BREAKING NEWS

Chicago
CHICAGO, US
4°C

കൊച്ചുതോമയുടെ കൊച്ചു സ്വർഗ്ഗം (കഥ -ജെൻസി ഷിബു )

sponsored advertisements

sponsored advertisements

sponsored advertisements

27 February 2022

കൊച്ചുതോമയുടെ കൊച്ചു സ്വർഗ്ഗം (കഥ -ജെൻസി ഷിബു )

കുടുംബം അതൊരു മഹാകാവ്യമാണ്. ശ്രുതി തെറ്റാതെ മീട്ടിയാൽ അതിൽപരം മഹത്തായ സൃഷ്ടി മറ്റൊന്നില്ല.

ഞാൻ മീട്ടിയ രാഗത്തിൽ അപശ്രുതി ഇല്ലാത്തതിനാൽ നാട്ടുക്കാരെന്നെ പെൺകോന്തൻ എന്ന് വിളിക്കിന്നു.

ഈ ‘ഞാൻ’ ആരാണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. ഞാൻ കൊച്ചുതോമ. എന്റെ അപ്പാപ്പന്റെയും പേര് തോമ. രണ്ടു തോമമാർ കുടുംബത്ത്‌ വന്നപ്പോൾ അപ്പാപ്പൻ വല്ല്യതോമയും  ഞാൻ കൊച്ചു തോമയും ആയി.

ഏതൊരു പുരുഷന്റേയും വിജയത്തിന് പുറകിൽ ഒരു സ്ത്രീ ഉണ്ടെന്നാണല്ലോ പറയുന്നത്. അതെ എന്റെ ജീവിത വിജയത്തിലും ആ സ്ത്രീ സാന്നിദ്ധ്യം  അനുഭവിച്ചിട്ടുണ്ട്.

ഗർഭാവസ്ഥയിൽ എന്നെ നശിപ്പിക്കാതെ പ്രസവശേഷം ഞെക്കികൊല്ലാതെ ഓരോ വളർച്ചയിലും എന്റെ വിജയത്തിനായി ജപമാല മണികൾ ഉരുവിട്ട എന്റെ അമ്മയാണ് ആദ്യത്തെ സ്ത്രീ. വിവാഹശേഷം എന്റെ ഉയർച്ചക്കായി അമ്മയോടൊപ്പം മുട്ടുകള്‍ മടക്കിയ എന്റെ ഭാര്യ രണ്ടാമത്തെ സ്ത്രീ.
എതൊരു പ്രതിസന്ധി ഘട്ടത്തിലും  അമ്മ പറയും “ സത്യം വെടിയരുത്. നിന്റെ സൃഷ്ടാവിനോട് ചേർന്ന് നിൽക്കുക. അവിടന്ന് നിന്നെ കാത്തുകൊള്ളും.”

വിവാഹശേഷം എന്നെ എന്റെ അമ്മയ്ക്ക് സമ്മാനിച്ച അപ്പൻ സൃഷ്ടാവിന്റടുത്തേയ്ക്ക് പെട്ടെന്ന് യാത്രയായി. അതുകൊണ്ടുതന്നെ എന്റെ വളർച്ചയിലെവിടെയും അപ്പന്റെ സാമീപ്യം അനുഭവിച്ചിട്ടില്ല. പകരം എന്നെ ഇന്നിന്റെ ഞാനാക്കാൻ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ഒരമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു.

ഏതൊരു മനുഷ്യനെയും പോലെ സ്വന്തമായൊരു വീട് അതെന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നസാക്ഷാൽക്കാരം പന്ത്രണ്ട് വര്‍ഷം മുൻപ് നിറവേറി. നാലുമുറികളുള്ള മനോഹരമായ ഭവനം. അതിലൊരു മുറി അമ്മയുടേതായിരുന്നു. “ഇഷ്ടമായോ അമ്മെ ?” എന്ന എന്റെ ചോദ്യത്തിന് ഒരു കഥയാണ് അമ്മ പറഞ്ഞത്.

ദാവീദ് രാജാവ് തന്നെത്തന്നെ മറന്ന് കർത്താവിന്റെ പേടകത്തിന് മുൻപിൽ നൃത്തം ചവിട്ടി. സ്വയം അപഹാസ്യപ്പെടുത്തികൊണ്ട് ദാസന്മാരുടെയും സ്ത്രീകളുടെയും മുൻപിൽ സ്വയം മറന്ന് തുള്ളിച്ചാടാൻ നാണമില്ലേ?
എന്ന് സാവൂളിന്റെ മകൾ മിഖ അവനോട് ചോദിച്ചു. അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു. “നിന്റെ പിതാവിനും കുടുംബത്തിനുംമേല്‍ കര്‍ത്താവിന്റെ ജനമായ ഇസ്രായേലിനു രാജാവായി നിയമിക്കുന്നതിനു എന്നെതിരഞ്ഞെടുത്ത കര്‍ത്താവിന്റെ മുന്‍പാകെയാണ്‌ ഞാന്‍ നൃത്തം ചെയ്‌തത്‌.” അതെ മോനെ വെറുമൊരു ആട്ടിടയനായ ദാവീദിനെ ഇസ്രയേലിന്റെ രാജാവാക്കിയത്  ദൈവനിശ്ചയം ആണ്‌.

സന്തോഷകരമായ ഞങ്ങളുടെ ഇമ്പമുള്ള കുടുംബജീവിതം അധികം നീണ്ടുനിന്നില്ല. പത്തുവർഷം മുൻപ് അമ്മയുടെ ബ്ലഡ് പ്രഷർ കൂടി. അമ്മയുടെ വലതുവശം ചെറുതായി ബലക്ഷയം പോലെ. പതിയെ കിടപ്പിലായ അമ്മയുടെ ഓർമ്മ കുറഞ്ഞുതുടങ്ങി.പ്രാഥമിക ആവശ്യങ്ങൾ പോലും കിടന്നകിടപ്പിൽ പോയി. യാതൊരു വിധത്തിലുള്ള അറപ്പോ വെറുപ്പോ പ്രകടിപ്പിക്കാതെ എന്റെ ഭാര്യ അമ്മയെ ശുശ്രൂഷിച്ചു.

ഒരു ദിവസം അമ്മയുടെ മുറിയിൽനിന്നും അസാധാരണമായ ശബ്ദം കേട്ടു. ഞാൻ ഓടിയെത്തിയപ്പോൾ കട്ടിലിൽ നിന്നും വീഴാൻ പോകുന്ന അമ്മയെയാണ് കണ്ടത്.

“ഇനി അമ്മയെ തനിച്ച് ഈ മുറിയിൽ കിടത്തുന്നത് ശരിയല്ല.”

എന്റെ മനസ്സ് എന്നോട്‌ പറഞ്ഞു. ഒരുപക്ഷെ ഞാനും എന്റെ ഭാര്യയും മനസ്സുകൊണ്ട് കുറച്ചു സമയത്തേക്ക് അകലുന്നതും ആ സംഭവത്തിന് ശേഷമായിരിക്കാം.

“ഇതെന്തിനാ ഈ കട്ടിൽ ഇങ്ങോട്ട് കൊണ്ടുവരുന്നത്?”

അമ്മയുടെ കട്ടിൽ ഞാനും മകളും കൂടെ നിരക്കി ഞങ്ങളുടെ മുറിയിലേയ്ക്ക് കൊണ്ടുവരുന്നതു കണ്ട ഭാര്യയാണ് ചോദിച്ചത്.

“അമ്മ ഇനി മുതൽ നമ്മുടെ റൂമിൽ കിടന്നാൽ മതി. അവിടെ തനിയെ കിടന്ന് രാത്രിയിൽ വീണാലോ?” ഞാൻ പറയുന്നത് കേൾക്കാൻ അവൾ തയ്യാറായില്ല.

“എന്റെ ചേട്ട, രാത്രിയിൽ ഞാൻ ഇടക്കിടക്ക് നോക്കിയാൽ പോരെ! അല്ലേൽ തന്നെ ഈ റൂമിൽ നമ്മുടെ കട്ടിലും അലമാരയും ഇട്ടു കഴിഞ്ഞാൽ പിന്നെ നടക്കാൻ പോലും സ്ഥലം ഇല്ല.”

എനിക്കത് നല്ലൊരു അഭിപ്രായമായി തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാൻ സമ്മതിച്ചില്ല.
“എനിക്കും ഉണ്ട്‌ അമ്മയൊക്കെ. പത്തുമാസം ചുമന്ന കണക്കൊന്നും  പറയണ്ട. അങ്ങനെ തന്നെയാ ഞാനും ഒരാളെ പ്രസവിച്ചത്. ഇതെന്താ ലോകത്താദ്യമായാണോ ഒരമ്മയും മകനും. ഇനി ഞാൻ അറിയാതെ വല്ല കിഡ്‌നിയൊ കരളോ അമ്മ മകന് പകുത്തുനൽകിയിട്ടുണ്ടോ?”

അവളുടെ പ്രതിഷേധം അണപൊട്ടിയൊഴുകി.
എനിക്കും എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. “ അതേടി എന്റെ അമ്മ എനിക്ക് പകുത്ത് നൽകിയത് കിഡ്നിയും കരളും മാത്രമല്ല. അമ്മയുടെ ജീവനും കൂടിയാണ്. ഏകദേശം ഒരു മുപ്പത് വര്‍ഷം മുൻപ് നമ്മൾ താമസിക്കുന്ന ഈ സ്ഥലം രാഷ്ട്രീയ കിരാതന്മാർ വിലസിയ ഇടമാണ് . ഇന്നത്തെ സമാധാനമൊന്നും അന്നില്ല. എപ്പോഴും സമരം, വെട്ട്, കുത്ത്, പന്നിപ്പടക്കം എറിയല് അങ്ങനെ മനുഷ്യ രക്തം ലഹരിപ്പിടിച്ച ഒരു കൂട്ടർ വാണിരുന്ന കാലം.

ഒരു ദിവസം രാത്രി ജോലിക്ക് കയറിയ ഞാൻ വെളുപ്പിനെ രണ്ടു മണിക്ക് ജോലി കഴിഞ്ഞിറങ്ങുമ്പോഴാണ് അറിയുന്നത് അന്ന് എതിർ പാർട്ടി ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. എന്തായാലും വീട്ടിൽ പോയെ പറ്റൂ. സൈക്കിളിലാണ് സവാരി. വഴിയുടെ ഇരുവശങ്ങളിലുമായി അക്വേഷ്യ മരങ്ങൾ പന്തലിച്ചു നിൽക്കുന്നു. നിരത്തിലൂടെ ഇടയ്ക്ക് പോകുന്ന വാഹനങ്ങളുടെ വെളിച്ചമല്ലാതെ ചുറ്റിനും ഇരുട്ട് മാത്രം.

“വെട്ടട അവനെ” അലർച്ച കേട്ടതും ഞാൻ സർവ്വശക്തിയുമെടുത്ത് സൈക്കിൾ ആഞ്ഞുചവിട്ടി. പുറകിലൂടെ വടിവാളും ചങ്ങലയുമായി പാർട്ടിക്കാർ. ബന്ദ് വിജയിപ്പിക്കാതെ ജോലിക്ക് കയറുന്നവരെ കൊലപ്പെടുത്താൻപോലും മടിക്കാത്തവർ. വീട്ടിലെത്താൻ ഒരുകിലോമീറ്ററെങ്കിലും ഉണ്ട്.  വീട്ടിലെത്തിയാലും വാതിൽ തുറന്ന് അകത്തുകയറുമ്പോഴേക്കും വെട്ടികൊലപ്പെടുത്തുമെന്ന് ഉറപ്പാണ്. ഒരാൾ സൈക്കിളിലും രണ്ടോ മൂന്നോ ആളുകൾ പുറകിലൂടെ ഓടിയും വരുന്നുണ്ട്. എനിക്ക് എവിടെ നിന്നാണ് ഇത്രയും ഊക്ക് കിട്ടിയെന്നറിയില്ല. സൈക്കിളില്‍ ഞാൻ പറന്നാണ് വന്നതെന്ന് പറയാം.

വീടിനടുത്തെത്തിയതും ഞാൻ സൈക്കിൾ വലിച്ചെറിഞ്ഞു. എന്റെ റൂമിന്റെ വാതിൽ ആരോ എനിക്കായി തുറന്നിട്ടിരുന്നു. അകത്തുകയറി കതക് കുറ്റിയിട്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് ജീവൻ തിരിച്ചുകിട്ടിയെന്ന് മനസ്സിലായത്.

ആരാണ് എനിക്കായി വാതിൽ തുറന്നിട്ടത്? എന്തായാലും അമ്മ നല്ല ഉറക്കമാണ്. ആകാംഷയാൽ ഒരുമണിക്കൂറിനുശേഷം പതിയെ പുറത്തിറങ്ങി നോക്കിയപ്പോൾ വീടിന്റെ വരാന്തയുടെ മൂലയിലായി അമ്മ ഇരിക്കുന്നതാണ് കണ്ടത്! ആ കൈവിരലുകള്‍   ജപമാല മണികൾ ഉരുട്ടുന്നുണ്ടായിരുന്നു.

പിന്നീടാണ് അമ്മ പറഞ്ഞത് കിടന്നിട്ട് ഉറക്കം വന്നില്ല. മനസ്സിൽ തോന്നിയതുപോലെ വാതിൽ തുറന്നിട്ട് അവിടെയിരുന്നു പ്രാർത്ഥിച്ചു. ഞാൻ ഓടിവരുന്നത് കണ്ട് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ എന്തോ ഒരു ശക്തിയാൽ ചലിക്കാനാകാതെ അവിടെയിരുന്നു പോയി. ഒരുപക്ഷെ എന്നെകണ്ട് അമ്മ ഒച്ചവെച്ചിരുന്നെങ്കിൽ അമ്മയെ അവർ കാണുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അമ്മ എനിക്കായി വാതിൽ തുറന്നിട്ടില്ലായിരുന്നെങ്കിൽ ഇന്ന് നിന്നോടിത് പറയാൻ ഞാന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.”

എല്ലാം ഒരു ശ്വാസത്തിലെന്നവണ്ണം പറഞ്ഞുകഴിഞ്ഞപ്പോൾ, നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് അമ്മയെ ഞങ്ങളുടെ മുറിയിലേയ്ക്ക് കൊണ്ടുവരുന്ന ഭാര്യയെയാണ്  ഞാൻ കണ്ടത് . അമ്മയുടെ മരണം വരെ ഞങ്ങൾ അമ്മയെ നന്നായി പരിചരിച്ചു.

സ്ത്രീ എന്നോ പുരുഷൻ എന്നോ വകഭേദമില്ലാതെ നമ്മുടെയോരോരുത്തരുടേയും ജീവിത വിജയത്തിലേക്ക് കണ്ണോടിച്ചാൽ തിരശ്ശീലയ്ക്ക് പുറകിലായി മുട്ടുകുത്തി പ്രാർത്ഥിക്കുന്ന, നാമം ജപിക്കുന്ന, അഞ്ചു നേരവും നമസ്കരിക്കുന്ന മാതാപിതാക്കളെയോ ജീവിത പങ്കാളിയെയോ കാണാം. അതിനേക്കാളുപരിയായി നീ ഇന്നായിരിക്കുന്നത് നിന്റെ സൃഷ്ടാവിന്റെ നിശ്ചയം.

ഇന്ന് എന്റേത് അണുകുടുംബമാണ്. അമ്മയിൽനിന്നും പകർന്നു കിട്ടിയ ഒരുപാട് നല്ല ഗുണങ്ങൾ എനിക്കും എന്റെ ഭാര്യയിലും ഉണ്ട്.
ജോലി കഴിഞ്ഞുവരുമ്പോഴും അവധി ദിവസങ്ങളിലും ഞാനെന്റെ കുടുംബത്തോട് ചേർന്ന് നിൽക്കും. സഹധർമ്മിണിയെ വീട്ടുകാര്യങ്ങളിൽ സഹായിക്കും. മകളോട് വിശേഷങ്ങൾ തിരക്കും. അങ്ങനെ ഒരു നല്ല ഭർത്താവും അപ്പനും ആയി ഈ കൊച്ചുതോമ ജീവിക്കുന്നു. ഏതൊരു കുടുംബത്തിലേതുപോലെ ഞങ്ങളുടെ വീട്ടിലും ഇടക്കൊക്കെ സ്വരച്ചേർച്ചയില്ലാതാവാറുണ്ട്. പക്ഷെ അതൊരിക്കലും ഒരു സായാഹ്നം വരെയോ അല്ലെങ്കിൽ മറ്റൊരു പ്രഭാതത്തിലേയ്ക്കോ നീണ്ടുപോവാതിരിക്കാൻ ഞങ്ങള്‍ ശ്രദ്ധിക്കും.

എന്റെ കൂട്ടുകാർ എന്നെ വിളിക്കുന്നത് B P (ഭാര്യയെ പേടി)എന്നാണ്. ആര് എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ പരിഹസിച്ചാലും എന്റെ കുടുംബം ഒരു കൊച്ചു സ്വർഗ്ഗമാണ്. കൊച്ചു തോമായുടെ കൊച്ചു സ്വർഗ്ഗം.