ഇന്ദു.പി.കെ
“രശ്മി, സോഡിയത്തിൻ്റെ പ്രതീകം എന്താണ്?”
അപ്രതീക്ഷിതമായ കെമിസ്ട്രി ടീച്ചറുടെ ചോദ്യം രശ്മിയെ, ദിവാസ്വപ്നത്തിൽ നിന്നും ഉണർത്തി…
അവൾ പെട്ടെന്നുള്ള ആ ചോദ്യത്തിന് ഉത്തരം പറയാനാവാതെ എഴുന്നേറ്റ് നിന്നു…
“ഇത്രയും ലളിതമായ ചോദ്യത്തിനുള്ള ഉത്തരം തനിക്കറിയില്ലേ?”
“ഉത്തരം അറിയാത്തവർ പരീക്ഷയിൽ തോൽക്കും…”
ടീച്ചർ പറഞ്ഞു…
“Na”, ആരോ പുറകിൽ നിന്നും പറഞ്ഞു തന്ന ഉത്തരം, പെട്ടെന്ന് അവൾ ഏറ്റു പറഞ്ഞു…
“ഇരുന്നോളൂ…”
അവൾ തല താഴ്ത്തി ഇരുന്നു…
പിന്നീട്, കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ, രശ്മിയുടെ കൂട്ടുകാരി അവളോട് ചോദിച്ചു…
“എന്തുകൊണ്ട് നീ അവനെ ഇഷ്ടപ്പെട്ടു?”
അവളിൽ നിന്നും നിഷ്കളങ്കമായ മറുപടി വന്നു…
“ആവോ, എനിക്കറിയില്ല…”
അവളുടെ കൂട്ടുകാരി പറഞ്ഞു….
“ഈ ഉത്തരം എനിക്ക് ഇഷ്ടപ്പെട്ടു, ട്ടോ…”
ഒരു ദിവസം ചിന്നുക്കുട്ടി അവളോടൊപ്പം ഊഞ്ഞാലിൽ ഇരുന്ന് ആടുകയായിരുന്നു…
“ചിറ്റേ, ഈ ഊഞ്ഞാലിനുള്ളിൽ എന്താ?”
“അയ്യോ, ചിറ്റക്ക് അറിയില്ല…”
“അങ്ങനെയുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം പറഞ്ഞൊന്നും ചിറ്റക്ക് ശീലമില്ല, ട്ടോ, ചിന്നുക്കുട്ടീ …”
ഈ ഉത്തരം അറിയാത്ത ചോദ്യങ്ങളാണ് ഒരു വ്യക്തിയെ പരാജയത്തിലേക്ക് നയിക്കുന്നത് എന്ന്, അവൾ സാവധാനം മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു…
അങ്ങനെ ജീവിതമെന്ന പരീക്ഷയിൽ, അവൾ പരാജയങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു…
എപ്പോഴോ, പുസ്തകങ്ങൾ അവളുടെ ചങ്ങാതിമാർ ആയിത്തീർന്നു …
വായന, അവളെ പുതിയ ഏതൊക്കെയോ അർത്ഥതലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു വന്നിരുന്നു…
വായിച്ചിരുന്ന പുസ്തകങ്ങളിലെ കുറെയേറെ കാര്യങ്ങൾ, സ്വന്തം ജീവിതത്തിലേക്ക് പകർത്താനും അവൾക്ക് കഴിഞ്ഞിരുന്നു…
അവൾ റൂമിയുടെ വാചകങ്ങൾ ഓർത്തെടുത്തു…
“നിങ്ങളുടെ പതനത്തിലാണ് നിങ്ങൾക്ക് ചിറകുകൾ ലഭിക്കുക…”
ആ വാചകങ്ങൾ അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി…
അവൾക്ക്, പതിയെ പതിയെ ചിറകുകൾ മുളക്കാൻ തുടങ്ങിയിരുന്നു…
അവൾ, തൻ്റെ കുഞ്ഞു ചിറകുകളെ കോതി മിനുക്കി ഒതുക്കി…
ഒരു പ്രഭാതത്തിൽ, അവൾ ചിറകുകൾ കുടഞ്ഞ്, ആകാശത്തിലേക്ക് പറന്നുയർന്നു ,
അനന്തവിഹായസ്സിലെ, ആകാശനീലിമ ആസ്വദിച്ചു കൊണ്ട്…
അത് അവളുടെ “ഉത്തരങ്ങൾ തേടിയുള്ള യാത്ര”യ്ക്കുള്ള തുടക്കമായിരുന്നു…
മറ്റുള്ളവർ തന്നെ ചോദ്യം ചെയ്യാൻ അനുവദിക്കാതെ, അവൾ സ്വയം ചോദിച്ചു തുടങ്ങി…
തന്നോട് തന്നെയുള്ള സംവാദം…
പിന്നീടുള്ള എല്ലാ ചോദ്യോത്തര വേളയിലും, അവൾക്ക് വ്യക്തമായ ഉത്തരങ്ങൾ തന്നെ ഉണ്ടായിരുന്നു…
