മാത്യു ചെറുശ്ശേരി
ഞാൻ “ബറാബാസ്”, അങ്ങ് ഉയരെ ഗാഗുൽത്തായിലെ കുരിശിൻ ചുവട്ടിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇവിടെ മൂന്നു പേരെ കുരിശിൽ തറച്ചിട്ടിരിക്കുന്നു . ഒരാൾ നടുക്കും ഇടതും വലതുമായി മറ്റു രണ്ടു പേരും. നടുക്ക് കിടക്കുന്നയാൾ നസ്രായൻ ആയ ഈശോ അദ്ദേഹം ഒരു നീതിമാനായിരുന്നു . എന്നാൽ ഇടതും വലതും കിടക്കുന്നവർ ശരിക്കും കള്ളന്മാരും. അവർ ശരിക്കും എന്റെ കൂട്ടുകാർ ആയിരുന്നു ഞാൻ അവരുടെ നേതാവും . ഞങ്ങൾ ഒരുമിച്ചാണ് പിടിക്കപ്പെട്ടത് എന്നാൽ ഞാൻ രക്ഷപെട്ടു അല്ല രക്ഷ പെടുത്തിയതാണ്. എന്റെ നന്മ കൊണ്ടല്ല,എന്റെ മാന്യത കൊണ്ടല്ല ഞാൻ നിരപരാധി ആയതുകൊണ്ടും അല്ല . എനിക്കുപകരം ആ നടുക്ക് കിടക്കുന്ന നസ്രായേനായ ഈശ്ശോ അത് ഏറ്റെടുത്തതുകൊണ്ടു മാത്രമാണ്.
എന്നെ അവർ സ്വതന്ത്രനാക്കിയ നിമിഷം മുതൽ എനിക്കുവേണ്ടി പിടിക്കപ്പെട്ട ആ നസ്രായേന്റെ പുറകെ ഞാനുണ്ട് അവർ ആദ്യം കൽത്തൂണിൽ കെട്ടിയിട്ടു വെറും ചാട്ടവാറുകൊണ്ടല്ല തുഞ്ചത്തു മൂർച്ചയുള്ള ഇരുബമ്പു കഷണങ്ങൾ കെട്ടിയ ചമ്മട്ടികൊണ്ടാണവനെ മർദിച്ചത്. ആ അടിയെല്ലാം എനിക്ക് കിട്ടേണ്ടതായിരുന്നു. ഓരോ അടിയും അവനിൽ കൊള്ളുമ്പോളും അത് എനിക്ക് കൊള്ള്ളുന്നതായി തോന്നി. വേദനയാൽ പുളയുന്നതിനിടെ അവൻ എന്നെ നോക്കും, ആ കണ്ണുകൾ അതെനിക്ക് കാണാൻ കെല്പില്ല ഈ പീഡകൾ എല്ലാം ഞാൻ നിനക്കുവേണ്ടിയാണ് സഹിക്കുന്നത് ബറാബാസ്സ്… എന്ന് ആ കണ്ണുകൾ പറയുന്നതുപോലെ തോന്നി. അവൻ ആ വേദനയാൽ പുളഞ്ഞപ്പോൾ എന്റെ ശരീരവും പുളഞ്ഞു പുകഞ്ഞു. ആരും കാണാതെ ഞാൻ മുഖം പൊത്തി കരഞ്ഞു. ഓടിച്ചെന്നു ഞാനാണ് കുറ്റക്കാരൻ എന്ന് വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു എന്നാൽ എനിക്ക് സമൂഹത്തെ പേടിയായിരുന്നു . ശരിക്കും ആ അടികൾ ഏൽക്കുവാൻ ആ മുറിവുകൾ ഏറ്റെടുക്കുവാൻ എനിക്ക് ഭയമായിരുന്നു അത്ര ഭയാനകമായിരുന്നു ആ പ്രഹരങ്ങൾ. എന്നാൽ ഒരുകുറ്ററ്വും ചെയ്യാത്ത ആ മനുഷ്യൻ സധൈര്യം എനിക്കുവേണ്ടി ആ പീഡനങ്ങളും നിന്ദനങ്ങളും സഹിച്ചു. അവശനായ അവനെ പരിഹസിക്കാൻ വേണ്ടി അവർ തലയിൽ കൂർത്ത മുള്ളു കൊണ്ട് തീർത്ത കിരീടം ധരിപ്പിച്ചു കൂടെ ഒരു ഞാങ്ങണയും കയ്യിൽ കൊടുത്ത് പരിഹാസത്തോടെ ” യൂദന്മാരുടെ രാജാവ് ” എന്ന് വിളിക്കുകയും അടിക്കുകയും ആ മുഖത്തു തുപ്പുകയും ചെയ്തു .
വിയർപ്പും ചോരയും നിറഞ്ഞ നിഷ്കളങ്കമായ ആ മുഖമൊന്നു തുടച്ചുകൊടുക്കാൻ മുഷിഞ്ഞതാണെങ്കിലും ഒരു തൂവാല എന്റെ കയ്യിലും ഉണ്ടായിരുന്നു എന്നാൽ എന്റെ അപഹർഷതയും ഭയവും എന്നെ അതിനു അനുവദിച്ചില്ല പകരം അപലയായ ഒരു സ്ത്രീ ആ സ്ഥാനം ഏറ്റെടുത്തു. കാരണം അവൾ അവനെ അത്ര അധികം സ്നേഹിച്ചിരുന്നിരിക്കാം. എന്നാൽ ഞാൻ അതിനു മറ്റൊരു വ്യാഖ്യാനം നൽകി അവരെ കുറ്റപ്പെടുത്തി അസ്വദിച്ചു.
തെരുവീഥികളിൽ ഏവർക്കും നന്മ മാത്രം ചെയ്ത നന്മ മാത്രം പഠിപ്പിക്കുകയും ചെയ്ത അവൻ തിന്മ മാത്രം ചെയ്ത എനിക്കുവേണ്ടിയല്ലേ ഈ നിന്ദനം സഹിച്ചത് .എത്ര ഭാരം ഏറിയ കുരിശാണ് അവർ അദ്ദേഹത്തിന്റെ തോളിൽ വച്ചുകൊടുത്ത് . അത് താങ്ങാനാവാതെ നിലത്തു വീണപ്പോൾ സഹായത്തിനു പട്ടാളക്കാർ ആളെ തപ്പിയപ്പോൾപോലും ഞാൻ മറഞ്ഞു നിൽക്കുകയായിരുന്നു. പകരം പകൽഅന്തിയോളം വയലിൽ പണിചെയ്തു ക്ഷീണിച്ചുവന്ന ആ റംസാക്കാരനല്ലേ സഹായിച്ചത്. അപ്പോഴും ഒരു കാഴ്ചക്കാരനെ പോലെ ഞാൻ കൂടെ നടന്നു. ഭാരമൊന്നുമില്ലാതെപോലും ആ മലയൊന്നു കയറാൻ ഞാൻ എത്ര ബുദ്ധിമുട്ടി . അപ്പോഴാ ആ കുരിശുമായി അയ്യാൾ.. ദൈവപുത്രൻ ആണെന്ന് പറഞ്ഞിട്ടുപോലും വീഴ്ചകൾക്ക് ഒട്ടും കുറവില്ലായിരുന്നു .സ്വർഗത്തിൽ നിന്നും ഒരു മാലാഖ പോലും അപ്പോൾ അവനെ തിരിഞ്ഞുനോക്കിയില്ല .
എന്നാൽ അവന്റെ ഓരോ വീഴ്ചയും എന്റെ ഹൃദയത്തിൽ ഞടുക്കമുണ്ടാക്കി എന്നുള്ളത് ആരും അറിയാത്ത സത്യമാണ്. അതുകൊണ്ടല്ലേ ഞാൻ ഇപ്പോൾ ഈ മലമുകളിൽ എത്തിയിരിക്കുന്നത് . ശരിക്കും ആ ജോസഫിന്റെ സ്ഥാനത്തു ഞാനായിരുന്നു കുരിശുചുമക്കാൻ അവനെ സഹായികണ്ടീരുന്നത് എന്തെ എനിക്കതിനു സാധിച്ചില്ല ? ഒളിഞ്ഞും പാത്തും നിന്ന് ആ കാഴ്ചകൾ കാണാനല്ലാതെ അവിടേക്കോടിയടുത്തു യഥാർത്ഥമായി ആ ഭാരം തോളിലേറ്റി ചുമക്കാതിരിക്കാൻ എന്തെന്തു ന്യായങ്ങളാണ് ഞാൻ അപ്പോൾ നിരത്തിയത്. ദൈവപുത്രനായതിനാൽ എങ്ങനെ എങ്കിലും അവസാനം അവൻ രക്ഷപെടും എന്നുവരെ ഞാൻ കരുതി. എന്നാൽ ആലയിൽ പഴുപ്പിച്ചു കൂർപ്പിച്ചെടുത്ത ഇരുമ്പാണികൾ എത്ര ലാഘവത്തോടെയാണ് ഞാനുൾപ്പെടുന്ന ക്രൂരന്മാർ അടിച്ചു കയറ്റിയത്. അതോരോന്നും എന്റെ ഹൃദയത്തിലേക്കായിരുന്നു ആഴ്ന്നിറങ്ങിയത് അതുകൊണ്ടല്ലേ ഒരിക്കലും കരയാത്ത എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നത് .
കവർച്ച നടത്തുന്ന സമയത്തു ഞാൻ എത്രയോ മനുഷ്യരെ കൊന്നിരുന്നു അന്നൊന്നും എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നിട്ടില്ല എന്നാലിന്ന്… മുറിവേറ്റ പച്ചയായ അവന്റെ ശരീരത്തോടുകൂടി ആ കുരിശ്ശ് കുഴിയിലേക്കിറക്കി നാട്ടി നിർത്തിയപ്പോൾ വേദനയാൽ പുളഞ്ഞവൻ ദയനീയമായി കരഞ്ഞപ്പോൾ, കണ്ടുനിൽക്കാൻ കെല്പില്ലാതെ ഞാൻ മുട്ടുകുത്തി നിലത്തു മുഖം പൊതി. ഒരു നോക്കുകൂടെ അവനെ കാണാൻ എനിക്ക് കെല്പില്ലായിരുന്നു. അവനവിടെകിടന്നു പിതാവേ പിതാവേ എന്ന് വിളിച്ചതല്ലാതെ ആരും അവനുത്തരം കൊടുത്തില്ല . എന്നാൽ ആ വിളികളോരോന്നും എന്റെ ചങ്കിൽ തറക്കുകയായിരുന്നു കാരണം നിരപരാധിയായ ആരുമില്ലാത്ത അവൻ എന്റെ ഉഊഴം അല്ലെ ഏറ്റെടുത്തത് വസാനം കുരിശിൽ കിടന്നവൻ മരിച്ചു. മരിക്കേണ്ടിയിരുന്ന ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതെനിക്കൊട്ടും സഹിക്കാനാവുന്നില്ല. പാപിയായിരുന്ന , കൊള്ളക്കാരനായിരുന്ന , കവർച്ചക്കാരുടെ നേതാവായിരുന്ന ഞാൻ ഇന്നും ഇന്നും ഞാൻ അതേ ബറാബാസ്സയി ജീവിച്ചിരിക്കുന്നു. എനിക്കുവേണ്ടി നീചമായ ആ മരണം അവൻ സ്വയം ഏറ്റെടുത്തതുകൊണ്ടു മാത്രം .
ഇനി ഞാൻ എന്ത് ചെയ്യണം ഞാൻ താഴേക്കിറങ്ങുകയാണ് എനിക്കും മരിക്കണം പക്ഷെ എനിക്കുവേണ്ടിയല്ല ആ കുരിശിൽ എനിക്കുവേണ്ടി നിർദ്ദയം മരിച്ചവനുവേണ്ടി.
