പ്രണയ വള്ളികൾക്കിടയിലെ മുള്ളുകൾ (കഥ-മാത്യു ചെറുശേരി)

sponsored advertisements

sponsored advertisements

sponsored advertisements

10 February 2023

പ്രണയ വള്ളികൾക്കിടയിലെ മുള്ളുകൾ (കഥ-മാത്യു ചെറുശേരി)

മാത്യു ചെറുശേരി

അവൾ ഉറങ്ങിക്കാണും എന്നുവിചാരിച്ചാണ് ഉമ്മറത്തേക്ക് കയറിയത് നല്ല ക്ഷീണമുണ്ട് നേരമാണെങ്കിൽ പാതിരാവും കഴിഞ്ഞു . കതകിൽ മുട്ടി കാത്തുനിന്നു . ആരും തുറന്നില്ല കോളിങ് ബില്ലിൽ വിരൽ അമർത്തി അതിനും മറുപടിയില്ല . ഇനി അവൾ അകത്തില്ലേ? എവിടെ പോയി . സാധാരണ താക്കോൽ വെക്കാറുള്ള സ്ഥലത്തു തപ്പി അത് അവിടെത്തന്നെയുണ്ട് . അകത്തു കയറി, അനക്കമൊന്നും കേൾക്കുന്നില്ല . ഇവൾ ഇതെവിടെപോയി ? ഫങ്‌ഷൻ കഴിഞ്ഞപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞവൾ വിളിച്ചതാണ് . വീണ്ടും താൻ പതിവുപോലെ കൂട്ടുകാരുമായി കുടിച്ചും കൂത്താടിയും താമസിക്കും എന്ന് കരുതിയിട്ടാവും മുഖം വീർപ്പിച്ചു പോന്നത് .
സാധാരണ ഇങ്ങനത്തെ ഫങ്‌ഷൻ കഴിഞ് അവൾ ആരുടെ എങ്കിലും കാറിൽ കയറി പോരും കാരണം . ഉത്തരവാദിത്തം ഇല്ലാത്ത തന്റെ ഭർത്താവ് നാലു പെഗ്ഗും വീശി ലെക്കില്ലാതെ എപ്പോഴോ ഒരുസമയത്തായിരിക്കും വരുക എന്നവൾക്കറിയാം . എനിക്കാണെങ്കിൽ അതൊരു ഹരമാണ്, . കൂട്ടുകാർ അവരാണ് എന്റെ എല്ലാം. കല്യാണം പിന്നീട് കഴിച്ചതല്ലേ കൂട്ടുകാർ അതിലും മുന്നേ ഉണ്ടല്ലോ . അതിനാൽ അവരെ ഒരിക്കലും മുഷിപ്പിക്കാറില്ല .
പക്ഷെ ഇന്നുമുതൽ അത് നിർത്തി . കൂട്ടുകാർ പതിവുപോലെ അവിടെ തന്റെ ചിലവിൽ കുടിച്ചുകൂത്താടുന്നുണ്ടാവും. കല്യാണം കഴിഞ്ഞ അഞ്ചാമത്തെ ആനിവേഴ്സറിക്കിടയിൽ ഉണ്ടായിട്ടുള്ള എല്ലാ പരിപാടികളും അങ്ങനെയായിരുന്നു സംഭവിച്ചിരുന്നത്. അന്നൊക്കെ കരഞ്ഞ കണ്ണുമായി ഉറങ്ങാതെ തന്നെ കാത്തിരിക്കുമായിരുന്നു അവൾ . പരിഭവങ്ങൾ ഉള്ളിൽ ഒതുക്കി വീണ്ടും താമസിയാതെ ഞങ്ങൾ ഒന്നാകുമായിരുന്നു . അവളുടെ ഏറ്റവും വലിയ അജണ്ടയും സ്വപ്നവും താൻ കൂട്ടുകെട്ടുപേക്ഷിച്ചു കള്ളുകുടി നിർത്തണം എന്നുള്ളതായിരുന്നു . അത് വിജയിക്കാത്തതിൽ അവൾക്കു വലിയ നിരാശയും നീരസവും ഉണ്ട് എന്ന് തനിക്കറിയാമായിരുന്നു . എന്തുചെയും തന്നെക്കൊണ്ട് ഇതുവരെ അതിനു സാധിക്കുന്നില്ല .
എന്നാൽ ഇന്ന് അതിനെല്ലാം അന്ത്യം കുറിച്ച് പ്രിയപ്പെട്ട കൂട്ടുകാരെ എല്ലാം ഒറ്റപ്പടുത്തി ഒരുതുള്ളി കള്ളു പോലും കുടിക്കാതെ എത്തിയിരിക്കുകയാണ്. കാരണം അവരെഒക്കെക്കാൾ അധികമായി താൻ അവളെ സ്നേഹിക്കുന്നു എന്നുള്ളതാണ് സത്യം . അതല്ല എന്നുള്ള അവളുടെ തോന്നൽ ഇന്നുകൊണ്ട് തീർക്കണം . തീർക്കുക മാത്രമല്ല അതിൽ തുടർന്ന് അവൾക്കു നഷ്ടപ്പെട്ടു പോയി എന്നവൾ കരുതുന്ന നിമിഷങ്ങളെ അതിന്റെ ഇരട്ടിയായി കൊടുക്കണം .
ഇത് തീരുമാനിച്ചുറച്ച വിവരം, ഇന്നലെവരെ അവളോട് പറഞ്ഞിട്ടില്ല . അവൾക്കു വിശ്വസിക്കാനാവാത്ത സത്യം നേരിൽ അനുഭവിക്കുമ്പോൾ അവൾക്കുണ്ടാകാൻ പോകുന്ന സന്തോഷം അതൊന്നു കാണാനും അത് ഒരാഘോഷമാക്കാനും താൻ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു .
ഇന്ന് താൻ സ്വതന്ത്രനാണ് . ഇന്നലെവരെ കള്ളു തന്നെ അടിമയാക്കി വച്ചിരിക്കുകയായിരുന്നു. ഒരു രസത്തിനു കൂട്ടുകാരുടെ നിർബന്ധത്തിൽ അവരുടെ സന്തോഴത്തിനു കുറേശെ കുടിച്ചു. ആചാരങ്ങളും ആഡബര ചിന്തകളും അനുഷ്ട്ടാനങ്ങളും സ്റ്റാറ്റസും ഒക്കെ അതിനു ഉപോത്ബലമായി കൂട്ടുനിന്നു . പാർട്ടികളും സദസ്സുകളും അതിനെ പ്രോൽസാഹിപ്പിച്ചു .ആദ്യമൊക്കെ അതൊട്ടും നല്ലതായി തോന്നിയിരുന്നില്ല . പിന്നെപ്പിന്നെ അത് ശീലമായി . വിവാഹം കഴിഞ്ഞ ദിവസ്സം പോലും അവർ തന്നെ വെറുതെ വിട്ടില്ല . ആദ്യരാത്രിയിലെ ടെൻഷൻ മാറ്റാൻ എന്ന പേരാണവർ അതിനു പറഞ്ഞത് . ഞാൻ അതിനു വഴങ്ങി . അന്ന് പ്രതീക്ഷയോടെ തന്നെ കാത്തിരുന്ന അവൾ പ്രതീക്ഷിക്കാതെ തന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ ഒത്തിരി കരഞ്ഞു .എന്നാൽ കള്ളിന്റെ ലഹരിയിൽ അതൊന്നും താൻ അത്ര കൂട്ടാക്കിയില്ല . ഇനി അതുണ്ടാകില്ല എന്നൊക്കെ വാഗ്ദാനം ചെയ്തെങ്കിലും അതുപാലിക്കാൻ സാധിച്ചില്ല. കാരണം കൂട്ടുകാരെ പിണക്കാൻ ഒരിക്കലും മനസ്സുവന്നില്ല . കുടിക്കാത്ത ഒരു കൂട്ടുകാരനെ അവർക്കു വേണ്ടായിരുന്നു . കൂട്ടുകാരില്ലാത്ത ജീവിതം അത് തനിക്കും ഓർക്കാൻ വയ്യായിരുന്നു . അവരുടെ ആരുടേയും ഭര്ര്യമാർക്കു ഒരെതിർപ്പും ഇല്ലല്ലോ ? അങ്ങനെയാണ് വിചാരിച്ചിരുന്നത് . എന്നാൽ അവിടങ്ങളിലെ അവസ്ഥയും ഇതുതന്നെയാണ് എന്ന് അടുത്തയിടയിലാണ് മനസ്സിലാക്കിയത്. അവരാരും മിണ്ടുന്നില്ല എന്നല്ല മിണ്ടിയിട്ട് കാര്യമില്ല കാരണം ഇതൊരു കുരുക്കാണ് അഴിയാക്കുരുക്ക് . ഇതിൽ ഒരാൾ മറ്റൊരാളെ കുരുക്കുന്നതു പരസ്പരം അറിയുന്നില്ല . തലമുറകൾ ഈ കുരുക്കിൽ പെടുന്നതും അവർ അറിയുന്നില്ല . അറിയാമെങ്കിൽ പോലും അത് വകവയ്ക്കാതെ കുഴിയാനകളെ പോലെ കുഴികൾ കുഴിക്കുന്നു . തട്ടിന്പുറത്തു പൂച്ചകൾ തമ്മിൽ മല്ലിടുന്ന ശബ്ദം ചിന്തയിൽ നിന്നും ഉണർത്തി .
എന്നാലും അവൾ എവിടെ പോയിരിക്കുകയായിരിക്കും ഇത്ര രാത്രിയായിടത്തു ആരോട് വിളിച്ചു അന്ന്വേക്ഷിക്കും . താൻ പതിവ് തെറ്റിച്ചു നേരത്തെ വരും എന്നവൾ കരുതീട്ടുണ്ടാവുകയില്ല . ഒറ്റയ്ക്ക് കിടക്കാൻ കഴിയാഞ്ഞിട്ടു അവളുടെ ചേച്ചിയുടെയോ കൂട്ടുകാരുടെയോ കൂടെ പോയിട്ടുണ്ടാവും . ഏതായാലും ഈ ദിവസത്തിന്റെ മഹിമ കളയാതെ അവളെ കാത്തിരിക്കാം എപ്പോഴെങ്കിലും അവൾ വരട്ടെ .ഒരുതുള്ളിപോലും കുടിക്കാത്ത തന്നെ കാണുമ്പോൾ അവൾക്കു വലിയ സന്തോഷമായിരിക്കും . ചിന്തകൾ എപ്പോഴോ തന്നെ ഉറക്കത്തിലേക്കു കൈയൊഴിഞ്ഞു .
ഏതോ ഒരു വണ്ടിയുടെ ശബ്ദം കേട്ട് ഉണർന്നു ജനലിലൂടെ നോക്കുമ്പോൾ ഒരു കാർ മുറ്റത്തുനിന്നും ഇറങ്ങിപോകുന്നു, കണ്ടിട്ട് തന്റെ ഉറ്റകൂട്ടുകാരന്റെ കാരുപോലെ തോന്നുന്നു . കതകു തുറന്നു നോക്കുമ്പോൾ തിണ്ണയിൽ ആലസസ്യഭാവത്തോടെ നിന്ന് താക്കോൽ തപ്പുന്ന പ്രിയതമയെ ആണ് കാണുന്നത് .ആലസസ്യത്തെക്കാൾ അവളുടെ മുഖത്തു പ്രതീക്ഷിക്കാതെ തന്നെ കണ്ടപ്പോൾ ഉള്ള അമ്പരപ്പ് ആയിരുന്നു . അവളുടെ നോട്ടത്തിൽ എന്തോ ഒരു പന്തികേട് . അവൾക്കു തന്റെ നേരെ നോക്കാൻ പ്രയാസ്സമുള്ളതുപോലെ .
ആലിംഗനം ചെയ്യാൻ വിരിച്ച കൈകൾക്കുള്ളിൽ കയറാതെ കുതറി കിടപ്പുമുറിയിലേക്കവൾ ഓടി . താൻ പുറകെ എത്തുന്നതിനു കാത്തുനിൽക്കാതെ കട്ടിലിലെ പുതപ്പിനുള്ളിൽ അവൾ ഒളിച്ചു. തനിക്കു മുഖം തരാതെ ഒരേ ഒരു കിടപ്പു് . എന്തുപറ്റി എന്നുചോദിച്ചിട്ടു ഒരക്ഷരം മിണ്ടുന്നില്ല . ചെറുതായി എങ്ങലടിക്കുന്നുണ്ടോ എന്ന് സംശയം . അന്തോഷം കൊണ്ടായിരിക്കും ശല്യപ്പെടുത്താൻ പോയില്ല . ഇത്തവണ വിയർപ്പിന്റെ ഗന്ധം അവൾക്കായിരുന്നു .നല്ല ക്ഷീണമുണ്ടായിരുന്നിട്ടും ഉറക്കം വന്നില്ല . മേശപുറത്തിരുന്ന് വൈബ്രേറ്റ്‌ചെയ്ത അവളുട ഫോൺ ഇരുട്ടത്ത് തപ്പിപിടിച്ചെടുത്തു. അതിൽ ആരോ മെസ്സേജ് അയച്ചിരിക്കുന്നു . ഉറങ്ങിയോ .. ബാക്കി മുകളിലേക്കുള്ള മെസ്സേജുകൾ പലതും അത്ര സുഖകരമായിരുന്നില്ല .
എവിടെയോ പാളിച്ചകൾ പറ്റിയിരിക്കുന്നു എന്ന തോന്നൽ മനസ്സിൽ വളരാൻ തുടങ്ങി .ഫോൺ ഇരുന്നിടത്തുതന്നു വച്ച് എഴുന്നേറ്റു . തിരിച്ചു കൂട്ടുകാരുടെ അടുക്കൽ പോകണമെന്ന് തോന്നി. അവളെ കുറ്റപ്പെടുത്തിയിട്ട് കാര്ര്യമില്ല . തന്റെ മദ്യപാനത്തിന്റെയും കൂട്ടുകൂടലിന്റെയും ഫലം. നാളുകളായി അവളുടെ ആവശ്യങ്ങൾ ഒന്നുംതന്നെ നേരാംവണ്ണം നിറവേറ്റാൻ സാധിക്കാറില്ല . ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല . എന്നാലും തന്നെ ജീവന് തുല്യം അവൾ സ്നേഹിച്ചിരുന്നു
അത്ഒരൗതാര്യമായി കരുതിയ തനിക്കുതെറ്റി എന്ന് താൻ മനസിലാക്കി. എന്നാൽ ആ സാഹചര്യവും അവളുടെ നിസ്സഹായതയും ഒളിച്ചുനിന്നു മനസ്സിലാക്കി കൂടെ നിന്ന കൂട്ടുകാരൻ അവസ്സരം വേണ്ടവണ്ണം മുതലാക്കി . എല്ലാം തന്റെ തെറ്റുതന്നെ . ഇനി എന്ത്? പിരിയാണോ? ആത്മഹത്യ പോലും ഒരുനിമിഷം മനസ്സിൽ വന്നു . കോപത്തെക്കാൾ കുറ്റബോധം മനസ്സിൽ തിങ്ങി നിന്നു. ഉപേക്ഷിച്ച മദ്യം തന്നെ മാടിവിളിച്ചു. പോക്കറ്റിലും അലമാരയിലും സിഗരെറ്റിനായും മദ്യത്തിനായും പരതി .എല്ലാം തലേന്ന് തന്നെ നശ്ശിപ്പിച്ചുകളഞ്ഞിരുന്നു . ഒരു പുതുജീവൻ സ്വപ്നം കണ്ടിരുന്നു . അത് അടുത്തെത്തി എന്ന് കരുതി . എന്നാൽ കടമ്പക്കൽത്തന്നെ കലമുടഞ്ഞു . ഇത്രയും നാൾ പ്രദീക്ഷയോടെ ക്ഷമയോടെ കാത്തിരുന്ന അവൾ തന്നെ അത് നശിപ്പിച്ചുകളഞ്ഞു .
തനിക്കു അവളെ കുറ്റപ്പെടുത്താൻ യോഗ്യതയില്ല . തന്റെ മുഖത്തു നോക്കാൻശക്തിയില്ലാതെ ധൈര്യമില്ലാതെ യോഗ്യതയില്ലാത്ത ഉറങ്ങാതെ ഉറക്കം നടിച്ചു കിടക്കുകയാണവൾ എന്നറിയാം . ഈ ഒരുനിമിഷം മതി എല്ലാം അവസാനിക്കാൻ … ഞാൻ തീരുമാനമെടുത്തു ഇനി അവൾ കൂടെ ഉണ്ടെങ്കിലും ഇല്ലങ്കിലും മദ്യവും അത് കുടിക്കാൻ പ്രേരിപ്പിക്കുന്നതുമായ കൂട്ടുകാരും ഇനിവേണ്ട.
അവളോ;.. സർവവും ത്യചിച്ചു തന്റെ ഇഷ്ട്ടത്തിനനുസ്സരിച്ചു ഇഷ്ട്ടപെട്ട കൂട്ടുകാരെയും എന്നന്നേക്കുമായി ഉപേക്ഷിച്ചു വന്ന താൻ ഏറ്റവും സ്നേഹിച്ചിരുന്ന തന്റെ എല്ലാമെല്ലാമായ പ്രിയതമനു മാത്രമായി കാത്തുവച്ചിരുന്ന തന്റെ പരിശൂദ്ധി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു . എല്ലാം ഒരുനിമിഷത്തെ ദേഷ്യവും പകരം വീട്ടാനുള്ള തിടുക്കവും, അതോടൊപ്പം കിട്ടുന്നില്ല എന്ന് കരുതിയ സ്നേഹം ഉപരിപ്ലവമായി വച്ചുനീട്ടിയ മറ്റൊരു പുരുഷന്റെ പ്രലോഭനങ്ങളും . ഒരിക്കലും തന്റെ പ്രിയപ്പെട്ടവൻ തനിക്കുവേണ്ടിമാത്രമായി തിരിച്ചുവരും എന്ന് കരുതിയില്ല . ഇനി എന്ത് ചെയ്യും താൻ . പ്രതീക്ഷകളും പ്രലോഭനങ്ങളും തന്നവൻ സ്വന്തം കാര്ര്യം കഴിഞ്ഞപ്പോൾ തഞ്ചത്തിൽ ഒരു പേടിത്തൊണ്ടനെപോലെ നേരം പുലരുംവരെ പോലും അവിടെ കഴിയാൻ അനുവദിക്കാതെ ഭദ്രമായി തിരിച്ചുകൊണ്ടിറക്കിവിട്ടു കടന്നുകളഞ്ഞു . കണ്ണൊന്നു തുറക്കാൻ പോലും ആകുന്നില്ല, തുറക്കാൻ ആഗ്രഹിക്കുന്നുമില്ല , അതിനി തുറക്കാതിരിക്കട്ടെ . അയ്യാൾ പറഞ്ഞു തന്ന നുണകളിലൊന്ന് പറഞ്ഞാൽ നിഷ്കളങ്കനായ അദ്ദേഹം തന്നെ ചേർത്തുപിടിക്കും .ആ സ്നേഹത്തെ വഞ്ചിക്കാൻ മനസ്സുവരുന്നില്ല . എല്ലാം കളഞ്ഞദ്ദേഹം തിരിച്ചുവരുമെന്ന് ഒരിക്കലും കരുതിയില്ല . കഴിഞ്ഞ അഞ്ചു വർഷമായി താൻ അദ്ദേഹത്തെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. അതോടൊപ്പം ആ മദ്യപാനിയെ വെറുക്കുകയും ചെയ്തിരുന്നു . എന്നാൽ ഇന്നലത്തെ ആ വെഡിങ് ആനിവേഴ്‌സറി യുടെ സന്നാഹങ്ങൾ തന്നെ തളർത്തി . എല്ലാ പ്രതീക്ഷയും അണയുന്ന സന്നാഹങ്ങൾ ആയിരുന്നല്ലോ അവിടെ . അത് തന്നെ ഒരു പ്രതികാരരൂപിണിയാക്കി . അതുകൊണ്ടല്ലേ തന്റെ സൗന്ദര്ര്യം ആസ്വാദിക്കാൻ കൊതിച്ചിരുന്ന ആചെറുപ്പക്കാരന്റെ കൂടെ വണ്ടിയിൽ കയറിയത് .കിട്ടിയ അവസ്സരം പാഴാക്കാതെ തന്റെ ഉറ്റ സ്നേഹിതനെ തന്നെ അയാൾ വഞ്ചിച്ചു . ഇനി ഒന്നും ആലോചിച്ചിട്ടോ പറഞ്ഞിട്ടോ കാര്യമില്ല . വിഷം വേണോ കയറുവേണോ സ്വയം മരണത്തിന്റെ മാർഗങ്ങളെ പറ്റിമാത്രം ചിന്തിച്ചു കിടന്നു .
അനക്കമൊന്നും കേൾക്കുന്നില്ല വലിയ ഒരു പൊട്ടിത്തെറി ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു . കൊല്ലാൻ എന്തെങ്കിലും ആയുധം തപ്പുകയായിരിക്കും . കൊന്നോട്ടെ തനിക്കിനി ജീവിച്ചിരിക്കണ്ട ആ കൈകൾ കൊണ്ടുതന്നെ അതുണ്ടായാൽ അത്ര സന്തോഷം. ഏതുതരത്തിലായാലും മരണം നിശബ്ദമായി തന്റെ അരുകിൽ നിൽക്കുന്നു . തലകുമ്പിട്ടു അതിനെ പുൽകാൻ താനും.
തട്ടിന്പുറത്തെ പൂച്ചകളുടെ കടിപിടി ശബ്ദം നേരിയ കുറുകലായി മാറി …..
നീണ്ട നിശ്ശബ്ദതക്കൊടുവിൽ ആരോ കൈയിൽ മൃദുലമായി പർശിക്കുന്നതായി തോന്നി. ആ സ്പര്ശനത്തിന്റെ ശക്തി ഒരു വൈദുതിപ്രവാഹംപോലെ സിരകളെ ഞടുക്കി . സ്നേഹത്തിന്റെ വൈദുതി പ്രവാഹം. ഇല്ല കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല . കണ്ണുതുറന്ന് ലോകത്തെ നോക്കാൻ ശക്തിയില്ല . വേണ്ട എനിക്കിനി കണ്ണ് തുറക്കേണ്ട . അദ്ദേഹം ക്ഷമിച്ചാൽപോലും തന്റെ മനസാക്ഷി തന്നോട് ക്ഷമിക്കുമോ . പഴയതുപോലെ മുഖത്തോടു മുഖം നോക്കി ഇരിക്കാനൊക്കുമോ , പഴയതുപോലെ വർത്താനം പറയാൻ സാധിക്കുമോ ചിരിക്കാൻ പോലും കഴിയില്ല അങ്ങനെ ജീവിച്ചിരിക്കുന്നതെങ്ങനെയാ .
പിന്നെ ഓർക്കാതെ മുഖത്തു കിട്ടിയൊരുമ്മ അതൊരു തീക്കനൽ ആയിരുന്നു. ആ പൊള്ളൽ ഞരമ്പിലൂടെ ഹൃദയത്തിനുള്ളിൽ എത്തി ഒരുവലിയ പൊട്ടിത്തെറിയായിമാറി . അതൊരലർച്ചയായിരുന്നു എനിക്കിനി ജീവിക്കേണ്ട അത്രയ്ക്ക് പാപിയാണ് ഞാൻ . ഏറ്റുപറച്ചിലുകളെ കുളിരുള്ള മുത്തങ്ങൾ കൊണ്ട് തണുപ്പിച്ചു. ഓരോ മുത്തങ്ങളും പരസ്പരമുള്ള വലിയ ക്ഷമപറച്ചിലായിരുന്നു, ക്ഷമിക്കലായിരുന്നു, പൊറുക്കലായിരുന്നു അവസാനം എല്ലാം മറന്നുള്ള സ്നേഹത്തിലൂടെയുള്ള ഒന്നാകൽ ആയി അതുമാറി. ആ കുഞ്ഞു നിമിഷങ്ങൾ വലുതായി മണിക്കൂറുകളായി മണിക്കൂറുകൾ ദിവസങ്ങളായി ആഴ്ചകളും മാസ്സങ്ങളുമായി . ഒരിക്കലും പിരിയാൻ പറ്റാത്ത വള്ളികൾക്കിടയിലൂടെ സ്നേഹത്തിൽ ഞെരുങ്ങി വിരിഞ്ഞ പൂക്കൾ കഥയറിയാതെ ചുറ്റും സുഗന്ധം പരത്തി തലയാട്ടിനിന്നു . അവക്കിടയിൽ മുള്ളുകൾക്കു വളരാൻ ഇടമില്ലായിരുന്നു . അത്രക്കുവള്ളികൾ ഒട്ടിച്ചേർന്നിരുന്നു.

മാത്യു ചെറുശേരി