പാസ് വേർഡ് (കഥ -കവിത മേനോൻ,ഡിട്രോയിറ്റ് )

sponsored advertisements

sponsored advertisements

sponsored advertisements

30 May 2022

പാസ് വേർഡ് (കഥ -കവിത മേനോൻ,ഡിട്രോയിറ്റ് )

ഞ്ജു അക്ഷമനായി റോഡരികിൽ കാത്തുനിന്നു..
ക്ലാസ്സ്‌ കഴിഞ്ഞിട്ട് 10 മിനിട്ടായി..
അമ്മയെ ഇനിയും കാണാനില്ലല്ലോ. ബാക്കി കുട്ടികൾ ഒക്കെ പോയിക്കഴിഞ്ഞു..
അവന്റെ ഫ്രണ്ട് രാജു കാറിൽ ഇരുന്ന് അവന് കൈവീശിക്കാണിച്ചു “ബൈ സഞ്ജു.. ” സഞ്ജുവും ആവേശത്തോടെ തിരിച്ച് കൈവീശി..
കുറച്ചപ്പുറത്ത് ഒരു കറുത്ത കാറിൽ, ഒരാൾ കുട്ടികളെ ശ്രദ്ധിച്ചുകൊണ്ടിരുന്നത് ആരും അറിഞ്ഞില്ല..
കരാട്ടെ ക്ലാസ്സ്‌ അവന് വലിയ ഇഷ്ടമാണ്. 6 മുതൽ 7 മണിവരെയാണ് അവസാനത്തെ ക്ലാസ്സ്. കൂടുതലും സഞ്ജുവിന്റെ തരക്കാർ, 8ഉം 9ഉം വയസ്സുള്ളവർ.. ക്ലാസ്സ് കഴിയുമ്പോൾ, അച്ഛനമ്മമാർ കുട്ടികളെ വിളിക്കാൻ കാത്ത് നിൽക്കുന്നുണ്ടാവും.
മാസ്റ്റർ സാധാരണ അവർ വരുന്നതുവരെ കുട്ടികളെ പുറത്തേക്ക് വിടില്ല. ഇന്ന്, സഞ്ജു അമ്മയെ കണ്ടു എന്ന് പറഞ്ഞതുകൊണ്ട് മാസ്റ്റർ അവനെ പോവാൻ അനുവദിച്ചതാണ്.
പക്ഷേ പുറത്തു വന്നപ്പോഴാണ് സഞ്ജുവിന് തെറ്റ് മനസ്സിലായത്. അമ്മയെപ്പോലെ വേറെ ആരെയോ ആണ് അവൻ കണ്ടത്.
കരാട്ടെ മാസ്റ്റർ ക്ലാസ്സ് വൃത്തിയാക്കി, പോവാനുള്ള ഒരുക്കങ്ങൾ ചെയ്യുകയാവും. സഞ്ജു തിരിച്ച് അകത്തേക്ക് പോണോ എന്ന് ആലോചിച്ചു. പിന്നീട് വേണ്ടെന്ന് വെച്ചു. അമ്മ ഇപ്പോൾ എത്തുമായിരിക്കും. വൈകാറുള്ളതല്ല. അകത്തേക്ക് പോവേണ്ട, അവൻ നിശ്ചയിച്ചു.
ചെറുതായി ഇരുട്ടി തുടങ്ങിയിട്ടുണ്ട്. അവന് പക്ഷേ പേടിയൊന്നും തോന്നിയില്ല. അവൻ കരാട്ടെ ക്ലാസ്സിൽ അന്ന് പഠിപ്പിച്ച ചില അടവുകൾ ഒക്കെ പരീക്ഷിച്ചു നോക്കി. “ഹു, ഹാ.. ഹയ്യ!! ”
ചരിച്ചുകൊണ്ട് അവൻ അടുത്തുള്ള ഒരു വഴിവിളക്കിന്റെ നേരെ ഓടിച്ചെന്നു.. കാല് കൊണ്ട് അതിലേക്ക് കരാട്ടെ കിക്ക്‌ ചെയ്തു. അവന് നല്ല രസം തോന്നി. സ്വയം വലിയ ബലവാനാണെന്നപോലെ കൈയ്യിലെ മസിലുകളെ ഒക്കെ പെരുപ്പിച്ച് നോക്കി..
ക്ലാസ്സിന്റെ മുന്നിൽനിന്ന് അല്പം നീങ്ങിപ്പോയത് അവൻ അറിഞ്ഞില്ല. അധികം ആളനക്കമില്ലാത്ത ഒരു ചെറിയ ഇടവഴിയിലാണ് കരാട്ടെ ക്ലാസ്സ്. അവൻ കളിയുടെ രസത്തിൽ, ചുറ്റുപാടുമൊന്നും ശ്രദ്ധിച്ചില്ല.
ആരോ അടുത്തെത്തി നിന്നപ്പോഴാണ്, അവൻ തലയുയർത്തി നോക്കിയത്. പെട്ടെന്ന് അവന്റെ മുഖത്തെ ചിരി മങ്ങി. അമ്മയായിരിക്കും എന്നാണ് അവൻ കരുതിയത്.
പക്ഷേ മുന്നിൽ നിന്നത്, പരിചയമില്ലാത്ത ഒരു ആളായിരുന്നു. നല്ല ഉയരവും, ഒത്ത തടിയുമുള്ള ഒരു ആൾ. കട്ടിത്താടി വളർന്ന്, മുഖം പകുതിയും ശരിക്കും കാണാനില്ല.
സഞ്ജുവിന് പേടിയൊന്നും ഉണ്ടായിരുന്നില്ല. അവൻ അല്ലെങ്കിലും അങ്ങനെയാണ്. 8 വയസ്സിനെക്കാൾ വിവേകവും, കാര്യഗ്രഹണവും അവനുണ്ട്.
ആ അജ്ഞാതനെ നന്നായി ഒന്ന് നോക്കി, സഞ്ജു അല്പം അകലേക്ക് മാറി നടന്നു. അയാൾ അവന്റെ പുറകേ ചെന്നു.. “സഞ്ജു എന്നല്ലേ മോന്റെ പേര്” അയാൾ അവന്റെ തോളിൽപ്പിടിച്ച് അവനെ തടഞ്ഞുനിർത്തി.
അത് കേട്ടപ്പോൾ സഞ്ജുവിന് അതിശയമായി. “അതേ. എന്നെ എങ്ങനെ അറിയാം?” അവൻ അയാളോട് ചോദിച്ചു.
അയാളുടെ പാതി തെളിഞ്ഞ ചുണ്ടിൽ ഒരു ഗൂഢമായ ചിരി തെളിഞ്ഞത് അവൻ ശ്രദ്ധിച്ചില്ല.
അയാൾ മെല്ലെ, അവനെ ക്ലാസ്സിന്റെ അകത്തുനിന്ന് നോക്കിയാൽ കാണാത്ത രീതിയിൽ മറച്ചുനിന്നു. അതും സഞ്ജു അറിഞ്ഞില്ല.
അയാൾ പറഞ്ഞു “സഞ്ജുവിന്റെ അച്ഛനാണ് എന്നെ പറഞ്ഞയച്ചത്. അവർക്ക് ഇന്ന് സഞ്ജുവിനെ വിളിക്കാൻ എത്താൻ പറ്റാത്തതുകൊണ്ട് എന്നോട് സഞ്ജുവിനെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു വിട്ടതാണ്.. നമുക്ക് പോകാം?”
അയാൾ സഞ്ജുവിന്റെ തോളിലൂടെ കൈയിടാൻ ശ്രമിച്ചു.. അവൻ പക്ഷേ, അയാളുടെ കൈ തട്ടിമാറ്റി, പിറകോട്ട് മാറിക്കളഞ്ഞു. “അതിന് അച്ഛൻ അല്ലല്ലോ എന്നെ വിളിക്കാൻ വരാറ്.” കുഞ്ഞ് മനസ്സിൽ പെട്ടെന്ന് എന്തോ തോന്നിക്കാണും അവന്.
അയാൾ ഒന്ന് പതറി.. പക്ഷേ പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്തു. ഈ കുട്ടി ഇത്ര സ്മാർട്ടായിരിക്കുമെന്ന് അയാൾ കരുതിയതല്ല.
കുറച്ച് കാലമായി അയാൾ കുട്ടികൾ വരുന്നതും, പോവുന്നതും, ആരും കാണാതെ, കാറിലിരുന്നു ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്..
ഇന്ന് സഞ്ജു തനിച്ചായത്, അയാൾ കാത്തിരുന്ന അവസരമാണ്. വേറെ കുട്ടികൾ സഞ്ജുവിനെ പേര് വിളിച്ച് യാത്ര പറയുന്നത് കേട്ടതുകൊണ്ട്, കുട്ടിയുടെ പേര് അയാൾക്ക് എളുപ്പം മനസ്സിലാക്കാനായി. അത് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പവുമാക്കി.
അയാൾ സഞ്ജുവിന്റെ അടുത്തേക്ക് ചെന്നു വീണ്ടും.. “അതേ. എനിക്കറിയാം.. അമ്മയല്ലേ വരാറ്. അമ്മയ്ക്ക് വരാൻ പറ്റില്ല എന്ന് അമ്മ അച്ഛനെ വിളിച്ചുപറഞ്ഞു. അതുകൊണ്ടാണ് അച്ഛൻ എന്നോട് പറഞ്ഞത്..”
“വരൂ.. നമുക്ക് പെട്ടെന്ന് ചെല്ലാം. അവർ മോനെ കത്തിരിക്കുന്നുണ്ട്.. വരൂ” അയാൾ അനുനയസ്വരത്തിൽ, സഞ്ജുവിനെ പതിയെ അയാളുടെ കാറിന് നേരെ നടത്താൻ തുടങ്ങി..
പക്ഷേ, അപ്പോഴും സഞ്ജുവിന് എന്തോ ഒരു ശരിയായി തോന്നിയില്ല.. “അറിയാത്ത ആളുകളുടെ കൂടെ പോവരുത്” എന്ന് അച്ഛനുമമ്മയും ഒരുപാട് തവണ അവനോട് പറഞ്ഞിട്ടുണ്ട്.
അവനും തട്ടിക്കൊണ്ടുപോക്കിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.. അവൻ മടിച്ച് നിന്നു.. “മോനെ, ഇവിടെ ഇങ്ങനെ നിന്നാൽ, നേരം ഇരുട്ടും. അച്ഛനുമമ്മയും മോനെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് വീട്ടിൽ എത്തണ്ടേ മോന്?” അയാൾ സഞ്ജുവിനോട് പറഞ്ഞു.
“നിനക്ക് വിശക്കുന്നില്ലേ? ചോക്ലേറ്റ് വേണോ മോന്?” അയാൾ പോക്കറ്റിൽനിന്ന് ചോക്ലേറ്റ് എടുത്ത് അവനു നേരെ നീട്ടി.
ഇതുകൂടെ ആയപ്പോൾ, സഞ്ജുവിന് സംശയം ബലപ്പെട്ടു. എത്രയോ തവണ അമ്മയും, സ്കൂളിലെ ടീച്ചർമാരും, ടി വി യിലും മറ്റും അവൻ കണ്ടിട്ടുണ്ട്. പരിചയമില്ലാത്തവർ എന്തെങ്കിലും തന്നാൽ, അത് കഴിക്കരുത് എന്ന് .
അതിനിടയിൽ, അയാൾ തന്ത്രപൂർവ്വം സഞ്ജുവിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തിച്ചിരുന്നു. റോഡിനപ്പുറത്താണ് അയാൾ കാർ പാർക്ക് ചെയ്തിട്ടിരുന്നത്. അങ്ങോട്ട് എങ്ങനെയെങ്കിലും സഞ്ജുവിനെ എത്തിക്കാനായിരുന്നു അയാളുടെ ശ്രമം.
സഞ്ജുവാകട്ടെ, അയാളെ സംശയദൃഷ്ടിയോടെ നോക്കുകയായിരുന്നു.
അവൻ തിരിഞ്ഞു നിന്ന്, അയാളുടെ മുഖത്ത് സൂക്ഷിച്ചു നോക്കി ചോദിച്ചു “വാട്ട് ഇസ് ദി പാസ്സ്‌വേർഡ്” (പാസ്സ്‌വേർഡ് എന്താണ്?)
അയാൾ അവനെ അന്തംവിട്ട് തുറിച്ചുനോക്കി.. “പാസ്സ്‌വേർഡോ?? എന്ത് പാസ്സ്‌വേർഡ്?”
“അതേ. അപരിചിതരായ ആരെയെങ്കിലും എന്നെ കൊണ്ടുപോവാൻ പറഞ്ഞയക്കുമ്പോൾ, അച്ഛൻ ഒരു പാസ്സ്‌വേർഡ് പറയാൻ പറഞ്ഞിട്ടുണ്ട്. അത് എന്താണ് എന്ന് പറഞ്ഞാലേ, ഞാൻ നിങ്ങളുടെ കൂടെ വരുള്ളൂ” സഞ്ജു അയാളോട് പറഞ്ഞു.
അയാൾക്ക് വെപ്രാളമായിത്തുടങ്ങി. സഞ്ജുവിന്റെ അമ്മ എപ്പോൾ വേണമെങ്കിലും അവിടെ എത്താം. അല്ലെങ്കിൽ, മറ്റാരെങ്കിലും ആ വഴിക്ക് വന്നാലും, തന്റെ പദ്ധതി പൊളിയും.
അയാൾ സഞ്ജുവിനെ തോളിൽ ബലമായിപ്പിടിച്ച്, കാറിനടുത്തേക്ക് നടത്താൻ തുടങ്ങി.. “പാസ്സ്‌വേർഡ് ഒക്കെ എനിക്ക് അറിയാം. നമുക്ക് കാറിൽ പോയി ഇരുന്നിട്ട് പറഞ്ഞാൽ പോരേ. നേരം വൈകുന്നു”
സഞ്ജു കുതറി “ഇല്ല. ആദ്യം പാസ്സ്‌വേർഡ് പറയണം” അവൻ ശഠിക്കുംതോറും അയാൾ അവന്റെ മേൽ പിടി മുറുക്കി..
കാറിനടുത്ത് എത്തിയാൽ പിന്നെ പ്രശ്‌നമില്ല. അവനെ ഡിക്കിയിലേക്ക് ഇട്ട് അടച്ചാൽ പിന്നെ ആരും അറിയില്ല.
അയാൾ അവനെ അനുനയിപ്പിക്കാൻവേണ്ടി പറഞ്ഞു “അതിലെന്താ ഇത്ര രഹസ്യം. മോന്റെ വീട്ടിൽ വിളിക്കുന്ന പേരെന്താ?”
സഞ്ജു മറുപടി പറഞ്ഞു “കണ്ണൻ”
“അതു തന്നെ പാസ്സ്‌വേർഡ്” അയാൾ വിജയിച്ച മട്ടിൽ സഞ്ജുവിനെ നോക്കിചിരിച്ചു.
സഞ്ജുവിന്റെ കുതറൽ കൂടുതൽ ശക്തിയിലായി.. “എന്നെ വിട്, എന്നെ വിട്.. നിങ്ങൾ കള്ളനാണ്.. അതല്ല പാസ്സ്‌വേർഡ്”
അയാൾക്ക് അമളി മനസ്സിലായി. ഇനി കൂടുതൽ കളിക്കാൻ സമയമില്ല എന്ന് നിശ്ചയിച്ച്, അയാൾ സഞ്ജുവിനെ പൊക്കിയെടുത്തു വേഗം നടന്നു. “പാസ്സ്‌വേർഡും മണ്ണാങ്കട്ടയും..” അയാൾ പിറുപിറുത്തു..
സഞ്ജു ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.. അയാളുടെ കൈയിൽകിടന്ന് അവൻ കുതറി.. കിട്ടുന്ന ഭാഗത്തേക്ക് അവൻ ഷൂസ് ഇട്ട കാലുകൊണ്ട് ചവിട്ടി. അത് കൊണ്ടത് അയാളുടെ ഏതോ മർമ്മത്തിലായിരുന്നിരിക്കാം..
പെട്ടെന്ന് അയാളുടെ പിടി അയഞ്ഞു. ചവിട്ടിയ ഭാഗത്ത് ഒരു കൈകൊണ്ട് അയാൾ തിരുമ്മി..
ആ തക്കത്തിൽ, സഞ്ജു സർവ്വശക്തിയും ഉപയോഗിച്ച് കുതറി. അയാളുടെ പിടിവിട്ട്, സഞ്ജു താഴേക്ക് വീണു .
അവൻ പെട്ടെന്ന് പിടഞ്ഞെണീറ്റ്, കരാട്ടെ ക്ലാസ്സിനുനേർക്ക് ഓടി. അയാൾ, അരിശത്തോടെ അവനെ പിന്തുടർന്നു.. സഞ്ജുവിനെ പിടിക്കാൻ കൈകൾ നീട്ടി. പക്ഷേ അവൻ അതിനെ വെട്ടിച്ച്, വളരെ വേഗത്തിൽ ഓടി..
അയാൾ നിലതെറ്റി റോഡിലേക്ക് വീണു. എഴുന്നേറ്റ് സഞ്ജുവിനെ തിരഞ്ഞപ്പോൾ, അവൻ ക്ലാസ്സിന്റെ വാതിൽക്കൽ എത്തിക്ക്ഴിഞ്ഞിരുന്നു..
കരാട്ടെ മാസ്റ്റർ ക്ലാസ്സ്‌ അടച്ച് പുറത്തേയ്ക്കു ഇറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോൾ.. സഞ്ജുവിനെക്കണ്ട് അയാൾ അത്ഭുതത്തോടെ അവന്റെ അടുത്തെത്തി.. “നീ എന്താ ഇവിടെ സഞ്ജു. നിന്റെ അമ്മ വന്നു എന്നല്ലേ നീ പറഞ്ഞത്”
അപ്പോഴേക്കും സഞ്ജുവിന്റെ ധൈര്യമെല്ലാം ചോർന്ന് പോയിരുന്നു. അവൻ മാസ്റ്ററെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.. കരച്ചിലിന്റെ ഇടയിൽ, അവൻ ഓടിയ വഴിയിലേക്ക് കൈ ചൂണ്ടി ..
അതേ സമയത്താണ്, സഞ്ജുവിനെ പിടിച്ച ആളും മാസ്റ്ററെ കണ്ടത്.. അയാൾ ഉടനെ തിരിഞ്ഞോടി.
മാസ്റ്റർ, സഞ്ജുവിനെ ക്‌ളാസ്സിന്റെ അകത്തേക്കാക്കി, അയാളുടെ പിറകെ ഓടിയെങ്കിലും, ആളെ പിടിക്കാൻ കഴിഞ്ഞില്ല. അയാൾ ഓടി ഇരുട്ടിലേക്ക് മറഞ്ഞിരുന്നു..
മാസ്റ്റർ തിരിച്ചുവന്നപ്പോൾ അവിടെ സഞ്ജുവിന്റെ അമ്മയും എത്തി.
അവർ ഓടിക്കിതച്ചാണ് വന്നു കേറിയത്.. വരുന്ന വഴി, ടയർ പഞ്ചറായിട്ടാണ് അവർ എത്താൻ ഇത്ര വൈകിയത്. അവർ അതിന്റെ വെപ്രാളത്തിൽ ആയിരുന്നു.
സഞ്ജു അമ്മയെ കണ്ടതും അവരുടെ മുകളിലേക്ക് ചാടി, കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു.. സഞ്ജുവിന്റെ കരച്ചിൽ കണ്ടപ്പോൾ, ആദ്യം അവർ കരുതിയത് അവർ വരാൻ വൈകിയതിന്റെ ആവും എന്നാണ്.
കരാട്ടെ മാസ്റ്റർ അവരോട് നടന്ന കാര്യങ്ങൾ വിവരിച്ചു..
“എനിക്ക് മനസ്സിലായില്ല സഞ്ജു എങ്ങനെയാണ് അയാളുടെ കൈയ്യിൽനിന്ന് രക്ഷപ്പെട്ടത് എന്ന്” മാസ്റ്റർ അതിശയപ്പെട്ടു..
“അതേ. എങ്ങനെയാണ് മോനെ?” അമ്മയും ചോദിച്ചു..
സഞ്ജു ഒന്ന് ശാന്തനായി, നടന്നത് മുഴുവൻ വിവരിച്ചു.. “അത് കൊള്ളാല്ലോ.. ആരാ ഈ പാസ്സ്‌വേർഡ് ഐഡിയ പറഞ്ഞു തന്നത് മോന്?” മാസ്റ്റർ ശരിക്കും അത്ഭുതപ്പെട്ടു..
സഞ്ജുവിന്റെ അമ്മ അവനെ ചേർത്ത് പുണർന്നുകൊണ്ട് മാസ്റ്ററോട് പറഞ്ഞു.. “ഞങ്ങൾ വീട്ടിൽ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ, എങ്ങനെ നേരിടണം എന്ന് അവനോട് പറഞ്ഞിരുന്നു.. ഇതിനെക്കുറിച്ച് ഞങ്ങളും മറ്റെവിടെയോ കേട്ട അറിവാണ്.. സഞ്ജു ഇത് ഓർത്ത് വെക്കുമെന്നോ, അത് ഇത്ര ഭംഗിയായി ഉപയോഗിക്കുമെന്നോ പക്ഷേ ഞങ്ങൾ പോലും കരുതിയില്ല”
അവർ സഞ്ജുവിനെ ഉമ്മവെച്ചുകൊണ്ട് അവനെ അഭിനന്ദിച്ചു.. ചേർത്തണച്ചു.. സഞ്ജുവിന്റെ മുഖത്തും സന്തോഷം തിരിച്ചു വന്നു.. അവൻ പറഞ്ഞു, “ഞാൻ കാരട്ടെയും ഉപയോഗിച്ചു. അയാളെ നന്നായി ചവിട്ടുകയും കുത്തുകയും ഒക്കെ ചെയ്തു. മാസ്റ്റർ പറയാറുണ്ട്, പേടിക്കരുത് എന്ന്. ഞാൻ ഒട്ടും പേടിച്ചില്ല”
മാസ്റ്ററും, അവന്റെ തലയിൽതട്ടി അഭിനന്ദിച്ചു..
“എന്നാലും, അയാളെ പിടിക്കാൻ കഴിഞ്ഞില്ലല്ലോ. അതൊരു വിഷമമുണ്ട്.. പോലീസിനെ വിവരം അറിയിക്കണം.. ബാക്കി അച്ഛനമ്മമാരോടും പറയണം. എല്ലാവരും കുറച്ചുകൂടെ സൂക്ഷിക്കണം” മാസ്റ്റർ പറഞ്ഞു.
സഞ്ജുവിന്റെ അമ്മയും അത് ശരിവെച്ചു. അവർ സഞ്ജുവിന്റെ അച്ഛനെ വിവരം അറിയിക്കാൻ തുടങ്ങി..
*******
പിന്നീട്, എല്ലാം ഒതുങ്ങി, സഞ്ജുവും, അമ്മയും വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ, മാസ്റ്റർ സഞ്ജുവിനോട് ചോദിച്ചു “വാട്ട് ഇസ് ദി പാസ്സ്‌വേർഡ്”
സഞ്ജു ചിരിച്ചുകൊണ്ട് അമ്മയെ നോക്കി, എന്നിട്ട് മാസ്റ്ററോട് പറഞ്ഞു “അത് ആരോടും പറയാൻ പാടില്ല എന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്”
മാസ്റ്റർ ചിരിച്ചുകൊണ്ട് അവൻ പോവുന്നത് നോക്കി പറഞ്ഞു “സ്മാർട്ട് ബോയ്”

കവിത മേനോൻ,ഡിട്രോയിറ്റ്