കല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ അയാൾ രേവതിയെപ്പറ്റി ഓർക്കുകയായിരുന്നു. നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന ഒരു സാങ്കേതികപ്രദർശനത്തിനിടയിൽ ആണ് അയാൾ രേവതിയെ പരിചയപ്പെടുന്നത്. സാങ്കേതികപ്രദർശനത്തിനോട് അനുബന്ധിച്ച് രണ്ടു ഹാളുകളിലായി നടന്നിരുന്ന സെമിനാറുകളിൽ, ഏതിന് ശ്രോതാവാകണം എന്ന ആശയക്കുഴപ്പത്തിലായിരുന്ന അയാളെയും സഹപ്രവർത്തകനെയും, ആകസ്മികമായി പുറകിൽ നിന്നും കേട്ട ശുദ്ധമലയാളത്തിലുള്ള കിളിനാദം ആശ്ചര്യപ്പെടുത്തി. അവർ തിരിഞ്ഞു നോക്കിയപ്പോൾ, “സർ, ഇവിടെ വന്നിരിക്കൂ” എന്ന് പറഞ്ഞ് സ്നേഹപൂർവ്വം ക്ഷണിച്ച, ആധുനിക വേഷം ധരിച്ച ആ യുവതിയെ കണ്ടു. അവൾ അവർക്ക് രണ്ടു പേർക്കും കൈ കൊടുത്തുകൊണ്ട് സ്വയം പരിചയപ്പെടുത്തി “സർ ഞാൻ രേവതി, എക്സിക്യൂട്ടീവ്, ടെക്ക് ഇൻഡ്യ.”
അപ്പോൾ അയാളും കൂടെയുള്ള ആളും തിരിച്ചും പരിചയപ്പെടുത്തി. അവരുടെ കമ്പനിയുടെ പേരുകേട്ടപ്പോൾ അവൾക്ക് അവരോടുള്ള മതിപ്പു കൂടി, മുൻനിരയിൽതന്നെ ഇരിക്കാൻ നിർബന്ധിച്ചു.
“അല്ല ഞാൻ മലയാളിയാണെന്ന് തനിക്ക് എങ്ങനെ മനസ്സിലായി?” അയാൾ സംശയം പ്രകടിപ്പിച്ചു.
“സാറിന്റെ നല്ല കറുകറുത്ത മുടിയും താടിയും പോരാത്തതിന് ചന്ദനക്കുറിയും കണ്ടാൽ അത് ആർക്കും എളുപ്പത്തിൽ മനസ്സിലാവും”
അയാൾ അത് കേട്ട് ചിരിച്ചു.
“സാറിന് ഫോട്ടോഗ്രാഫി ഒരു ഹോബി ആണല്ലേ, ഞാൻ രാവിലെ വരുമ്പോൾ സാറ് ലോബിയിൽ ഉള്ള പൂക്കളുടെ ഫോട്ടോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. സാറിന് താൽപര്യമാണെങ്കിൽ ഞാൻ ലഞ്ച് ബ്രേക്ക് സമയത്ത് ടെറസ്സ് ഏരിയയിൽ കൊണ്ടു പോകാം. ടെറസ്സിൽ നല്ല ഭംഗിയുളള പൂക്കളുണ്ട്. മാത്രമല്ല. സിറ്റിയുടെ കിടിലം പനോരമിക് വ്യൂ കാണാം.”
അവൾ പെട്ടെന്നുതന്നെ വാചാലയായി.
അവളെ അടിമുടി വീണ്ടും നോക്കി. മൊത്തത്തിൽ ഒരു സുന്ദരി. രൂപഭാവാദികൾ കണ്ടാൽ മലയാളി ആണെന്ന് തീരെ തോന്നില്ല.
കഴുത്തിനു താഴെ വച്ചു വെട്ടിയ തിളക്കമുള്ളതും കറുത്ത് ഇടതൂർന്നതുമായ ഉലർത്തിയിട്ട മുടി.
വട്ട മുഖം, നീണ്ട സ്റ്റിക്കർ പൊട്ട്, പിങ്ക് ക്രീം ഉപയോഗിച്ച് ബ്ലഷ് ചെയ്തിരിക്കുന്ന കവിളുകൾ, വീതിയുള്ള കട്ടിയുള്ള പുരികങ്ങള്‍, ഹൈലൈറ്ററും ഐലൈനറും ഉപയോഗിച്ച് മാസ്മരികമാക്കിയ കണ്ണുകൾ, മസ്കാര ഉപയോഗിച്ച് നിറവും തിളക്കവും നൽകിയിരിക്കുന്ന കൺപീലികൾ, വളയങ്ങൾ പോലെയുള്ള വെള്ളി നിറത്തിലുള്ള കമ്മലുകൾ.
അണിഞ്ഞ ടോപ്പിന്റെ അതേ നിറത്തിലുള്ള ഐ ഷാഡോ ഉള്ളതു കൊണ്ടാവാം, അവളുടെ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നുന്നു.
ചുവന്ന ലിപ്സ്റ്റിക്കിട്ട് മൃദുവും മനോഹരവുമാക്കിയ അധരങ്ങൾ, അവക്കിടയിൽ മുല്ലമൊട്ടുപോലെയുള്ള പല്ലുകൾ, വേഷം ഷോർട്ട് ടോപ്പ്, ഹാഫ് സ്കർട്ട്, മൂന്നിഞ്ച് എങ്കിലും ഉയരമുള്ള കുതികാലുള്ള ചെരുപ്പുകൾ, മുട്ടുവരെ നീളമുള്ള സോക്സ്.
കൈ നീട്ടിയപ്പോൾ അവളുടെ വിരലുകൾ ശ്രദ്ധിച്ചു. നീട്ടി വളർത്തി ഷേപ്പ് ചെയ്ത നഖങ്ങൾ പോളിഷ് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു.
പരിപാടിയുടെ അവതാരക അവളായിരുന്നു. വേദിയിൽ ഇരിക്കുന്നവർക്ക് മൈക്ക് കൈമാറി ഇടക്ക് അൽപ്പനേരം ഹാളിന് പുറത്തുവന്നപ്പോഴാണ് അവൾ അവരെ കണ്ടത് എന്ന് അയാൾക്ക് മനസ്സിലായി. അയാൾ അവളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അവതരണം ശ്രദ്ധിച്ചു. മലയാളി ആണെങ്കിൽ കൂടി നാട്ടിൽ ജനിച്ച് വളർന്നതല്ലെന്നു തോന്നുന്നു. വേദിയിൽ കയറി ഇതുപോലെ മലയാളം പോലും പറയാൻ ആത്മധൈര്യം ഇല്ലാത്ത അയാൾ, അവളുടെ ഇംഗ്ലീഷിലുള്ള അവതരണം കണ്ട് കണ്ണ് തള്ളി.
അവൾ നേരത്തെ പറഞ്ഞ പോലെ, ലഞ്ച് ബ്രേക്ക് സമയത്ത് അയാളെ ടെറസ്സിൽ നിന്നുള്ള കാഴ്ച കാണിക്കാൻ കൊണ്ടു പോയി.
അമ്പതാമത്തെ നിലയിലുള്ള ടെറസ്സിലേക്ക് പോകുന്ന വഴിയാണ് പഞ്ചനക്ഷത്രഹോട്ടലിലെ ജിം, സോന, ജാക്കുസി, സ്വിമ്മിങ് പൂൾ തുടങ്ങിയ ആധൂനിക സൗകര്യങ്ങൾ അവൾ കാണിച്ചുതന്നത്. അതിനിടയിൽ അവൾ പറഞ്ഞു.
“സാറേ, എന്റെ ഒരു മാസത്തെ ശമ്പളം കൊണ്ട് ഇവിടെ ഒരു ദിവസം പോലും താമസിക്കാൻ പറ്റില്ല”
പണ്ട് ഈ ഹോട്ടൽ നിൽക്കുന്ന സ്ഥലം തുണിമില്ലിലെ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തൊഴിലാളി സമരം കാരണം മില്ലുകൾ ഓരോന്നായി പൂട്ടിപ്പോയപ്പോൾ സ്ഥലം റിയൽ എസ്റ്റേറ്റ് മാഫിയകൾ കയ്യടക്കി പഞ്ചനക്ഷത്രഹോട്ടലുകളും ഷോപ്പിംഗ് മോളുകളും സമ്പന്നർക്ക് താമസിക്കാനുള്ള ഫ്ളാറ്റുകളും പണിതു.
തിരിച്ചു പോരുമ്പോഴാണ് അവൾ അയാളോടു പറഞ്ഞത്.
“സർ പരിപാടി കഴിഞ്ഞ് കോക്ക്ടെയിൽ പാർട്ടി ഉണ്ട്. അത് കഴിഞ്ഞു പോയാൽ മതി.”
പരിപാടികൾ അവസാനിച്ചതിനു ശേഷം, അയാളും സഹപ്രവർത്തകനും, നിറയുകയും ഒഴിയുകയും ചെയ്യുന്ന ഗ്ളാസുകളുമായി, സമാനമായ പശ്ചാത്തലത്തിൽ ജോലി ചെയ്യുന്ന, പല സ്ഥാപനങ്ങളിൽ നിന്നും വന്നവരുമായി, പരസ്പരം പരിചയപ്പെടലും, സാങ്കേതിക കാര്യങ്ങൾ ചർച്ച ചെയ്യലും, തമാശകൾ പങ്കുവെയ്ക്കലുമായി സമയം പോയത് അറിഞ്ഞില്ല.
കൂടെയുള്ള ആളിൻറെ കാലുകൾ നിലത്തുറയ്ക്കാതെ ആയപ്പോൾ അയാൾ മൊബൈലിൽ സമയം നോക്കി. എട്ടു മണി ആയിരിക്കുന്നു. ഇനിയും ഇവിടെ സമയം ചിലവഴിച്ചാൽ, കൂടെ ഉള്ളയാളെ താങ്ങിക്കൊണ്ടു പോകേണ്ട സ്ഥിതി ആവും. മുമ്പ് അങ്ങനെ ഒരു ദുരനുഭവം അയാൾക്ക് ഉണ്ടായിട്ടുണ്ട്. അതിനാൽ പരിപാടി മതിയാക്കാം എന്നു കരുതി അയാൾ ഡ്രൈവറെ വിളിച്ച് അവർ താഴേക്ക് വരുന്ന വിവരം പറഞ്ഞു.
ആ മനുഷ്യന് എപ്പോഴും ഡ്രൈവറുടെ കൂടെ മുന്നിൽ ഇരിക്കാനാണ് ഇഷ്ട്ടം. കാറിൽ കയറേണ്ട താമസം ആൾ മയക്കമായി. കാർ ഹോട്ടൽ ലോബിയുടെ മുന്നിൽ നിന്നും സൈഡിൽ ഉള്ള ഷോപ്പിംഗ് മാളിനു ചുറ്റും കറങ്ങി തിരിഞ്ഞ് പ്രധാന പാതയിൽ എത്തി. നല്ല മഴക്കാലം ആയതിനാൽ ആണെന്നു തോന്നുന്നു, വല്ലാത്ത വാഹന തിരക്ക്. ജോലിചെയ്യുന്ന കമ്പനി, വീടിനടുത്ത് തന്നെ ആയതിനാൽ, അയാൾക്ക്, തിരക്കുള്ള സമയങ്ങളിലെ യാത്ര ശീലമില്ലായിരുന്നു. മുന്നിലുള്ള ചുവപ്പ് സിഗ്നൽ മാറാൻ വേണ്ടി കാർ കാത്തു നിന്നത് ഒരു ബസ് സ്റ്റോപ്പിനടുത്തായിരുന്നു.
ബസ് സ്റ്റോപ്പിൽ രേവതിയുടെ മുഖസാമ്യമുള്ള ഒരു സ്ത്രീ നിൽക്കുന്നത് അയാൾ കണ്ടു. അത് രേവതി തന്നെയാണോ? അതോ രൂപസാദൃശ്യമുള്ള മറ്റാരെങ്കിലും ആണോ എന്ന് ചിന്തിച്ച് അയാൾ ആ സ്ത്രീയെതന്നെ വീക്ഷിച്ചു. ബസ് വരുന്നുണ്ടോ എന്നറിയാനായിരിക്കും അവൾ, അവർ പോകുന്ന ദിശയുടെ മറുവശത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ആ സ്ത്രീ അയാളെ കണ്ടു. കണ്ടതും അവർ ചിരിച്ചു. രേവതി തന്നെയാണ് എന്ന് അപ്പോൾ അയാൾക്ക് ഉറപ്പായി. പക്ഷേ അവൾ നേരത്തെ കണ്ട പോലെയല്ല, സൽവാർ കമ്മീസിൽ വളരെ ലളിതമായ രൂപത്തിൽ ആയിരുന്നു. അവൾ കാറിനടുത്തേക്ക് വന്നു അയാളോട് പറഞ്ഞു.
“സർ സ്റ്റേഷൻ വഴിയാണ് പോകുന്നതെങ്കിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ, ഞാൻ കുറെ നേരമായി ബസ് കാത്തു നിൽക്കുന്നു. എന്നിട്ടും ബസ് വരുന്നത് കാണാനില്ല. എന്തായാലും ഇനി വരുന്ന ബസിൽ, അകത്തു കയറാൻ പറ്റാത്ത വിധം തിരക്കായിരിക്കും എന്നുറപ്പാണ്.”
“യഥാർത്ഥത്തിൽ രേവതിക്ക് എവിടെയാണ് പോകേണ്ടത്?” അയാൾ ചോദിച്ചു.
“സർ എനിക്ക് കാഞ്ചൂർ മാർഗ്ഗ് വരെ പോകണം. അവിടെയാണ് താമസം.”
“ഞാൻ താനെയ്ക്കാണ് പോകുന്നത്. പോകുന്ന വഴി തന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതിയോ?”
“അതൊന്നും വേണ്ട സർ, സ്റ്റേഷനിൽ വിട്ടാൽ മതി. ഞാൻ ട്രെയിനിൽ പൊയ്ക്കോളാം. എനിക്കിതൊക്കെ ശീലമാണ്.”
കാറിന്റെ ഡോർ തുറന്ന് കൊടുത്ത് അയാൾ പറഞ്ഞു.
“എന്തായാലും ഗ്രീൻ സിഗ്നൽ വരുന്നതിനു മുമ്പ് അകത്ത് കയറൂ”
അവൾ അകത്തു കയറി. ഉറക്കത്തിലായിരുന്ന സഹപ്രവർത്തകൻ ഇതൊന്നും അറിഞ്ഞ മട്ടേയില്ല.
“എന്നാലും രേവതിക്ക് എന്തൊരു മാറ്റം; ഇത് പകൽ കണ്ട രേവതി തന്നെയാണോ?” അയാൾ ആശ്ചര്യപ്പെട്ടു.
“സർ, ഇതാണ് ശരിക്കുള്ള രേവതി. പകൽ കണ്ട വേഷവും സംസാരവും എല്ലാം എൻറെ ജോലിയുടെ ഭാഗം മാത്രമാണ്. സർ, ഇത് എൻറെ കാര്യം മാത്രമല്ല, ഇന്ന് അവിടെ ഉണ്ടായിരുന്ന പലരെയും എനിക്ക് കാലങ്ങളായി അറിയാവുന്നവരാണ്. അവരിൽ പലർക്കും കോട്ടും സൂട്ടും ഷൂസും സായിപ്പിന്റെ പോലെയുള്ള ഇംഗ്ലീഷ് ഭാഷയും ഉണ്ടെന്നത് ഒഴിച്ചാൽ, എന്നെപ്പോലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. ഇതിനൊരു മറുവശവും ഉണ്ട്. സാറ് മാട്ടുംഗ അമ്പലത്തിൽ പോയിട്ടില്ലേ? അവിടെ വേദങ്ങൾ ഉരുവിട്ടിരിക്കുന്ന ഷർട്ട് പോലും ഇടാത്ത ചില വൃദ്ധ ബ്രാഹ്മണരെ കണ്ടപ്പോൾ ചിലപ്പോഴെങ്കിലും അയ്യോ പാവം എന്ന് തോന്നിയിട്ടുണ്ടാവും. പക്ഷേ അവരിൽ പലരും അമ്പലത്തിനടുത്ത് തന്നെയുള്ള കോടിക്കണക്കിന് രൂപ വില മതിക്കുന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ്. ഇതാണ് മുംബൈയുടെ ഒരു രീതി. ആളുകളുടെ വേഷവിധാനം കണ്ടും സംസാരം കേട്ടും നമുക്ക് അവരെ വിലയിരുത്താൻ ആവില്ല.”
“ശരിയാണ്, പണ്ടൊരിക്കൽ പേപ്പറിൽ വായിച്ചത് ഓർക്കുന്നു. ബാന്ദ്ര കുർള കോംപ്ളക്സിനടുത്തുള്ള കുടിലുകളിൽ താമസിക്കുന്നവർക്ക്, ഒഴിഞ്ഞുപോകാൻ കോടിക്കണക്കിന് രൂപയാണ് ഗവൺമെൻറ് വാഗ്ദാനം ചെയ്തത്. കുടിലുകളിൽ താമസിക്കുന്ന കോടീശ്വരന്മാർ.”
അയാൾ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.
“രേവതിയുടെ സ്ഥിരം ജോലി ഈ അവതരണം തന്നെയാണോ?”
“അല്ല സർ, ഇതുപോലെ ഒരു പ്രദർശനം നടത്തിയെടുക്കാൻ ഇതിൻറെ പുറകിൽ ഒരുപാട് പ്രയത്നം ആവശ്യമാണ്. പ്രദർശനത്തിൽ പങ്കെടുത്താൽ, അതിൽ നിന്ന് അവർക്ക് കിട്ടാൻ പോകുന്ന കച്ചവട സാധ്യതകളെക്കുറിച്ച് പാർട്ടികളോട് വിശദീകരിച്ച് അവരെ പങ്കെടുക്കാൻ പ്രേരിപ്പിക്കണം. സ്ഥിരമായി ഇതിൽ പങ്കെടുക്കുന്ന കുറേ പാർട്ടികൾ ഉണ്ട്. എന്നാലും അവരെയൊക്കെ ചെന്ന് കണ്ട് ബുക്കിംഗ് എടുക്കണം. പ്രോഗ്രാം ഷെഡ്യൂൾ ഉണ്ടാക്കണം. സെമിനാർ അവതരിപ്പിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തണം. പാനൽ ഡിസ്കഷനുകളിൽ പങ്കെടുക്കുവാൻ കഴിവുള്ള ആളുകളെ കണ്ടെത്തി അവരെ ക്ഷണിച്ചു വരുത്തണം. പരിപാടി അവതരിപ്പിക്കാനുള്ള സ്ഥലം കണ്ടെത്തണം. പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കണം. പൊട്ടൻഷ്യൽ കസ്റ്റമേഴ്സിനെ കണ്ടെത്തി അവരെ ക്ഷണിക്കണം.”
അയാൾ ഇടക്കു കയറി പറഞ്ഞു.
“പിന്നെ പങ്കെടുക്കുന്ന കമ്പനികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനായി മുകളിലുള്ളവരെ പ്രീണിപ്പിക്കാൻ നിങ്ങൾ അവർക്ക് പേരിന് ഓരോ അവാർഡുകൾ കൊടുക്കാറുണ്ട് അല്ലേ. ഇന്നത്തെ പ്രോഗ്രാം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി”.
“എല്ലാവരുടെയും നിലനിൽപ്പ് അല്ലേ പ്രധാനം സർ? അപ്പോൾ ചില നീക്കുപോക്കുകളൊക്കെ വേണ്ടിവരും. ഒരുപാട് യാത്രകളും ഒന്ന് രണ്ട് മാസം രാവും പകലും മിനക്കെടാതെ കഠിന പ്രയത്നവും ചെയ്താണ് ഇങ്ങനെയൊരു സംഭവം തട്ടിക്കൂട്ടുന്നത്.”
“എല്ലാ മാസവും ഇതു പോലെ പരിപാടി സംഘടിപ്പിക്കാറുണ്ടോ?”
“ഇല്ല, വർഷത്തിൽ നാലോ അഞ്ചോ പ്രദർശനം ഞങ്ങൾ സംഘടിപ്പിക്കാറുണ്ട്. മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നെ എന്നീ സ്ഥലങ്ങളിൽ ആയിരുന്നു കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ചെയ്തിരുന്നത്. ഈ വർഷം ഒരു പരിപാടി ദുബായിലും ചെയ്യാൻ പ്ലാൻ ഉണ്ട്. സാർ വിചാരിക്കുന്ന പോലെ ഫൈസ്റ്റാർ ഭക്ഷണവും ഈ വേഷവും മേക്കപ്പും ഒന്നും എല്ലാദിവസവും ഉള്ളതല്ല. സർ, സ്റ്റേഷൻ എത്തി, കാർ ഒന്ന് സൈഡ് ആക്കാൻ പറയാമോ?”
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“രേവതിക്ക് എൻറെ കൂടെ യാത്ര ചെയ്യാൻ വിരോധമില്ലെങ്കിൽ ഞാൻ വീട് വരെ എത്തിക്കാം, അതുവരെ രണ്ടുപേർക്കും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ. അതല്ല, കുറച്ചു മുമ്പ് മാത്രം പരിചയപ്പെട്ട രണ്ട് പുരുഷൻമാരോടൊത്ത് യാത്ര ചെയ്യാൻ സങ്കോചവും പേടിയും ഉണ്ടെങ്കിൽ, ട്രെയിനിൽതന്നെ പോകണമെന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ കാർ നിർത്തി തരാം.”
അയാളുടെ സംസാരത്തിൽ ആത്മാർത്ഥ തോന്നിയത് കൊണ്ടാവാം അവൾ കൂടെ യാത്ര ചെയ്യാൻ സമ്മതിച്ചു. പല കാര്യങ്ങളും സംസാരവിഷയമായി. അതിനിടയിൽ വീട്ടിൽ അവളും അമ്മയും ഒരു അനിയത്തിയും മാത്രമേ ഉള്ളൂ എന്നും, അപ്രതീക്ഷിതമായ അച്ഛൻറെ മരണത്തിനു ശേഷം വീട്ടിലെ ചുമതലകൾ എല്ലാം അവളുടെ ചുമലിൽ ആയി എന്നും അറിയാൻ കഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കേണ്ടെന്ന് കരുതി അതിൽ കൂടുതൽ ഒന്നും അറിയാൻ ശ്രമിച്ചില്ല.
കാഞ്ചൂർ മാർഗ്ഗ് എത്തിയപ്പോൾ അവൾ പറഞ്ഞു.
“സർ, ഹൈവേ സൈഡിൽ നിർത്തിയാൽ മതി, ഞാൻ ഇവിടെ നിന്ന് റിക്ഷ പിടിച്ചു പൊയ്ക്കോളാം. അയൽക്കാരൊക്കെ അപവാദം പറഞ്ഞു വരുത്താൻ ഒരു കാരണം കിട്ടാൻ വേണ്ടി നോക്കിയിരിക്കയാണ്. ഞാൻ ഈ നേരത്ത് നിങ്ങൾ രണ്ടുപേരുടേയും കൂടെ ഈ കാറിൽ നിന്ന് ഇറങ്ങുന്നത് കണ്ടാൽ ആളുകൾക്ക് പറയാനും ചിരിക്കാനും അതു മതി.”
“ശരി, എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ മറക്കണ്ട. ഇതാണെൻറെ വിസിറ്റിംഗ് കാർഡ്. ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ് സർ”
അയാൾ ആലോചിച്ചു. കുടുംബം നോക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്ന പെൺകുട്ടി. എന്നിട്ടും വളരെ പോസിറ്റീവ് ആയ ചിന്താഗതി. വളരെ ചുരുക്കം സമയം കൊണ്ടുതന്നെ അവളെക്കുറിച്ച് നല്ലൊരു മതിപ്പ് തോന്നി.
അപ്രതീക്ഷിതമായി ഒരു ദിവസം പുലർച്ചെ അവളുടെ ഫോൺ വന്നു. എന്താണ് ഈ നേരത്ത് എന്ന് ചോദിച്ചപ്പോൾ അമ്മക്ക് പെട്ടെന്ന് ഒരു തളർച്ച എന്നും പറ്റുമെങ്കിൽ കുറച്ചു പൈസയുമായി വന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും പറഞ്ഞു.
പെട്ടെന്ന് ഡ്രൈവ് ചെയ്തു അവളുടെ വീട്ടിൽ പോയി. ഹൗസിംഗ് ബോർഡിൻറെ നിലവാരം കുറഞ്ഞ ഒരു ഫ്ളാറ്റിലാണ് അവൾ താമസിച്ചിരുന്നത്. സമയം കളയാതെ അമ്മയെ ഹോസ്പിറ്റലിൽ ആക്കി. അമ്മക്ക് രക്തസമ്മർദ്ദം കുറഞ്ഞതായിരുന്നു. എന്തായാലും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാൻ പറ്റിയത് കൊണ്ട് അസുഖമെല്ലാം ഭേദമായി. ആശുപത്രി ചിലവുകൾ എല്ലാം വഹിച്ചത് അയാളായിരുന്നു. മാസാവസാനം ആയതു കൊണ്ട് പൈസക്ക് ബുദ്ധിമുട്ടാണ്, ഒന്നാം തീയതി ആയാൽ ശമ്പളം കിട്ടി തിരിച്ചു തരാം എന്നവൾ പറഞ്ഞു. ധ്യതിയില്ല, സാവകാശം മതി എന്ന് പറഞ്ഞ് അയാളവളെ സമാധാനിപ്പിച്ചു.
അതിന് ഒരാഴ്ചയ്ക്കുശേഷം അവൾ വിളിച്ചു. “സർ, പറ്റുമെങ്കിൽ ഓഫീസിൽ നിന്ന് മടങ്ങുമ്പോഴോ അവധി ദിവസങ്ങളിലോ വീട്ടിലേക്ക് ഒന്നു വരൂ. അമ്മയ്ക്ക് സാറിനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്. എപ്പോഴും പറയും, തക്ക സമയത്ത് ആ നല്ല മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ എൻറെ ജീവൻ പോയേനെ എന്ന്.”
സമയം കിട്ടുമ്പോൾ വരാമെന്ന് അയാൾ ഉറപ്പു കൊടുത്തു.
മുൻകൂർ സൂചന ഒന്നും കൊടുക്കാതെ ഒരു ഞായറാഴ്ച അയാൾ അവളുടെ വീട്ടിലെത്തി. അപ്പോൾ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
“രേവതി മാർക്കറ്റിൽ പോയിരിക്കുന്നു. ചെറിയ മോൾ ട്യൂഷൻ ക്ലാസിലും പോയി. എനിക്ക് വയ്യാത്തതുകൊണ്ട് പുറത്തുപോയുള്ള കാര്യങ്ങളൊക്കെ രേവതി തന്നെ നോക്കണം. എല്ലാം ചെയ്യാൻ ആകെ ഒരു ഞായറാഴ്ചയാണ് അവൾക്ക് കിട്ടുന്നത്. മറ്റു ദിവസങ്ങളിൽ വരുമ്പോഴേക്കും ഒരുപാട് വൈകും. പാവത്തിന് ഒരു വിശ്രമമില്ല. വീട്ടിലെ പണികളൊക്കെ ഞാനും ചെറിയ മോളും കൂടി ചെയ്യും. രേവതിക്കാണെങ്കിൽ കല്യാണ പ്രായമായി. മോളുടെ പഠിപ്പ് കഴിഞ്ഞു മതി കല്യാണം എന്ന് അവൾ എപ്പോഴും പറയും. അങ്ങനെ പറഞ്ഞിരുന്നാൽ അവൾ മൂത്ത് നരക്കില്ലേ? ഇടയ്ക്ക് ഓരോരുത്തർ ഒക്കെ വന്നു കണ്ടു പോകാറുണ്ട്. പക്ഷേ ഇവിടുത്തെ പ്രാരാബ്ധങ്ങൾ ഒക്കെ മനസ്സിലാക്കുമ്പോൾ അവർ വേണ്ടെന്ന് വെക്കും. രേവതി പറയും എല്ലാം അറിഞ്ഞ് ആരെങ്കിലും തയ്യാറാവും, അപ്പോൾ മതി എന്ന്.”
“അമ്മേ എല്ലാം ശരിയാവും” അയാൾ പറഞ്ഞു.
“വെറുതെ ഞാൻ എൻറെ ആവലാതികൾ മോനോട് പറയുകയാണ്. ഇതൊക്കെ അവൾ കേട്ടാൽ എന്നെ വഴക്കു പറയും.”
അപ്പോഴേക്കും രേവതി വന്നു, കുറച്ചുനേരം കൂടി സംസാരിച്ചിരുന്ന് ചായ കുടിച്ച് പിരിഞ്ഞു.
അയാൾ ആലോചിച്ചു, എന്തോ രേവതിയോടുള്ള ഇഷ്ടം കൂടി കൂടി വരികയാണല്ലോ. അവളെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞാലോ? വരട്ടെ, ഓണക്കാലത്ത് പെങ്ങളുടെ കല്യാണത്തിന് നാട്ടിൽ പോകുമ്പോൾ വീട്ടുകാരോട് ഒന്നു സൂചിപ്പിക്കാം. അതിനുശേഷം രേവതിയോട് സംസാരിക്കാം. അപ്പോഴേക്കും അവളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കഴിയും.
ഇടയ്ക്കിടെയുള്ള വാട്സാപ്പ് മെസ്സേജുകളിലൂടെയും ഫോൺ വിളികളിലൂടെയും അയാൾ രേവതിയുമായുള്ള സൗഹൃദം തുടർന്നുകൊണ്ടേയിരുന്നു.
നാട്ടിൽ പോകുന്നതിന്റെ തലേദിവസം രേവതി അയാളെ വിളിച്ചു.
“സർ, സാറിൻറെ കൂടെ ജോലി ചെയ്യുന്ന മനോജ് ഇല്ലേ?, അന്ന് ഹോട്ടലിൽ കൂടെ വന്ന ആൾ, അയാളെക്കുറിച്ച് എന്താണ് അഭിപ്രായം? അയാൾ പലവഴിക്കും എന്നെക്കുറിച്ച് അന്വേഷിച്ച് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് അറിയിച്ചിരിക്കുന്നു. എൻറെ കുടുംബപശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അയാൾ ഇതിന് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. ഇതിലും നല്ല ഒരാൾ വരും എന്ന പ്രതീക്ഷയൊന്നും എനിക്കില്ല. സാറിന് ഇക്കാര്യം അറിയുമോ എന്ന് ചോദിച്ചപ്പോൾ, ഇല്ല, തൻറെ സമ്മതം അറിഞ്ഞിട്ടേ ആരോടെങ്കിലും പറയുന്നുള്ളൂ എന്ന് പറഞ്ഞു. എന്നെയും അയാളെയും ഏതാണ്ട് ഒരേപോലെ പരിചയമുള്ള ഒരാൾ സാറാണ്. ആ നിലക്ക് സാർ പറഞ്ഞാൽ മാത്രമേ ഞാൻ മുന്നോട്ടു പോകൂ.”
അയാൾ ആകെ ആശയക്കുഴപ്പത്തിലായി. എന്തുപറഞ്ഞാലും രേവതി അത് വിശ്വസിക്കും എന്ന് ഉറപ്പായിരുന്നു. പക്ഷേ, എന്തോ, ഒരു കള്ളം പറയാൻ അയാളുടെ മനസ്സാക്ഷി സമ്മതിച്ചില്ല. മനോജിനെ കുറിച്ച് അയാൾക്കറിയാം, നല്ല മനുഷ്യനാണ്.
“രേവതി, ധൈര്യമായി കല്യാണത്തിന് തയ്യാറാണ് എന്ന് പറയാം. മനോജ്, തന്നെയും കുടുംബത്തെയും മാന്യമായി നോക്കിക്കൊള്ളും എന്ന് എനിക്ക് ഉറപ്പാണ്.”
“താങ്ക്യൂ സർ, സർ, എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. എൻറെ ഒരു സ്വന്തം ചേട്ടനെപ്പോലെ കല്യാണ നിശ്ചയത്തിനും കല്യാണത്തിനും സർ കൂടെയുണ്ടാവണം.”
“ഉറപ്പായും ഞാൻ ഉണ്ടാവും. പക്ഷേ സാർ എന്ന വിളി ഇനിയെങ്കിലും നിർത്തണം. പകരം ചേട്ടാ എന്നു വിളിക്കാം”
“ഓകെ ചേട്ടാ, സമ്മതിച്ചു.”
ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോഴാണ് അയാൾ മയക്കത്തിൽ നിന്ന് ഉണർന്നത്. കാർ ഫ്ലാറ്റിനു മുന്നിൽ എത്തിയിരിക്കുന്നു.