ഗോചുംബനം (കഥ -ജിം തോമസ് കണ്ടാരപ്പള്ളിൽ)

sponsored advertisements

sponsored advertisements

sponsored advertisements

10 February 2023

ഗോചുംബനം (കഥ -ജിം തോമസ് കണ്ടാരപ്പള്ളിൽ)

ജിം തോമസ് കണ്ടാരപ്പള്ളിൽ

വലതു കയ്യിൽ കെട്ടിയ മഞ്ഞച്ചരട് ഇടതുകൈ കൊണ്ട് പിടിച്ചു ഞെരിച്ചു സുമേഷ് വീടിന്റെ മുറ്റത്തു കൂടി അങ്ങോട്ടുമിങ്ങാട്ടും നടന്നു. നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ സുമേഷ് ഇടയ്ക്കിടെ തൊഴുത്തിലേക്കു തന്റെ ദൃഷ്ടികൾ പായിക്കുന്നുണ്ടായിരുന്നു.

രണ്ടു ദിവസമായി സുമേഷിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ശാഖയിൽ എന്നും വൈകുന്നേരം നടക്കാറുള്ള മോഹൻദാസ്ജിയുടെ ക്ലാസ് കഴിഞ്ഞപ്പോൾ മുതലാണ് സുമേഷ് അസ്വസ്ഥനാകാൻ തുടങ്ങിയത്.

“അതുകൊണ്ടു മിത്രങ്ങളെ, ഈ ആഹ്വാനം മനസ്സാ സ്വീകരിച്ചു, നമ്മൾ എല്ലാവരും ഗോമാതാവിനെ ചുംബിക്കുന്ന ഫോട്ടോ ഈ വരുന്ന പതിനാലിന്, സ്റ്റാറ്റസ് ആയോ, റീല് ആയോ ഫേസ്ബുക്കിൽ ഇടേണ്ടതാണ്; ധ്വജപ്രണാമം..”

മോഹൻദാസ്ജിയുടെ വാക്കുകൾ സുമേഷിന്റെ കാതുകളിൽ പിന്നെയും മുഴങ്ങി.

നാലുവർഷം മുൻപാണ് അമ്മിണി എന്ന് ‘അമ്മ ഓമനപേരിട്ടു വിളിക്കുന്ന പശുവിനെ സുമേഷിന്റെ വീട്ടിലേക്കു വാങ്ങിയത്. ജീവനേക്കാൾ ഏറെ പശുവിനെ സ്നേഹിക്കണം എന്ന് മോഹൻദാസ്ജി എപ്പോഴും പറയുമായിരുന്നു എങ്കിലും നാളിതു വരെ ചില കാരണങ്ങളാൽ പശുവിന്റെ അടുത്ത് പോകാൻ പോലും സുമേഷിന് ധൈര്യമില്ലായിരുന്നു.

“പുരനിറഞ്ഞു നിക്കുന്ന ഒരു ചെക്കൻ ഉണ്ടായിട്ടെന്താ കാര്യം; അയിനെ ഒന്ന് കറക്കണമെങ്കിൽ ഈ വയസ്സാംകാലത്തും ഞാൻ തന്നെ പോണം..”

എന്നും പശുവിനെ കറക്കുന്നതിനു മുൻപ് അച്ഛൻ ആരോടെന്നില്ലാതെ ഈ വാക്കുകൾ പറയും. അതുകേൾക്കുമ്പോഴൊക്കെ, കാവിമുണ്ടഴിച്ചിട്ടു ഞാനീ നാട്ടുകാരനെ അല്ല എന്ന ഭാവത്തിൽ സുമേഷ് സ്ഥലം കാലിയാക്കുകയാണ് പതിവ്.

സുമേഷിന് പതിനേഴു വയസ്സുള്ളപ്പോൾ ആണ് ആ സംഭവം നടന്നതു.

അമ്മിണി ആ വീട്ടിൽ വന്നിട്ട് അധികദിവസങ്ങൾ ആയിട്ടില്ല. അന്ന് വൈകുന്നേരവും പതിവുപോലെ ശാഖയിൽ പോയി മോഹൻദാസ്ജിയുടെ ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോൾ ആണ് മിത്രം രതീഷ് ആരും കാണതെ അത് സുമേഷിന് കൊടുത്തത്.

“ആരും കാണേണ്ട..അരയിൽ തിരുകിക്കൊ…” മിത്രം രതീഷ് പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു. ഷർട്ട് ഉയർത്തി കൊല്ലങ്കോട്ടെ സ്വാമി മന്ത്രിച്ചു അരയിൽ കെട്ടാൻ തന്ന കറുത്ത ചരടിനും കവി മുണ്ടിനുമിടയിൽ സുമേഷ് അത് തിരുകി വച്ചു. സാധാരണ ശാഖയിൽ വരുമ്പോൾ ജെട്ടി ഇടാറില്ലാത്ത സുമേഷിന്, ആ ചരട് ലുങ്കി ഉടുക്കുമ്പോൾ ഒരു തുണയായിരുന്നു.

വീട്ടിലെത്തി, ഉമ്മറത്തിരിക്കുന്ന അച്ഛന്റെ മുഖത്തെ പുച്ഛഭാവവും, വാഴ വച്ചാൽ മതിയായിരുന്നു എന്നുള്ള ബിജിഎമ്മും സ്വീകരിച്ചു, മുറിയിൽ കയറി വാതിലടച്ച സുമേഷ്, മിത്രം രതീഷ് തന്ന മുത്തുച്ചിപ്പി ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർത്തു.

ഉറങ്ങാൻ കിടന്ന സുമേഷിന്റെ ഉള്ളിൽ മുത്തുച്ചിപ്പിയിലെ ഓരോ വരികളും ഒരു സാഗരമായി അലയടിച്ചു കൊണ്ടിരുന്നു.

അച്ഛൻ ഉറങ്ങി എന്നുറപ്പായപ്പോളാണ് സുമേഷിന് ആ ബുദ്ധി തോന്നിയത്.

മുറ്റത്തെ പാതി ഇരുട്ടിൽ, സുമേഷ്, കാവിമുണ്ടു അല്പം മുകുളിലോട്ടു കയറ്റി മടക്കി കുത്തി, തൊഴുത്തു ലക്ഷ്യമാക്കി നടന്നു. അമ്മിണി അലസമായി എന്തോ തിന്നുകൊണ്ടിരിക്കുകയാണ്. സുമേഷ് അമ്മിണിയുടെ പിറകിൽ പോയി നിന്ന് അമ്മിണിയെ പതിയെ തലോടി കൊണ്ട് ചുറ്റും നോക്കി-

അയല്പക്കകാരെല്ലാം ഉറക്കത്തിലാണ്.

സുമേഷിന്റെ ഹൃദയമിടിപ്പ് കൂടി, നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിയാൻ തുടങ്ങി…

കാവിലുങ്കി അല്പം മുകുളിലേക്കു ചുരുട്ടി വച്ചു, സുമേഷ് അമ്മിണിയുടെ വാൽ പതിയെ കൈ കൊണ്ട് ഉയർത്തി….

അന്ന് രണ്ടാഴ്ചയോളം എടപ്പാൾ സർക്കാർ ആശപത്രിയിൽ കിടന്ന ശേഷമാണ്, സുമേഷ് ഡിസ്ചാർജ് ആയതു. ആശുപത്രി കിടക്കയിൽ കിടന്നു ,ജനറൽ വാർഡിന്റെ നടുഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന മോദിജിയുടെ ഫോട്ടോ നോക്കി, സുമേഷ് കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിച്ചു, എങ്കിലും നടക്കുമ്പോഴുള്ള ചട്ട് മാറാൻ പിന്നെയും മാസങ്ങൾ എടുത്തു.

” ഈ ചെക്കൻ ഇതെന്തു ചെയ്തിട്ടാണ്, അമ്മിണി അയിനെ ഇങ്ങിനെ ചവിട്ടിയത് ന്റെ ദേവിയെ…” ചട്ടി നടക്കുന്ന സുമേഷിനെകാണുമ്പോഴൊക്കെ ‘അമ്മ പിറുപിറുത്തു.

അതിനു ശേഷം നാളിതു വരെ സുമേഷ് അമ്മിണിയുടെ അടുത്ത് പോയിട്ടില്ല.

പ്രായത്തിന്റെ കഷ്ടതകൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ കുറെ മാസങ്ങളായി അമ്മിണിയെ കറക്കാൻ കറവക്കാരി ദേവികവർമ്മ ആണ് വരുന്നത്. നാല്പതിനോടടുത്ത പ്രായമുള്ള ദേവികവർമ്മയോടു സുമേഷിന് എന്നും ബഹുമാനമായിരുന്നു.

അതിനുള്ള പലകാരണങ്ങളിൽ ഒന്ന്, ദേവികവർമ്മയുടെ ഭർത്താവു ഭാരതത്തിന്റെ അതിരുകൾ കാക്കുന്ന ഒരു പട്ടാളക്കാരൻ ആണെന്നുള്ളതായിരുന്നു. മറ്റൊന്ന്, സാധാരണപോലെ ‘കറവക്കാരി ജാനു, കറവക്കാരി സരള’ എന്നിങ്ങനെയുള്ള പേരിനു പകരം, നല്ല തറവാടിത്വവും കുലമഹിമയും ഉള്ള കുലസ്ത്രീ പേരായ ദേവികവർമ്മ എന്നതാണ് തന്റെ വീട്ടിലെ കറവക്കാരിക്കുള്ളത് എന്നതിൽ സുമേഷ് ഇടയ്ക്കിടെ കയ്യിൽ കെട്ടിയ മഞ്ഞ ചരടിൽ തലോടി അഭിമാനിക്കുമായിരുന്നു.

അങ്ങിനെയൊക്കെ ആണെങ്കിലും, ചില ദുർബല ദിവസങ്ങളിൽ സുമേഷ്, ദേവികവർമ്മ നിലത്തുകുത്തിയിരുന്നു പാല് കറക്കുന്നതു, ജനലിലൂടെ ഒളിഞ്ഞു നോക്കുമായിരുന്നു. മിക്ക മാസങ്ങളിലും ആ ദുർബല ദിവസങ്ങൾ ഏതാണ്ട് മുപ്പതോളം വരുമായിരുന്നു.

മോഹൻദാസ്ജി പറഞ്ഞത് പോലെ അന്ന് സ്റ്റാറ്റസ് ഇട്ടില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ശാഖയിലേക്ക് ചെല്ലുന്നതിനെക്കുറിച്ചു ഓർക്കാനേ വയ്യ. പറഞ്ഞത് ഗുരുതുല്യനായ മോഹൻദാസ്ജി ആയതിനാൽ ചെയ്യാതിരിക്കാനും വയ്യ.

“അദാനിയുടെ കടങ്ങൾ വീട്ടാൻ രാജ്യസ്നേഹികൾ ആയ നമ്മൾ നമുക്കുള്ളതെല്ലാം വിറ്റു അദാനിക്ക് കൊടുത്താലും അത് ഭാരതാംബയോടു നാം കാണിക്കുന്ന സ്നേഹത്തിന്റെ ഒരു ശതമാനം പോലുമാകില്ല…” എന്നുള്ള മോഹൻദാസ്ജിയുടെ വാക്കുകൾ സുമേഷിനെ വല്ലാതെ ആവേശം കൊള്ളിച്ചിരുന്നു. അന്ന് മുതൽ ജിക്കു വേണ്ടി ബലിദാനി ആകാനും സുമേഷ് തയ്യാറായിരുന്നു.

ജിയുടെ ഈ ഐഡിയ, മുറ്റത്തു നിന്ന് അച്ഛൻ കേൾക്കാൻ ഉറക്കെ അമ്മയോടെന്ന പോലെ സുമേഷ് പറയുകയും ചെയ്തിരുന്നു.

“ഫ് ഭാ…അദാനിക്ക് കൊടുക്കാൻ നീ എന്ത് തേങ്ങയാടാ ഉണ്ടാക്കി വച്ചിട്ടുള്ളത്; നാലുനേരവും വെട്ടി വിഴുങ്ങി തിന്നുന്നതല്ലാതെ…” അച്ഛൻ പറയുന്ന ബാക്കി കേൾക്കാൻ ത്രാണിയില്ലാതെ സുമേഷ് മുറിയിൽ കയറി കതകടച്ചു, ഭിത്തിയിലെ ഗോഡ്‌സെയുടെ ചിത്രത്തിൽ നോക്കിൽ കിടന്നു.

‘തന്നെ തനിയെ കണ്ടാൽ അല്ലെ അമ്മിണിക്കു ചവിട്ടാൻ തോന്നുകയുള്ളൂ; കറവക്കാരി ദേവികവർമ്മ കൂടെയുള്ളപ്പോൾ ആണെങ്കിൽ…’ പെട്ടെന്നാണ് സുമേഷിന് അങ്ങിനെ ഒരാശയം തോന്നിയത്. കറവക്കാരി ദേവികവർമ്മ അടുത്ത് വന്നു എന്ത് കാണിച്ചാലും അമ്മിണി അനങ്ങാതെ നിൽക്കും. ആ സമയം നോക്കി അമ്മിണിയെ ചുംബിക്കാം. തൊഴുത്തിന്റെ സൈഡിലുള്ള വൈക്കോൽ കൂനയിൽ, ഫോൺ വച്ച്, വീഡിയോ ഓൺ ചെയ്തു വീഡിയോ പിടിച്ചു റീല് ആക്കി ഇടുകയും ചെയ്യാം.

സുമേഷ് ആനന്ദം കൊണ്ട് നിന്നിടത്തുനിന്നു ഒന്ന് ചാടി.ആ ചട്ടത്തിൽ, അമ്പലത്തിലെന്നപോലെ എവിടെനിന്നോ നേർത്ത മണിനാദം ആ പരിസരത്തു മുഴങ്ങി.

പിറ്റേന്ന് വൈകുന്നേരം പതിവുപോലെ കറവക്കാരി ദേവികവർമ്മ വന്നു പാല് കറക്കാൻ ആരംഭിച്ചു. നേരത്തെ റെഡി ആക്കി വച്ചിരുന്ന ഫോണിന്റെ പൊസിഷൻ ശരിയല്ലേ എന്നുറപ്പു വരുത്തിയ ശേഷം, ഒരു ചെറു ചിരിയോടെ ഭാരതാംബയെ മനസ്സിൽ ധ്യാനിച്ച് സുമേഷ് അമ്മിണിയുടെ നേരെ നീങ്ങി മുന്നിലായി നിന്നു. അൽപനേരം കണ്ണുകളടച്ചു തൊണ്ടകീറുമാറു “ഭാരത് മാതാ കീ ജയ്” എന്ന് രണ്ടുമൂന്നുപ്രാവശ്യം സുമേഷ് വിളിച്ചു, തന്റെ ചുണ്ടുകൾ അമ്മിണിയുടെ മുഖത്തേക്ക് അടുപ്പിച്ചു…

പെട്ടെന്നാണ് അത് സംഭവിച്ചത്…..

അമ്മിണി തന്റെ തല ശക്തിയായി മുകുളിലേക്കുയർത്തി വലതുഭാഗത്തെ നിന്നിരുന്ന സുമേഷിനെ തലകൊണ്ട് ശക്തിയായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സുമേഷ് ബാലൻസ് തെറ്റി പിറകിൽ പൽ കറന്നുകൊണ്ടിരുന്ന ദേവികവർമ്മയുടെ മുകളിലേക്ക് പതിച്ചു. കുത്തിയിരിന്നിരുന്ന ദേവികവർമ്മയുടെ മുകുളിൽ സുമേഷ് വീണതും ദേവിക വർമ്മ മലർന്നടിച്ചു പിറകോട്ടു മറിഞ്ഞു. ഏതോ മാസ്മരിക ലോകത്തായിരുന്ന സുമേഷ്, ദേവികവർമ്മയുടെ മുകുളിൽ കിടന്നു അവരുടെ കവിളിൽ പലവട്ടം ചുംബിച്ചു, ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു കൊണ്ടിരുന്നു…

അവസാനം, ദേവികവർമ്മയുടെ ഇടതു കൈ കൊണ്ടുള്ള അടി കവിളത്തു കിട്ടിയപ്പോഴാണ് തൻ ചുംബിക്കുന്നത് അമ്മിണിയെ അല്ല എന്ന യാഥാർഥ്യം സുമേഷ് തിരിച്ചറിഞ്ഞത്…!!

നാലാം ദിനം എടപ്പാൾ സർക്കാർ ആശുപത്രിയിൽ ബെഡിലിരുന്നു മസാലദോശ കഴിച്ചു കൊണ്ടിരുന്ന സുമേഷിന്റെ അടുത്തേക്ക് മിത്രം രതീഷ് വന്നു.

“നിന്നെ ആശുപത്രിയിൽ കൊണ്ടുവരുന്നതിനിടയ്ക്കു ആരിട്ടതാണെന്നു അറിയില്ല; എങ്കിലും നിന്റെ റീല് നാലു ലക്ഷം പേര് കണ്ടു..”രതീഷ് അഭിമാനത്തോടെ പറഞ്ഞു.

‘ആശുപത്രിയിലായാൽ എന്ത്; തന്നെ പത്താൾ അറിഞ്ഞല്ലോ..’ എന്ന് വിചാരിച്ചു, ഒരു ചെറു ചിരിയോടെ, സുമേഷ് ദോശ കഴിക്കൽ തുടർന്നു.

“പക്ഷെ നീ ഒന്ന് സൂക്ഷിക്കണം..” രതീഷ് മിത്രം തുടർന്നു.

“ദേവികവർമ്മയുടെ കെട്ടിയവൻ പുരുഷു, പുരുഷോത്തമൻ പിള്ള എമർജൻസി ലീവെടുത്തു രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ വരുന്നുണ്ടത്രേ…”

കണ്ണുകൾ മേലോട്ട് മറിഞ്ഞു, ദോശപാത്രം നിലത്തോട്ടു ഇട്ടു സുമേഷ് പിറകോട്ടു മറിഞ്ഞു വീണു….!!

ജിം തോമസ് കണ്ടാരപ്പള്ളിൽ