റെഡിയായി.

“കല്യാണിൽ നീയൊരു നെക്ലെസ് നോക്കിവച്ചിരുന്നില്ലേ? നമുക്കിന്നു അവിടംവരെയൊന്നു പോയാലോ?”
ഉമ വാ പൊളിച്ചുപോയി. ചേച്ചിയുടെ മകൾക്കു വളയെടുക്കാൻ പോയപ്പോൾ കണ്ട ഒരെണ്ണം. അധികം വെയ്റ്റില്ലാത്ത സിമ്പിൾ ആയ ആ മാലയിൽ ആദ്യമേ കണ്ണുടക്കി. കൊലുസു മണികൾ പോലെ അവിടവിടെ ഞാന്നുകിടക്കുന്ന മുത്തുകൾ.. അന്നു മോഹം പറഞ്ഞപ്പോൾ കണ്ണുരുട്ടിക്കാണിച്ചു. ഇന്നിതാ ചോദിക്കാതെത്തന്നെ..

പൂത്തുലഞ്ഞ മനസ്സുമായാണ് ഉമ ജ്വല്ലറിയിൽനിന്നുമിറങ്ങിയത്. പ്രിയദർശിനിയിൽ നിന്നൊരു ഫിലിം. വാടികയിലൂടെ ഒരു ഷോർട് വോക്. ഇന്ദ്രപ്രസ്ഥയിൽ നിന്നുഭക്ഷണം. എല്ലാം കഴിഞ്ഞു തിരിച്ചെത്തിയതും ഉമ ബാത്റൂമിലേക്ക്‌ കയറി.

“ഒമിക്രോണും ഡൽട്ടയും പകരണ കാലാ. ഇന്നു പകലുമുഴുവനും പുറത്തായിരുന്നില്ലേ?”

അയാളതു കേട്ടില്ല. ഷവറിലെ തണുത്ത ജലബിന്ദുക്കൾ ഉമയുടെ നഗ്നമേനിയെ പുണരുമ്പോൾ അയാളുടെ ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹങ്ങൾ പാഞ്ഞുവരികയായിരുന്നു.

ഗിരിജാവാര്യർ
പാലക്കാട്