മാത്യു ചെറുശ്ശേരി
കാട്ടിലെ ഏറ്റവും ഉയരം കൂടിയ മരത്തിൽ തന്നെ ആ പെൺ കഴുകൻ കൂടു കൂട്ടാൻ തുടങ്ങി . ഉണങ്ങിയ ചില്ലകൾ കൊണ്ട് ബലിഷ്ഠവും മനോഹരവുമായ ഒരു കൂടു മെനഞ്ഞെടുത്തു . അതിൽ തൻ്റെ തന്നെ തൂവൽ പൊഴിച്ച് അതിൻ്റെ മുകളിൽ ഒരു മുട്ട ഇട്ടു . അന്നുമുതൽ ആ തള്ളപ്പക്ഷി ആ മുട്ടയ്ക്ക് മുകളിൽ അടയിരുന്നു ചൂട് നൽകി . ദിവസങ്ങൾ പലതു കടന്നു പോയി . അവസാനം ഒരുദിവസം ആ മുട്ട പൊട്ടിച്ചു ഒരു കഴുകൻ കുഞ്ഞു പുറത്തുവന്നു . തള്ള പക്ഷി തൻ്റെ കുഞ്ഞിനെ താലോലിച്ചു ചിറകിനടിയിൽ ചേർത്തിരുത്തി . തീറ്റ തിന്നാൻ പ്രായമായി എന്ന് മനസ്സിലാക്കിയ അമ്മകഴുകൻ തീറ്റ തേടി ഇറങ്ങി . തൻ്റെ കുഞ്ഞിൻ്റെ കൊക്കിൻ്റെ പാകത്തിന് ഇരയെ കൊത്തി നുറുക്കി ചുണ്ടിൽ തിരുകി കൊടുത്തു . ബാക്കിയുള്ള സമയം മുഴുവൻ കുഞ്ഞിന് ചൂട് കൊടുത്തു കൂട്ടിലിരുന്നു . ഓരോ ദിവസവും കുഞ്ഞു വളർന്നുകൊണ്ടിരുന്നു. കിളിർത്തു വന്ന ഓരോ രോമവും തൂവലായ് മാറുന്നതുവരെ അമ്മപ്പക്ഷി തൻ്റെ കൊക്കുകൊണ്ടു തലോടിക്കൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി . ഇന്ന് ആ കുഞ്ഞു മനോഹരിയായ ഒരു പെൺ കഴുകൻ കുഞ്ഞായിരിക്കുന്നു. പ്രായേണ തള്ള കുഞ്ഞിന് തീറ്റി കൊടുത്ത ശേഷം കൂട്ടിലിരിക്കാതെ അടുത്ത ചില്ലയിൽ പകലെല്ലാം കാവലിരുന്നു . കുഞ്ഞാണെങ്കിൽ അമ്മയുടെ സാമീപ്യത്തിനായി കൊതിക്കുന്നുണ്ടെങ്കിലും മുകളിലത്തെ ആകാശവും താഴത്തെ ഭൂമിയുടെ പച്ചപ്പും കുളിർ കാറ്റും ആസ്വദിച്ചു കഴിഞ്ഞു കൂടി . എന്ത് സമാധാനം എന്ത് സംതൃപ്തി എന്ത് സുഖം.
പെട്ടെന്നൊരു ദിവസം രാവിലെ ഭക്ഷണമെല്ലാം കൊടുത്തതിനു ശേഷം അടുത്ത ചില്ലയിൽ വിശ്രമിച്ചിരുന്ന സ്നേഹവതിയായ തൻ്റെ ‘അമ്മ പറന്നു വന്നു കൂടിന്നടുത്തിരുന്നു .എന്നുമുള്ളപോലെ തന്നെ സ്നേഹിക്കുന്നതിനു പകരം കൊക്കുകൊണ്ടു കൂടിൻ്റെ ഓരോ ചില്ലയും അടർത്തി എടുത്തു താഴെക്കിടാൻ തുടങ്ങി . എന്താണ് തൻ്റെ ‘അമ്മ ചെയ്യുന്നത് ? കുഞ്ഞിനൊന്നും മനസ്സിലായില്ല . കൂടിൻ്റെ ഒരുഭാഗം തന്നെ ‘അമ്മ നിർദയം പൊളിച്ചു മാറ്റിയിരിക്കുന്നു . അവൾ ചോദിച്ചു, അമ്മെ എന്താണീ കാണിക്കുന്നത്?. അവളുടെ ചോദ്യം ഗൗനിക്കാതെ തള്ള പക്ഷി കൂടു പൊളിച്ചുകൊണ്ടേയിരുന്നു . പാവം കുഞ്ഞിന് വെപ്രാളമായി . ഇനി താൻ എന്ത് ചെയ്യും, എവിടെ ഇരിക്കും . അവസാനം കൂടിൻ്റെ തായിയായ ചില്ല മാത്രം ബാക്കിയായി . ആ കുഞ്ഞു തൻ്റെ കാലുകൾ കൊണ്ട് ആ ചില്ലയിൽ ഇറുക്കിപിടിച്ചു തൂങ്ങി കിടന്നു . കണ്ണുകൾ പോലും തുറക്കാൻ ഭീതിയായി . കാരണം കാലിൻ്റെ പിടി എങ്ങാനും വിട്ടുപോയാൽ , അമ്മ പണ്ട് പറഞ്ഞു കേൾപ്പിച്ചിട്ടുള്ള ആ കറുത്ത പാറയിൽ ചെന്ന് പതിക്കുമെന്നവൾ ഭീതിയോടെ ഓർത്തു . എത്ര ഭയാനകമാണ്, തൻ്റെ പൊടിപോലും കാണില്ല പിന്നെ .
അമ്മെ അമ്മെ എന്നുള്ള അവളുടെ ദയനീയമായ കരച്ചിൽ ആകാശത്തു മുഴങ്ങിയതല്ലാതെ ആരും അവളെ സഹായിക്കാനെത്തിയില്ല . കുഞ്ഞിൻ്റെ ദയനീയ രോദനം ഗൗനിക്കാതെ ആ അമ്മ തൻ്റെ കൂർത്തു വളഞ്ഞ കൊക്കുകൊണ്ടു ശക്തിയായി ആ ചില്ല ഇളക്കി. കുഞ്ഞിൻ്റെ മനസ്സിൽ ഇരുട്ട് കയറി . അവൾക്കൊന്നലറി കരയുവാൻ കഴിയുന്നതിനു മുൻപ് തന്നെ, ഇറുക്കിയുള്ള ആ പിടുത്തം വിട്ടുപോയി . ആ.. ആ.. ആ.. അവൾ പെട്ടെന്ന് താഴേക്ക് വീണു തുടങ്ങി . അങ്ങ് അപാരതയിൽ തൻ്റെ ശരീരം വന്നു വീഴുവാൻ കാത്തിരിക്കുന്ന ആ വലിയ കല്ലിനെ അവൾ മനസ്സിൽ കണ്ടു . “ദുഷ്ടയായ ‘അമ്മ ” അവൾ മനസ്സിൽ പ്രാകി . ഇതിനായിരുന്നെങ്കിൽ എന്തിനവർ തന്നെ തീറ്റ തന്നു വളർത്തി. ലോകത്തിലേക്കും ചീത്തയായ ‘അമ്മയാണ് തൻ്റെ ‘അമ്മ എന്നവൾ മനസ്സിൽ ചിന്തിച്ചു.
അതാ ഇപ്പോൾ ആ കറുത്ത കല്ല് കാണാൻ സാധിക്കുന്നുണ്ട് . നിമിഷങ്ങൾക്കുള്ളിൽ താൻ കല്ലിൽ തട്ടി ചിതറി തെറിക്കും . അവൾ കണ്ണുകൾ ഇറുക്കി അടച്ചു . അവസാനമായിട്ടൊന്നുകൂടെ അമ്മയെ ശപിച്ചു കൊണ്ടാലറി . ആ അലർച്ച തീരുന്നതിനു മുൻപുതന്നെ മാർദ്ദവമായ എന്തോ ഒന്നിൽ തട്ടിയതായി അവൾ തിരിച്ചറിഞ്ഞു . പെട്ടന്ന് കണ്ണ് തുറന്ന അവൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല. വിടർത്തിപിടിച്ചിരിക്കുന്ന തൻ്റെ അമ്മയുടെ ചിറകുകൾക്കിടയിൽ അവളിരിക്കുന്നു . എത്ര വേഗത്തിലാണ് തൻ്റെ ‘അമ്മ വന്നു തന്നെ രക്ഷിച്ചിരിക്കുന്നത്. ഒരു നിമിഷം താമസിച്ചിരുന്നെങ്കിൽ അതവൾക്കോർക്കാൻ കൂടി വയ്യ .
അതാ തൻ്റെ ‘അമ്മ തന്നെയും കൊണ്ട് ഉയരത്തിലേക്ക് പറക്കുകയാണ് . പേടിയുണ്ടെങ്കിലും തൻ്റെ അമ്മയുടെ പുറത്തു ചിറകുകൾക്കിടയിൽ സുരക്ഷിതയാണ് എന്ന ചിന്ത അവൾക്കു ആശ്വാസമേകി . ആ ഹഹാ എന്തുരസം . ഇപ്പോൾ ലോകം മുഴുവൻ തനിക്കു കാണാം . കാർമേഘങ്ങൾക്കിടയിലൂടെ ആണ് യാത്രചെയ്യുന്നത് എന്നവൾക്കു തോന്നി . അമ്മയെ പറ്റി അവൾക്കഭിമാനം തോന്നി , സ്നേഹം തോന്നി , എത്ര നല്ല അമ്മയാണ് . ഇപ്പോൾ തങ്ങൾ, കൂടുണ്ടായിരുന്ന ആ വൃക്ഷത്തിനേക്കാൾ മുകളിലെത്തി . എല്ലാ പക്ഷിമൃഗാദികളും മരങ്ങളും തനിക്കു താഴെയായി, അഭിമാനമോ അഹങ്കാരമോ എന്തൊക്കെയോ അവൾക്കു തോന്നി ..
പെട്ടെന്നാണത് സംഭവിച്ചത് ! നേരെ പറന്നിരുന്ന ‘അമ്മ പെട്ടെന്ന് വായുവിൽ ഒന്ന് കാരണം മറിഞ്ഞു . അവൾക്കൊന്നിറുക്കിപ്പിടിക്കാൻ കഴിയുന്നതിനു മുൻപേ താഴേയ്ക്ക് . അമ്മയെവിടെ ? കാണാനില്ല വീണ്ടും താനൊറ്റക്ക് കാർമേഘങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ താഴേയ്ക്ക് പോകുകയാണ് . ദുഷ്ടയായ ‘അമ്മ എന്തിനാണ് തന്നോടിതു ചെയ്തത് . വീണ്ടും തന്നെ പുറത്തു കയറ്റാതിരുന്നെങ്കിൽ പണ്ടേ താൻ ചത്ത് പൊയ്ക്കൊള്ളുമായിരുന്നില്ലേ ? . ഇപ്പോഴിതാ രക്ഷിച്ച ശേഷം വീണ്ടും തന്നെ വീഴ്ത്തിയിരിക്കുന്നു . അവൾ തൻ്റെ മരണം ഉറപ്പു വരുത്തി കണ്ണുകൾ ഇറുക്കി അടച്ചു മരിക്കുവാൻ തയ്യാറായി . ഒരുനിമിഷം പെട്ടെന്നതാ ‘അമ്മ തൻ്റെ കീഴിലെത്തിയിരിക്കുന്നു .
ഇപ്പോൾ വീണ്ടും അവൾ സുരക്ഷിതയായിരിക്കുന്നു . എന്തൊരമ്മയാണ് തന്നെ കൊല്ലാകൊല ചെയ്തിരിക്കുന്നു . വീണ്ടും ആ അമ്മയും മകളും ആകാശത്തേക്കുയർന്നു . മുകളിലെത്തി ‘അമ്മ വീണ്ടും അവളെ താഴേക്കെറിഞ്ഞു . ഓരോപ്രാവശ്യവും അവൾ തൻ്റെ അമ്മയുടെ ദുഷ്ടതയെ ശപിച്ചു . അവസാനം അവളറിയാതെ തന്നെ ആ കുഞ്ഞി ചിറകുകൾ വിടർന്നുപോയി. അതാ തൻ്റെ വീഴ്ചയുടെ വേഗത കുറയുന്നു . അവൾ ചിറകുകളൊന്നുകൂടി വിടർത്തി വീശി നോക്കി . എന്തൊരത്ഭുതം തനിക്കു ആകാശത്തു തങ്ങി നില്ക്കാൻ സാധിക്കുന്നു . അവൾ ശക്തിയായി ചിറകുകൾ വീശാൻ തുടങ്ങി . എങ്കിലും കല്ലിനടുത്തെത്തിയപ്പോൾ ‘അമ്മ വന്നു താങ്ങി മുകളിലേക്കുയർന്നു . അവൾക്കു പ്രത്യാശയായ് . അടുത്ത വീഴ്ച കഠിനമായിട്ടവൾക്കു തോന്നിയില്ല . തൻ്റെ അമ്മയെ പോലെ അവൾ തന്നത്താനെ ചിറകടിച്ചു പറക്കാൻ തുടങ്ങി . ആകാശത്തിൻ്റെ ഉയരത്തിൽ തന്നത്താനെ പറന്നു രസിക്കുന്ന തൻ്റെ പ്രിയപ്പെട്ട കുഞ്ഞിനെ കൗതുകത്തോടെ നോക്കികൊണ്ട് അടുത്ത മരത്തിൻറെ ചില്ലയിൽ ആ ‘അമ്മ ഇരിക്കുന്നുണ്ടായിരുന്നു.
നമ്മുടെ നന്മക്കുവേണ്ടി ജീവിതത്തിൽ ബുദ്ധിമുട്ടുകൾ വരുമ്പോൾ ചിലപ്പോഴെങ്കിലും അതറിയാതെ ദൈവത്തോട് പരാതി പറയുകയും ചിലപ്പോൾ ശപിക്കുകയും ചെയ്യാറില്ലേ? .
മാത്യു ചെറുശ്ശേരി