ജോണ്‍ വേറ്റം
ക്രിസ്തുമസ്സിന്‍റെ തലേദിവസം. സായാഹ്നമായി. വാടകവീട്ടിൽ എത്തിയപ്പോള്‍ അമിതമായ സന്തോഷം! പുതുജീവിതത്തിന്‍റെ പുളകം. വലിയ വീട്. വിശാലമായ പറമ്പ്. നാല് വശങ്ങളിലും കമ്പിവേലി. വീടിന്‍റെ മുന്നിൽ റോഡ്. അതിനും കിഴക്ക്, അഭിമുഖമായി വേറൊരു വസതി. തെക്കുവശത്തുള്ള വസ്തുവിൽ അടച്ചിട്ട ഭവനം. വടക്കേ അതിരിലുള്ള വേലിക്കരികെ മറ്റൊരു കെട്ടിടം. അതിന്‍റെ മുന്നിലുള്ള നടവഴി ബസ്സ് നിർത്തുന്നിടത്ത് എത്തുന്നു.
യേശുവിന്‍റെ ജനനപ്പെരുന്നാളിന്, ആരാധനക്ക് പോകേണ്ടതാണ്. അരമൈല്‍ അകലെ കത്തോലിക്കാപള്ളിയുണ്ട്. അവിടെ പോയിട്ടില്ല. ഭാര്യക്ക് രാത്രിജോലിയു ണ്ട്. അതിനാല്‍, വീട്ടിലിരിയ്ക്കാൻ തീരുമാനിച്ചു. സ്വദേശത്ത് നിന്നും കൊണ്ടുവ ന്ന നക്ഷത്രവിളക്കുകൾ ഉമ്മറത്ത് തൂക്കിയിട്ടു. അത് എന്‍റെ മക്കൾക്ക് സന്തോഷമാ യി. അലങ്കരിച്ച അയൽവീടുകളിൽ, കുടുംബസംഗമങ്ങളുടെ ആഹ്ളാദശബ്ദങ്ങൾ!
വടക്കേവസതിയുടെ പിന്നിൽ, പടിഞ്ഞാറോട്ട് നീട്ടി കെട്ടിയുണ്ടാക്കിയ ചാർ ത്ത് നേർത്തകമ്പിവലവച്ചു മറച്ചിട്ടുണ്ട്. വിദേശങ്ങളില്‍ വസിക്കുന്ന മക്കളും അവ രുടെ കുടുംബങ്ങളും കൂടിവരുമ്പോൾ, ചാർത്തിലിരുന്നു ഭക്ഷിക്കുക പതിവാണ്. സാഹോദര്യത്തിന്‍റെ ആദരങ്ങളും, സേനഹവാത്സല്യങ്ങളും പങ്കിടുന്ന, വർഷംതോ റുമുള്ള കുടുംബസമ്മേളനം മുടങ്ങാറില്ല.
പിറ്റേദിവസം. അപരാഹ്നമായപ്പോൾ, കിഴക്കേവീട്ടിലെ വൃദ്ധൻ റോഡരുകിൽ വന്നുനിന്ന് എന്നെ മാടിവിളിച്ചു. ഞാൻ ഇറങ്ങിചെന്നു. അയാൾ സ്വയം പരിചയപ്പെ ടുത്തി: “എന്‍റെ പേര് ‘സിൽവാനൊ.’ ഭാര്യയും ഇളയമകനുമൊത്ത് താമസിക്കുന്നു.” കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു. സഹായസഹകരണങ്ങൾ വാഗ്ദാനം നല്കിയിട്ട് അയാൾ തിരിച്ചുപോയി .
തൊട്ടടുത്ത ദിവസം. മുറ്റം വൃത്തിയാക്കുകയായിരുന്നു ഞാൻ. വടക്കേവീടി ന്‍റെ ഉടമ വേലിയ്ക്കരികെ വന്നുനിന്നു. എന്നോട് “ഗുഡ് മോർണിംഗ്” പറഞ്ഞു. അ യാളും സ്വമേധയാ പരിചയപ്പെടുത്തി: ” ലോറൻസൊ.” ഭാര്യയോടൊത്തുതാമസി ക്കുന്നു. മൂന്ന് ആൺമക്കൾ വിദേശങ്ങളിലാണ്. ഒരു മകളുണ്ട്. അമ്പത് മൈൽ അക ലെയാണ് അവളുടെ വാസം.” എന്നെക്കുറിച്ച് അയാള്‍ ഒന്നും ചോദിച്ചില്ല. അയൽ ക്കാരെപ്പറ്റി അന്വേഷിച്ചറിഞ്ഞതിനുശേഷം പരിചയപ്പെടുന്ന രീതിയുണ്ടെന്ന്, പി ന്നാലെ ഞാന്‍ മനസ്സി ലാക്കി .
ഒരു ജോലി കണ്ടെത്താൻവേണ്ട അറിവും കഴിവും എനിക്കില്ലായിരുന്നു. ലോറ ൻസൊയുമായുള്ള സംസാരം അത് പരിഹരിച്ചു. പൌരധർമ്മശാസ്ത്രവും നിയമ ങ്ങളും പഠിച്ച പണ്ഡിതനും, സ്റ്റേറ്റ്ഡിപ്പാർട്ട്മെന്‍റെിൽ യൂണിയൻനേതാവുമായിരു ന്നു അയാൾ. ആനുകൂല്യങ്ങൾ കൊടുക്കാത്ത കടകമ്പോളങ്ങളിലെ ജോലികൾ, സർക്കാർ ഉദ്യോഗങ്ങൾ, സ്വകാര്യതൊഴിലുകൾ, സ്ഥിരതയില്ലാത്ത വീട്ടുവേലകൾ എന്നിവയുടെ ഗുണദോഷങ്ങൾ എന്തെല്ലാമെന്ന് പറഞ്ഞുതന്നു. അതെല്ലാം പുതിയ അറിവായിരുന്നു എനിക്ക്.
അനുസരണയും, ഉത്തരവാദിത്തബോധവും, കൃത്യനിർവ്വഹണവും, ശുചിത്വ വും, സത്യസന്ധതയും തൊഴിലുറപ്പിന് അത്യന്താപേക്ഷിതമെന്നു പഠിച്ചു. അറപ്പും വെറുപ്പും കൂടാതെ ജോലിചെയ്യാനുള്ള മനസ്സൊരുക്കവുമുണ്ടായി. ഉദ്യോഗങ്ങള്‍ക്കു വേണ്ടി നൽകേണ്ട അപേക്ഷകളുടെ മാതൃകപോലും ലോറൻസൊ എഴുതിത്തന്നു. വേലിക്കരുകിൽ നിന്നുകൊണ്ടുള്ള ഞങ്ങളുടെ സംസാരത്തിലൂടെ ആ സഹൃദയ ന്‍റെ സന്തുഷ്ടസൌഹൃദം എനിക്ക് ലഭിച്ചു!
ആദ്യം കിട്ടിയത് സ്ഥിരതയില്ലാത്ത ജോലി. അടിസ്ഥാനശമ്പളം രണ്ട്ഡോളർ മാത്രം. എന്നാലും, നല്ല രീതിയില്‍ ജനങ്ങളോട് പെരുമാറാനും, സംസാരിക്കാനും അത് സഹായിച്ചു. വേനൽക്കാലമായപ്പോള്‍, സർക്കാർ ജോലിയിൽ പ്രവേശിച്ചു.
വെയിൽവേളകളിൽ, ലോറൻസൊയും “ലൂസിയ”യും അവരുടെ പൂന്തോട്ടത്തി ൽ ഇറങ്ങുമായിരുന്നു. മന്ദഹസിച്ചുകൊണ്ട് മിതമായി സംസാരിക്കുന്ന, ശാലീനയാ യ ആ സ്ത്രീക്ക്, എന്‍റെ മക്കളെ ഏറെ ഇഷ്ടമായിരുന്നു.
ദൈവപ്രസാദമുള്ള മനുഷ്യർക്ക് ദിവ്യസമാധാനം നല്കിക്കൊണ്ട്, ക്രിസ്തുമസ്സ് വീണ്ടും വന്നു! സിൽവാനൊയുടെയും ലോറൻസൊയുടെയും കുടുംബങ്ങളിൽ കൂടിവരവിന്‍റെ അതിരറ്റ സന്തോഷം. പുതുവർഷപ്പുലരി എന്നെയും അനുഗ്രഹിച്ചു. ദൈവകൃപ ഒരു മകനെ തന്നു. കുടിയേറ്റക്കാരനായിവന്ന എനിക്ക് അമേരിക്കൻ പുത്രൻ! എന്‍റെ കുടുംബം അമേരിക്കനും ഇൻഡ്യൻ വംശജരുമുള്ളതായി. സിൽവാ നൊയുടെയും ലോറൻസൊയുടെയും ഭാര്യമാർ വന്നു മകന് സമ്മാനങ്ങൾ നല്കി.
അപ്രതീക്ഷിതമായി കിട്ടിയ കത്ത് വായിച്ച് ഞാൻ അന്ധാളിച്ചു. വാടകക്കരാർ അനുസരിച്ച്, കാലാവധി പുതുക്കാൻ രണ്ട് മാസം ബാക്കിയുണ്ട്. അത് കഴിഞ്ഞാൽ വീട് ഒഴിഞ്ഞു കൊടുക്കണമെന്ന വീട്ടുടമസ്ഥന്‍റെ മുന്നറിയിപ്പ്. ഒരാഴ്ച കഴിഞ്ഞ്, ഭാ ര്യക്ക് ജോലിയിൽ പ്രവേശിക്കണം. രാത്രിജോലി ക്രമീകരിക്കുന്നതുവരെ, മകനെ നോക്കുന്നതിന് ഒരു സ്ത്രീയെ കണ്ടെത്തണം. വേറെ വാടകക്കെട്ടിടം എവിടെ കി ട്ടുമെന്ന് നിശ്ചയമില്ല. തനിപ്പുത്തനല്ലാത്തൊരു കാറ് വാങ്ങിയതിന്‍റെ കടം ബാക്കി യുണ്ട്. സാമ്പത്തികമായി ഞെരുങ്ങുന്ന നേരം. വാടകക്കാലം നീട്ടിയാൽ പ്രശ്നം പരി ഹരിക്കാം. അതിനാല്‍, ലോറൻസൊയോടും സിൽവാനൊയോടും അഭിപ്രായം ചോദിച്ചു. അവരുടെ പൂർവ്വകാലസുഹൃത്തായിരുന്നു വീട്ടുടമസ്ഥന്‍. എന്‍റെ പ്രയാസ മെന്തെന്നറിഞ്ഞിട്ടും, ആശ്വാസകരമായ മറുപടി അവര്‍ തന്നില്ല. അന്വേഷിക്കാ മെന്ന് അനുഭാവത്തോടെ സിൽവാനൊയും, വാടകവീട്ടില്‍ താമസിച്ചിട്ടില്ലെന്ന് ലോറന്‍സൊയും പറഞ്ഞു. എന്‍റെ സമീപനം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. കൂടെക്കൂടെ വാടകവീടുകളില്‍ മാറി മാറി താമസിക്കേണ്ടിവരുന്ന, പാവപ്പെട്ടവ രുടെ കഷ്ടാനുഭവങ്ങളെക്കുറിച്ച് ആശങ്കയോടെ ഞാന്‍ ചിന്തിച്ചു.
ഒരാഴ്ചക്കുശേഷം, ലോറൻസൊ വിളിച്ചു. വലിയ പ്രതീക്ഷയോടെ അയാളുടെ വീട്ടിൽ ചെന്നു. എന്‍റെ മുഖത്ത് നോക്കി മൃദുസ്വരത്തിൽ പറഞ്ഞു: “വാടകവീടിനു വേണ്ടി അന്വേഷിച്ചില്ല.” എനിക്ക് ദേഷ്യംവന്നു. ഇത് പറയാനാണോ വിളിച്ചതെന്ന് തെല്ല് അതൃപ്തിയോടെ ചോദിക്കണമെന്നുതോന്നി. എന്‍റെ മുഖം മങ്ങിയതുകണ്ടു അയാൾ തുടർന്നു: “സാം ശ്രദ്ധിച്ചു കേൾക്കണം. താങ്കളുടെ വീട്ടുടമയോട് ഞാൻ സംസാരിച്ചു. അയാൾ വാടകക്കാലം നീട്ടുകയില്ല.” ബാക്കി കാര്യംകൂടി കേൾക്കാൻ ക്ഷമയില്ലാതായി. കാലാവധി നീട്ടാത്തതിന്‍റെ കാരണമറിഞ്ഞിട്ട് എന്തുഗുണമെന്നു വിചാരിച്ചു ഞാൻ മിണ്ടിയില്ല.
നല്ല ഉപദേഷ്ടാവിനെപ്പോലെ അയാള്‍ പറഞ്ഞു: “പ്രതിസന്ധി ഉണ്ടാകുമ്പോൾ വെറിപിടിക്കരുത്. എങ്ങനെ പ്രശ്നംഒഴിവാക്കാമെന്ന് ഉറക്കെച്ചിന്തിക്കണം. പരിഹാ രം കണ്ടെത്തുന്നതുവരെ ജാഗ്രതയോടെ അന്വേഷിക്കണം. ഒരുസംഗതി പറയാം. പേടിക്കരുത്. പെട്ടെന്ന് തട്ടിക്കളയരുത്.” എന്‍റെ വിഷമത എങ്ങനെ ഒഴിവാക്കുമെന്ന
റിയാൻ ആകാക്ഷയോടെ കാത്തുനിന്ന എനിക്ക്, കനത്തൊരു നിർദ്ദേശം: “സാം, താങ്കൾ ആ കെട്ടിടം വാങ്ങണം.” എന്‍റെയുള്ളിൽ പെട്ടെന്നൊരു ഇടിമുഴക്കം. അ ന്നോളും മനസ്സിൽ കടന്നുവരാഞ്ഞ വിഷയം. ലോറന്‍സൊ തുടര്‍ന്നു: “ഞാന്‍ ആവ ശ്യപ്പെട്ടാല്‍, വീട് എനിക്ക് തരും. പക്ഷേ, എനിക്ക് വേണ്ട. ആകയാല്‍, മടിക്കാതെ ഭയക്കാതെ, സാം മേടിക്കണം. ഭാര്യയോട് ആലോചിച്ചിട്ട് തീരുമാനിച്ചാൽ മതി.” സൗഹാർദ്ദതയുടെ ആ സാരോപദേശം യഥാര്‍ത്ഥത്തില്‍ എന്നെ അസ്വസ്ഥനാക്കി!
“ നടക്കാത്ത കാര്യത്തെക്കുറിച്ചു വിചാരപ്പെട്ട് വെറുതേ തല പുണ്ണാക്കണ്ട. വല്ല വരും പറയുന്നതുകേട്ട് എങ്ങോട്ടും എടുത്തുചാടണ്ടാ.” ഷൈനിയുടെ ആ താക്കീത് കൂടി കേട്ടപ്പോള്‍, അയല്‍ക്കാരന്‍റെ ഉപദേശം ഞാന്‍ ഉപേക്ഷിച്ചു. എന്നിട്ടും, രണ്ട്
ദിവസം കഴിഞ്ഞ് ലോറൻസൊ വിളിച്ചു. വീട്ടുടമയുമായി ആലോചിച്ചെന്നും, മിത മായവിലയ്ക്ക് വസ്തുവും വീടും തരുമെന്നും അറിയിച്ചു. ബാങ്കിൽനിന്ന് കടം വാ ങ്ങാതെ, മുതലും പലിശയും ചേർത്ത് മാസംതോറും വീട്ടുടമയ്ക്ക് കൊടുത്താൽ മതിയെന്നും പറഞ്ഞു. അക്കാര്യത്തെപ്പറ്റി എനിക്കുണ്ടായ സംശയങ്ങൾക്ക് വ്യക്ത മായ വിശദീകരണവും തന്നു. എന്നിട്ടും, ചഞ്ചലിപ്പിക്കുന്ന ചകിതചിന്തകൾ!
“കയ്യിൽവന്നത് വലിയൊരു ഭാഗ്യമാ. കളയരുത്. കച്ചവടം പെട്ടെന്ന് നടത്തണം,” അങ്ങനെ സിൽവാനൊയും ഉപദേശിച്ചു. ഷൈനിയോടും അയാള്‍ സംസാരിച്ചു. തെല്ല് ഭയത്തോടെയാണെങ്കിലും, ഞങ്ങള്‍ സമ്മതിച്ചു. എല്ലാ വ്യാപാരകാര്യങ്ങളും ചിട്ടയോടെ ലോറൻസൊ ക്രമീകരിച്ചു. ആധാരച്ചിലവിനുവേണ്ട തുക തികഞ്ഞില്ല. ഷൈനിയുടെ ആഭരണം വില്കാന്‍ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ, ലോറൻസൊ അനുവദിച്ചില്ല. ആവശ്യമുള്ളതുക തന്ന് അയാൾ സഹായിച്ചു. അങ്ങനെ, വാടക വീട് സ്വന്തമായി. ആ അവിചാരിതനേട്ടം, എന്‍റെ ജീവിതപാതയില്‍ പ്രകാശധാരയാ യി. അസ്വസ്ഥനാക്കിയ അന്യചിന്തയും ഭീതിപ്പെടുത്തിയ പ്രതിസന്ധിയും നിലച്ചു.
നഴ്സിംഗ് പരീക്ഷയിൽ ഷൈനി ജയിച്ചു. “വാർഡ് എയ്ഡ്” എന്ന തസ്തികയിൽ, അവ ള്‍ ജോലി ചെയ്ത ആശുപത്രിയിൽത്തന്നെ നഴ്സായി. രാത്രിജോലിയും അനുവദിച്ചുകി ട്ടിയതോടെ, മകന്‍റെ സംരക്ഷണയും ക്രമീകരിച്ചു.
കത്തോലിക്കാപള്ളിയോടുചേർത്തു പണിഞ്ഞ കെട്ടിടത്തിൽ “പ്രൈമറിസ്കൂള്‍” തുറന്നു. അതിനടുത്ത് കടകൾ വന്നു. അവിടം ആൾത്തിരക്കുള്ള കവലയായി .
നന്മചെയ്തവരെ നന്ദിയോടെ ഓര്‍ക്കണം. വീട് വാങ്ങാൻ നിസ്വാർത്ഥമായി തു ണച്ച ലോറൻസൊയ്ക്ക് ഒരു സമ്മാനം കൊടുക്കാൻ നിശ്ചയിച്ചു. എന്ത് വാങ്ങണം എങ്ങനെ കൊടുക്കണം എന്നൊക്കെ ആലോചിച്ചു. ഞാനും ഷൈനിയും അയാളു ടെ വീട്ടിൽ ചെന്നു. വായ്പവാങ്ങിയ തുകയും സമ്മാനവും വച്ച കടലാസ് പൊതി കൊടുത്തു. സന്തോഷത്തോടെ ലോറൻസൊ അത് വാങ്ങി. ജന്മദേശത്ത് പോയെ ന്നും, ബന്ധുക്കളെയും മറ്റും കണ്ടെന്നും, അറിവിനും ആത്മസന്തോഷത്തിനും സ ഞ്ചാരം നല്ലതെന്നും ഉന്മേഷത്തോടെ അയാൾ വിവരിച്ചു . മടങ്ങാൻ നേരത്ത് സമ്മാ നത്തുക തിരിച്ചുതന്നുകൊണ്ട് പറഞ്ഞു: “ ഒരു ചെറിയ സഹായമാണ് ചെയ്തത്. അത് സേവനമല്ല. സഹായത്തിനു പ്രതിഫലം വാങ്ങാറില്ല.” അടിയന്തിരസഹായം ചെയ്ത ലോറന്‍സൊയുടെ അയല്‍സ്നേഹം എത്രയോ അപൂര്‍വ്വമെന്ന് ഞങ്ങള്‍ക്ക് തോന്നി.
അക്രമങ്ങളും അധികാരതിന്മകളും പൂര്‍വ്വാധികം പടർന്ന ഭൂമുഖത്ത്, ക്രിസ്മ സ്സിന്‍റെ ആകർഷകമായ ആഘോഷങ്ങൾ വീണ്ടും തുടങ്ങി! ലോറൻസൊയുടെയും സിൽവാനൊയുടെയും പ്രകാശഭവനങ്ങളിൽ കൂടിവരവിന്‍റെ മംഗളമേളം. ആ മധു രോത്സവത്തിന്‍റെ പിന്നാലെ, മഞ്ഞും മഴയും ഇടവിട്ടുവന്നു.
കടയിൽ പോകാൻ മുറ്റത്തിറങ്ങിയപ്പോൾ, ഇളംവെയിലത്ത് നിന്ന സിൽവാ നൊ എന്നെ വിളിച്ചു. എന്‍റെ വീടിന്‍റെ തെക്ക് വശത്തുള്ള വസ്തു അയാളുടെ ബന്ധു വിന്‍റെതാണെന്നും, അത് വില്ക്കാനുള്ള ചുമതല അയാൾക്കുണ്ടെന്നും പറഞ്ഞു. വാങ്ങാൻ താല്പര്യം ഉണ്ടോയെന്നു ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞിട്ട് ഞാൻ കടയിലേ ക്ക് പോയി. മടങ്ങിവന്നപ്പോൾ, ലോറൻസൊ വിളിച്ചു. അയൽവസ്തുവിനെപ്പറ്റി സില്‍ വാനോ സംസാരിച്ചെന്നും, വാങ്ങുന്നത് ഗുണപ്രദവും ബുദ്ധിപരവുമെന്ന് അയാളും സൂചിപ്പിച്ചു. ബാദ്ധ്യതകളും നിവർത്തിക്കേണ്ട നിരവധി കാര്യങ്ങളുമുണ്ടെന്ന് പറ ഞ്ഞു ഞാൻ പിന്മാറി. “കടങ്ങൾ കൂട്ടിവച്ചു സമാധാനം കെടുത്തരുത്” എന്ന ഭാര്യയു ടെ താക്കീതിനും പുറമേ, മനസ്സിനെ നോവിച്ച കുറെ കടമകളും, നിറവേറ്റേണ്ട വാ ഗ്ദാനങ്ങളും ഉണ്ടായിരുന്നു.
സിൽവാനൊ വീണ്ടുംവിളിച്ചു. എന്നെ ലോറൻസായുടെ വീട്ടിൽ കൊണ്ടുപോ യി. സ്വന്തവീടും രണ്ടുപേര്‍ക്ക് ഉദ്യോഗങ്ങളുമുള്ളതിനാൽ ബാങ്ക്ലോണ്‍ കിട്ടുമെ ന്നും, അതിനുവേണ്ടി എന്ത് ചെയ്യണമെന്നും മറ്റും ലോറൻസൊ വിവരിച്ചു. കച്ചവ ടം സംബന്ധിച്ച വസ്തുതകൾ ഷൈനിയോടും അവര്‍ പറഞ്ഞു. അയല്‍വസ്തു വാങ്ങു ന്നത് ആദായകരമെന്ന് അവള്‍ മനസ്സിലാക്കി. എനിക്കും ഇഷ്ടമായി.
നടപടിക്രമങ്ങള്‍ പെട്ടെന്നാരംഭിച്ചു. സ്ഥലത്തിന്‍റെ മൂല്യനിർണ്ണയം നടത്തി. വിലനിശ്ചയിച്ചു. ദാനാ ബാങ്കിന്‍റെ ആലോചനാഹാളിൽ, ലോറൻസൊയുടെ സാനി ദ്ധ്യത്തിൽ, ആധാരം നടപ്പാക്കി. ഒന്നുമില്ലാതെവന്ന ഞങ്ങള്‍ക്ക് രണ്ട് വീടുകൾ!
വാങ്ങിയ വസ്തുവിൽ അടച്ചിട്ടിരുന്നവസതി തുറന്നു. അറ്റകുറ്റപ്പണികൾ ചെയ്തു. വാസയോഗ്യമാക്കി. വാടകയ്ക്ക് കൊടുത്തു. അതോടെ,“ലാൻഡ് ലോർഡ്” എന്നൊ രു പേര് വെറുതേകിട്ടി. സ്വദേശത്തുനിന്ന് ലഭിച്ചുകൊണ്ടിരുന്ന സഹായാഭ്യർത്ഥന കളുടെ എണ്ണവും വർദ്ധിച്ചു.
മഞ്ഞും ശൈത്യകാലമഴയും പെയ്തുകൊണ്ടിരുന്നതിനാൽ, വാഹനസഞ്ചാരം ക്ലേശകരമായി. രാത്രിസമയം എട്ട് മണി കഴിഞ്ഞപ്പോൾ ലോറൻസൊ വിളിച്ചു. അയാളുടെ വീട്ടിൽ പെട്ടന്ന് ചെല്ലണമെന്ന് പറഞ്ഞു. ഷൈനി ജോലിസ്ഥലത്തായി രുന്നു. കുഞ്ഞുങ്ങൾ നല്ല ഉറക്കത്തില്‍. മൂത്തമകളെ ഉണർത്തി. വാതിൽ അടച്ചിട്ട് ലോറൻസായുടെ വസതിയിൽ ഓടിയെത്തി. ഇടറിയസ്വരത്തിൽ അയാൾ പറഞ്ഞു: “അത്താഴത്തിനുശേഷം തലച്ചുറ്റലുണ്ടായി. കാഴ്ച മങ്ങി. സംസാരിക്കാൻ പ്രയാസം. ശരീരബലവും ചലനശേഷിയും കുറയുന്നത് കണ്ടു. ഞാൻ കട്ടിലിൽ കിടത്തി. ആം ബുലൻസ് ഉടനെയെത്തും.” കണ്ണടച്ച് അനങ്ങാതെകിടന്ന അയല്ക്കാരിയെകണ്ട് ഞാൻ അമ്പരന്നുപോയി. പെട്ടെന്ന് ആംബുലൻസ് വന്നു. ലൂസിയയെ ആശുപത്രി യിൽ കൊണ്ടുപോയി. അവരുടെകുടെ ലോറന്‍സൊയും ഉണ്ടായിരുന്നു.
പത്താംമണി നേരമായപ്പോൾ, ഷൈനി വിളിച്ചു. ലൂസിയയ്ക്ക് “തളർവാത”മു ണ്ടെന്നും, പരിശോധനകൾ തുടരുന്നുവെന്നും, തക്കസമയത്ത് ചികിത്സിക്കാനായ ത് ഭാഗ്യമെന്നും പറഞ്ഞു. പ്രായമാകുന്തോറും ഉണ്ടാകാവുന്ന രോഗലക്ഷണങ്ങളെ ക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അവശ്യമെന്ന് എനിക്കു തോന്നി .
അർദ്ധരാത്രിയായപ്പോൾ, പ്രത്യേകമുറിയിലേക്ക് ലൂസിയയെ മാറ്റി. അടുത്ത വാർഡിലായിരുന്നു ഷൈനിയുടെ ജോലി. രാവിലെ, അവൾ വീട്ടിലെത്തിയപ്പോള്‍ ഞാൻ അവധിയെടുത്തു. ലൂസിയയെ ചെന്നുകണ്ടു. തളർന്നമനസ്സുമായി സഹധര്‍ മ്മിണിയുടെ അരികിലിരുന്ന ലോറൻസൊയെ സ്വാന്ത്വനപ്പെടുത്തി.
ഇരിക്കാനും സ്ഫുടമായി സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു ലൂസിയ. ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പും ഇടവേളകളിലും ഷൈനി അവ രെ ചെന്നുകാണുമായിരുന്നു. ഭാര്യയുടെ അരികെ, ഒരു ശുശ്രൂഷകനെപ്പോലെ ലോ റൻസൊ ഇരിക്കുമായിരുന്നു. ഞങ്ങളുടെ സന്ദർശനങ്ങൾ അയാൾക്ക് തല്കാലസങ്കട നിവൃത്തിയായി. മനുഷ്യജീവിതത്തിന്‍റെ മാർഗ്ഗത്തിനു മാറ്റംഭവിക്കുന്നത് മുന്നമേ അറിയാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന് ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്.
മറ്റൊരുവാർഡിലേക്ക് ലൂസിയയെ മാറ്റി. എന്നിട്ടും ഷൈനി ചെന്നുകാണുമാ യിരുന്നു. ഒരു ദിവസം വ്യാകുലതയോടെ ലോറൻസൊ എന്നോട് പറഞ്ഞു: “ഒരു ഭാര്യക്ക് സ്വന്തഭർത്താവിന്‍റെ സ്വഭാവത്തെ ചിന്തേരിട്ടു ചിട്ടപ്പെടുത്താന്‍ കഴിയും. ഞങ്ങളുടെ വിവാഹശേഷം ലൂസിയാ ഉദ്യോഗം ഉപേക്ഷിച്ചു. എന്‍റെ സുഖവും മക്ക ളുടെ നല്ലഭാവിയുമായിരുന്നു അവളുടെ ലക്ഷ്യം. പുരോഗതിയുടെ പടവുകള്‍ കാ ണിച്ചുതന്നതും മറ്റാരുമല്ല. ഈ കിടപ്പ് കണ്ട് ഉള്ളുരുകുന്നു. നിസ്സഹായനായി അരി കിലിരിക്കാനേ കഴിയുന്നുള്ളൂ.” ആയാളുടെ കദനമൊഴികൾ എന്‍റെ ഹൃദയത്തിൽ തറച്ചു. ബലഹീനമാക്കുന്ന ദുഃഖം കടന്നുചെല്ലാത്ത മനുഷ്യമനസ്സുകളുണ്ടോ?
‘ലാലി’യുടെ വിവാഹം ഉറപ്പിച്ചെന്നു കേട്ടപ്പോള്‍ ഞാൻ നടുങ്ങി! അപ്രതീക്ഷി തമായ അറിയിപ്പ്. വേദനയോടെ ചോദിച്ചു: “ഇക്കാര്യം എന്തുകൊണ്ട് അല്പം നേര ത്തെ അറിയിച്ചില്ല?” “നീ വരുമെങ്കില്‍, അപ്പോള്‍ പറയാം” അങ്ങനെയായിരുന്നു അപ്പച്ചന്‍റെ മറുപടി. പെട്ടന്നൊരു തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല.
അടിയന്തിരയാത്ര ക്രമീകരിക്കാൻ വലിയ വൈഷമ്യമുണ്ടായി. പാസ്പോർട്ടുക ള്‍ പുതുക്കണം. രണ്ട് പേർക്ക് അവധികിട്ടണം. പെണ്മക്കൾക്ക് സ്കൂളിൽനിന്ന് അനു മതി വാങ്ങണം, കല്യാണത്തിന് സമ്മാനങ്ങൾ മേടിക്കണം. അഞ്ച്പേരുടെ ടിക്കറ്റി നും വീട്ടിലെത്തുമ്പോൾ വേണ്ടിവരാവുന്ന ചിലവുകൾക്കും വലിയൊരു തുക കരു തണം, വിസ വാങ്ങണം. ഒരാഴ്ചക്കുള്ളിൽ അതെല്ലാം ക്രമീകരിക്കണമായിരുന്നു.
” റീഹാബ്”ൽ ലൂസിയയെ കാണാൻ ചെന്നപ്പോൾ, നാത്തൂന്‍റെ കല്യാണത്തിന് കുടുംബമായി പോകുമെന്ന് ലോറൻസൊയോടും ഷൈനി പറഞ്ഞു. ജോലിത്തിര ക്കിലായിരുന്നതിനാല്‍, ഞാൻ പോയില്ല.
യാത്രയുടെ തലേദിവസം ലോറൻസൊ വിളിച്ചു. ചികിൽസാമുറിയിൽ ചെന്ന പ്പോൾ, ലൂസിയ കട്ടിലിലിൽ ഇരിക്കുന്നത് കണ്ടു. അവരുടെ ആരോഗ്യസ്ഥിതി മെച്ച പ്പെട്ടു ഒരു കവർ തന്നുകൊണ്ട് ലോറൻസൊ പറഞ്ഞു:“ ഇത് ഞങ്ങളുടെ കല്യാണസ മ്മാനം. സാമിന്‍റെ സഹോദരിക്ക് കൊടുക്കണം. അതിശയത്തോടെ അത് വാങ്ങി. അപ്പോള്‍, ആ സ്നേഹിതന്‍ വ്യാകുലതയോടെ പറഞ്ഞു:”ലൂസിയയ്ക്കുവേണ്ടി യും പ്രാർത്ഥിക്കേണമേ!.”
വിവാഹച്ചടങ്ങിന് രണ്ട് ദിവസം മുമ്പ് തറവാട്ടിലെത്തി. അന്ന് തിരക്കൊഴിഞ്ഞ പ്പോൾ, അപ്പച്ചൻ വിളിപ്പിച്ചു. ഞാൻ അരികിൽ ചെന്നുനിന്നു. മുറ്റത്തേക്ക് നോക്കി യിരുന്നുകൊണ്ട്, അദ്ദേഹം പറഞ്ഞു: “പെട്ടെന്നാണ് ലാലിമോള്‍ക്ക് വേണ്ടി ഒരാലോ ചന വന്നത്. ആരോടും അഭിപ്രായംചോദിക്കാതെ, കല്യാണം ഞാനങ്ങൊറപ്പിച്ചു.” എന്‍റെ മനസ്സിൽ മുറ്റിനിന്ന ദേഷ്യവും പ്രതിഷേധവും പ്രകടിപ്പിക്കാൻ കിട്ടിയ നേ രം. ഞാന്‍ ചോദിച്ചു: “അപ്പച്ചൻ എന്നോടൊരു വാക്ക് ചോദിച്ചില്ലല്ലോ. ഞാൻ അന്യ നാണോ? മകനല്ലേ? വേണ്ടപ്പെട്ടവരോടെല്ലാം ആലോചിച്ചെന്നും അറിഞ്ഞു. ലാലി യെ അമേരിക്കയിൽ കൊണ്ടുപോകാൻ ഞാനെത്ര കൊതിച്ചതാ.”
അപ്പച്ചന്‍റെ മുഖം ചുമന്നു. എന്നെ തുറിച്ചുനോക്കിക്കൊണ്ട് ഉച്ചത്തിൽ ചോദിച്ചു: “ ഇക്കാര്യം എപ്പോഴെങ്കിലും എന്നെ അറിയിച്ചോ? നീ പോയിട്ട് മൂന്ന് മൂന്നര കൊല്ലം കഴിഞ്ഞില്ലെ? ഈ വീടിന് ഓല മാറ്റി ഓടിടാൻ കുറച്ച് രൂപാ അയച്ചുതന്നതൊഴിച്ചാ ല്‍, നീ എന്ത്ചെയ്തു? അവിടെ പണക്കാരനും വീട്ടുടമയുമൊക്കെയായപ്പോൾ നീ ചു വടു മറന്നു. നിനക്ക് ഇനിയെന്ത് പരാതിയും പറയാം. നിലയും വിലയുമൊക്കെയു ണ്ടാകുമ്പൊള്‍, അധികമാളുകൾ പുറകോട്ട് നോക്കാറില്ല. പിന്നെ, മക്കളോട് എരന്നു വാങ്ങി പൊങ്ങച്ചം കാണിക്കുന്ന തന്തമാരുണ്ട്. ഞാൻ അത്തരക്കാരനല്ല. ഏറിഞ്ഞു തരുന്നത് പെറുക്കിയെടുത്ത് തിന്നുന്നവനുമല്ല. കൂടുതലൊന്നും എന്നെക്കൊണ്ടി പ്പോപറയിക്കല്ല്”
കരളിൽകുത്തിക്കയറിയ കട്ടക്കാരമുള്ള്പോലെ, അപ്പച്ചന്‍റെ ആരോപണം വേ ദനിപ്പിച്ചു. എന്നിട്ടും, തിളച്ചുമറിഞ്ഞ വികാരങ്ങളെ നിയന്ത്രിച്ചു. അമേരിക്കയില്‍ നിന്നും സമ്പന്നരായി തറവാട്ടിലെത്തുന്ന മക്കളെ എതിരേൽക്കുന്ന മാതാപിതാക്ക ളും, വന്നവഴിമറന്ന് കുടുംബത്തെയും കൂടപ്പിറപ്പുകളെയും അവഗണിക്കുന്ന അധ ർമ്മികളും ഉണ്ടെന്നറിയാമായിരുന്നു. കല്യാണവീട്ടിലാണെന്ന ഓര്‍മ്മ മറ്റൊന്നും പറയാന്‍ അനുവദിച്ചില്ല.
സഹോദരിയുടെ കല്യാണം മംഗളമായി നടന്നു. ബന്ധുക്കളേയും സുഹൃത്തു ക്കളേയും സന്ദർശിക്കുന്ന തിരക്കിലൂടെ അവധിദിനങ്ങള്‍ കടന്നുപോയി .
അപ്പച്ചന്‍റെ വിളികേട്ടു സ്വീകരണമുറിയില്‍ ചെന്നു. അവിടെ, അമ്മച്ചിയും ജ്യേഷ്ടനും ഭിത്തിയിൽചാരി നിൽക്കുന്നുണ്ടായിരുന്നു. വിളിച്ചതെന്തിനെന്നു ചോദി ക്കുന്നതിനു മുമ്പെ, ആപ്പച്ചൻ ശാന്തനായിപറഞ്ഞു: “നാളെ നീ പോകുമല്ലോ. അതു കൊണ്ട് നിന്‍റെ അഭിപ്രായംകൂടി എനിക്കറിയണം. ഒന്നും സമ്പാദിക്കാൻ എനിക്കു സാധിച്ചില്ല. ഈ പെരയും പറമ്പും എന്‍റെ അപ്പൻ ഇഷ്ടദാനം തന്നതാണെന്ന് നിനക്കു മറിയാം. പ്രായമായതിനാൽ, ഭാഗയുടമ്പടി എഴുതിവെക്കണമെന്നു തോന്നി. സ്ത്രീ ധനമായിട്ടല്ലെങ്കിലും, ഒള്ളതിന്‍റെ മൂന്നിലൊന്ന് ലാലിമോക്ക് കൊടുക്കണം. ഇപ്പോ ഴും, എന്നോടോപ്പം അദ്ധ്വാനിക്കുന്നത് നിന്‍റെ ജ്യേഷ്ഠനാ. നിന്നെ പഠിപ്പിച്ചതും അവ നാണല്ലോ. അവനുമൊണ്ട് പിള്ളേര്. പിന്നെ, ചാകാന്നേരത്തും ഓടിവരാൻ അവനേ യുള്ളു. ചത്തെന്നറിഞ്ഞു നീ വന്നാലും, എന്‍റെ ചവത്തെയല്ലേ കാണാൻകഴിയൂ. അ തുകൊണ്ട് ചോദിക്കുവാ, പാരമ്പര്യമനുസരിച്ച് നിനക്ക് കിട്ടേണ്ട ഈ വീട് അവന് കൊടുത്തേക്കട്ടോ?
ജനിച്ചുവളർന്ന കുടുംബത്തിൽനിന്നും വിഛേദിക്കുന്ന ചോദ്യം. അതിൽ ആഴ മേറിയ ഉദ്ദേശൃമുണ്ട്. ഉറച്ച തീരുമാനമുണ്ട്. ചിന്തിക്കാൻ നേരമില്ലായിരുന്നു. തർക്കി ച്ചാല്‍ ശത്രുതയുണ്ടാവും. രക്തബന്ധങ്ങൾ അറ്റുപോകാം. ആകാംക്ഷയോടെ ജ്യേ ഷ്ടൻ എന്നെ സുക്ഷിച്ചുനോക്കി. അമ്മച്ചി കണ്ണ് തുടയ്ക്കുന്നത് കണ്ടു. എന്‍റെ ഉള്ളിൽ വികാരങ്ങൾ വിതുമ്പി. തൊണ്ടയിടറി. എന്നിട്ടും, മുഖപ്രസാദത്തോടെ പറഞ്ഞു: “അപ്പച്ചന്‍റെ ഇഷ്ടംപോലെ ചെയ്താട്ടെ.” മറ്റൊരു ചോദ്യത്തിന് ഇടകൊടുക്കാതെ, മുറ്റ ത്തിറങ്ങിനിന്നു. നഷ്ടപ്പെട്ട അവകാശത്തെയും ഔദാര്യത്തിന്‍റെ സ്വത്തിനേയുമോ ര്‍ത്ത്, നിരാശനും നീറുന്നവനും ആകരുതെന്നു നിശ്ചയിച്ചു.
പിറ്റേന്ന്, രാവിലെ മുതൽ ചന്നം പിന്നം ചാറിയ മഴയത്ത് പടിയിറങ്ങിയപ്പോൾ, കണ്ണുനീരിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ആകാശയാത്രയിൽ, രാവും പകലുമെ ന്നപോലെ പരസ്പരം ചേരാഞ്ഞ, പിന്നാമ്പുറസംഭവങ്ങളെ ഓർമ്മിച്ചു. അപ്പച്ചൻ പറ ഞ്ഞതെല്ലാം വാസ്തവമായിരുന്നു. മനപ്പൂർവ്വമല്ലെങ്കിലും, കടമകൾ പാലിച്ചില്ല. അന്യ രെ സഹായിച്ചു. കുടുംബസ്നേഹം ഒട്ടുമില്ലാത്തവനെന്ന ആരോപണം, എന്‍റെ കദ നപൂരിതമായ കുറ്റബോധത്തില്‍ മുഴങ്ങി.
മടക്കയാത്ര കഴിഞ്ഞ്, സന്ധ്യാവെളിച്ചം മായുമ്മുമ്പേ, വീട്ടില്‍ തിരിച്ചെത്തി. ഉന്മേഷമില്ലായിരുന്നു. കെട്ടുപോകാത്ത തിക്താനുഭവത്തിന്‍റെ ചൂടിൽ, എന്‍റെ മനസ്സ് നന്നേ തളർന്നിരുന്നു. പതിവിലും നേരത്തെ ഉറങ്ങിപ്പോയി.
പിറ്റേന്ന്, ഉച്ചയോടെ സിൽവാനൊയുടെ വീട്ടിൽ ചെന്നു. സ്വദേശത്തു നിന്നും കൊണ്ടുവന്ന സമ്മാനങ്ങൾ കൊടുത്തു. അത് വാങ്ങി നന്ദിപറഞ്ഞെങ്കിലും, അയാ ളുടെ മുഖം മ്ലാനമായിരുന്നു. എന്നോടൊപ്പം ഗേറ്റിങ്കൽവരെ വന്നു. ജിജ്ഞാസയോ ടെ ഞാൻ ചോദിച്ചു. “ഇന്നലെ രാത്രിയില്‍, ലോറൻസൊയുടെ വീട്ടിൽ വെട്ടമില്ലായി രുന്നു. ഇന്നുരാവിലെ, വാതിലിൽ മുട്ടിവിളിച്ചിട്ടും തുറന്നില്ല. അവിടെ ആരുമില്ലേ?”
അതിശയത്തോടെ സില്‍വാനൊ ചോദിച്ചു: “അക്കാര്യം സാം അറിഞ്ഞില്ലെ? എന്ത് കാര്യമെന്ന് ചോദിക്കുന്നതിനുമുമ്പ് അയാള്‍ തുടര്‍ന്നു: “മുപ്പത്തിയഞ്ച് വർ ഷം മുമ്പ് ഞാനിവിടെ വന്നപ്പോൾ, എന്നെ സഹായിച്ച കുടുംബമാണ്. ഊണും ഉറ ക്കവും ഉപേക്ഷിച്ച്, ഭാര്യയുടെ അരികിലിരുന്നു ശുശ്രൂഷിച്ച ലോറൻസൊയെപ്പോ ലെ മറ്റൊരു പുരുഷനേയും ഞാൻ കണ്ടിട്ടില്ല. ഭാര്യയെ കുളിപ്പിച്ച് വസ്ത്രം ധരിപ്പി ക്കുകയും ഇഷ്ടമുള്ള ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ഒരുദിവ സം അവരെ കാണാൻ ചെന്നപ്പോൾ, ഭാര്യയുടെ കാല്ക്കല്‍ ഇരിക്കുകയായിരുന്നു ലോറൻസൊ. എന്നെക്കാള്‍ അയാള്‍ക്ക് പ്രായക്കൂടുതലുണ്ട്. എന്നാലും, സഭ്യമായ തമാശ പറഞ്ഞ് ഞങ്ങൾ കുറെനേരം രസിച്ചു. ലൂസിയ ഉറക്കത്തിലായിരുന്നു. മട ങ്ങാന്‍ തുടങ്ങിയപ്പോൾ, തത്ത്വചിന്തകനെപ്പോലെ ലോറന്‍സൊ ചോദിച്ചു: “നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കെങ്കിലും പറയാന്‍കഴിയുമോ?” ചോദ്യത്തിന്‍റെ പൊരുളെന്തെന്ന് എനിക്ക് മനസ്സിലായില്ല.“എല്ലാം സ്വര്‍ഗ്ഗസ്ഥന്‍ അറിയുന്നു” എന്ന് പറഞ്ഞിട്ട് ഞാൻ തിരിച്ചുപോന്നു. അവരില്‍ ആര്‍ക്ക് ദൈവകൃപലഭിച്ചുവെന്ന് ഇപ്പോള്‍ ചിന്തിച്ചുപോകുന്നു.”
ടെലിഫോണില്‍ വിളിച്ചിട്ടും, ലോറന്‍സൊയോട് മിണ്ടാന്‍ സാധിച്ചില്ലെന്നും, അന്നുതന്നെ പോയി അവരെകാണുമെന്നും ഞാന്‍ പറഞ്ഞു. വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോള്‍, സില്‍വാനൊ വിലക്കി.“പോകണ്ട. ലൂസിയ റിഹാബില്‍ ഇല്ല.”
“അവര്‍ എവിടെയാണ്? പെട്ടെന്ന് ഞാന്‍ ചോദിചു.
“ലൂസിയയെ, അവരുടെ മകളുടെ വീടിനടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് മാറ്റി. ചിലപ്പോള്‍, പരസ്യമായ കാര്യംപോലും ആരോടും പറയാൻ തോന്നത്തില്ല. മനുഷ്യ ന്‍റെ ബലവും ബലഹീനതയും വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ.
ലോറന്‍സൊ എവിടെയാണ്? എന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു.
“ പറയാന്‍ വിഷമമുണ്ട്. സകലരും ഒത്തുചേരുന്ന ഒരു സ്ഥലത്ത്.” സില്‍വാനൊ യുടെ കണ്ണ് നിറഞ്ഞു. നെടുതായി നിശ്വസിച്ചിട്ട്, ഗദ്ഗദത്തോടെ അയാള്‍ തുടര്‍ന്നു: “ഞങ്ങള്‍ തമാശപറഞ്ഞു രസിച്ച രാത്രിയിൽ, ലൂസിയായുടെ കട്ടിലിന്നരകെ, കസേ രയില്‍ ലോറൻസൊ കിടന്നുറങ്ങി. പിന്നീട് അയാള്‍ ഉണർന്നില്ല! “
എന്‍റെ ആത്മാവ് തേങ്ങി! നിസ്വാർത്ഥമായ സ്നേഹം ആകാരംപൂണ്ടൊരു പു രുഷൻ. സമഭാവനയോടെ സൌഹൃദലോകത്തേക്ക് നയിച്ച ഉപകാരി. അയല്‍സ്നേ ഹത്തിനു മാതൃക. നല്ല ഉപദേഷ്ടാവിനെ എനിക്ക് നഷ്ടമായി.
പിറ്റേദിവസം, ഞാനും കുടുംബാംഗങ്ങളും ലൂസിയയെ ചെന്നുകണ്ടു. ശോകാർദ്ര ഹൃദയത്തോടെ ലൂസിയ മെല്ലെസംസാരിച്ചു. വേർപാടിന്‍റെവേദന വിങ്ങിപ്പൊട്ടി യവേള! വീണ്ടും കാണാമെന്നു പറഞ്ഞു ഞങ്ങൾ മടങ്ങി .
രാവിളക്ക് തെളിയാതെ, അടഞ്ഞുകിടന്ന, വടക്കേവീട്ടിലേക്ക് നോക്കുമ്പോൾ മനസ്സ് വിങ്ങുമായിരുന്നു. മായികപ്രതിഭാസമാണെങ്കിലും, വേലിക്കരികെ ലോറൻ സൊ നിൽക്കുന്നതുപോലെ പലപ്പൊഴും തോന്നിയിട്ടുണ്ട്.
പിറ്റേമാസത്തിൽ, ആ കെട്ടിടത്തിന്‍റെ മുന്നിൽ “വില്പനയ്ക്ക്” എന്നെഴുതിയ പരസ്യപ്പലക വച്ചിരിക്കുന്നത് കണ്ടു. സിൽവാനോ എന്നെവിളിച്ചു. ലോറൻസൊയു ടെ വസതി വാങ്ങാൻ നിർബന്ധിച്ചു. വിലകുറച്ച് തരുമെന്നും, ബാങ്ക്ലോൺ കിട്ടു മെന്നും, ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു. ഒരുഗുണകാംക്ഷിയുടെ സമയോചിത മായ മാര്‍ഗ്ഗനിർദ്ദേശം.
ലോറന്‍സൊയുടെ വീട് വാങ്ങിയാല്‍, ഞങ്ങളുടെ മൂന്ന് മക്കള്‍ക്കും ഓരോ വീട് കോടുക്കാമെന്നു ഷൈനി പറഞ്ഞു. ദിവസേന അവള്‍ നിർബന്ധിച്ചു. അസ്വസ്ഥമാ യ പ്രേരണയാല്‍, ശരിതെറ്റുകളെ തിരിച്ചറിയാന്‍ കഴിയാതെ, ഞാന്‍ കുഴങ്ങി. എന്നി ട്ടും, ഭാര്യയുടെ ഇഷ്ടത്തിന് എന്‍റെ മനസാക്ഷി വഴങ്ങിയില്ല!
ആണ്ടുകള്‍ കൊഴിഞ്ഞുപോയതിനൊപ്പം, ഒരുപാടുകാര്യങ്ങള്‍ ഞാന്‍ മറന്നു. എങ്കിലും, ഒരു കദനഗീതംപോലെ, ലോറന്‍സൊയുടെ ഓര്‍മ്മ ഒഴുകിവരാറുണ്ട്!
