രാമൻ്റെ ഉർവി (കഥ -ജിഷ .യു.സി)

sponsored advertisements

sponsored advertisements

sponsored advertisements

30 June 2022

രാമൻ്റെ ഉർവി (കഥ -ജിഷ .യു.സി)

ജിഷ .യു.സി

“എടാ …കുട്ടപ്പനാശാൻ മരിച്ചുന്ന് ”
റഷീദ് ഓടി വന്ന് പറഞ്ഞ ആ വാർത്ത
സിദ്ധാർത്ഥൻ്റെ ചെവികൾക്കു വിശ്വസിക്കാനായില്ല.
“പോവണ്ടേ ടാ
വാ എത്ര ദൂരം പോകണം ?”
ജയൻ തിരക്കുകൂട്ടി
മറുപടിയൊന്നും പറയാതെ തളർന്നിരിക്കുന്ന കൂട്ടുകാരനെ നോക്കി വീണ്ടും
“ഇനി രണ്ടേ രണ്ടു ദിവസം കൂടി
എന്താടാ ഇനി ചെയ്യാ?”
ജയൻ സിദ്ധാർത്ഥൻ്റെ തോളിൽ പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു
“എടാ.. ”
റഷീദിൻ്റെ വാക്കുകൾ പകുതി വച്ച് മുറിഞ്ഞു
കൂട്ടുകാരുടെ മുഖത്തേയ്ക്ക് പകച്ചു നോക്കിയ സിദ്ധാർത്ഥൻ്റെ കണ്ണുകൾക്ക് എന്തൊക്കെയോ പറയാനുണ്ടായിരുന്നു
അവരിരുന്ന കൽത്തറയ്ക്കപ്പുറം തേക്കിൻകാട്ടിൽ നിന്ന് ഒരു കാലൻകോഴി നീട്ടി കൂവി.പെട്ടെന്ന് കറൻ്റ് പോയി .വഴിവിളക്കുകൾ അണഞ്ഞു
പെട്ടെന്ന് വീശിയടിച്ച ഒരു കാറ്റിൽ അവർക്കു മുൻപിൽ മാരിയമ്മകാവിൽ മുറ്റത്തെ വിളക്കുകളും അണഞ്ഞു
ആശാരിമുക്ക് ഗ്രാമം മുഴുവൻ ഇരുട്ടിലായി
പെട്ടെന്ന്
ഒരു സൂചന പോലും ഇല്ലാതെ പെരുമ്പറ ശബ്ദത്തിൽ മഴ കോരിച്ചൊരിഞ്ഞു തുടങ്ങി.തേക്കിൻകാട്ടിലെ കൊഴിഞ്ഞു വീണ ഇലകൾക്കു മീതെ അവയെ നിശ്ശബ്ദമാക്കിക്കൊണ്ട് മഴ തിമർത്തുപെയ്തു

മുറ്റത്തെകൽത്തറയിലിരിക്കുകയായിരുന്ന അവർ മാരിയമ്മ ക്കോവിലിൻ്റെ ഇറയത്തേക്ക് ഓടിക്കയറി.
കൽ ഒതുക്കുകളിൽ ഇരുന്ന് ജയൻ കെട്ടുപോയ വിളക്കുകൾ കത്തിയ്ക്കാക്കാനായി മോന്തായത്തിൽ തീപ്പെട്ടി തപ്പി
നനഞ്ഞ കയ്യുകൾ വീണ്ടും വീണ്ടും തോർത്തി അവൻ
വിളക്കു കത്തിച്ചു
തെളിഞ്ഞ വിളക്കു വെട്ടത്തിൽ വിദൂരതയിൽ നോക്കി സിദ്ധാർത്ഥൻ മെല്ലെ ചുണ്ടനക്കി
“ഇല്ല ,തോൽക്കാനാകില്ല എനിയ്ക്ക്.ഇപ്പൊത്തന്നെ പോകല്ലെ ? നമ്മളെത്തുമ്പോഴേയ്ക്കും ഒക്കെ കഴിഞ്ഞിരിക്കും .എന്നാലും പോവണം”
“എന്നിട്ട് എന്തിന് ?”
റഷീദ് സംശയത്തോടെ ചോദിച്ചു
“ഉർവി
വരോ ?”
ജയൻ ചോദ്യഭാവത്തിൽ നിർത്തി
“വരും ഉറപ്പായും ”
സിദ്ധാർത്ഥൻ ഉറപ്പിച്ചു
പറഞ്ഞു
“അപ്പൻ ചത്ത പൊലയിൽ ഓള് വരൂലാ ടാ,
ഞ്ഞി ഓള് സമ്മയ്ച്ചാലും നാട്ടാരും കുടുമ്മക്കാരും… ”
റഷീദ് പറഞ്ഞ് മുഴുവനാക്കും മുൻപ് സിദ്ധാർത്ഥൻ ചാടി എഴുന്നേറ്റു
“കുടുമ്മക്കാര് ഫൂ ..
ഇത്ര കാലം തിര്ഞ്ഞ് നോക്കാത്ത അവറ്റ എന്തു പറഞ്ഞാ ഓള്ക്ക് ന്താ?
പിന്നെ നാട്ടാര്
പോയി തൊലയട്ടെ
ഓലെ നാട്ട്‌ലല്ലാലൊ
ഇദ് .അങ്ങ് തൃശ്ശൂരല്ലേ
ഞാൻ കൊണ്ടോവും ഓളെ”
ഏറ്റ കാര്യത്തിന്ന് മാറിയ ചരിത്രം ഈ സിദ്ധാർത്ഥനും എൻ്റെ ആശാനും ഞങ്ങടെ പരശുരാമനും ണ്ടായിട്ടില്ല
” പോവാ നമ്മക്ക്
മഴ ദേ .. തോർന്നു
ഇപ്പൊ പോയാൽ ഒൻപതിൻ്റെ പാസഞ്ചർ കിട്ടും ”
അടക്കി വച്ച സങ്കടവും ദേഷ്യവും പുറത്തെത്തിയ ആ വാക്കുകൾക്കു മുൻപിൽ മറ്റു രണ്ടു പേർ സ്വയമേ അറിയാതെ വിധേയരായി
മൂന്നു പേരും എഴുന്നേറ്റ് നടന്നു .ശക്തിയായ കാറ്റിലുംമഴയിലും കെട്ടുപോയ
വൈദ്യുത വിളക്കുകൾ വീണ്ടും തെളിഞ്ഞു തുടങ്ങിയിരുന്നു
ബസ്സിലിരുന്ന് സിദ്ധാർത്ഥൻ തൻ്റെ ഓർമ്മകളിലേക്ക് കൂട്ടുകാരെക്കൂടി ക്ഷണിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി
കാരൂർ മന പരശുരാമൻ എന്ന ആനയുടെ ഒന്നാം പാപ്പാനാണ് കുട്ടപ്പനാശാൻ എന്ന തൻ്റെ അമ്മാമൻ
പരശുരാമൻനല്ലലക്ഷണമൊത്ത ആനയാണ് .
ഒരു ഇരുപത് വർഷമായിക്കാണും അവനെ കുട്ടപ്പനാശാൻ്റെ കയ്യിൽ കിട്ടിയിട്ട് അവനെ ചട്ടം പഠിപ്പിച്ചത് ആശാനാണ്
ആശാൻ്റെ കൂടെ മകൾ ഉർവിയും എപ്പോഴും ഉണ്ടാവും .അവൾക്ക് രണ്ടു മൂന്നു വയസ്സായ സമയത്ത് മരിച്ചു പോയതാണത്രെ അവളുടെ അമ്മ ഗംഗ അമ്മായി .അവരെ താൻ കണ്ടിട്ടില്ല .അവർ മറ്റൊരു മതക്കാരിയായിരുന്നത്രെ .അതുകൊണ്ടാവണം കുടുംബക്കാരൊന്നും കുട്ടപ്പനാശാനുമായി അത്ര അടുപ്പത്തിലല്ലായിരുന്നു
അമ്മയുടെ മരണശേഷം
ഉർവിയുടെഅച്ഛനും അമ്മയും ഒക്കെ കുട്ടപ്പൻ ആശാൻ തന്നെ.
തൻ്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്
ഗംഗ അമ്മായി ഒരു നമ്പീശൻ കുടുംബത്തിലെ ആയിരുന്നു എന്ന് .ഒരു ഉത്സവപ്പറമ്പിൽ വച്ച് കണ്ടുമുട്ടിയതാണിരുവരും എന്ന്. നല്ല സുന്ദരിയായിരുന്നുവത്രെ ഗംഗ അമ്മായി
ഉർവിക്ക് അമ്മയുടെ അഴകാണ് കിട്ടിയിരിക്കുന്നതത്രെ.
വകയിലെ ഒരു അകന്ന പെങ്ങളുടെ മകനായ താൻ ആനപ്പണി പഠിക്കാൻ മോഹിച്ച് അമ്മാമനടുത്തെത്തുമ്പോൾ ഈ പരശുരാമനാനയുടെ ഒന്നാംപാപ്പാനായിരുന്നു ആശാൻ
താൻ അമ്മാമൻ എന്നതിനേക്കാൾ
ആശാൻ എന്ന് വിളിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.
പക്ഷേ ..
“അമ്മാമൻ എന്നു വിളിക്കെടാ സിദ്ധാർത്ഥാ”…
എന്ന് കൂടെക്കൂടെ പറഞ്ഞ് തൻ്റെ ആശാൻ വിളി മാറ്റിച്ച് അമ്മാമനാക്കി.
എന്തു കൊണ്ടോ സിദ്ധാർത്ഥനുമായി വലിയ ഇണക്കമൊന്നും പരശുരാമന് ഉണ്ടായില്ല
‘ഉർവിയോ ,കുട്ടപ്പനശാനോ ഉണ്ടെങ്കിൽ എന്നെ നോക്കിയാൽ മതി,
എന്നൊരു മട്ട് അന്നേ അവനുണ്ട്
ഉർവിക്കൊപ്പം അവൻ എത്രനല്ലപുള്ളിയാണെന്നോ ?
രാമാ …
എന്ന് അവൾ വിളിച്ചാൽ അവൻ തുമ്പി ഒന്ന് പതിയെ ഉയർത്തി
ഥീർ … ന്നൊരു പ്രത്യേക ശബ്ദമുണ്ടാക്കും
നീരൊഴുകുന്ന സമയം അവളോ ആശാനോ ഇല്ലാതെ പറ്റുകയുമില്ല
പോകും വഴിയിൽ സിദ്ധാർത്ഥൻ്റെ മനസ്സു മുഴുവൻ ഈ ചിന്തകളായിരുന്നു എന്ന് കൂടെയുള്ള കൂട്ടുകാർക്ക് മനസ്സിലായി
ഉർവി
അവൾ വരില്ലേ ?
അയാൾ സംശയിച്ചു
വരും .. വരാതെയോ
അയാൾ മറിച്ചും ചിന്തിച്ചു
“എടാ ..
ഇറങ്ങാനായി
വാ.. ”
ജയൻ്റെ വിളി അയാളെ ചിന്തയിൽ നിന്ന് ഉണർത്തി
അവർ ബസ്സിറങ്ങി .അവർ ഒരു ഓട്ടോ വിളിച്ച് അതിൽ കയറിയിരുന്നു
ഇനിയും അരമണിക്കൂർ കഴിയണം കുട്ടപ്പനാശാൻ്റെ വീടെത്താൻ ..
“അമ്മേം അച്ഛനും പോയ ഞങ്ങളെ എൻ്റെ അമ്മാമൻ ,എൻ്റെ ആശാനല്ലേ ഇത്ര കാലം നോക്കീത് .
അമ്മാമൻ്റെ ഏറ്റവും വലിയ മോഹായിരുന്നു പരശുരാമൻ്റെ ഗജരാജപ്പട്ടം .
കഴിഞ്ഞ വട്ടം ഇത്തിരി കൊണ്ട് പെഴച്ചു .
അത് ങ്ങട്ട് ബലഭദ്രനാന കൊണ്ടോയി .
നിങ്ങളും കണ്ടതല്ലേ ?
ഏറ്റം നോക്കിയ സമയം അമ്മാമൻ ഒന്ന് പറമ്പുവിട്ട് പോയി .പരശുരാമൻ്റെ കൂടെ ഞാനാ നിന്നത്.ആശാനെക്കാണാതെ അവനൊന്നു പരിഭ്രമിച്ചു .അത്രേണ്ടായുള്ളൂ .
ആശാനോ ,ഉർവിയോ അല്ലാതെ ഈ ഞാനടക്കം ആരും അവൻ്റെ കൊമ്പിൽ പിടിയ്ക്കണത് അവനിഷ്ട ല്ലേയ്
ഞാനത് അളക്കാൻ വന്ന ആളോട് പറഞ്ഞിരുന്നതുമാണ് .
എന്നാൽ
അയാളത് കാര്യമാക്കിയില്ല
പരശുരാമന് ദേഷ്യം വന്നു
അവൻ പിന്നെ ഏറ്റം നോക്കാനൊന്നും കൂട്ടാക്കീതുമില്ല. തുമ്പിയും ,തലയും താഴ്ത്തി ഒറ്റനിൽപ്പ് തന്നെ
അമ്മാമൻവന്നപ്പോഴേക്കും പരിപാടി തീർത്ത് അവർ പോയിരുന്നു ലോ”
“ആദ്യത്തെ അഞ്ചിൽ വരെ എത്തീട്ട്
എൻ്റെ മോൻ പിന്നിലായിലോ കുട്ടാ…
എൻ്റെ അശ്രദ്ധ തന്നെ
ഞാൻ
പോവര്തായിരുന്നു ”
എന്ന് അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു ഏറെ കരഞ്ഞു.
“അടുത്ത വട്ടം നമ്മക്ക് നോക്കാം അമ്മാവാ ”
എന്ന് സമാധാനിപ്പിച്ചതാ ഞാൻ
“മൂന്നു വർഷം കൂടുമ്പഴല്ലെ തെരഞ്ഞെടുപ്പ് .പിന്നെ അതിനുള്ള കാത്തിരിപ്പായി
ഈ വട്ടത്തെപേര് കൊടുക്കണ്ട സമയായപ്പോ കാര്യം പറയാൻ എത്തിയ നേരം
പിന്നേം പിന്നേം കാരൂർ തിരുമേനി ചോദിച്ചതാ
“കുട്ടപ്പാ കഴിയോ ഈ ചെക്കന്
നീണ്ട മണിക്കൂറുകൾ ജനസാഗരത്തിനിടയ്ക്ക് പരശുരാമനെ ഒറ്റയ്ക്ക് നിയന്ത്രിയ്ക്കാൻ?അന്നത്തെപ്പോലെ ആവോ ?”
“അത് ന് തിരുമേനീ
ഞാൻ ണ്ടല്ലോ കൂടെ എൻ്റെ ചൂര് ഓന് കിട്ടിയാൽ മതി
നമ്മടെ പരശുരാമൻ നല്ല കുട്ടി ആവാൻ
എയ്ക്ക് ഏറെ നേരം കൂടെ നിക്കാം വയ്യാന്നേള്ളൂ
കാല്സമ്മയ്ക്കില്ലേയ്.വാതം ക്ഷീണിപ്പിച്ച വളഞ്ഞ് ദുർബലമായ കാലുകൾ കാണിച്ച് അമ്മാവൻ തുടർന്നു
“ഒന്നും സംശയിക്കണ്ട തിരുമേനീ
ഒന്നാം ആനയായി നമ്മടെ പരശുരാമൻ ഇക്കൊല്ലത്തെ ഗജരാജപ്പട്ടം അണിയും
ഉറപ്പുതരാ ഞാൻ ”
ആ ഉറപ്പിൻമേൽ പേരു കൊടുത്ത് പൈസയും വാങ്ങി പോന്നത് കഴിഞ്ഞ മാസല്ലേ
കുട്ടപ്പനാശാൻ്റെ വീടിനടുത്തെത്തിയപ്പോഴും ആ ശപഥം സിദ്ധാർത്ഥ ൻ്റെ കാതുകളിൽ അലയടിക്കും പോലെ അയാൾക്കു തോന്നി
“ടാ .. സിദ്ധാർത്ഥാ
ന്നാ ..
ദ്.. എനിയ്ക്ക് തിരുമേനി തന്നതാ ഇത്തിരി കാശ്
നീയ് ഇദ്
കൊണ്ടോയിട്ട് ദേവകിക്കുട്ടീടെ
ആസ്പത്രി ബില്ല് അടക്ക്. നമ്മടെ കുട്ടിക്ക് കാണണ്ടെ
ഏട്ടൻ്റെ ആന ഗജരാജപ്പട്ടം വാങ്ങണത്
ചെല്ല്
അന്ന് സിദ്ധാർത്ഥ ൻ്റെ അനിയത്തി ദേവകി മുട്ടുമാറ്റി വച്ച ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയായിരുന്നു
വീണ്ടും അയാൾ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട് സിദ്ധാർത്ഥൻ വീടിനകത്തേയ്ക്കു കയറി
മരണവീടിൻ്റെ മടുപ്പിയ്ക്കുന്ന ഗന്ധവും ഉർവിയും മാത്രമേ അപ്പോൾ ആ വീട്ടിൽ അവശേഷിച്ചിരുന്നുള്ളൂ

“ഉർവി. “..
അയാൾ അവളെ വിളിച്ചു
‘ഇവ്ടെ നീ ഒറ്റക്കേയുള്ളൂ ?
കുടുമ്മക്കാരൊക്കെ പോയോ ?”

“ഉം
എന്തേ
സിദ്ധാർത്ഥേട്ടൻ വൈകിയത്?
എല്ലാം കഴിഞ്ഞു .എന്നെ തനിച്ചാക്കി അപ്പൻ പോയി.പരശുരാമൻ്റെ ഗജരാജപ്പട്ടം എന്ന വലിയ മോഹം ബാക്കി വച്ച് അപ്പൻ പോയി ”
അവൾ കരച്ചിടക്കി പറഞ്ഞു

“അത് …
എൻ്റെ ഫോൺ കേടായിരുന്നു.
വിവരം അറിയാൻ വൈകിപ്പോയി ”
അവൾക്കരികിൽ ഇരുന്നു കൊണ്ട് അയാൾ ക്ഷമാപണം നടത്തി

”സാരല്യ
അപ്പൻ നിങ്ങളെ ദേഷ്യപ്പെടുകയൊന്നുമില്ല .അത്രക്കിഷ്ടയിരുന്നു നിങ്ങളെ എൻ്റെ അപ്പന് ”
“പ്രത്യേകിച്ച് എന്തേ ണ്ടായത്? ”
സിദ്ധാർത്ഥൻ ചോദിച്ചു
“ഓ..
ഒന്നും ഉണ്ടായില്ല പതിവുപോലെ കൊഴമ്പു ചൂടാക്കി കുളിയും കഞ്ഞികുടിയും ഒക്കെ കഴിഞ്ഞ് ദേ .. ഈ കട്ടിലിൽ ഇരിക്കായിരുന്നു അപ്പൻ ”

ആശാൻ്റെ ചൂടിക്കട്ടിൽ ചൂണ്ടിക്കൊണ്ട് അവൾ തുടർന്നു

“ഇന്നത്തെ പത്രം ഒന്ന് കൊണ്ടുവരാൻ എന്നോട് പറഞ്ഞു
സ്പെഷൽ സപ്ലിമെൻറിൽ ഇത്തവണ പരശുരാമനും അപ്പനുമാണല്ലോ
അപ്പൻ അതിലെ പരശുരാമൻ്റെ ഫോട്ടോയിൽ നോക്കിയ ങ്ങനെ ഏറെ നേരം ഇരുന്നു.
ന്നിട്ട് എന്നോട് പറഞ്ഞു ”

“ഉർവീ
ഇനി ഇവന് ഗജരാജപ്പട്ടം കൂടി നേടിക്കൊടുക്കണം അപ്പന്
കഴിഞ്ഞ തവണ അപ്പൻ്റെ അശ്രദ്ധ കാരണം അവൻ്റെ അവസരം പോയില്ലേ” അതിലപ്പ ന് നല്ല ദണ്ണം ണ്ട്
ഇന്ന് സിദ്ധാർത്ഥനെ ഒന്ന് വിളിയ്ക്കണം ട്ടൊ
എനിയ്ക്ക് അവനോട് ഒരു കാര്യം കൂടി ഏൽപ്പിക്കാന് ണ്ട്’
iഎന്നു പറഞ്ഞ് എന്നെ നോക്കി ഒരു ചിരി ചിരിച്ചു ”
”എന്താപ്പാ അദ്?
എന്ന് ഞാൻ ചോദിച്ചപ്പോൾ വീണ്ടും ചിരി
ആ ചിരിയ്ക്കിടയിൽ പെട്ടെന്ന്
ൻ്റെ രാമാ …
എന്ന് ഒരു കരച്ചിലും കട്ടിലിൽ നിന്ന് താഴെ വീഴലും കഴിഞ്ഞു
എന്തിനാണാവോ സിദ്ധാർത്ഥേട്ടനെ കാണണംന്ന് പറഞ്ഞത് ?
ഇനി പ്പൊ
ഞാൻ …
ഞാനെന്താ ചെയ്യാ സിദ്ധാർത്ഥേട്ടാ?
നാളെ കൗമുദി മാമി വരും
എന്നെ അപ്പൻ്റെ നാട്ടിലേയ്ക്ക് കൊണ്ടോവാൻ
മീനാക്ഷി പുരത്തേയ്ക്ക് ”
“ഏത് മാമി ?
മക്കളില്ലാത്ത
അവരോ ?
എന്നിട്ട് നീ എന്തു പറഞ്ഞു?”
സിദ്ധാർത്ഥൻ വീണ്ടും ചോദിച്ചു
”എൻ്റെ അപ്പന് അവരെ ഇഷ്ടമല്ല
പാവം എൻ്റെ അമ്മേ കൊറെ ദ്രോഹിച്ചുണ്ടത്രേ അവർ. ദ്രോഹം സഹിക്കാതെയാണത്രെ അപ്പൻ അമ്മയേം കൊണ്ട് തറവാടു വിട്ടത്
എൻ്റെ അമ്മയെ അപ്പൻ ഇഷ്ടപ്പെട്ട് സ്വന്തം തീരുമാനത്തിൽ കെട്ടിയതാണ് എന്ന് സിദ്ധാർത്ഥേട്ടനറിയില്ലേ?
ഈ മാമിയാവട്ടെ അപ്പനെ കെട്ടാൻ കാത്തിരിക്കായിരുന്നു ത്രെ
അപ്പൻ്റെ മാമൻ്റെ മകളാണ് കൗമുദി മാമി അതായത് അപ്പൻ്റെ മുറപ്പെണ്ണ് .അപ്പൻ എൻ്റെ അമ്മേ കെട്ടിയപ്പോൾ അവർക്ക് വിഷമായി ത്രെ .ആദ്യം ഞങ്ങൾ ആ വീട്ടിൽത്തന്നെയായിരുന്നു താമസം എന്ന് അപ്പൻ പറഞ്ഞിട്ടുണ്ട് .അമ്മയെ തനിച്ചാക്കിപ്പോകാതെയിരിയ്ക്കാൻ എപ്പോഴും അപ്പൻ ശ്രദ്ധിച്ചിരുന്നു .
പക്ഷേ..
പാപ്പാൻമാർക്ക് ചിലപ്പോഴൊന്നും അതിന് കഴിയില്ലാലോ
ഒരിയ്ക്കൽ ഒരു ഉത്സവത്തിന് പോയിട്ട് നാലഞ്ചു ദിവസം കഴിഞ്ഞേ മടങ്ങാൻ പറ്റിയുള്ളു എന്ന്
തിരിച്ചു വന്ന അപ്പനോട് നിറകണ്ണുകളോടെ ഒന്നേ അമ്മ പറഞ്ഞുള്ളൂ എന്ന്
”കുട്ടപ്പേട്ടാ നമുക്ക് ഇവിടന്ന് മാറിത്താമസിക്കാം
എന്ന് മാത്രം ”
അപ്പൻ പറയും

“അവള് ഒരു വാക്കു പോലും മറ്റുള്ളവരുടെ കുറ്റം പറയില്ല
ആ നിറഞ്ഞ കണ്ണുകൾ പക്ഷേ എല്ലാം എന്നോട് പറഞ്ഞു
അന്ന് എറങ്ങീതാ എൻ്റെ ഗംഗക്കുട്ടിനെം കൊണ്ട് ഞാൻ … ”
എന്ന്
ഇനിപ്പൊ ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം?
നാളെ ഞാൻ പോകാം ല്ലെ? അല്ലാതെ വേറെ എന്തു വഴി ?

ഉർവിയുടെ നീണ്ട കണ്ണിണകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ചാലുകളായി അവളുടെ കവിൾത്തടങ്ങൾ നനച്ചു
ചുവന്ന ചുണ്ടുകൾ വിതുമ്പി.

സിദ്ധാർത്ഥ ന് ഈ കാഴ്ച കണ്ടു നിൽക്കാനായില്ല
പെട്ടെന്ന് സിദ്ധാർത്ഥ ൻ്റെ ശബ്ദം അയാളറിയാതെ ഉയർന്നു
“ഇല്ല
ഉർവി എങ്ങോട്ടും പോവണ്ട
ഞാനുണ്ട് നിനക്ക്
നിന്നെ ഞാൻ നോക്കും. ആശാനു പറയാനുണ്ടായിരുന്നത് എന്തെന്ന് എനിക്കറിയാം
നമുക്ക് പരശുരാമനെ ഗജരാജപ്പട്ടം ചാർത്തിക്കണ്ടെ ?
നിൻ്റെ അപ്പനു വേണ്ടി നീ വരണം എൻ്റെ കൂടെ

മറ്റന്നാൾനിൻ്റെ ചൂരുണ്ടെങ്കിൽ ,അരികിൽ നീയുണ്ടെങ്കിൽ നമ്മടെ പരശുരാമൻ ഗജരാജനാകും
വരില്ലേ നീ ?”
ഉയർന്ന ഉറച്ച ശബ്ദത്തിൽ അയാൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ
അത്ഭുതത്തോടെ ഉർവി അയാളെ നോക്കിപ്പറഞ്ഞു
“വരാം
ഞാൻ
സിദ്ധാർത്ഥേ ട്ടൻ്റെ കൂടെ എൻ്റെ രാമൻ്റെ ഒന്നാം പാപ്പാൻ സ്ഥാനത്തേക്ക്
ഈ ഉർവി വരാം”

ഗജരാജസ്ഥാനത്തേയ്ക്ക് ഫൈനൽ റൗണ്ടിലേക്കെത്തിയ മൂന്ന് ആനകളുടെ പേരാണ് ഇനി പ്രഖ്യാപിക്കുന്നത്
ആനകൾക്കൊപ്പംഅവരുടെ ഒന്നാംപാപ്പാൻമാരെയുംപരിചയപ്പെടാം
മൈക്കിൽ’ നിന്നും അനൗൺസ് ചെയ്തതു കേട്ട് ജനസാഗരം ആകാംക്ഷാഭരിതരായി ഗൗണ്ടിലേക്ക് കണ്ണും നട്ടിരുന്നു
ഗജരാജൻ പത്മനാഭൻ .. പാപ്പാൻ രാമചന്ദ്രൻ നായർ
പത്മനാഭനും രാമചന്ദ്രൻ നായരും ഗജപ്രേമികൾക്ക് സുപരിചിതരാണ്.
കൈയ്യടിയോടെ ജനാവലി
അവരെ വരവേറ്റു

രണ്ട്
ഗജരാജൻ കാരൂർ പരശുരാമനാന
പാപ്പാൻ കുട്ടപ്പനാശാൻ
കുട്ടപ്പനാശാനെയും പരശുരാമനെയും പ്രതീക്ഷിച്ചിരുന്നവർക്കു മുൻപിലേക്ക്
പരശുരാമൻ്റെ തുമ്പിക്കൈ പിടിച്ച് തുമ്പപ്പൂ ച്ചിരിയുമായി ചെമ്പകപ്പൂവുപോലെ അഴകാർന്ന അവൾ…
ഏ ?
ഒരു പെണ്ണാണല്ലോ ആന പാപ്പാൻ
കുട്ടപ്പനാശാനെവിടെ ?
ആരാണിവൾ ?

ക്ഷമിക്കണം
പരശുരാമൻ്റെ ഒന്നാം പാപ്പാൻ കുട്ടപ്പനാശാൻ രണ്ടു ദിവസം മുൻപ് അന്തരിച്ചിരുന്നു .ലിസ്റ്റിലെ പേരാണ് മൈക്കിൽ പറഞ്ഞത്.
ഇവൾ കുട്ടപ്പനാശാൻ്റെ മകൾ ഉർവി
പരശുരാമൻ്റെ ഉർവി

ഉയർന്നു കേട്ട ഉച്ചഭാഷിണിയിലെ അറിയിപ്പിനൊപ്പം ജനസഹസ്രം ആർത്തുവിളിച്ചു

ഉർവി ,ഉർവി
പരശുരാമൻ്റെ ഉർവി …

ഗജരാജപ്പട്ടം നേടിയ പരശുരാമനെ തലോടിക്കൊണ്ട് നിറകണ്ണോടെ ഉർവി പറഞ്ഞു
”അതെ ഇനി മുതൽ
ഞാൻ രാമൻ്റെ ഉർവി
രാമാ …
നമ്മടെ അപ്പനു സന്തോഷമായിട്ടുണ്ടാവും ല്ലെ ” …
മാറി നിന്ന് കണ്ണു തുടക്കുന്ന സിദ്ധാർത്ഥൻ്റെ
മനസ്സിനൊപ്പം അവിടെ പുതിയൊരധ്യായം എഴുതപ്പെടുകയായിരുന്നു
രാമൻ്റെ ഉർവിയുടെ കഥ..

ജിഷ .യു.സി