മാത്യു ചെറുശ്ശേരി
എല്ലാവർഷവും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന ലിസ്സയ്ക്ക് ഇത്തവണ ഒന്നാം സ്ഥാനം ഉറപ്പാണ് . ലിസയുടെ മനസ്സിലും അത് തോന്നി എന്നാലും ആരോടും പറഞ്ഞില്ല . കാരണം ഈ അവസ്ഥയിൽ അങ്ങനെ പറയുന്നത് ശരിയല്ലല്ലോ .ഉറ്റകൂട്ടുകാരി ആണെങ്കിലും അവൾ ഒരിക്കലും ഒന്നാം സ്ഥാനം തനിക്കായി വിട്ടുതന്നിട്ടില്ല . ഓരോപ്രാവശ്ശ്യവും തന്റെ പ്രയത്നം പരാചയപെടുകയാണ് പതിവ്. അവളെ പിന്തള്ളി അവളുടെ കയ്യിൽ നിന്ന് ആ കിരീടം തന്റെ ശിരസ്സിലണിയുക എന്നത് തന്റെ ഒരേ ഒരു സ്വപനമാണ് . ആനിന്റെ സൗന്ദര്ര്യം മുഴുവൻ അവളുടെ ആ മുടിയിലാണ് . നിതംബം മുട്ടി ഒഴുകികിടക്കുന്ന അവളുടെ ആ കേശ സൗന്ദര്യം അതൊന്നു വേറെയാണ് അത് ആരെയും ആകർഷിക്കും . ചുരുണ്ട തന്റെമുടിയും നല്ലതാണ് എങ്കിലും മുൻതൂക്കം ആനിനായിരുന്നു ആകർഷകമായ സംസാരവും പെരുമാറ്റവും ആർക്കും അവളെ ഇഷ്ടപ്പെടും അതിന്റെ അഹങ്കാരവും ഉണ്ടെന്നു തനിക്കു മനസ്സിൽ തോന്നിയിട്ടുണ്ട്. അതാരോടെങ്കിലും പറയാനൊക്കുമോ പറഞ്ഞാൽ ആരും അംഗീകരിക്കത്തുമില്ല പകരം തന്റെ അസ്സൂയകൊണ്ടാണ് അങ്ങനത്തെ വിചാരം എന്നവർ പറയും. അസ്സൂയ ആണെങ്കിൽ അസ്സൂയ …ലിസ്സ സ്വയം പറഞ്ഞു .
ഏതായാലും ഇത്തവണ അതുണ്ടാവില്ല കാരണം ആ മുടി ഇന്ന് ആനിന്റെ തലയിലില്ല . നേരിട്ട് കണ്ടില്ല എങ്കിലും ക്യാന്സറിന്റെ കാരണത്താൽ അതുമുഴുവൻ കൊഴിഞ്ഞു പോയിരിക്കുകയാണ് എന്നാണ് പറഞ്ഞു കേട്ടത്. പുറമെ വിഷമം പ്രകടിപ്പിച്ചെങ്കിലും ഉള്ളിൽ ലിസ്സ സന്തോഷിച്ചു .ആരെങ്കിലും അറിഞ്ഞാൽ പറയും നീ ഇത്ര ക്രൂരയാണോ . അതെ ഞാൻ ഇച്ചിരെ ക്രൂരയാണ് സ്വാർത്ഥയാണ് കാരണം ഓരോപ്രാവശ്യം പിന്തള്ളപ്പെടുമ്പോളും തനിക്കുണ്ടാകുന്ന വേദനയും വിഷമവും നാണക്കേടും അതാരും അറിയുന്നില്ലല്ലോ. മുടി അവൾക്കിനിയും ഉണ്ടാകും അടുത്ത വര്ഷം വീണ്ടും മൽസരിക്കാമല്ലോ. ക്രിസ്മസിന് ശേഷമുള്ള ഞായറാഴ്ച്ച പള്ളിയുടെ ഹാളിൽ വച്ചാണ് മൽസരം . എല്ലാ ഒരുക്കങ്ങളും പതിവുപോലെ ചെയ്തു ഇപ്പ്രാവശ്ശ്യം ആ കിരീടം തന്റെ തലയിൽ വന്നു ചേരുന്നത് ഊണിലും ഉറക്കത്തിലും ലിസ്സ സ്വപ്നം കണ്ടു .
അങ്ങനെ ഇരിക്കുമ്പോഴാണ് പള്ളിയിൽ ഇപ്രാവശ്യത്തെ ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കാൻ നറുക്കിട്ടത് . ആ കുറിയിൽ ഉള്ള ഓരോരുത്തർക്കും കിട്ടുന്ന ഫ്രണ്ടിന്റെ പേര് രഹസ്യമായി സൂക്ഷിക്കുകയും ആ ആൾക്കായി പ്രാർത്ഥിക്കുകയും ഏതെങ്കിലും ഒരു ചെറിയ സമ്മാനം ക്രിസ്ത്മസ് രാത്രിയിലെ കുർബാന കഴിയുമ്പോൾ അവർക്കു കൊടുക്കുകയും ചെയ്യുക എന്നതാണ് നിയമം. ആരായിരിക്കും ഇത്തവണത്തെ തന്റെ ക്രിസ്തുമസ്ഫ്രണ്ട് ആകാംഷയോടെ ലിസ്സ തനിക്കു കിട്ടിയ കുറിയുടെ ചുരുൾ ആരും കാണാതെ തുറന്നു . “ആൻ ” തോമസ് തന്റെ ഉറ്റ ശത്രു മത്സരത്തിൽ തന്റെ പ്രധാന പ്രതിയോഗി. ശത്രുവിന് വേണ്ടി പ്രാര്ഥിക്കേണ്ട ഗതികേട് . ശത്രുക്കളെ സ്നേഹിക്കണം എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട് അതുവല്ലോം നടക്കുന്ന കാര്ര്യമാണോ . സ്വന്തം സഹോദരങ്ങളെ പോലും ഒരുപരുധിക്കപ്പുറം നേഹിക്കാൻ സാധിക്കില്ല പിന്നെയാ . ഏതായാലും കുറി സൂക്ഷിച്ചുവച്ചു . മനസ്സിൽ വെറുപ്പ് വച്ചുകൊണ്ടു എങ്ങനെ അവൾക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും .പ്രാര്ഥിച്ചാലെന്നാ .. പ്രാര്ഥിച്ചില്ലേലെന്നാ… ആരറിയാൻ ….
ക്രിസ്ത്മസ് പാതിരാ കുർബാന കഴിഞ്ഞപ്പോൾ എല്ലാവരും തങ്ങളുടെ ക്രിസ്തുമസ്സ് ഫ്രണ്ടിന് സമ്മാനം കൊടുക്കുന്ന ബഹളത്തിൽ തന്റെ മാത്രം ഫ്രണ്ടിനെ കണ്ടില്ല അവൾക്കുവല്ല അസുഖവും കൂടുതലാണോ ഇനി? . പള്ളിയിൽ നിന്ന് പോരുന്ന വഴി ലിസ്സ അമ്മയോടാക്കാര്യം പറഞ്ഞു . ആ അവൾക്കെന്തങ്കിലും മേലായ്യികയായിരിക്കും നാളെ അന്ന്വേഷിച്ചിട്ടു അങ്ങോട്ട് പോയി നമുക്ക് അവൾക്കു സമ്മാനം കൊടുക്കാം .
രാവിലെ കുർബാന കഴിഞ്ഞപ്പോൾ ആരോപറയുന്ന കേട്ടു “ആൻ” ഹോസ്പിറ്റലിൽ ആണ് എന്ന് . അടുത്ത ബസ്സ് പിടിച്ചു അമ്മയും മോളും കൂടി പട്ടണത്തിലെ ഹോസ്പിറ്റലിൽ എത്തി.
മുറിയുടെ കതക്‌തുറന്നു. വളരെ നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച ആ കാഴ്ച്ച അത് വളരെ വേദനാജനകമായിരുന്നു മനസ്സിലുണ്ടായിരുന്ന പകയെല്ലാം ഓടി അകലുന്ന തരത്തിലായിരുന്നു അവളുടെ അവസ്ഥ. തീരെ കിടപ്പൊന്നുമല്ല മുഖത്തിനൊന്നും മാറ്റമില്ല എങ്കിലും എപ്പോഴോ തലയിൽ മൂടിയിട്ടിരുന്ന ഷാൾ താഴേക്ക് ഊർന്നുപോയപ്പോൾ മുടിയില്ലാത്ത അവളുടെ തല ലിസയുടെ കണ്ണിൽ പെട്ടു. ഞെട്ടിപ്പോയി ഇങ്ങനെ വികൃതമായ അവസ്ഥ ഒരിക്കലും കണ്ടിട്ടില്ല. പിന്നെ ആ മുഖത്തു നോക്കി അധികം സംസാരിക്കാൻ തനിക്കുള്ള ശക്തി ഇല്ലാത്തപോലെയായി . മൗനം ഭേതിച്ചുകൊണ്ടവൾ ലിസ്സയോട് പറഞ്ഞു ഇത്തവണത്തെ കിരീടം നിന്റെ തലയിൽ ഞാൻ വച്ചുതരും. അതിനുവേണ്ടിയായിരിക്കും എനിക്കീ അസുഖം വന്നത്. എന്റെ അഹങ്കാരവും കുറക്കണമല്ലോ ദൈവത്തിന്റെ ഒരു കാര്ര്യമേ… അവൾ വളരെ അധികം ദൈവവിചാരം ഉള്ളവളായി മാറി കഴിഞ്ഞു. ദൈവത്തിന്റെ ഒരുകാര്യം ലിസയും മനസ്സിൽ വിചാരിച്ചു. അവളുടെ ശബ്ദത്തിൽ വലിയ നിരാശ തല കാണിക്കാതെ ഒളിഞ്ഞിരിക്കുന്നതായി ലിസ്സക്ക് തോന്നി .
അമ്മ മാർ തമ്മിൽ കുറെ സംസാരിച്ചു ആന്റെ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകി വീഴുന്നത് ആരും കാണാതിരിക്കാൻ ഇടയ്ക്കിടെ തുടക്കുന്നുണ്ടായിരുന്നു .രോഗം പൂർണമായി മാറിയിട്ടുണ്ട് എങ്കിലും കീമോയുടെ ശക്തിയാൽ മുടി മുഴുവൻ കൊഴിഞ്ഞു പോയി അത് പഴയ രൂപത്തിൽ എത്തണം അതിനു കുറച്ചു സമയം എടുക്കും .എന്നാണ് ഡോക്ടറുടെ അഭിപ്രായം . അടുത്ത ആഴ്ച നടക്കുന്ന മൽസരത്തിൽ അവളുടെയും പേരുണ്ട് വിജയിക്കില്ല എങ്കിലും അവളുടെ ഒരു സന്തോഷത്തിനു വേണ്ടിമാത്രം . മുടിയില്ലാത്ത ഈ അവസ്ഥയിൽ?.. ലിസയുടെ അമ്മ ഉത്ഖണ്ട പ്രകടിപ്പിച്ചു . മുടിയുടെ അഴകാണല്ലോ പ്രധാന ഐറ്റം പക്ഷെ അവൾ അതിനുമാത്രം പങ്കെടുക്കുന്നില്ല. . ബാക്കി എല്ലാം അവൾക്കു ഓക്കേ ആണ് ആന്റെ ‘അമ്മ പറഞ്ഞു .
അങ്ങനെ ഇരിക്കുമ്പോൾ ഡോക്ടർ കയറിവന്നു . കുട്ടിയെ പരിശോധിച്ച ശേഷം അമ്മമാരുടെ അടുക്കലേക്കു വന്നിട്ട് മുന്നോട്ടു ശ്രദ്ധിക്കേണ്ടതായ കുറെ കാര്ര്യങ്ങൾ പറഞ്ഞു . ഈ അവസ്ഥയിൽ അവൾക്കു നല്ല ആത്മവിശ്ശ്വസം കൊടുക്കണം .അവക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒന്നും പറഞ്ഞു വിഷമിപ്പിക്കരുത് . നല്ല ആഹാരവും നല്ലരീതിയിലുള്ള വ്യായാമവും വേണം. അങ്ങനെ അവളെ പൂർണ്ണ രൂപത്തിൽ കൊണ്ടുവരണം. ഡോക്ടറുടെ അഭിപ്രായത്തെ മാനിച്ചാണ് മൽസരത്തിനു ചേർത്തിട്ടുള്ളത് . അവസാന ഇനമായ മുടിയുടെ അഴകിൽ പങ്കെടുപ്പിക്കാതിരിക്കുക . അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ.
മുറിവിട്ടിറങ്ങിപോരുമ്പോൾ ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കി. കൈകൾ വീശി യാത്ര പറയുമ്പോളും ആ ദയനീയത ആന്റെ മുഖത്തു നിഴലിച്ചുനിന്നിരുന്നു. അപ്പോളാ കണ്ണിലൂടെ ഒഴുകിയ അവളുടെ കണ്ണുനീരിൽ ലിസ്സക്ക് അവളോടുള്ള എല്ലാ വെറുപ്പും അസ്സൂയയും ഉരുകി ഒലിച്ചില്ലാതെയായി.
എനിക്ക് ഒന്നാമതാകണ്ട ലിസ്സ തീരുമാനിച്ചു. ആരോഗ്യത്തോടെ ഇരുന്നപ്പോൾ തോൽപിക്കാൻ കഴിയാത്ത അവളെ രോഗിയായിരിക്കുമ്പോൾ തോൽപിക്കണ്ട. ആ കിരീടം തനിക്കുവേണ്ട അവളുടെ തലയിൽ തന്നെ ഇരിക്കണം അതിനുള്ള വഴിയവൾ ചിന്തിച്ചുതുടങ്ങി. അപ്പോഴാണ് അന്ന് ഹോസ്പിറ്റലിൽ വച്ച് കൃത്രിമ തലമുടി ഉണ്ടാക്കുന്നതിന്റെ സാധ്യതകൾ ഡോക്ടർ പറയുകയുണ്ടായി . അതിനുള്ള ഓർഡർ കൊടുത്തിട്ടുമുണ്ട് എന്നാൽ മുടി സ്റ്റോക്കില്ല ഇപ്പോൾ ഡോണേഴ്സ് തീരെ ഇല്ല .ഏതായാലും അവർ നോക്കുന്നുണ്ട്. ഒരു നല്ല ഡോണർ വന്നാൽ രണ്ടു മൂന്ന് ദിവസ്സം കൊണ്ട് അവളുടെ അളവിനും ആകൃതിക്കും അനുസരിച്ചു മനോഹരമായ റ്റോപ്പുണ്ടാക്കും കണ്ടാൽ വെപ്പുമുടിയാണെന്നു തോന്നുകപോലുമില്ല. ഒരു ഡോണർ വന്നിരുന്നെങ്കിൽ എന്നവൾ ആശിച്ചു .
രാത്രി ഉറക്കം വരുന്നില്ല എഴുന്നേറ്റിരുന്നു കുറച്ചുനേരം ആനിനായി പ്രാർത്ഥിച്ചു വെറുപ്പ് സ്നേഹത്തിനു വഴി മാറിയപ്പോൾ ത്യാഗത്തിന്റെ ചിന്തകൾ മനസ്സിൽ കിളിർക്കാൻ തുടങ്ങി. അതുവളർന്നു.. “എന്തുകൊണ്ട് തനിക്കൊരു ഡോണർ ആയിക്കൂടാ ” എന്നുള്ള ചിന്ത ആ ചെടിയിൽ പൂത്തു, അതുകായായി പഴമായി . തന്റെ കൂട്ടുകാരിത്തിക്കുവേണ്ടി . അ തീരുമാനം അവളങ്ങുറപ്പിച്ചു. അതായിരിക്കട്ടെ ഇത്തവണത്തെ ക്രിസ്മസ് ഗിഫ്റ്. ആ പഴത്തിന്റെ മധുരം ഞുണഞ്ഞുകൊണ്ടുറക്കത്തിലേക്കവൾ വീണു.
സങ്കടമുണ്ടായിരുന്നിട്ടും നിർബന്ധം മൂലം അമ്മ സമ്മതിച്ചു. രാവിലെതന്നെ ഹോസ്പിറ്റലിൽ എത്തി ഡോക്ടറോട് കാര്ര്യം പറഞ്ഞു. ഡോക്ടർ ലിസയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു ആർ യു സീരിയസ്? എസ് അയ്യാം… ലിസ്സ നല്ല മനസ്സോടെ മറുപടി പറഞ്ഞു . സന്തോഷത്തിന്റെ കണ്ണുനീരൊഴുക്കുന്ന അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ഡോക്ടർ പറഞ്ഞു “ഹിയർ ഐ ഹാവ് സീൻ എ റിയൽ ഫ്രണ്ട്” . ( ഇവിടെ ഞാൻ ഒരു യഥാർത്ഥ കൂട്ടുകാരിയെ കണ്ടു )
ഡോക്ടറുടെ വിരലുകൾ ഫോണിന്റെ ബട്ടണുകളിൽ അമർന്നു. താമസിയാതെ അവളുടെ മുടി മുറിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തു തന്റെ പ്രിയപ്പെട്ട ഓരോ മുടി മുറിക്കുമ്പോഴും ലിസ്സക്ക് സങ്കടമുണ്ടായി. അതിലൂടെ തന്റെ കൂട്ടുകാരിക്കുണ്ടാകാൻ പോകുന്ന സന്തോഷത്തെ ഓർത്തപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു. അവസാന മുടി മുറിച്ചുകഴിഞ്ഞ തന്റെ മുഖം കണ്ണാടിയിൽ അവൾ കണ്ടു. ഇപ്പോൾ താൻ ശരിക്കും ഒരു മാലാഖയെ പോലെ ആണെന്നവൾക്കു തോന്നി. ഉണ്ണിഈശ്ശോ യുടെ ജനനത്തിനു മുന്നോടിയായി വന്ന മാലാഖമാരിൽ ഒരാൾ .
മൽസരം തുടങ്ങി എല്ലാവരും ആകാംഷയോടെ അവസാന റൗണ്ടിനായി കാത്തിരുന്നു ഇത്തവണ നൂറു ശതമാനം വിജയി ആകാൻ സാധ്യതയുണ്ടെന്ന് എല്ലാവരും കരുതിയിരുന്ന ലിസ്സയെ സ്റ്റേജിൽ കണ്ടിട്ട് ആർക്കും അവളെ തിരിച്ചറിയാൻ പോലും സാധിച്ചില്ല . ഗൗരവമായ മത്സരത്തിനിടെ ആരോ ഏതോ കോമാളിത്തരം കാട്ടുന്നു എന്നപോലെ. ആൾക്കാർ കൂവി വിളിച്ചു. അതൊന്നും ലിസ്സക്കപ്പോൾ കേൾക്കാൻ വയ്യായിരുന്നു. കാരണം അവളുടെ മനസ്സ് നിറയെ പുൽക്കൂട്ടിൽ ഉള്ള ഉണ്ണി ഈശ്ശോയുടെ അടുത്തുള്ള മാലാഖ ആയിരുന്നു . സ്റ്റേജിൽ നിന്നിറങ്ങി അവൾ ആ പുൽകൂട്ടിലേക്കോടി അവിടെ അവൾ കണ്ടു മുടിക്ക് അധികം നീളം ഇല്ലാത്ത ചിറകുകൾ ഉള്ള ആ മാലാഖ അതീവ സുന്ദരിയാണെന്ന് അവൾക്കു തോന്നി. .
സ്റ്റേജിലെ അനൗൺസ്‌മെന്റ് ഇപ്പോൾ അവൾക്കു നേർത്തു കേൾക്കാം “വീണ്ടും നമ്മുടെ പ്രിയപ്പെട്ട “ആൻ ” തന്റെ കിരീടം നിലനിർത്തിയിരിക്കുന്നു ഹാളിൽ വലിയ കയ്യടിയും ആർപ്പുവിളിയും ഉയർന്നു .ആന്റെ തിരിച്ചുവരവിനെ ആരൊക്കെയോ മൈക്കിലൂടെ പുകഴ്ത്തിപ്പറഞ്ഞു അപ്പോഴും ലിസ്സ ആ മാലാഖയെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു. ഓരോ പുകഴ്ത്തലിനും കയ്യടിക്കും ഒപ്പം മാലാഖയുടെ മുടി കുറേശെ വളർന്നുവരുന്നതായും ഉണ്ണിഈശൊ കുഞ്ഞികൈ നീട്ടി അതിനെ തഴുകുന്നതായും അവൾക്കു തോന്നി. .
