തൊഴിലുറപ്പ് (കഥ -മാത്യു ചെറുശ്ശേരിൽ )

sponsored advertisements

sponsored advertisements

sponsored advertisements

2 October 2022

തൊഴിലുറപ്പ് (കഥ -മാത്യു ചെറുശ്ശേരിൽ )

മാത്യു ചെറുശ്ശേരിൽ

ചേച്ചിയെ…… നീട്ടിയുള്ള വിളിയോട് കൂടി പതിവില്ലാതെ അവൾ വന്നു. ശാമള എന്നാണവളുടെ പേര്. പണ്ടൊക്കെ എന്നും അവൾവന്നു തന്നെ സഹായിക്കുമായിരുന്നു . രാവിലെ കാപ്പി മുതൽ ഉണ്ടാക്കി കഴിച്ചും കുടിച്ചും സന്ധ്യ ആകുമ്പോൾ മിച്ചമുള്ളതൊക്കെ പൊതിഞ്ഞും കെട്ടി പോയ്‌കൊണ്ടിരുന്നവളാ .ഇവിടുത്തെ അവസ്ഥ അല്പം പരിതാപകരമായപ്പോൾ ആ വരവ് ആദ്യം ആഴ്ചയിൽ രണ്ടു ദിവസത്തേക്കാക്കി. പിന്നീടതങ്ങു നിർത്തി കാരണം അവൾക്കു ഒരു ദിവസം പോലുംകൂലി കൊടുക്കാൻ പറ്റാത്ത അവസ്ഥയിലായ് ഇവിടുത്തെകാര്ര്യങ്ങൾ ..

എന്താ ശ്യാമളെ നിന്നെ ഈ വഴിക്കൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ എന്താ വലിയ ഗമായായിപോയോ?. ഇല്ല ചേച്ചി … അവൾ മെല്ലെ കൈയിലിരുന്ന കറുത്ത പ്ലാസ്റ്റിക് ബാഗ് ഇളം തിണ്ണയിൽ വച്ചിട്ടവിടെ ഇരുന്നു . ഇപ്പൊ… ചേച്ചീ ഞാനേ… തൊഴിൽ ഉറപ്പിന് പോകുവാ . ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസ്സവും പോകണം . ഞായറാഴ്ചകളിൽ ആണെങ്കിൽ അതിയാനും പിള്ളേരും അവിടെ ഉണ്ടല്ലോ. ചേച്ചിയും പിന്നെ എന്നെ വിളിച്ചില്ലല്ലോ? .

അതൊക്കെ വലിയ കഷ്ടപാടുള്ള പണിയല്ലേ ശ്യാമളെ, പകൽ അന്തിയോളം വെയിലത്തു കിടന്നു പണിയേണ്ടേ. . അതൊക്കെ ശരിയാ ചേച്ചി എന്നാലും ഞാൻ ഒറ്റക്കല്ലല്ലോ വേറെയും എട്ടുപത്തു പേരില്ലേകൂട്ടത്തിൽ .അതാകുമ്പോൾ എല്ലാവരും ഒത്തൊരുമിച്ചു ചെയ്യുമ്പോൾ വെയിലൊന്നും അറിയത്തില്ല. ഇടക്കൊക്കെ ഞങ്ങൾ കുത്തിയിരുന്ന് നട്ടുവർത്തനവും വീട്ടുവിശേഷവും ഒക്കെ പറയും.. പിന്നെ പത്തുമണിക്ക് ചായ , ഉച്ചക്ക് ഊണ് അങ്ങനെ അങ്ങ് സമയം പോകും. നാല് നാലര ആകുമ്പോൾ കയ്യും കാലും കഴുകി കരക്കുകയറും .

അതുകൊണ്ടെന്തുവേണ്ടി വീട്ടിലെ പ്രാരാപ്തങ്ങളെപ്പറ്റിയോ അതിയാന്റെ കള്ളുകുടിയേ പറ്റിയോ ഒന്നും ചിന്തിക്കാൻ സമയം കിട്ടുന്നില്ല.. അതിനേക്കാൾ ഒക്കെ വലിയകാര്യം ആഴ്ചയിൽ ആഴ്ചയിൽ ഒരു തുക ബാങ്കിൽ വന്നു കിടക്കും അതുകൊണ്ടു പൈസയ്ക്കാരെയും ബുദ്ധിമുട്ടിക്കണ്ട.

. ശരിയാ പണ്ടൊക്കെ ശ്യാമള ഇടയ്ക്കിടെ ഓടിവരാറുണ്ടായിരുന്നു പണം കടം ചോദിക്കാൻ. ജോലിചെയ്തു വീട്ടുമായിരുന്നെങ്കിലും പലപ്പോഴും അരോചകമായിതോന്നിയിട്ടുണ്ട്. എന്നാ ചേച്ചീ ഞാൻ പോകുവാ ബാങ്ക് വരെ ഒന്ന് പോകണം . ശ്യാമള ബാഗും എടുത്തു തിണ്ണയിൽ നിന്നും എഴുന്നേറ്റു . അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു ,അവളും തന്നത്താനെ ബാങ്കിലൊക്കെ പോകാൻ തക്കതായ് വളർന്നു.

തന്നെ കെട്ടിക്കൊണ്ടു വന്നത് അകത്തേരമ്മയായിട്ടാണ്. അന്നൊക്കെ നല്ല കുടുംബത്തിലെ പെണ്ണുങ്ങൾ പുറത്തെ കാര്രങ്ങൾക്കൊന്നും പോകാറില്ലായിരുന്നു. അതിനു സമൂഹം അനുവദിച്ചിട്ടില്ലായിരുന്നെന്നുവേണം പറയുവാൻ. വീട്ടിലെ കാര്രസ്ഥന്മാർ ആയിരുന്നു എല്ലാം നടത്തിയിരുന്നത്. രാജ്ഞിയെപ്പോലെ ജീവിച്ചിരുന്ന താൻ ഇന്ന് ആരാണ് . എത്ര ദയനീയമാണ് തന്റെ സ്ഥിതി .ഒരുനേരം നല്ല കറി കൂട്ടി കഞ്ഞി കുടിച്ചിട്ടെത്ര നാളായി. എല്ലാം വിറ്റു തുലച്ചതല്ലെ . അധികം താമസിയാതെ ഇപ്പോൾ കഴിയുന്ന ഈ വീടും ബാങ്ക്‌ കൊണ്ടുപോകും. ഇതുവല്ലോം പുറത്തു വല്ലോർക്കും അറിയാമോ. നാട്ടിലെ മറ്റു പെണ്ണുങ്ങളുടെ കൂടെ തൊഴിലുറപ്പിനു പോകാം എന്നുവച്ചാൽ അതും നടക്കില്ല കാരണം പണക്കാരുടെ റേഷൻ കാർഡ് അല്ലെ കയ്യിലുള്ളത്. .

ഇതിനൊക്കെ ഉത്തരവാദികൾ ആരാണ് .തെക്കേപറമ്പിൽ കുന്നു കൂടി കിടക്കുന്ന കാലി കുപ്പികളോ?. അവരെന്തു ഭവിച്ചു . നിറകുപ്പികളായി അലമാരകളിൽ ഇരുന്നപ്പോൾ അവരും രാജാക്കന്മാർ ആയിരുന്നു. ഇന്നത്തെ അവസ്ഥ അവരുടേത് തന്റേതിനേക്കാൾ മോശമാണ് . എന്നാൽ തനിക്കും അവക്കും തമ്മിൽ വ്യത്യാസങ്ങൾ പലതുണ്ട് .അവ നിര്ജീവമാണ് അവ കാലിയാണ്. എനിക്ക് ജീവനുണ്ട് ഞാൻ കാലിയല്ല . എന്നിൽ ആത്മ വിശ്വാസമുണ്ട് ,പ്രദീക്ഷയുണ്ട് , എനിക്ക് ഇനിയും ജീവിക്കണം എന്ന ആഗ്രഹമുണ്ട് . ഇപ്പോൾ ഞാൻ പിൻനിരയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടക്കാരിയാണ് , ഈ രീതിയിൽ ഓടിക്കൊണ്ടിരുന്നാൽ എന്റെ തോൽവി ഉറപ്പാണ്, ഞാൻ തൊറ്റാൽ എന്റെ കുടുംബം തോൽക്കും, ഞാൻ ഉൾപ്പെടുന്ന സമൂഹം തോൽക്കും എന്നെപ്പോലുള്ള അനേകർ തോൽക്കും . അത് പാടില്ല എനിക്ക് ജയിക്കണം .ആയതിനാൽ എനിക്ക് വേഗത്തിൽ
മുൻ നിരയിലേക്ക് ഓടി കയറണം .

അന്ന് തുടങ്ങിയ പ്രാർത്ഥനയും കഠിന പ്രയത്നവും പോരാട്ടവും എന്നെ ദാരിദ്ര്യത്തെ അതിജീവിക്കാനും, പീഡനത്തെ ചെറുത്തുനിൽക്കാനും പ്രാപ്‌തയാക്കി. കോഴി വളർത്തിയും പച്ചക്കറി കൃഷിചെയ്‌തും എന്റെ തൊഴിൽ ഞാൻ ഉറപ്പാക്കി .അവസാനം തെക്കേപുരയിടം വൃത്തിയാക്കി നൂറു കണക്കിനു കിടന്നിരുന്ന കാലി കുപ്പികൾ ചാക്കുകളിൽ കെട്ടി ഞാനും സ്വബോധം തിരിച്ചുകിട്ടിയ എന്റെ പ്രിയതമനും കൂടി പെട്ടി ഓട്ടോയിൽ കയറ്റി ഗേറ്റിനു പുറത്തു വിട്ടശേഷം തിണ്ണയിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ . ഞാൻ അറിയാതെ ചെടികൾക്കിടയിൽ ഒളിപ്പിച്ചുവച്ചിരുന്ന പെണ്ണൊരുമ്പെട്ടാൽ കുപ്പികളും കുടിയന്മാരും പുറത്താകും ” എന്ന ബോർഡ് തൂക്കിയശേഷം ചെറുപുഞ്ചിരിയോടെ ഗേറ്റ് അടക്കുന്ന കെട്ടിയോനെയാണ് ഞാൻ കാണുന്നത്.

മാത്യു ചെറുശ്ശേരിൽ