ഗന്ധർവ പാല സാക്ഷി (കഥ-മനോഹർ തോമസ്)

sponsored advertisements

sponsored advertisements

sponsored advertisements


17 February 2023

ഗന്ധർവ പാല സാക്ഷി (കഥ-മനോഹർ തോമസ്)

മനോഹർ തോമസ്

ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങളുമായി ആ ഗ്രാമം നിന്നിട്ട് നാൽപ്പതു വര്ഷം പിന്നിട്ടിരിക്കുന്നു .തറ മാത്രം അവശേഷിപ്പിച്ചു \പൊളിഞ്ഞുപോയ ആ വീടിന്റെ മുമ്പിൽ കാർ നിർത്തി ഒരു നിമിഷം നിന്നു .

തുളസിത്തറ മാത്രം അതുപോലുണ്ട് .കാറിൽ ചാരിനിന്ന് സിഗരറ്റ് കൊളുത്തുമ്പോൾ ,ചെറിയൊരു കാറ്റുവീശി . “ ഞാനിവിടെ ഉണ്ട് എങ്ങും പോയിട്ടില്ല “ എന്നോർമിപ്പിക്കുന്ന പോലെ .പണ്ടത്തെ ആ ഗന്ധർവ പാല തഴച്ചാർത്തു അതുപോലെ തല ഉയർത്തി നിൽക്കുന്നു .

കോളേജുകഴിഞ്ഞു വീട്ടിലെത്തി തനിച്ചായപ്പോൾ ആകെയുള്ള പണി വൈകുന്നേരം ലൈബ്രറിയിൽ പോകുക എന്നതായി .അവിടെ വച്ചാണ് ഞാനാ മനുഷ്യനെ ശ്രദ്ധിച്ചത് .ആരോടും അയാൾ സംസാരിക്കുന്നതു കണ്ടില്ല .അയാളോടും ആരും സംസാരിക്കാറില്ല .സമൃദ്ധമായ ചുരുണ്ട മുടി നീട്ടി വളർത്തിയിരിക്കുന്നു.അതുപോലെതന്നെ താടിയും .അയാളെന്നും വായനശാലയിൽ വരും ,വായിക്കും ,പുസ്തകമെടുക്കും ,മടങ്ങും .പെരുമാറ്റത്തിലെ ,അസ്വാഭാവികത മറ്റുപലരെയും പോലെ എന്നെയും അൽപ്പം
അലോസരപ്പെടുത്താതിരുന്നില്ല .

ഒരുദിവസം മടങ്ങുമ്പോൾ ,അയാൾ എൻ്റെ മുമ്പിൽ ഉണ്ടായിരുന്നു .
ധൈര്യത്തിൽ ചോദിച്ചു , “ എന്താ പേര് ? “
“ ഉമാകാന്തൻ “ . അത്രയും പറഞ്ഞു അയാൾ വേഗം നടന്നുപോയി . വായിക്കുന്ന പുസ്തകങ്ങളെ വിലയിരുത്തുന്ന ഒരാളെ കിട്ടിയാൽ ദിവസങ്ങൾക്ക് കുറച്ചുകൂടി ജീവൻ വെക്കുമെന്ന് തോന്നിയിരുന്നു .സത്യത്തിൽ അങ്ങിനെ ഒരാളെ ഞാൻ അന്വേഷിക്കുക ആയിരുന്നു .

അവസാനത്തെ രാത്രി വണ്ടിക്ക് വഴിയിൽ ഇറങ്ങുമ്പോൾ ,വാവടുക്കുന്ന കാരണം നല്ല ഇരുട്ടായിരുന്നു .വീട്ടിലേക്ക് നടക്കാൻ കുറെ ഉള്ളകാരണം വേഗത കൂട്ടി .ടോർച്ചുമായി ആരോ പുറകെ വരുന്നപോലെ കണ്ടു . അടുത്തുവന്നപ്പോൾ
ഉമാകാന്തനാണെന്ന് മനസ്സിലായി .ചിരപരിചിതനെപ്പോലെ ചോദിച്ചു ,
“ എവിടെ പോയിരുന്നു ? “
“ രണ്ടു പുസ്തകങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു . “ വീടുവരെ ഞങ്ങൾ സംസാരിച്ചു .
കുട്ടത്തിൽ ഞാൻചോദിച്ചു “ നിങ്ങൾ എന്താ ആരോടും ഒന്നും മിണ്ടാത്തത് ? “
“ എനിക്കാരോടും ഒന്നും പറയാനില്ല ! നിങ്ങൾ മാഷ്ടെ മകനല്ലേ ? മാഷെ
എനിക്ക് വളരെ ബഹുമാനമായിരുന്നു . ലൈബ്രറി ഉണ്ടാക്കിയത് മാഷ് ഒറ്റയാളാണ് .ഇന്നത്തെ കാലത്തു ആര് കൊടുക്കും അത്രയും ഭൂമി ഇഷ്ടദാനമായിട്ട് .നിങ്ങൾ വീട്ടിൽ ഒറ്റക്കാണോ താമസം . “

“ ഒറ്റക്കാണ് .എല്ലാവരും പോയി. തിരക്കില്ലെങ്കിൽ വീട്ടിൽ കയറിയിട്ട് പോകാം”.
അയാൾ വന്നു . വളരെനേരം സംസാരിച്ചിരുന്നു .ഒരു സംശയം ചോദിച്ചു ;
“ നിങ്ങളുടെ മുടിക്ക് എന്താ ഇത്ര കറുപ്പും ,ഉള്ളും “
“ ആവണക്കെണ്ണയാണ് രഹസ്യം “
ആ സൗഹൃദം വളരെക്കാലം നീണ്ടുനിന്നു. പുസ്തകങ്ങളുമായി അഗാധബന്ധം
പുലർത്തിയിരുന്നതുകൊണ്ട് ഏതു വിഷയവും അയാൾക്ക്‌ സ്വായത്തമായിരുന്നു

ചിലപ്പോൾ അൽപ്പം മദ്യപാനവും കൂടി ആയപ്പോൾ അരങ്ങു് തകർക്കും .
ഒരിക്കൽ അയാൾ പറഞ്ഞു ; “ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ ആരോടും പറയുന്നത് ഇഷ്ടമല്ല .തന്നോടായതുകൊണ്ട് പറയുകയാണ് .വീട്ടിൽ അമ്മയും
ഞാനും മാത്രമെ ഉള്ളു .ഡൽഹിയിൽ ഒരു ജോലി തരമാക്കി ,അടുത്ത ദിവസം
ഞാൻ പോകും .എന്നാൽ മാത്രമെ എനിക്ക് പ്രൈവറ്റായി ചിലത് പഠിക്കാൻ
കഴിയൂ .അമ്മയുടെ കാര്യത്തിൽ തൻ്റെ ഒരു നോട്ടം വേണം .”
“ ഞാൻ ഈ നാട്ടിൽ ഉള്ളിടത്തോളം കാലം അതുണ്ടാകും .”
പല കമ്പനികളിൽ അപേക്ഷകൾ അയച്ചു കാത്തിരിക്കുന്ന കാലം .
ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സെയിൽസ് ഓഫീസർ ആയി ജോലി തരമായി . ഉമാകാന്തനുമായുള്ള ബന്ധം തുടർന്നിരുന്നു .യാത്രകൾ
കോൺഫെറൻസ് ,പ്രോഡക്ട്ഡിസ്കഷൻ ,ഒക്കെയായി കുറേകാലം കടന്നുപോയി
ഒരു ദിവസം രാത്രി നേരം നന്നേ വൈകിയിരുന്നു .ഉമ്മറക്കോലായിൽ
എന്തോ വായിച്ചു കിടക്കുകയായിരുന്നു . പെട്ടിയും ഭാണ്ഡങ്ങളുമായി ,
ഉമാകാന്തൻ കയറിവന്നു .
“ അമ്മക്ക് നല്ല സുഖമില്ല .പോയകാര്യങ്ങൾ ഒരു വിധം നടന്നു .ഇവിടെ എവിടെയെങ്കിലും ചെറിയൊരു ജോലി സംഘടിപ്പിക്കാം എന്ന് വിചാരിക്കുന്നു.”
“ നമുക്ക് ശ്രമിക്കാം “
മിതഭാഷിയും ,അന്തർമുഖനുമായ ഉമാകാന്തനെക്കൊണ്ട് നാട്ടിൽ ഒരു ജോലി
സംഘടിപ്പിക്കുക അത്ര എളുപ്പമല്ലെന്ന് എനിക്കറിയാമായിരുന്നു .പ്രദേശത്തെ
വിളകളുടെയും മാർക്കറ്റുള്ള വസ്തുക്കളുടെയും അടിസ്ഥാനത്തിൽ സൊസൈറ്റികൾ സ്ഥാപിക്കുന്ന കാലം .മിക്കവാറും അതിന്റെ തലപ്പത്തു നാട്ടിലെ ഒരു ധനാഢ്യനും ,പ്രമാണിയും കാണും . അയാളുടെ കീഴിൽ ആയിരിക്കും കാര്യങ്ങളുടെ നടത്തിപ്പ് .എൻ്റെ പഠനം പാഴായില്ല .

നിഗുഢ വൈഖരികൾ നിറഞ്ഞ ഒരു താളിയോല കെട്ടാണ് ജീവിതം എന്ന് പറയാറുണ്ട് .അതുപോലെ ഒരു വേന്ദ്രൻ്റെ കാലിൽ വീണ്‌ കയർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനം നേടി .കോൺട്രാക്ടറും ,രാഷ്ട്രീയ
സ്ഥാനിയും ,പല പ്രസ്ഥാനങ്ങളുടെയും ഡിറക്ടർബോർഡ് അംഗവും ,
നാട്ടുപ്രമാണിയും ,ഗുണ്ടാനേതാവും ഒക്കെയായ നാരായണ പൊതുവാളായിരുന്നു കക്ഷി .അയാൾക്കേ അന്ന് നാട്ടിൽ കാറുള്ളു .

ഞങ്ങളുടെ ഒത്തുചേരലുകൾ പഴയപടി സജീവമായി .വിഷയങ്ങളുടെ നിറം മാറിവന്നു .വാരാന്ത്യങ്ങൾക്ക് ജീവൻ വച്ചു .പുസ്തകങ്ങൾ തേടി പിടിച്ചു
വാങ്ങി വായിക്കുക ,വിലയിരുത്തുക , അതായിരുന്നു ഞങ്ങളുടെ ജീവതാളം .
ജോലിയിലെ ചില ബുദ്ധിമുട്ടുകളെപ്പറ്റി ഉമാകാന്തൻ പറഞ്ഞിരുന്നു .
വൗച്ചറിൽ ഒപ്പിടാതെ , വലിയ തുകകൾ ഓഫീസിൽ നിന്നും പൊതുവാൾ കൊണ്ടുപോയിരുന്നു . ഓഫീസിലെ ജോലിക്കാരെ കോൺട്രാക്ടർ ജോലി നടക്കുന്ന ഇടങ്ങളിൽ പണിക്ക് കൊണ്ടുപോകുക . പണമിടപാടുകളിൽ താൻ
സൂക്ഷിച്ചു നിന്നില്ലെങ്കിൽ അറസ്റ്റുചെയ്യപ്പെടും എന്നകാര്യം ഞാൻ സൂചിപ്പിച്ചിരുന്നു .ഗവർമെന്റു സ്ഥാപനങ്ങൾക്കും ,സ്‌കൂളുകൾക്കും
സെപ്റ്റിക് ടാങ്ക് കെട്ടികൊടുക്കുന്ന കോൺട്രാക്ട് പൊതുവാളിന്റേതായിരുന്നു
ഒരിക്കൽ ഉമാകാന്തനേയും അങ്ങിനെ ഒരു പണിയുടെ മേൽനോട്ടത്തിന് അയച്ചു .പിറ്റേദിവസം അതിനെ ചൊല്ലി അവരിടഞ്ഞ വിവരം അയാൾ എന്നോട് പറഞ്ഞിരുന്നു .
ഞാൻ ജോലിചെയ്യുന്ന കമ്പനിക്ക് നൂറ്റിഇരുപത്തഞ്ച് ഡീലർമാർ കേരളത്തിൽ തന്നെ ഉണ്ടായിരുന്നുകൊണ്ടും ,പ്രോഡക്റ്റ് മാറ്റം ഒരു സ്ഥിരം ഏർപ്പാടായ കൊണ്ടും ,തുടരെ കോൺഫെറൻസിനായി ബോംബെ ,കൽക്കട്ട ,ഡൽഹി എന്നീ മുഖ്യ പട്ടണങ്ങൾ സ്ഥിരം യാത്രാ കേന്ദ്രങ്ങളായി മാറി .ജീവിതം തിരക്കിൽ ആറാടി എന്ന് പറയുന്നതാകും ശരി .

ഡൽഹിയിൽ കോൺഫറൻസ് നടക്കുമ്പോൾ ,ഇടക്ക് ഒരു സിഗററ്റിന് പുറത്തേക്ക് കടന്നപ്പോൾ ,പ്യുൺ വന്നു പറഞ്ഞു ,” നിങ്ങൾക്കു നാട്ടിലെ ഓഫീസിൽ നിന്ന് ഒരു ഫോണുണ്ട്‌ “.
അങ്ങേ തലക്കൽ നാട്ടിലെ ബ്രാഞ്ച് മാനേജർ ആയിരുന്നു .
‘ നിങ്ങൾ വേഗം ഇവിടെ എത്തണം .ഒരു Dysp യും കൂട്ടരും സ്ഥിരമായി ഓഫീസിൽ നിങ്ങളെ അന്വേഷിച്ചു വരുകയാണ് ,ഓഫീസിനെ അത് വല്ലാതെ
ബാധിക്കുന്നു . ആരാണീ ഉമാകാന്തൻ ? “
അടുത്ത ഫ്ലൈറ്റിനു കൊച്ചിയിലേക്ക് .അയർപോട്ടിൽ നിന്ന് ഓഫീസിൽ എത്തുമ്പോൾ താഴെ പോലീസ് ജീപ്പ് കാത്തുകിടന്നിരുന്നു .
“ ഓഫീസിൽ ഒന്ന് പറഞ്ഞിട്ട് വരാം .”
അവർ എന്നോട് വളരെ മാന്യമായാണ് പെരുമാറിയത് .ചോദ്യങ്ങളുടെ കുത്തൊഴുക്കിൽ ഒരു കാര്യം മാത്രം മനസ്സിലായി .ഉമാകാന്തനെ നാലു ദിവസമായി കാണാനില്ല !
വാസ്തവങ്ങൾ ഞാൻ വിശദമാക്കി ; “ ഞാനും കൂടി ശ്രമിച്ചാണ് അയാൾക്ക്‌ ഒരു
ജോലി തരപ്പെടുത്തിയത് . ടൂർ പോവുന്നതിന്റെ തലേദിവസം കൂടി ഞങ്ങൾ കണ്ടതാണ് .വളരെ മാന്യനായ ഉമാകാന്തൻ അമ്മയെ ശിശ്രുഷിക്കാനാണ്
ഡൽഹിയിലെ ജോലി വേണ്ടാന്നു വച്ച് നാട്ടിലേക്കു മടങ്ങിയത് .”

ചില രംഗങ്ങൾ ,ചില നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകല്ലേ
എന്ന് പ്രാർത്ഥിച്ചു പോകുന്ന അവസരങ്ങളുണ്ട് .ഉമാകാന്തൻറെ വീടെത്തുന്നതിന് കുറച്ചുമുമ്പായി ,നാട്ടുവഴിയിൽ നിന്നും കാണാൻ വയ്യാത്ത വണ്ണം നിബിഡമായ കാട്ടുവള്ളികളാൽ മറക്കപ്പെട്ട ഒരു കുളമുണ്ട് .ഏഴ് ഗന്ധർവപാലകൾ ഇടതൂർന്നു നിൽക്കുന്നതിനെ ചുറ്റി പുല്ലാന്തിവള്ളികളും
ഇലഞ്ഞിയും , പൂവരശും ഇണചേരുന്ന ,പച്ചമേക്കട്ടി പുതപ്പ് . വെളിച്ചം പകരാത്തവണ്ണം ,രാപകൽ ഇരുട്ട് വിലഞ്ഞു കിടക്കുന്ന ,ഭീതിതമായ രംഗപടം .
നാട്ടുകാർ “ ഗന്ധർവകുളം “ എന്ന ഓമനപ്പേരിട്ടുവിളിച്ചത് വെറുതെയല്ല .
ഉമാകാന്തൻ എങ്ങനെ ഇത്ര നിശബ്ദനായി എന്നതിന്റെ രഹസ്യം മറ്റൊരാളിൽ നിന്നാണ് ഞാൻ അറിഞ്ഞത് . കാന്തൻറെ വീടിന് പടിഞ്ഞാറുവശത്തു ക്ഷയിച്ചുപോയ ഒരു മന ഉണ്ടായിരുന്നു .മുത്തച്ഛൻ നംബൂതിരിയും പേരക്കുട്ടി ആതിരയുമായിരുന്നു അവിടെ താമസം .ഉമാകാന്തനും ,ആതിരയും പ്രേമബദ്ധരായിരുന്നു .അഷ്ടപദി പാട്ടിലെ ഈരടിപോലൊരു പെൺകുട്ടി .

വേരുകൾ കാർന്നു ഒരു ഇരിപ്പടം ഉണ്ടാക്കി ,കുളക്കരയിൽ വായിക്കാൻ കാന്തൻ സൗകര്യം ഉണ്ടാക്കിയിരുന്നു . ആഴക്കൂടുതൽകൊണ്ടു നിശ്ചലമാക്കപ്പെട്ട കുളത്തിലെ വെള്ളപ്പരപ്പിനു മുകളിൽ അരളിപ്പൂക്കളും ,
ഇലഞ്ഞിപ്പൂക്കളും വിതാനിച്ചുല്ലസിക്കും .പ്രണിതാക്കൾ അവിടെയാണ്
സമ്മേളിച്ചിരുന്നത് . ഒരിക്കൽ ഗന്ധർവകുളത്തിൽ കുളിക്കാനിറങ്ങിയ
ആതിര അതിൻ്റെ ആഴങ്ങളിൽ വിലയം പ്രാപിച്ചു .കാന്തൻ വലിച്ചുകയറ്റാൻ എത്ര ശ്രമിച്ചിട്ടും ,ശക്തമായ മറ്റെന്തോ വലിച്ചു ആഴങ്ങളിലേക്ക് കൊണ്ടുപോയി .ശവം പോലും പൊങ്ങിവന്നില്ല .
ആ ആഘാതത്തിൽ നിന്ന് മുക്തനാകാൻ കഴിയാതെ ,അയാൾ സ്വയം നിശബ്ദനായി .

കുളത്തിനു അടുത്തെത്തിയപ്പോൾ തന്നെ കാന്തന്റെ അമ്മയുടെ നിലവിളി കേൾക്കാമായിരുന്നു . നടകയറുമ്പോൾ ദേഹം വല്ലാതെ വിറച്ചിരുന്നു
അവരോടിവന്ന് എന്നെ മുറുകെ കെട്ടിപ്പിടിച്ചു
“ കൊച്ചേ , എൻ്റെ കാന്തൻ എന്തിയേ ? അവൻ എങ്ങോട്ട് പോയി ? നീയറിയാതെ അവനെങ്ങും പോകില്ല . നീ മാത്രമായിരുന്നു അവൻ്റെ എല്ലാം
എൻ്റെ കൊച്ചിനെ നീയെനിക്കു കൊണ്ടിതരണം .”
ഇത്രയും പറഞ്ഞു അവർ മോഹാലസ്യപ്പെട്ട് വീണു . ഭൂമി പിളർന്നു താഴേക്ക്
പോകാൻ കഴിയുമോ കാരുണ്യവാനെ !!

ഒരാഴ്ച്ച കടന്നുപോയി . കാന്തൻറെ അമ്മയെ കാണാൻ മനസ്സിന് ധൈര്യം ഇല്ലാതെ ,ദിവസങ്ങൾ ഒഴുകി . ഗവർമെന്റ് സ്‌കൂളിൽ പണിത സെപ്റ്റിക് ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് നാട്ടുകാർ പറഞ്ഞുകേട്ട് സ്ളാബ് ഉയർത്തിയപ്പോൾ അതിൽ നിന്ന് ഒരു മൃതദേഹം കിട്ടി .അകെ അഴുകി പോയിരുന്നു .
വേഗം മോർച്ചറി വരെ വരണം എന്നുപറഞ്ഞു Dysp യുടെ ഫോൺ വന്നു .
ആ കെട്ടിടം ആശുപത്രിയിൽ നിന്നും കുറച്ചു വിട്ടിട്ടാണ് .പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കൊന്നചുവട്ടിൽ . പരവതാനി വിരിച്ചപോലെ മഞ്ഞപ്പൂക്കളം
നേർത്തകാറ്റ് ചൂളം വിളിച്ചു കറങ്ങി നടക്കുന്നു .
ശവശരീരം മൂന്നായി മടങ്ങിയിരുന്നു .ടാങ്കിലേക്ക് കുത്തിക്കയറ്റി വെക്കുകയായിരുന്നു .ദുർഗന്ധം കാറ്റിൽ വിള്ളലുകൾ ഉണ്ടാക്കുന്നു .മാംസം മുഴുവൻ അഴുകിപോയിരുന്നു .പക്ഷെ , ഒന്നു മാത്രം അഴുകിയില്ല
ആവണക്കെണ്ണ തേച്ചു കറുപ്പിച്ച ജഡയെ വെല്ലുന്ന മുടി !!!!!!

മനോഹർ തോമസ്