മാറ്റമ്മ(കഥ -ജയശ്രീ പ്രദീപ് )

sponsored advertisements

sponsored advertisements

sponsored advertisements

2 March 2023

മാറ്റമ്മ(കഥ -ജയശ്രീ പ്രദീപ് )

ജയശ്രീ പ്രദീപ്

“മോളേ..താഴെ ആ കുട്ടി വന്ന് കാത്തിരിക്കുന്നു.”
ഉദയസൂര്യന്റെ പൊൻകിരണങ്ങൾ ,സ്വർണ്ണപരവതാനി തീർത്ത കായൽപരപ്പിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന അവൾ ഗംഗാമ്മയുടെ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി.ബാൽക്കണിയിലെ കർട്ടൻ നീക്കി, അവളെ നോക്കി ഗംഗാമ്മ ആവർത്തിച്ചു.
“താഴെ റീസെപ്ഷനിൽ നിന്നും വിളിച്ചിരുന്നു, ആ കുട്ടി…”
അവരത് മുഴുവനാക്കും മുൻപേ തന്നെ അവൾ പറഞ്ഞു.
“മുകളിലേക്ക് വരാൻ പറയൂ. ഞാൻ റെഡി ആണ്. 8 മണി അല്ലേ സമയം പറഞ്ഞത്..5 മിനിറ്റ് കൂടി ഉണ്ട്. വന്നോട്ടെ”
മറുപടിയായി തലയാട്ടിക്കൊണ്ട് ഗംഗാമ്മ തിരിച്ചുപോയി.
അവൾ ബാൽക്കണിയിൽ നിന്നും എഴുന്നേറ്റ് റൂമിനകത്തേക്ക് നടന്നു. കണ്ണാടിക്ക് മുൻപിൽ ഒരു നിമിഷം നിന്ന്,മുഖത്തേക്ക് അലസമായി വീണ് കിടന്നിരുന്ന നനവുള്ള മുടിയിഴകൾ വിരലുകൾകൊണ്ട് പതുക്കെ കോതി ഒതുക്കി. സിന്ദൂരച്ചെപ്പിൽ മോതിരവിരൽ അമർത്തി നെറ്റിയിലേക്ക് അത് പകർത്തി. അളന്ന് വരച്ചപോലൊരു വട്ടം തീർത്താണ് ആ വിരൽ നെറ്റിയിൽ നിന്നും മാറിയത്. കണ്ണിൽ പരത്തി എഴുതിയ മഷിക്കും,നെറ്റിയിലെ സിന്ദൂരപ്പൊട്ടിനും ആ മുഖത്ത് പ്രത്യേകിച്ച് മാറ്റ് കൂട്ടാനൊന്നും ഉണ്ടായിരുന്നില്ല.
പിൻ ചെയ്യാതെ അശ്രദ്ധമായി ചുറ്റിയിരുന്ന ഹാൻഡ്‌ലൂം സാരി കൈകൊണ്ട് ഒതുക്കി അവൾ ഹാളിലേക്ക് നടന്നു.
താൻ പകുതി വായിച്ച് മടക്കി വച്ച ഒരു പുസ്തകം കയ്യിൽ പിടിച്ച്, റീഡിങ്ങ് ടേബിളിന് മുൻപിൽ പുറം തിരിഞ്ഞ് നിൽക്കുന്ന ആ പെണ്കുട്ടിയോട് അവൾ ചോദിച്ചു..
“വായിച്ചിട്ടുണ്ടോ ആ പുസ്തകം..? അതാണ് ‘സ്റ്റോളെൻ മദർഹുഡ്’,റിട്ടൻ ബൈ മരിയ ഡി കോണിങ്ക്.”
അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന അങ്കലാപ്പിൽ ആ കുട്ടി പെട്ടന്ന് അവൾക്ക് അഭിമുഖമായി നിന്നു.
“ഹലോ ഛായാ മാഡം, സോറി.. ഞാൻ അനുവാദമില്ലാതെ പുസ്തകം എടുത്തു.”
“നെവർ മൈൻഡ്.കുട്ടിയെപ്പോലുള്ളവർ വായിക്കേണ്ട പുസ്തകം ആണ്. റിസർച്ചിന് വേണ്ടിയാണ് ഈ കൂടിക്കാഴ്ച്ച എന്നല്ലേ പറഞ്ഞത്?”
“മ്.. അതേ..”
“അതാണ് പറഞ്ഞത്, ഇതൊക്കെ വായിച്ചിരിക്കണം. ഇങ്ങനെയുള്ള വിഷയങ്ങളിൽ ഒരുപാട് ഗവേഷണങ്ങൾ നടത്തിയ ആളാണ് ഇതിന്റെ ഓതർ. ഞാനിത് പലതവണ വായിച്ചതാണ്.ഓരോ പ്രാവശ്യം വായിക്കുമ്പോഴും, ആദ്യമായി വായിക്കുന്ന പ്രതീതി ആണ്.കുട്ടി അന്നെന്നോട് പേര് പറഞ്ഞിരുന്നു.. പക്ഷേ ഞാൻ മറന്നു.”
ഇരിക്കാൻ ആംഗ്യം കാണിച്ച് കൊണ്ട് അവർ തുടർന്നു.
“ബിറ്റ്വീൻ..എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട.പേര് വിളിച്ചോളൂ..”
മറുപടി ഒരു ചിരിയിൽ ഒതുക്കി പെണ്കുട്ടി സംസാരിച്ചു തുടങ്ങി.
“ഞാൻ ദിയ. മിസ്.ഛായ പറഞ്ഞ പോലെ റിസർച്ചിനോട് അനുബന്ധിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്നും അറിയാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ കുറേ ദിവസങ്ങളായി ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചക്ക് വേണ്ടി ശ്രമിച്ചത്. അപ്പോഴാണ് എല്ലാ വർഷവും അവസാനം കുറച്ച് ദിവസങ്ങൾ നിങ്ങൾ ഡൽഹിയിൽ നിന്നും നാട്ടിൽ എത്താറുണ്ടെന്ന് അറിഞ്ഞത്. എപ്പോൾ വരുമ്പോഴും ഈ റിസോർട്ടിൽ ആയിരിക്കും താമസം എന്നും അറിഞ്ഞു.അങ്ങിനെയാണ് ഞാൻ ഇവിടെ എത്തിയത്.”
“മിടുക്കിയാണല്ലോ.. ഒരുപാട് ഹോം വർക്ക് നടത്തി അല്ലേ? നല്ലത്.ഇനി ചോദിച്ചോളൂ.. എന്താണറിയേണ്ടത്?”
“മിസ്സ്. ഛായാ പാട്ടീലിന്റെ ജീവിതം..കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ ദ് ലൈഫ് ഓഫ് ദ സറൊഗേറ്റ് മദർ ഇൻ യൂ.”
സോഫയിലേക്ക് ഒന്ന് ചാഞ്ഞിരുന്ന്, ഛായ ചിരിച്ചു.ചുണ്ടിൽ വിടർന്ന ആ ചിരി അവരുടെ മഷി പുരണ്ട കണ്ണുകളിലൂടെ ദിയയുടെ നേർക്ക് ഒരു അസ്ത്രം പോലെ ചെന്നു.
“ഇവിടെ വരുന്നതിന് മുൻപ് കുട്ടി എന്നെപ്പറ്റി ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ അല്ലേ..?
ഈ നാട്ടിൽ തായ് വേരുകൾ ഉള്ള ഒരു അനാഥ ആണ് ഞാൻ. ജനിച്ച് ഉപേക്ഷിക്കപ്പെട്ട മൂന്നാം മാസത്തിൽ തന്നെ ഗുജറാത്തിലേക്ക് ഒരു പാതി മലയാളി കുടുംബത്തിൽ ദത്തുപുത്രിയായി പോകേണ്ടി വന്ന ഒരുവൾ. അച്ഛനെന്നും, അമ്മയെന്നും ഞാൻ വിളിച്ചവർ, വൈകിയാണെങ്കിലും സ്വന്തമായി ഒരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ, വളരെ എളുപ്പം എന്നെ മറന്നു തുടങ്ങി. വളർത്തുപുത്രിക്കുള്ള സ്ഥാനം പോലും എനിക്ക് നിഷേധിക്കപ്പെട്ടു. കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് അവരോട് ഉറപ്പ് പറഞ്ഞ വൈദ്യശാസ്ത്രം ഒരു തരത്തിൽ എന്നെ ജീവിതത്തിൽ ഒരു കോമാളിയാക്കി.പിന്നീട് നിഷേധിക്കപ്പെട്ട സ്നേഹവും,കരുതലും പ്രണയത്തിന്റെ മുഖം മൂടി അണിഞ്ഞ് എന്നെ തേടി എത്തി. അയാൾ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമാണെന്ന് അറിഞ്ഞപ്പോഴേക്കും,അയാളുടെ സമ്മാനം ജീവന്റെ തുടിപ്പായി എന്റെ ഗർഭപാത്രത്തിൽ വളർന്നു തുടങ്ങിയിരുന്നു. നശിപ്പിക്കാൻ പലയാവർത്തി ആവശ്യപ്പെട്ടിട്ടും, സമ്മതിക്കാത്ത എന്നെ ഇല്ലാതാക്കാൻ വരെ ശ്രമം നടന്നു.മുളയിലേ നുള്ളിക്കളഞ്ഞാൽ തീരുമല്ലോ എന്ന് കരുതിക്കാണും. വിട്ടുകൊടുത്തില്ല ഞാൻ. രക്ഷപ്പെട്ടു,അവിടെനിന്നും.”
പക്ഷേ വിരിയും മുൻപേ കൊഴിഞ്ഞുപോകാനായിരുന്നു എന്റെ കുഞ്ഞിന്റെ വിധി.. എന്തിനിനി മുന്നോട്ട് എന്ന ചോദ്യം മാത്രം ബാക്കിയായ ദിവസങ്ങൾ. എവിടെയോ ഒരു ഉൾവിളി തോന്നി എനിക്ക്. ഇനിയും എന്തൊക്കെയോ ഇവിടെ ചെയ്തു തീർക്കാനുണ്ടെന്നും, ജീവിച്ചിരുന്നു എന്നതിന് ഒരടയാളം പതിപ്പിക്കാതെ മടങ്ങരുത് എന്നും, ആരോ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന പോലെ…”
ഛായ ഒന്ന് നിർത്തി എന്തോ ആലോചിച്ചു.
പെട്ടന്നാണ് ദിയയിൽ നിന്നും ആ ചോദ്യം ഉയർന്നത്.
“അതിനുള്ള മറുപടി ആയിരുന്നോ ഈ വഴി..?”
ചോദ്യം അനവസരത്തിൽ ആയെന്ന് അവൾക്ക് തന്നെ തോന്നി.തന്നെ കടുപ്പിച്ച് നോക്കുന്ന ഛായയെ കണ്ടപ്പോൾ അവൾ ഉറപ്പിച്ചു..തന്റെ ചോദ്യം അവരെ മുഷിപ്പിച്ചിരിക്കുന്നു. തിരുത്താൻ ഒരു ശ്രമം എന്ന പോലെ ദിയ വീണ്ടും പറഞ്ഞു.
“ഞാൻ ഉദ്ദേശിച്ചത്.., ഇത്ര ധൈര്യത്തോടെ നിങ്ങൾ ഈ വഴി തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം..?”
“മ്..ദിയ വിചാരിക്കുന്ന പോലെ അത്ര എളുപ്പമുള്ള ഒരു പണിയല്ലിത്. മാനസികമായും, ശാരീരികമായും ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവരും ഒരു സറൊഗേറ്റ് മദറിന്.പിന്നെ,ഞാൻ ഈ വഴി തിരഞ്ഞെടുത്തത്.., അത് എന്റെ വാശി ആയിരുന്നു. ചെറിയ പ്രായം മുതൽ അനുഭവിച്ച് കൊണ്ടിരുന്ന ഒറ്റപ്പെടലിന്റെ വേദന,തലോലിച്ച്‌ തുടങ്ങും മുൻപ് എന്നിൽ നിന്നും അടർത്തിയെടുക്കപ്പെട്ട എന്റെ കുഞ്ഞിന്റെ മുഖം, അവഗണനയെക്കാളും നല്ലത് അനാഥത്വം തന്നെ എന്ന് തിരിച്ചറിവ്, ഇതെല്ലാം ചേർന്ന് എന്റെ മനസ്സിൽ പാകിയ വാശിയുടെ വിത്ത്!”
അങ്ങിനെയാണ് എന്റെ ഒരു സുഹൃത്ത് വഴി അവരുടെ ഒരു ബന്ധുവിനും, ഭാര്യയ്ക്കും വേണ്ടി ഞാനെന്റെ ഗർഭപാത്രം ആദ്യമായി വാടകക്ക് നൽകിയത്. സാധാരണ. രീതിയിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത അവർക്ക് വേണ്ടി അന്ന് ഞാൻ അമ്മയായി. കുഞ്ഞിന് മുകളിൽ യാതൊരു അവകാശവാദവും ഉന്നയിക്കാൻ പറ്റാത്ത അമ്മ..!”
“ഇമോഷണലി കുഞ്ഞിനോട് ഒരു അടുപ്പവും കാണിക്കാതിരിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു മിസ്. ഛായ ? ”
“മുഴുവൻ കരുതലും കൊടുത്ത്,തന്റെ ചൂടിൽ വിരിഞ്ഞ് വന്ന കുഞ്ഞ് തന്റേതല്ലെന്നറിയുമ്പോൾ കൊത്തിയോടിക്കുന്ന കാക്കമ്മയെ പറ്റി കേട്ടിട്ടില്ലേ..? അവകാശി മറ്റൊരാളാണ് എന്ന പൂർണ ബോധ്യത്തിലല്ലേ അത് അങ്ങനെ ചെയ്യുന്നത്..? അത് പോലെ.., ഞാൻ എന്തിന് അതിന് പുറകെ പോകണം?. ചുമതലപ്പെടുത്തിയ ഒരു ജോലി, അത് ഞാൻ വൃത്തിയായി ചെയ്തു കൊടുക്കുന്നു. അതിൽ കൂടുതൽ ആയി ഒരടുപ്പവും, കുഞ്ഞിനോടോ,കുടുംബത്തോടോ എനിക്കുണ്ടാവുന്നില്ല. അതാണ് ഞാൻ നേരത്തെ പറഞ്ഞത്. മാനസികമായി ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ട ഒരു പ്രോസസ്സ് ആണ് സറൊഗസി. ഞാനിത് ഇത്ര ലാഘവത്തോടെ പറയുന്നതിൽ ദി യയ്ക്ക് അത്ഭുതം തോന്നുന്നില്ലേ..?”
അവൾ പതുക്കെ തലയാട്ടിക്കൊണ്ട് പറഞ്ഞു. “അത് മാത്രമല്ല, സ്വന്തം ഗർഭപാത്രത്തിൽ സംരക്ഷിച്ച് ജന്മം നൽകി കൈമാറ്റം ചെയ്യപ്പെട്ട മൂന്ന് കുഞ്ഞുങ്ങളെയും കുറിച്ച് പിന്നീട് അറിയാൻ താങ്കൾ ശ്രമിച്ചതേ ഇല്ല എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു.”
ഛായ ചിരിച്ചുകൊണ്ട് എഴുന്നേറ്റു..
“ഒരു തിരുത്തുണ്ട് ദിയാ. മൂന്നല്ല, നാല് !.
എനിക്ക് ഒരു അഞ്ച് മിനിറ്റ് തരൂ. ഞാൻ ഇപ്പോൾ വരാം.”
പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അവർ മുറിയിലേക്ക് കയറി.
എത്ര ബോൾഡ് ആണ് അവർ. ചെയ്യുന്നതെന്തെന്ന് പരമബോധ്യം ഉള്ള ഒരു സ്ത്രീ. ദിയ ഓർത്തു. ഒരു തരത്തിൽ ‘സറൊഗേറ്റ് മദർ’ എന്ന ആ ഐഡന്റിറ്റി പോലും അവർ ആസ്വദിക്കുകയല്ലേ ചെയ്യുന്നത്..? ദിയയുടെ മനസ്സിൽ സംശയങ്ങളും,ചോദ്യങ്ങളും പിന്നെയും ഒരുപാട് വന്ന് കൊണ്ടിരുന്നു.
“യെസ്, ഐ ആം ബാക്ക്..”
ദിയയെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്നിൽ അവർ. ഛായാപാട്ടീൽ.തോളിൽ ചരിഞ്ഞു കിടന്ന് വിരൽ നുണയുന്ന ഒരു കുഞ്ഞും.വളരെ ശ്രദ്ധയോടെ അവർ ദിയയുടെ മുന്നിൽ സോഫയിൽ ഇരുന്നു.കുഞ്ഞിനെ മടിയിൽ കിടത്തി.
“പറയൂ..നമ്മൾ എവിടെയാണ് നിർത്തിയത്..? ”
ദിയ മറുപടി പറഞ്ഞു.”മൂന്നല്ല, നാല് കുഞ്ഞുങ്ങൾ..”
“അതേ.. ഇവളാണ്‌ നാലാമത്തെ ആൾ, അവസാനത്തെയും.’തമന്ന’..എന്റെ കുഞ്ഞ്.”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദവും, അഭിമാനവും ആ മുഖത്ത് പ്രകടമായിരുന്നു.
“ദിയയ്‌ക്ക്‌ മനസ്സിലായില്ലേ..? ഞാനാണ് ഇവളുടെ ബയോളജിക്കൽ മദർ. ഭൂമിയിൽ അവളുടെ ഒരേ ഒരു അവകാശി. ഇത്രയും നാൾ ഞാൻ അറിഞ്ഞു കൊണ്ട് പങ്കുവയ്ക്കപ്പെട്ട എന്റെ മാതൃത്വം, ഇന്ന് ഇവളിലൂടെ പൂർണതയിൽ എത്തിയിരിക്കുന്നു. സറോഗേറ്റ് മദർ ആവാൻ തീരുമാനം എടുത്ത ശേഷം ഞാൻ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും പെണ്മക്കളാണ് എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്..”
ദിയ എന്തോ പറയാനായി തുനിഞ്ഞു.പക്ഷേ വാക്കുകൾ തൊണ്ടയിൽ തന്നെ ഉടക്കി നിന്നു.
“ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ എന്നോട്..? സമയം ആയി.ഇന്ന് ഞങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു പോകുന്നു.
“ഇല്ല.., ഇപ്പോൾ ഇത്രയേ ഉള്ളൂ.പക്ഷേ,ഞാൻ ഒരിക്കൽ കൂടി കാണാൻ വരും.അതിന് എനിക്ക് അനുവാദം വേണം.”
ദിയ പറഞ്ഞു നിർത്തി.
“തീർച്ചയായും വരണം. ഞാൻ ഒരു പുസ്തകം എഴുതുന്നുണ്ട്.അവസാന ഘട്ടത്തിൽ ആണ്. “മാതൃത്വം പങ്കുവയ്ക്കപ്പെടുമ്പോൾ”. കുട്ടിയുടെ റി സർച്ചിന് പ്രയോജനപ്പെടുന്ന പലതും അതിൽ ഉണ്ടാകും.”
ഛായയോട് നന്ദി പറഞ്ഞ്, മടിയിൽ കിടന്നിരുന്ന കുഞ്ഞിന്റെ പൂ പോലുള്ള കവിളിൽ തലോടി ദിയ അവരോട് യാത്ര പറഞ്ഞിറങ്ങി.
അവളുടെ മനസ്സിൽ അപ്പോഴും ഛായ അവസാനം പറഞ്ഞ വാക്കുകൾ അലയടിച്ചു കൊണ്ടിരുന്നു.
…”ഞാൻ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും പെണ്മക്കളാണ് എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്.”…
“അതേ..തീർച്ചയായും..നിങ്ങൾക്ക് അഭിമാനിക്കാം, ഛായാ പാട്ടീൽ, ദ സറൊഗേറ്റ് മദർ!””
അത്രയും സമയം തൊണ്ടയിൽ കുരുങ്ങി നിന്ന ആ രണ്ടക്ഷരം ദിയ പതുക്കെ ഉരുവിട്ടു.
“‘അമ്മ..”
അതൊരു ഗദ്ഗദമായി, അവളിലേക്ക് തന്നെ അലിഞ്ഞു ചേർന്നു.

ജയശ്രീ പ്രദീപ്