കൊമ്പില്ലാ കൊമ്പൻ (കഥ-മാത്യു ചെറുശേരിൽ )

sponsored advertisements

sponsored advertisements

sponsored advertisements

4 August 2022

കൊമ്പില്ലാ കൊമ്പൻ (കഥ-മാത്യു ചെറുശേരിൽ )

മാത്യു ചെറുശേരിൽ 

മദമിളകിയ ആനകൊമ്പൻ തന്റെ ശക്തിയുള്ള കൊമ്പും മസ്തകവും കൊണ്ട് ശക്തമായി തള്ളി, ആഞ്ഞുള്ള തള്ളലിൽ ആ മരം വല്ലാതൊന്നു കുലുങ്ങി ആരാണ് എന്നെ ഇത്ര ശക്തമായി കുലുക്കുന്നത്. ഉച്ചവെയിലിൽ ക്ഷീണിച്ച് ഉറക്കച്ചടവോടെ നിന്ന ആ വലിയ മരം ഞെട്ടിവിറച്ചു താഴക്കു നോക്കി . കാട്ടിലെ വലിയ “കൊമ്പൻ” കലി പൂണ്ടു നിൽക്കുന്നു വീണ്ടും വീണ്ടും തള്ളുകയാണ് ഇടയ്ക്കിടെ ചിഹ്നം വിളിക്കുന്നുമുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി അവന്റെ മുതുകത്തുനിന്നും രക്തമൊലിക്കുന്നു . അയ്യോ എന്ത് പറ്റി ഏതോ മനുഷ്യർ അവനെ ഉപദ്രവിച്ചു കാണും അതിനു ഞാൻ എന്ത് പിഴച്ചു
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെ ആയല്ലോ . അവന്റെ ചിഹ്നം വിളിയ്ക്കും പരാക്രമത്തിലും മാറ്റ് മൃഗങ്ങൾ എല്ലാം പേടിച്ചോടുകയാണ് . കഠിന വെയിലത്ത് എന്റെ കീഴെ വന്നുനിന്നുകൊണ്ടു തണൽ കൊണ്ടിരുന്നവൻ….. അവൻറെ ഓരോ തള്ളിലും മരമാകെ കുലുങ്ങിവിറച്ചു . സാധാരണ ചെളിയിൽ കളിച്ചുകഴിയുമ്പോൾ ചൊറിച്ചിലുമാറ്റാൻ എന്നെ വന്നുരസ്സാറുണ്ട് എന്നാൽ ഇത്തവണ അതല്ല എന്നെ തകർക്കാൻ തന്നെയാണ് അവന്റെ പുറപ്പാട് . നന്മയല്ലാതെ ഒരുപദ്രവവും ഞാൻ അവനോട് ചെയ്തിട്ടില്ല . എന്റെ താഴോട്ടുള്ള കൊമ്പുകളും ഇലകളും മുഴുവൻ അവൻ തന്നെയാണ് തിന്നിട്ടുള്ളത് . വീണ്ടും വീണ്ടും കിളിർത്തും തളിർത്തും അവന്റെ വിശപ്പടയ്ക്കാറാണുള്ളത് . ഇനി എന്റെ നിലനിൽപ്പിനായുള്ള മുകളിലേക്കുള്ള ഒന്നോ രണ്ടോ ചില്ലകൾ ഒഴികെ എല്ലാം അവൻ അകത്താക്കി കഴിഞ്ഞു . ഇനി അതും അവനു വേണമെന്നാണോ . അവൻ കാണുന്നതല്ലേ അനേക പക്ഷികളും ജന്തുക്കളും എന്നെകൊണ്ടാണ് കഴിഞ്ഞു കൂടുന്നത് എത്ര എത്ര അണ്ണാറക്കണ്ണന്മാരുടെയും എലികളുടെയും പിന്നെ ഓന്ത്‌ പല്ലി അരണ ചീവീടുകൾ ചിത്രശലഭങ്ങൾ തുമ്പികൾ പാറ്റകൾ പഴുതാരകൾ എട്ടുകാലികൾ ഇവക്കൊക്കെ താൻ അഭയം കൊടുക്കുന്നുണ്ട് അവയൊന്നും തന്നെ ഒരിക്കലും ഉപദ്രവിക്കാറില്ല. എന്റെ പഴങ്ങളോ ഇലകളോ പറിച്ചു തിന്നുന്നതിൽനിന്നു ഒരിക്കലും അവറ്റകളെ ഞാൻ തടഞ്ഞിട്ടില്ല . ചെറിയ ചെറിയ വേദനകൾ ഉണ്ടെങ്കിലും അവ എന്റെ ദേഹത്തുകൂടി ഓടിനടക്കുമ്പോളുള്ള ആ സുഖം അതുമാത്രം മതിയായിരുന്നു തനിക്ക്‌ . പക്ഷികൾ കൂടു കൂട്ടി മുട്ടയിട്ടു വിരിഞ്ഞു പറക്കപറ്റി പറന്നുപോകുന്നത് കാണാൻ എത്ര രസ്സമായിരുന്നെന്നോ . ഞാൻ അവരെ എല്ലാം ഒരമ്മയുടെ വാത്സല്യത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ .

വലിയ മൃഗങ്ങൾ ഇട്ടോടിക്കുമ്പോൾ അണ്ണാറക്കണ്ണനും ഓന്തുകളും എലികളും എന്തിനു പാമ്പുകൾ പോലും എന്റെ മുകളിലേക്കല്ലേ ഓടിക്കയറുന്നത് . പൂക്കാലമായാൽ വണ്ടുകൾ ഈച്ചകൾ തേനീച്ചകൾ ചിത്ര ശലഭങ്ങൾ കുരുവികൾ എല്ലാം എന്റെ പൂവിന്റെ തേൻ കുടിക്കാൻ വരുമ്പോൾ ഒരുത്സവം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാലിന്ന് ഈ കൊമ്പൻ ഇതെന്താണീ കാണിക്കുന്നത് .

ശരിയാണ് കാലം കുറെയായി ഞാൻ ഈ മരുഭൂമിയിൽ ഇങ്ങനെ ഒരു വട വൃക്ഷമായി നിൽക്കുന്നു. എനിക്ക് തണലുണ്ടോ എനിക്ക് വെള്ളംകിട്ടുന്നുണ്ടോ ഞാൻ കഴിച്ചോ ഞാനുറങ്ങിയോ ഒന്നും തിരക്കാനാരുമില്ല ആണ്ടിലൊന്നോ രണ്ടോ തവണ മഴ കിട്ടിയാൽ ആയി . എന്റെ വേരുകൾ എന്ത് കഷ്ടപ്പെട്ടാണ് എനിക്കാവശ്യമായ ആഹാരം തേടുന്നത്. നൂറുകണക്കിന് മീറ്റർ സഞ്ചരിച്ചാണവർ വെള്ളം കുടിക്കുന്നത് . എന്റെ ദുഃഖങ്ങൾ പങ്കു വയ്ക്കുവാൻ ആരുമില്ല ഞാൻ ആരോടും പറയാറുമില്ല . എന്നാലിന്ന് ഈ കരിം കൊമ്പൻ ആരോടോ ഉള്ള പകപോക്കുവാൻ എന്നെ ആഞ്ഞാഞ്ഞു കുത്തുകയാണ്

എന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാകാൻ തുടങ്ങി. തൊലിയെല്ലാം വിണ്ടു വേർപെട്ടു. എന്റെ ചെറിയ ചെറിയ വേരുകൾ പൊട്ടുന്ന ശബ്ദം എനിക്ക് കേൾക്കാം . കുലുക്കം സഹിക്കാതായപ്പോൾ കൂട് കൂട്ടിയിരുന്ന പക്ഷികൾ കൂടുവിട്ട് പറന്നുപോയി. ചിത്രശലഭങ്ങളും ചീവീടുകളും എത്ര പണ്ടേ പോയിക്കഴിഞ്ഞു. അരണകളും പല്ലികളും ഓന്തുകളും എവിടെയോ പോയി രക്ഷപെട്ടു. ഞാൻ ഒറ്റക്കായി. എനിക്ക് ഓടി രക്ഷപെടാൻ പറ്റില്ലല്ലോ അതിനെനിക്ക് കാലുകളോ ചിറകുകളോ ഇല്ലല്ലോ. നന്മ ചെയ്യാനല്ലാതെ തിന്മ ചെയ്യാനുള്ള ഒരവയവും എനിക്കില്ലല്ലോ . എന്റെ അമ്മയാരാണ് അപ്പനാരാണ് എന്നൊന്നും അറിയത്തില്ല അനാഥനായ എന്നെ രക്ഷിക്കാനാരുമില്ല. ദയനീയമായി കരഞ്ഞ മരത്തെ ആശ്വസിപ്പിക്കാനോ രക്ഷിക്കാനോ ആരും വന്നില്ല.

ചെറുപ്പം മുതൽ എന്റെ ഇലകൾ തിന്നും തണലേറ്റും , വലിയ പേമാരിയിൽ കയറിനിന്നു വളർന്ന അവൻ വളർന്നു ശക്തനായപ്പോൾ അതെല്ലാം മറന്നുകാണുമായിരിക്കും. ഒരുപക്ഷെ അവനെ കണ്ണിൽ ചോരയില്ലാത്ത ആരെങ്കിലും ഉപദ്രപിച്ചട്ടുണ്ടാകും . അവരോട് വേണം ദൈവം കണക്കു ചോദിയ്ക്കാൻ . അത് ദൈവം ഏതെങ്കിലും രൂപത്തിൽ ചോദിക്കുക തന്നെചെയ്യും. കണ്ടില്ലേ. പ്രകൃതിയിലെ ഒരുപറ്റം ജീവികൾ കിടന്നു നെട്ടോട്ടം ഓടുന്നത്. ഞാൻ ഇന്ന് മറിഞ്ഞു നിലംപറ്റിയാൽ അവരെല്ലാം അനാഥരും ആലംബമില്ലാത്തവരും ആകും. മരം വിഷമത്തോടെ പേടിയോടെ വേദനയോടെ ആത്മഗദം ചെയ്തു.

ശാസിച്ചുനോക്കി ദയനീയമായി കരഞ്ഞു നോക്കി അലറി വിളിച്ചുനോക്കി . തന്റെ ശാസനയോ കരച്ചിലോ അലർച്ചയോ അവനു മനസ്സിലാകാഞ്ഞിട്ടാണോ അതോ അത് വകവയ്ക്കാത്തതാണോ.അവൻ ശക്തമായി തന്റെ കരുത്തു മുഴുവൻ എടുത്തു മരത്തെ ആഞ്ഞു തള്ളി. അവസാനം തന്റെ തായ് വേര് പൊട്ടുന്ന ശബ്ദം ചെവിയിൽ മുഴങ്ങി . പിടിച്ചുനിൽക്കാനാവാതെ ആ മരം നിലം പൊത്തി .

ആർക്കും കഴിയാത്ത കാര്യം ചെയ്തതിൽ വിജയഭേരി മുഴക്കി ചിഹ്നം വിളിച്ചുകൊണ്ട് അവൻ രാത്രി വെളുക്കുവോളം നിന്നു . സൂര്യൻ കിഴക്കുദിച്ചു . തന്റെ പൊള്ളുന്ന ശക്തമായ കിരണങ്ങൾ ഭൂമിയിലേക്ക്‌ അയച്ചുതുടങ്ങി. നേരം ചെല്ലും തോറും ചൂട് കൂടി കൂടി വന്നു പറന്നുപോയ പക്ഷികളും മറ്റു ജീവികളും ഓരോന്നോരോന്നായി പറന്നും ഇഴഞ്ഞും തിരിച്ചുവന്നു. വീണുകിടക്കുന്ന ആ ‘അമ്മ മരത്തിന്റെ വാടിതുടങ്ങിയ ചില്ലകളിൽ ഇരുന്നു ചുറ്റും നോക്കി ആ മല്ലന്റെ കുറ്റം പറഞ്ഞു . അവസാനം വരെ അമരത്തെ വിടാതെ അള്ളിപിടിച്ചിരുന്ന ഒരു പുഴു അവരോടായിപ്പറഞ്ഞു. സഹോദരങ്ങളെ ഇനി കരഞ്ഞിട്ട് കാര്ര്യമില്ല ബുദ്ധിയില്ലാതെ ഈ ക്രൂരത ചെയ്യ്ത മല്ലനെ തുരത്താൻ നമ്മൾ ഒരുമിച്ചുനിന്നിരുന്നെങ്കിൽ കഴിഞ്ഞേനെ . ചെറിയവർ ആണെങ്കിലും ഉറുമ്പുകളും കടുന്നലുകളും തേനീച്ചകളും പാമ്പുകളും പഴുതാരകളും തേളുകളും എല്ലാവരും ഒരുമിച്ചു ആക്രമിച്ചിരുന്നെങ്കിൽ മല്ലൻ വേദനിച്ചോടി പോയേനെ . എന്നാൽ നമ്മൾ നമ്മുടെ മാത്രം സുരക്ഷയും സമാധാനവും സംതൃപ്തിയും മാത്രമാണ് നോക്കിയത് ഇനി എത്ര ഉച്ചത്തിൽ കരഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ല .. പുഴു അത്രയും പറഞ്ഞപ്പോഴേക്കും അഹങ്കാരിയായ ഒരു പക്ഷി പറന്നുവന്ന് ആ പുഴുവിനെ അകത്താക്കി . പിന്നെ എല്ലാം നിശബ്ദംശാന്തം. ജീവികൾ എല്ലാം മരത്തെ വിട്ടു പുതിയ വാസ്ഥലം തേടി യാത്രയായി.
പ്രകൃതി സ്നേഹികൾ എന്ന് സ്വയം പുകഴ്ത്തുന്ന ചിലർ അവിടെ വന്നെത്തി വീണു കിടക്കുന്ന ആ ‘അമ്മ മരത്തിന്റെ അടുക്കൽ നിന്ന് ഘോര ഘോരം അവർക്കുപോലും അറിവില്ലാത്തതും ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങൾ ഉറക്കെ പുലമ്പിയിട്ടു കടന്നുപോയി. അര്ധരാത്രിയായപ്പോൾ ഇരുട്ടത്തു ആർക്കും പരിചയം ഇല്ലാത്ത കുറെ പേർ വന്ന് ആ അമ്മമരത്തെ മുറിച്ചു . വാടിയ ഇലമാത്രം ശേഷിപ്പിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുപോയി.
രണ്ടു ദിവസത്തിനു ശേഷം പത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു കുറ്റിക്കാട്ടിൽ ഒരു ആനയുടെ അഴുകിയ ശരീരം കണ്ടെത്തി വിദഗ്ദ്ധ പരിശോധനയിൽ അതൊരു കൊമ്പനാന ആയിരുന്നു എങ്കിലും മൃതശരീരത്തിൽ കൊമ്പില്ലായിരുന്നു .