ശങ്ക്വമ്മാവനും മൂന്നാറിലെ ഭാർഗ്ഗവികുഞ്ഞമ്മയും (മോഹൻദാസ് വടക്കുംപുറം)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


2 March 2023

ശങ്ക്വമ്മാവനും മൂന്നാറിലെ ഭാർഗ്ഗവികുഞ്ഞമ്മയും (മോഹൻദാസ് വടക്കുംപുറം)

മോഹൻദാസ് വടക്കുംപുറം
ഹരി രാവിലെയെഴുന്നേറ്റ് വീടിൻറെ മുകളിലെ തളത്തിൽ കുടുസ്സായ ജനലിലൂടെ പുറത്തെ കാഴ്ചയും കണ്ടങ്ങനെ ഉറക്കച്ചവടവോടെ ഇരിക്കുകയായിരുന്നു. ശങ്ക്വമ്മാവൻ ഉപ്പും ഉമിക്കരിയും ചേർത്ത് പല്ല് തേപ്പ് കഴിഞ്ഞ് എന്നത്തേയും പോലെ നാക്ക് വടിക്കാനുള്ള പച്ചയീർക്കിൽ പൊട്ടിക്കാൻ പറമ്പിലേക്കിറങ്ങുന്നു. ആ നേരത്താണ് ശങ്കരത്ത് മനക്കലെ കാര്യസ്ഥൻ കുട്ടൻ നായരുടെ വരവ്. മുറ്റമടിച്ചു കൊണ്ടിരുന്ന പണിക്കാരി ജാനു കുട്ടൻ നായരെ കണ്ട് പണി നിർത്തി ചൂലുമായി വീടിൻറെ പുറകിലേക്ക് പോയി.
താഴെനിന്ന് അമ്മ ജാനുവിനെ ശകാരിക്കുന്നത് കേട്ടു.
“എന്താടീ? നീ ഇത്ര വേഗം പടിഭാഗം മുഴുവനടിച്ചു കഴിഞ്ഞോ? നെൻറെ പണി ഇപ്പോ പോയി പോയി ഒരു വഴിപാട് പോലെ ആയിരിക്ക്ണു. നിൻറമ്മ കാളിത്തള്ളേടെ പേര് കളയാതെ നേരെ ചൊവ്വേ പണി ചെയ്യെടീ”
“അല്ല അമ്പ്രാളെ, ആ കുട്ടൻ നായര് വന്നിട്ടുണ്ട്. എന്താണാവോ? മൂത്താരായി സംസാരിക്ക്ണ് ണ്ട്.”
“എന്തെങ്കിലും അത്യാവശ്യകാര്യം പറയാണ്ടാവും. ഇനി ആരടേങ്കിലും ഫോൺ വന്നോ ആവോ?, ഇവ്ടെ ഒരു ഫോണിന് എഴുതിക്കൊടുത്തിട്ട് എത്ര കാലായി? ഏതുകാലത്താവോ ഈ കാട്ടുമുക്കിലേക്ക് ഫോൺ വരുന്നത്”
ടൗണിൽ ജനിച്ചു വളർന്ന അമ്മ എപ്പോഴും ഈ സ്ഥലത്തെ കാട്ടുമുക്കെന്നേ പറയൂ. പക്ഷേ അച്ഛനും മക്കൾക്കും ഈ സ്ഥലം നല്ല ഇഷ്ടമാണ്. ടൗണിലേക്ക് കുറച്ച് ദൂരമുണ്ടെങ്കിലും അച്ഛൻറെ രണ്ടനിയന്മാരുടേയും വീടുകൾ അടുത്തുതന്നെയായതുകൊണ്ട് എന്താവശ്യം വന്നാലും എപ്പോൾ വേണമെങ്കിലും സഹായത്തിനാൾക്കാരുണ്ട്. കൂടാതെ വീട്ടിൽ ശങ്ക്വമ്മാവനും ഉണ്ടല്ലോ. ശങ്ക്വമ്മാവൻ അമ്മയുടെ അമ്മാവനാണ്. കല്യാണം കഴിച്ചിട്ടില്ല. അച്ഛനെപ്പോഴും പറയും ജോലി സ്ഥലം കുറെ ദൂരയാണെങ്കിലും വീട്ടിലെ കാര്യമോർത്ത് യാതൊരു ടെൻഷനുമില്ലെന്ന്.
അച്ഛൻ മുടങ്ങാതെ കത്തുകൾ അയക്കാറുണ്ടെങ്കിലും അത്യാവശ്യത്തിന് മാത്രമേ ഫോൺ വിളിക്കൂ. ഇടയ്ക്കിടെ ഫോൺ വിളിച്ചാൽ പിന്നെ ശമ്പളം അതിനു കൊടുക്കാനേ ഉണ്ടാവൂ എന്നച്ഛനെപ്പോഴും പറയും. ലീവ് കഴിഞ്ഞ് പോയി പത്താൻകോട് എത്തിയാൽ അവിടെത്തിയ വിവരത്തിനൊന്ന് വിളിക്കും, അത്രമാത്രം. അച്ഛൻറെ സഹപാഠിയാണ് മനക്കലെ നാരായണൻ നമ്പൂതിരി മാഷ്. മന റോഡരികിലായത് കാരണം, അവർക്ക് വേഗം ഫോൺ കണക്ഷൻ കിട്ടി.
“മണിക്കുട്ടീ, ആ കോഴികളെ തുറന്നു വിട്. കിടന്ന് ബഹളം വയ്ക്കുന്നത് കേട്ടില്ലേ. അവറ്റയ്ക്ക് അരി ഇട്ടു കൊടുക്കേണ്ട. വൈക്കോൽ തല്ലി കിട്ടിയ നെല്ല് ആ കോലായയുടെ മൂലയ്ക്ക് കൂട്ടിയിട്ടുണ്ട്. അത് കൊടുത്താൽ മതി”
അമ്മ അനിയത്തിക്ക് പണികൊടുക്കാൻ തുടങ്ങി. ഏട്ടൻ പാടത്ത് പോയി കാണും. ശബ്ദമൊന്നും കേൾക്കാനില്ല. ഏട്ടൻ മണ്ണുത്തികാർഷിക സർവകലാശാലയിൽ പഠിച്ച് നല്ലൊരു ജോലി കിട്ടാനെല്ലാ സാധ്യതയുമുണ്ടായിട്ടും കൃഷിഭ്രാന്ത് തലയ്ക്കുപിടിച്ചതിന്റെ പുറകെയാണ്.
ശങ്ക്വമ്മാവനും കുട്ടൻ നായരും എന്തോ ഗുരുതരമായ ചർച്ചയിലാണ്.
അമ്മാവൻ പതിവില്ലാത്ത ഗൗരവത്തോടെ മുറ്റത്തേക്ക് കയറി. കുട്ടൻ നായർ പടി കടന്നു പോകുന്നത് കണ്ടു.
“നിർമലേ, ഹരിക്കുട്ടാ, ഒന്നിങ്ങോട്ടു വേഗം വന്നേ”
എന്താണാവോ അമ്മാവൻ അത്യാവശ്യമായി വിളിക്കുന്നത്?ഹരി കോണി ഇറങ്ങിയോടി ഉമ്മറത്തെത്തി. മുകളിലേക്ക് കെട്ടിവെച്ച മുടിയും കരിപുരണ്ട കൈകളുമായി അടുക്കളയിൽനിന്ന് അമ്മയും ഓടിവന്നു.
“അമ്മാമേ എന്തുപറ്റി? ദോശ അടുപ്പത്താണ്, ഒന്ന് വേഗം പറയൂ?”
“ഉണ്ണി മരിച്ചൂന്ന്. മൂന്നാറിൽ നിന്ന് മനക്കലേക്ക് ഫോൺ വന്നൂന്ന്. കൂടുതലൊന്നും അറിയില്ല. നമുക്ക് വേഗം പോകണ്ടേ?”
“അയ്യോ എന്താ പെട്ടെന്ന് ഉണ്ടായേ ആവോ. പോകാതിരിക്കാൻ പറ്റില്ലല്ലോ, കുട്ടികളുടെ അച്ഛനായിട്ടത്രയും അടുപ്പല്ലേ, അമ്മാമേ, വിവരത്തിന് മൂപ്പർക്ക് ഒരു കമ്പി അടിക്കണേ”
അച്ഛൻറെ കുഞ്ഞമ്മയായ ഭാർഗവികുഞ്ഞമ്മയുടെ മകനാണ് ഉണ്ണി കൊച്ചച്ഛൻ. ഭാർഗവികുഞ്ഞമ്മ പണ്ടുമുതലേ തളർവാതം പിടിച്ച് കിടപ്പിലായതു കാരണം, കൊച്ചച്ഛന്റെ കുട്ടിക്കാലത്ത് സ്വന്തം അമ്മയെപ്പോലെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അച്ഛമ്മയായിരുന്നു. അതുകൊണ്ടുതന്നെ അച്ഛമ്മക്ക് കൊച്ചച്ഛനെയും തിരിച്ചും വലിയ കാര്യമായിരുന്നു. അതുപോലെ അച്ഛനും കൊച്ചച്ഛനും തമ്മിലും പറഞ്ഞറിയിക്കാനാവാത്ത സ്നേഹവും സൗഹൃദവുമാണ്. ഭാർഗ്ഗവികുഞ്ഞമ്മ ഒരുപക്ഷേ അവരുടെ ശാരീരികാസ്വസ്ഥതകൾ കാരണമായിരിക്കാം, എല്ലാവരോടും കയർത്താണ് സംസാരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആർക്കും അവരെ വലിയ താല്പര്യമില്ല. ഭാർഗ്ഗവികുഞ്ഞമ്മയുടെ ഭർത്താവിന് കണ്ണൻ ദേവൻ തേയില ഫാക്ടറിയിൽ ആയിരുന്നു ജോലി. അങ്ങനെയാണ് തൃപ്പൂണിത്തുറക്കാരനായ അയാൾ കുടുംബത്തോടെ മൂന്നാറിൽ സ്ഥിരതാമസമാക്കിയത്.
ഭാർഗ്ഗവികുഞ്ഞമ്മയ്ക്ക് വയസ്സ് തൊണ്ണൂറാവാറായി. എത്രയോ കാലമായി കിടപ്പിലായ അവരെ എത്ര കയർത്തു സംസാരിച്ചാലും മറുത്തൊന്നും പറയാതെ കൊച്ചച്ഛന്റെ ഭാര്യ നന്നായി പരിചരിച്ചിരുന്നു. പക്ഷേ കുറച്ചു കാലങ്ങളായി അവർക്കും മുട്ടുവേദന തുടങ്ങിയ പ്രായാധിക്യ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ കാര്യങ്ങൾ അവതാളത്തിലായി. എത്രയും വേഗം എന്നെ ഒന്ന് മേലോട്ട് എടുക്കണേ എന്നാണ് കിടപ്പിലായ കുഞ്ഞമ്മയുടെ എപ്പോഴുമുള്ള പ്രാർത്ഥന. അവരുടെ കാര്യങ്ങൾ നോക്കുന്ന കൊച്ചച്ഛനും കുടുംബവും പുറമേക്ക് പറയുന്നില്ലെങ്കിലും എത്രയും പെട്ടെന്ന് തള്ള ഒന്ന് പോയി കിട്ടിയാൽ മതി എന്ന് ചിന്തിക്കാൻ തുടങ്ങിയിരുന്നു. അവരെ കുറ്റം പറയാനാവില്ല. എത്ര കാലമാണ് ഇങ്ങനെ.
കൊച്ചച്ഛൻ മൂന്നാറിൽ ഒരു സാമുദായിക പ്രവർത്തകനും പൊതുസമ്മതനുമാണ്. സ്വന്തമായി ഒരു ഹാർഡ്‌വെയർ ഷോപ്പ് ഉണ്ട്. കുറേക്കാലമായി അവിടെ താമസിക്കുന്ന ആളായതു കാരണം മൂന്നാറിൽ മൂപ്പരെ അറിയാത്ത ആളുകളില്ലെന്ന് പറയാം. താമസം മൂന്നാറിലാണെങ്കിലും കൊച്ചച്ഛന് നാട്ടിലും നല്ല മതിപ്പാണ്. നാട്ടുകാരും വീട്ടുകാരുമായി നല്ല ബന്ധം തുടരുന്നു. നാട്ടിലെ എല്ലാ പരിപാടികൾക്കും കൊച്ചച്ഛന്റെ സഹായസഹകരണങ്ങളുണ്ട്. ആ നിലയ്ക്ക് നാട്ടിൽ നിന്ന് കൊച്ചച്ഛനുമായി അടുപ്പമുള്ളവരെയൊക്കെ കൊണ്ടുപോകണം.
“ഹരി നീ പെട്ടെന്ന് തയ്യാറായി കവലയിൽ പോയി രണ്ടോ മൂന്നോ ജീപ്പ് കിട്ടുമോന്ന് നോക്ക്. നിർമ്മലേ ഞാൻ പോയി വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു വരാം.”
കവലയിൽ ചെന്ന് നോക്കുമ്പോൾ രണ്ട് ജീപ്പുണ്ട്. ഡ്രൈവർമാരിലൊരാൾ പറഞ്ഞു രണ്ട് സ്റ്റോപ്പ് അപ്പുറത്ത് പോയാലവിടെ ഒരു ജീപ്പ് കിട്ടുമെന്ന്. അവസാനം മൂന്ന് ജീപ്പിനുള്ള ആളുകൾ പോകാമെന്ന് തീരുമാനിച്ചു. മൂന്ന് ജീപ്പിന് ആയിരത്തി അഞ്ഞൂറ് ഉറുപ്പിക വേണ്ടിവരുമെന്ന് പറഞ്ഞു. അത് വലിയൊരു ചെലവാണ്. ഈ സമയത്ത് ചെലവ് നോക്കി പോകാതിരിക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ വീട്ടിൽനിന്ന് അഞ്ച് പേർ, രാജൻ കൊച്ചച്ഛൻ, രവി കൊച്ചച്ഛൻ, അവരുടെ കുടുംബാംഗങ്ങൾ, കരയോഗം പ്രസിഡണ്ട്, സെക്രട്ടറി, പഞ്ചായത്ത് മെമ്പർ, മരിച്ച കൊച്ചച്ഛന്റെ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായ വില്ലേജ് ഗുമസ്തൻ പിഷാരടി, അരി മില്ലുടമ സുബ്രമണ്യൻ ഇത്രയും പേരായപ്പോഴേക്ക് മൂന്ന് ജീപ്പിനുള്ള ആളായി. പശുക്കളേയും കോഴികളേയും നോക്കാൻ ജാനുവിനെ ഏൽപ്പിച്ചു. എല്ലാവരും കൂടി പത്തുമണിയോടെ വീട്ടിൽ നിന്നിറങ്ങി.
ഏതാണ്ട് മൂന്ന് മണിയോടെ മൂന്നാറിലെത്തി ബസ് സ്റ്റാൻഡിന് അടുത്തുള്ളൊരു ജീപ്പുകാരനോട് മേൽവിലാസം കാണിച്ച്, അന്വേഷിച്ചപ്പോൾ വഴി കാണിക്കാൻ വേണ്ടി അയാളും കൂടെ വരാമെന്നേറ്റു.
“ഞാനങ്ങോട്ട് നീങ്ങിയാലോന്ന് ദേ പ്പ വിചാരിച്ചേ ഉള്ളൂ. അപ്പഴക്കാണ് നിങ്ങടെ വരവ്. ഇന്ന് മൂന്നാറിലുള്ള എല്ലാ അവന്മാരും അവടെ ണ്ടാവും. നിങ്ങളൊക്കെ വരാൻ നാലുമണിയാവും, ന്നിട്ട് വേണം ശവമെടുക്കാൻ എന്നൊക്കെയാണ് പറഞ്ഞു കേട്ടത്. കേക്കണ നിങ്ങക്ക് ചിലപ്പോ ഇഷ്ടപ്പെടില്ല, ന്നാലും എൻറെ ഒരഭിപ്രായം, ഇപ്പഴെങ്കിലും പോയികിട്ടിയത് നന്നായി എന്നാണ്”
ഇത് കേട്ടതും അമ്മാവനും കൊച്ചച്ഛന്മാരും അയാളോട് ചൂടായി. അമ്മാവൻ അയാളുടെ ടീഷർട്ടിന്റെ കോളർ പിടിച്ച്
“വഴികാണിക്കാൻ കൂടെ വന്ന ആളാണെന്നൊന്നും ഞാൻ നോക്കില്ല, കുറച്ചു നാൾ കൂടി ജീവിച്ചിരുന്നാൽ നിനക്കെന്താടാ കുഴപ്പം. വണ്ടീന്ന് ഇപ്പ എറങ്ങിക്കോണം, ഇനി ഒരക്ഷരം നൻറെ വായിൽ നിന്ന് കേട്ടാൽ കൊല്ലും ഞാൻ.” എന്നാക്രോശിച്ചു അയാളെ ഇറക്കി വിട്ടു.
പിന്നെ വഴിയിൽ കണ്ടവരോടൊക്കെ ചോദിച്ചു കൊച്ചച്ഛന്റെ വീട് തപ്പിപ്പിടിച്ചു. വീടിനു മുന്നിൽ സാമാന്യം ജനക്കൂട്ടം ഉണ്ട്.
ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങിയത് ദൂരെ നിന്നുതന്നെ കണ്ട കൊച്ചച്ഛന്റെ ഭാര്യയുടെ ചേട്ടൻ അടുത്തേക്ക് വന്നു. അമ്മാവൻറെ കൈപിടിച്ച് എല്ലാവരെയും അകത്തേക്ക് ആനയിച്ചു.
സ്വീകരണമുറിയിൽ കൊളുത്തി വച്ച നിലവിളക്കിനരികിൽ വെള്ള വസ്ത്രം പുതപ്പിച്ച് മൃതദേഹം കിടത്തിയിരിക്കുന്നു. കത്തിച്ച ചന്ദനത്തിരിയുടെ മണവും ശോകരസവും മുറിയിൽ തങ്ങിനിൽക്കുന്നു. കൊച്ചച്ഛന്റെ ഭാര്യയും മകളുമടക്കം കുറച്ച് സ്ത്രീകളിരുന്ന് കരയുന്നുണ്ട്. രണ്ടുപേർ രാമായണം വായിക്കുന്നു.
മൃതദേഹം കണ്ടതും അമ്മയടക്കം കൂടെയുള്ള പെണ്ണുങ്ങൾ അലമുറയിട്ട് കരഞ്ഞു കാൽക്കൽ വീണു. മൃതദ്ദേഹത്തിൻറെ മുഖം ശ്രദ്ധിച്ച എല്ലാവരും അമ്പരന്നു പരസ്പരം നോക്കി. അമ്പരപ്പ് പുറമേക്ക് കാണിക്കാതെ എല്ലാവരും കൈകൂപ്പി കണ്ണടച്ച് നിന്ന് പുഷ്പങ്ങൾ അർപ്പിച്ചു.
പുറകിൽ നിന്ന് ഒരാൾ വന്ന് അമ്മാവനെ കെട്ടിപ്പിടിച്ച് “അമ്മ പോയി ശങ്ക്വമ്മാവാ” എന്ന് പറഞ്ഞു കരഞ്ഞു. അപ്പോഴാണ് എല്ലാവരും അയാളെ ശ്രദ്ധിച്ചത്. അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ കൊച്ചച്ഛൻ ജീവനോടെ.
ജീപ്പിലിരിക്കുമ്പോൾ അമ്മാവൻ പറഞ്ഞത് ഓർത്തു. “ഫോൺ കരാപരാന്ന് ആയിരുന്നു, പറയുന്നത് മുഴുവൻ അങ്ങട്ട് വ്യക്തായിരുന്നില്ലത്രേ. അതോണ്ട് കൂടുതലൊന്നും അറിയില്ല.”
ഞാൻ എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചു. വർഷങ്ങളായി കിടപ്പിലായ ഈ തള്ളയുടെ മരണവാർത്തയറിഞ്ഞ് ഇത്രയും ദൂരം വണ്ടിയും പിടിച്ച് കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും കൂടി വരേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണവർ പരസ്പരം കണ്ണുകൾ കൊണ്ട് പറഞ്ഞിരുന്നത്.
ഇത്രയും കാലം ഒരു പാവമാണെന്ന് കരുതിയിരുന്ന അമ്മാവൻ കൊച്ചച്ഛനെ കെട്ടിപ്പിടിച്ച് തേങ്ങിക്കൊണ്ട് ഭരത് ഗോപിയെയടക്കം വെല്ലുന്ന ഭാവാഭിനയത്തോടെ ശബ്ദനിയന്ത്രണത്തോടെ ഒറ്റ ഡയലോഗ്
“കുഞ്ഞമ്മ മരിച്ചത് അറിഞ്ഞാർക്കും ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതാണ് എല്ലാവരും കൂടി അപ്പോഴേ പുറപ്പെട്ടത്. അച്ഛൻറെ കുഞ്ഞമ്മയല്ലേ എന്ന് പറഞ്ഞ് നിർമ്മലയും കുട്ടികളും ആകെ കരച്ചിൽ ആയിരുന്നു.”
കുഞ്ഞമ്മയുടെ ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുവന്ന് അമ്മാവൻറെ കഴുത്തിന് പിടിക്കുമോ എന്ന് ഞാനാ അവസരത്തിൽ സന്ദേഹിച്ചു.

അടിക്കുറിപ്പ്:
1. അമ്പ്രാളെ, മുത്താര് – ചില പ്രദേശങ്ങളിൽ സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകൾ

മോഹൻദാസ് വടക്കുംപുറം