ഫിലിപ്പ് തോമസ്,ന്യൂ ജേഴ്സി
തിരകൾ നിറച്ച കൈത്തോക്ക് അവൻ തന്റെ അരയുടെ പുറകിൽ തിരുകി.ഒരു പ്രത്യേക ലക്ഷ്യവുമായാണ് അവൻ പുറപ്പെട്ടിരിക്കുന്നത്. അവന്റെ യഥാർത്ഥ ശത്രുവിനെ കണ്ടു പിടിക്കുക, നശിപ്പിക്കുക. അവൻ നേരെ പോയത് അവന്റെ അമ്മയുടെ അടുത്തേക്കാണ്.
അവൻ പതിയെ തന്റെ അരയിൽ നിന്നും കൈത്തോക്ക് പുറത്തേക്കെടുത്തു. അവന്റെ കാൽപ്പെരു മാറ്റം കേട്ട് അവന്റെ അമ്മ ഒന്നു തിരിഞ്ഞ് അവന്റെ നേർക്ക് പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ കയ്യിലിരിക്കുന്ന കൈത്തോക്കും അവന്റെ മുഖത്തെ അസാധാരണ ഭാവവ്യത്യാസവും കണ്ട് അവർ തെല്ലൊന്ന് അമ്പരന്നു. അവൻ തന്റെ മാതാവിന്റെ മുഖത്തെ ചോദ്യഭാവത്തിന് ഉത്തരമെന്നോണം ഇങ്ങനെ പറഞ്ഞു.
” ഞാൻ എന്റെ ശത്രുവിനെ തിരക്കി വന്നതാണ്…” ഇത് കേട്ട് അമ്മ അത്ഭുതം നിറഞ്ഞ മിഴികളോടെ അവനെ നോക്കി. അവൻ പറഞ്ഞു.
“നിങ്ങളാണ് എന്റെ ശത്രു ” അല്പം വിഷമത്തോടെയും അത്ഭുതത്തോടെയും അവർ തിരികെ ചോദിച്ചു….
” ഞാനോ…. ”
ഞാൻ തോക്കുമായി അവരുടെ ഏറ്റവും അടുത്തേക്ക് ചെന്നു.
“അതെ നിങ്ങളാണ് എനിക്കറിയാവുന്ന എന്റെ ശത്രു.കാരണം നിങ്ങൾ എന്റെ അനുവാദമില്ലാതെ എന്നെ സൃഷ്ടിച്ചു.. ”
ഇതു കേട്ട് മാതാവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.അവർ പറഞ്ഞു. ” മകനേ, സൃഷ്ടി എന്നത് എന്റെ അധീനതയിൽ ഉള്ള കാര്യമല്ല. ഒരു സ്ത്രീയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡം പുരുഷബീജവുമായി ചേർന്ന് ഉണ്ടാക്കുന്ന ഭ്രൂണം അത് വളർത്തിയെടുത്ത് പുറം ലോകത്തെത്തിക്കുക എന്നത് മാത്രമാണ് എന്റെ ജോലി.അതിന് ഞാനൊരു നിമിത്തം മാത്രമാകുന്നു. എന്ന് മാത്രം… അതു കൊണ്ട് ഞാൻ നിന്റെ ശത്രു ആകുന്നില്ല.”
ഇത് കേട്ട് അവൻ കുറച്ചു കൂടി അവരുടെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു.
“എന്തുകൊണ്ട് സകല പരാജയങ്ങളും ഏറ്റുവാങ്ങാൻ നിങ്ങളെന്നെ സൃഷ്ടിച്ചു..? ദുഷ്ടയാണ് നിങ്ങൾ. എന്തുകൊണ്ട് എന്നെ സൃഷ്ടിച്ചു എന്നതിന് കൃത്യമായ ഉത്തരം എനിക്ക് കിട്ടണം. അല്ലെങ്കിൽ ഇന്നു നിങ്ങളെ ഞാൻ കൊല്ലും…”
ഇതു കേട്ട് അവന്റെ അമ്മ അവന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു “മകനേ രണ്ട് അസ്ഥികൾ അകന്നു മാറുന്ന ആ ദിവസം ഒരു സ്ത്രീ ലോകത്തിലേക്കും ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന ആ സമയം. നീ ലോകത്തിലേക്ക് വന്നെത്തുന്ന ആ നിമിഷം. അതിൽ കൂടുതൽ വേദനയൊന്നും എന്റെ മകന് എനിക്ക് സമ്മാനിക്കാനാവില്ല. അതു കൊണ്ട് എന്നെ കൊന്നെങ്കിൽ മാത്രമേ നിനക്ക് ജീവിതവിജയം സാധ്യമാകൂ എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. എത്രയോ ഭ്രൂണങ്ങൾ മനുഷ്യരൂപത്തിൽ ഉരുണ്ടു കൂടിയിട്ടും അതിനെ ഗർഭത്തിൽ വെച്ച് തന്നെ മുറിച്ചു തള്ളുന്ന മാതാക്കളിൽ നിന്നും വ്യത്യസ്തമായി നിന്നെ ഭൂമിയിലേക്ക് പിറന്നു വീഴാൻ കാരണക്കാരിയായതിന്. പിറന്നപ്പോൾ തന്നെ തെരുവിലോ ഓടകളിലോ ഉപേക്ഷിക്കാതിരുന്നതിന്… അങ്ങനെയെങ്കിൽ ഞാനാണ് നിന്റെ ശത്രു..എന്നെ വധിക്കുന്നതിലൂടെ നിനക്ക് ജീവിതവിജയം ലഭിക്കുമെങ്കിൽ ഇതാ ഞാൻ തയ്യാർ..”
ഇത്രയും പറഞ്ഞ് ആ അമ്മ അവന്റെ മുൻപിൽ വെടിയുണ്ട ഏൽക്കാൻ പാകത്തിന് ശിരസ് കുനിച്ച് കണ്ണുകൾ അടച്ചു നിന്നു. അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നകന്നു.
അവൻ രണ്ടാമതായി പോയത് അവന്റെ പിതാവിന്റെ അടുത്തേയ്ക്കാണ്. തന്റെ നേരെ തോക്കും ചൂണ്ടി വരുന്ന മകനെക്കണ്ട് പിതാവ് തെല്ലൊന്ന് അമ്പരന്നു. അയാൾ പറഞ്ഞു
“മകനേ.., പിതൃസ്വത്ത് ഞാൻ ഓഹരി വെച്ച് കഴിഞ്ഞു. എന്റെ കാലശേഷം നിനക്ക് ലഭിക്കേണ്ടതെല്ലാം തന്നെ ലഭിക്കും..”
ഇതു കേട്ട് അവൻ പുച്ഛത്തോടെ പറഞ്ഞു.
“അതിനല്ല ഞാൻ വന്നത്… നിങ്ങളാണെന്റെ ശത്രു എന്നറിഞ്ഞു കൊണ്ട്, നിങ്ങളാണെന്റെ പരാജയങ്ങൾക്കെല്ലാം കാരണം എന്ന കണ്ടെത്തലുകൊണ്ട്.. അതു കൊണ്ട് നിങ്ങളെയെനിക്ക് കൊന്നേ തീരു… ”
ഇതു കേട്ട് ആ പിതാവ് തെല്ലൊന്ന് അമ്പരന്നു.പിന്നീട് സമചിത്തത വീണ്ടെടുത്തു കൊണ്ട് അയാൾ പറഞ്ഞു…
“മകനേ… ജീവിതവുമായുള്ള സമരത്തിനിടയിൽ നിന്നെ എനിക്ക് ശ്രദ്ധിക്കാനായില്ല എന്നത് സത്യംതന്നെ… നിനക്ക് പല കഴിവുകളും ഉണ്ടായിരുന്നു. അതിനെ ഒന്നും പരിപോഷിപ്പിക്കാനോ, പ്രോത്സാഹിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. അതൊന്നും ചിന്തിക്കാനുള്ള സമയം എനിക്കില്ലായിരുന്നു.. ഞാൻ എന്റെ ആരോഗ്യം പോലും കളഞ്ഞ് കുടുംബത്തിന് വേണ്ടി അധ്വാനിക്കുമ്പോൾ എല്ലാവരും പട്ടിണിയില്ലാതെ നല്ല വസ്ത്രങ്ങളണിഞ്ഞ് നല്ല പാർപ്പിടത്തിൽ താമസിക്കുക എന്നൊന്നു മല്ലാതെ മറ്റൊന്നും മനസിലില്ലായിരുന്നു.എന്റെ സ്വപ്നങ്ങളെ ഞാൻ ആകാശത്തോളം ഉയർത്താതെ മാറ്റി വെച്ച് നിങ്ങളുടെ സന്തോഷം എന്ന സ്വപ്നത്തിനു വേണ്ടി അധ്വാനിച്ചു.അതെല്ലാം തെറ്റായിരുന്നുവെങ്കിൽ നീ എന്നെ കൊന്നു കുറ്റക്കാരനാവേണ്ട.. ആ തോക്ക് ഇങ്ങ് തന്നോളൂ.. ഞാൻ സ്വയം ജീവനെടുക്കാം.. അങ്ങനെ ഞാൻ നിന്റെ ശത്രുവാണെങ്കിൽ സ്വയം ഇല്ലാതെയാകാം..
ഇതു കേട്ട് അവൻ തോക്ക് അരയിൽ തിരുകി മുകമായി നടന്നു നീങ്ങി..
അവന്റെ തോക്കും ചൂണ്ടിയുള്ള വരവ് കണ്ടപ്പോൾത്തന്നെ അവന്റെ ജ്യേഷ്oൻ കൈ നീട്ടി തടുത്തു…
” എന്താ… എന്താ നീ ഈ കാണിക്കുന്നത്…. ഇത് കളിപ്പാട്ടമല്ല…”
അതിന് മറുപടിയായി അവൻ പറഞ്ഞു.
” ഞാൻ കളിക്കാർ വന്നതല്ല. നിങ്ങളെ കൊല്ലാൻ വന്നതാണ്…”
ഇതു കേട്ട് ജ്യേഷ്ഠൻ അവനെ സംശയത്തോടെ നോക്കിയിട്ട് ചോദിച്ചു.
“എന്തിന്… എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്..?”
അവൻ തോക്കു ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു..
“നിങ്ങളാണ്… നിങ്ങളാണെന്റെ ശത്രു…എനിക്ക് വരാവുന്ന പല നല്ല കാര്യങ്ങളും തകർത്തത് നിങ്ങളാണ്.. ”
സ്തബ്ധനായി നിന്ന ജ്യേഷ്ഠനോട് അവൻ ശബ്ദം ഉയർത്തിത്തന്നെ പറഞ്ഞു…
“നിങ്ങൾ എനിക്കു മുമ്പേ നടന്നു പോയവനാണ്.. എന്നിട്ടും കല്ലുകളും മുള്ളുകളും അപകടങ്ങളും ചതിക്കുഴികളും നിറഞ്ഞ ഈ ലോകത്തെപ്പറ്റി എന്തുകൊണ്ട് നിങ്ങളെ നിക്ക് പറഞ്ഞു തന്നില്ല.. ”
ഇതു കേട്ട് ജ്യേഷ്ഠൻ പറഞ്ഞു.
“അനിയാ.. ഞാൻ പോയ വഴി അല്ല നിന്റേത്.. ഓരോ വഴിയും വ്യത്യസ്തമാണ്. അത് എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നനുസരിച്ച് ഇരിക്കും ലക്ഷ്യത്തിലെത്തുന്നതും.കുറുക്കുവഴികൾ നമ്മെ കൂടുതൽ മോഹിപ്പിക്കും. തുടക്കത്തിൽ ആവേശഭരിതരാക്കും.. വ്യക്തതയുള്ള നേരായ വഴിയാണ് അല്പം താമസിച്ചാലും ലക്ഷ്യത്തിലെത്താൻ നല്ലത്.. ഇത് നീ സ്വയം തിരിച്ചറിയേണ്ടതാണ്.
മറ്റുള്ളവർ പറഞ്ഞു തന്നാലും അത് നിന്നോടുള്ള അസൂയ കൊണ്ടാണെന്നേ നിനക്ക് തോന്നുകയുള്ളൂ. ഇനി ഈ പറഞ്ഞ വ മുഴുവൻ കള്ളമാണെങ്കിൽ എന്നെ നീ കൊന്നുകൊള്ളു”
ഇതു പറഞ്ഞയാൾ വെടിയുണ്ട യേൽക്കാൽ പാകത്തിന് നെഞ്ചു വിരിച്ചു നിന്നു. അവൻ ഒന്നും മിണ്ടാതെ തോക്ക് പതിയെ അരയിലേക്ക് തിരുകി. നടന്നു നീങ്ങി..
പെങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ അവൻ പെങ്ങളെ ഒന്നു നോക്കി. അനിയൻ വന്ന സന്തോഷത്തിൽ തന്റെ കുഞ്ഞിനെയും എടുത്തു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു. എന്നാൽ തന്റെ നേരെ തോക്കു ചൂണ്ടി വരുന്ന അവനെ കണ്ടപ്പോൾ അവൾക്ക് തമാശയാണ് തോന്നിയത്. അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു…
” നീ എന്നെ കൊല്ലാൻ വന്നതാണോ.. ”
അതിന് അവൻ ഗൗരവഭാവത്തിൽ “അതേ ” എന്ന് ഉത്തരം പറഞ്ഞു. ഇതു കേട്ട് പെങ്ങൾ ചോദിച്ചു.
” നിനക്കെന്താ ഭ്രാന്ത് പിടിച്ചോ,, “അവൻ പറഞ്ഞു… “അതെ എന്റെ പരാജയങ്ങൾ കാരണം എനിക്കു ഭ്രാന്തായി.. ” പെങ്ങൾ തെല്ലു വിഷമത്തോടെ ചോദിച്ചു…. ” എന്നെ കൊല്ലണം എന്ന് നിനക്കു തോന്നാൻ കാരണം എന്താണ്.. ”
അവൻ അവളുടെ മുഖത്തേക്ക് നോക്കി ശബ്ദം ഉയർത്തി പറഞ്ഞു.
“നിങ്ങളാണ് എന്റെ പരാജയങ്ങൾക്കെല്ലാം കാരണം. നിങ്ങളാണെന്റ ശത്രു,,, “ഇതു കേട്ട് അവൾ സ്തബ്ധയായി..
“എങ്ങനെ.. ” എന്ന് ചോദിച്ചപ്പോൾ അവന്റെ കണ്ണു നിറഞ്ഞു. അവൻ പറഞ്ഞു…
“ചെറുപ്പകാലത്ത് എന്നെ ഒരുക്കി സ്കൂളിലേക്ക് കൊണ്ടുപോയി. എന്റെ കൂടെയിരുന്ന് എന്റെ പാഠങ്ങൾ പറഞ്ഞു തന്ന് എന്നോടൊപ്പം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. കരയുമ്പോൾ കൂടെ കരഞ്ഞ് ആശ്വസിപ്പിച്ച്, ഉപദേശിച്ച്.. നിങ്ങൾ വിവാഹിത ആയപ്പോൾ എല്ലാം തകർന്നു.പിന്നെ ഇടക്കൊന്നു ഫോൺ വിളിച്ചെങ്കിലായി. അതുപോലും വല്ലപ്പോഴും.. ”
ഇതു കേട്ട് പെങ്ങൾ ചിരിച്ചു. അവൾ ചിരിക്കുമ്പോൾ അമ്മയുടെ മുഖത്തെ ഭാവം അവളിലേക്ക് പകരുന്നത് അവൻ കണ്ടു. അവൾ പറഞ്ഞു…
… “മോനേ… അനിയാ. നീ പറഞ്ഞതെല്ലാം ഓരോ സ്ത്രീയുടെയും ദുര്യോഗങ്ങളാണ്. വിവാഹം വരെ സ്വന്തം കുടുംബം, വീട്.. വിവാഹ ശേഷം അതുവരെ കണ്ടിട്ടു കൂടിയില്ലാത്ത ഒരു വീട്ടിലേക്കാവും മിക്കവാറും ചെന്നെത്തുക. അവിടം മുതൽ അവളുടെ ലോകം അതാണ്. ഓരോ പെണ്ണിന്റെയും സ്വപ്നങ്ങൾ പരിമിതമാണ് കുഞ്ഞേ… അവളുടെ ഭർത്താവ്, കുട്ടികൾ, വീട് അതുമായി ചുറ്റിക്കിടക്കുന്ന ചില കാര്യങ്ങൾ, അവരുടെ സന്തോഷം അത്രേ ഉള്ളൂ… അത്രയേ ഉള്ളൂ ഒരു സ്ത്രീയുടെ ആഗ്രഹവും അഭിലാഷവും ലക്ഷ്യവും പൂർത്തീകരണവുമെല്ലാം. അത് ലോകതത്വമാണ് പണ്ടു തൊട്ടേയുള്ളതിന്റെ തുടർച്ചയാണ്. അതൊക്കെ തെറ്റാണെങ്കിൽ എന്നെ നീ കൊന്നോളൂ പക്ഷെ എന്നെ കൊന്നാൽ അനാഥമാകുന്ന ആളുകളെക്കൂടി ഓർത്തിട്ട്. ”
ഇതു കേട്ട് അവൻ ഒന്നും മിണ്ടിയില്ല.തോക്കെടുത്ത് ദൂരേക്കെറിഞ്ഞ് നിലത്ത് കുത്തിയിരുന്നു. അല്പം കഴിഞ്ഞ് അവൻ എഴുന്നേറ്റ് നോക്കി അവന്റെ പെങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. അവൾ വീടിന്റെ മുമ്പിലിരുന്ന് അവളുടെ കുഞ്ഞിന് മുല കൊടുക്കുന്നതായവൻ കണ്ടു. നിലത്ത് കിടന്നതോക്കെടുത്ത് പതിയെ അവിടെ നിന്നും അവൻ യാത്രയായി.
കളിസ്ഥലത്ത് പന്തുകളിച്ചു കൊണ്ടു നിന്ന അനുജമാർ അവനെ ദൂരെ നിന്നും കണ്ടു. ജ്യേഷ്ഠൻ തങ്ങളുടെ നേർക്ക് തോക്കു ചൂണ്ടി വരുന്നു. ” എന്താ സംഭവം.. എന്തെങ്കിലും തമാശ ഒപ്പിക്കാനാണോ, എങ്കിൽ പറയൂ. ഞങ്ങളും കൂടി ഒന്നു ചിരിക്കട്ടെ.”
ഇതു കേട്ട് അവൻ പൊട്ടിച്ചിരിക്കുന്നു. അവന്റെ ചിരി കണ്ട് അവരും ചിരിച്ചു.പെട്ടെന്നവൻ ആകാശത്തേക്ക് വെടിവെച്ചു.അതിന്റെ ശബ്ദത്തിൽ അവർ ഞെട്ടി. ജ്യേഷ്ഠന്റെ മുഖഭാവം മാറുന്നത് കണ്ട് അവർ അമ്പരന്നു.
“തമാശയാണ്. നിങ്ങളെ ഞാൻ കൊല്ലാൻ പോകുന്നു എന്ന തമാശ…”
അവൻ അവർക്ക് നേരെ അതും പറഞ്ഞ് തോക്കു ചൂണ്ടി. അവർ ചോദിച്ചു.. “എന്തിന്..”? അവൻ പറഞ്ഞു.
“നിങ്ങളാണെന്റെ ശത്രുക്കൾ..” അതു കേട്ട് അവർ സ്തബ്ധരായി ചോദിച്ചു.
“എങ്ങനെ”
അവൻ പറഞ്ഞു.
“നിങ്ങളാണ് എന്റെ സർവ്വനാശത്തിനും കാരണം .നിങ്ങൾ ജനിച്ച ശേഷം മറ്റുള്ളവർക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലേക്കായി.
എന്റെ പരാജയങ്ങൾ നിങ്ങൾ ജനിച്ച ശേഷം തുടങ്ങുകയായിരുന്നു.എന്റെ പല സൗഭാഗ്യങ്ങളും നിങ്ങൾ തട്ടിയെടുത്തു. എന്റെ പരാജയ കാരണം നിങ്ങളാണ്. നിങ്ങളാണെന്റെ ശത്രുക്കൾ…”
ഇതു കേട്ട് അവർ പറഞ്ഞു..
“ഞങ്ങളെങ്ങനെയാണ് ജ്യേഷ്ഠന്റെ ശത്രുക്കൾ ആവുക.ഞങ്ങളിൽ നിന്നും ഒന്നും നിങ്ങൾക്ക് പഠിക്കാനില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം.. നിങ്ങളിൽ നിന്നു പഠിക്കുകയും നിങ്ങളുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം. എല്ലാവർക്കും നിങ്ങളോട് സ്നേഹമുണ്ട്. അതൊക്കെ ജ്യേഷ്ഠന്റെ തോന്നൽ മാത്രം.ഞങ്ങളെ ഉപദേശിക്കേണ്ട .നിങ്ങൾക്കെങ്ങനെ ഞങ്ങളുടെ ശത്രുക്കളാകാൻ പറ്റും. തെറ്റായ ഉപദേശം തന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെ ശത്രുവായിക്കണ്ടേനെ. നിങ്ങളുടെ ഒന്നും ഞങ്ങൾ അപഹരിച്ചിട്ടില്ല. എല്ലാം ജ്യേഷ്ഠന്റെ വെറും തോന്നലുകൾ മാത്രം..” ഇതു കേട്ട് അവരല്ല ശത്രുക്കൾ എന്നറിഞ്ഞ് അവൻ വേഗം ശത്രുവിനെ തിരിച്ചറിഞ്ഞ് ശത്രു വിന്റെ അടുത്തേക്കോടി
തന്റെ നേരെ ദേഷ്യത്തിന്റെ നിറതോക്കുമായി ഓടി വരുന്ന അവനെ കണ്ട അവന്റെ കാമുകി നിന്നു വിറച്ചു…
അവൾ അലറിക്കരഞ്ഞുപറഞ്ഞു. ” നിറുത്ത്.. നീയെന്ത് സാഹസമാണ് ചെയ്യാൻ പോകുന്നത്…? അതിന് മറുപടിയായി അവൻ പറഞ്ഞു.
“നീയാണെന്റെ ശത്രു, എന്റെ നാശങ്ങൾക്കെല്ലാം കാരണം നീയാണ്.. ”
അവൾ പറഞ്ഞു. ” ഞാൻ നിന്നെ വിട്ടുപിരിഞ്ഞതാണല്ലോ, നിന്റെ വഴിയും എന്റെ വഴിയും വേറെയാണെന്ന് അറിഞ്ഞ നാൾ മുതൽ, ഇപ്പോൾ എനിക്ക് പുതിയ സുഹൃത്തിനെ കിട്ടിയിട്ടുണ്ട്. ഇനി നിന്നെ ഞാൻ ഒരു തരത്തിലും ശല്യപ്പെടുത്താൻ വരികയില്ല.. ഇനി നീയെനിക്ക് സമ്മാനിച്ച സമ്മാനങ്ങളെല്ലാം തിരികെ വേണമെങ്കിൽ അതും ചെയ്യാം.അല്ലെങ്കിൽ ചിലവഴിച്ച കാശെത്രയെന്ന് പറയൂ. അതും തരാം. ദയവു ചെയ്ത് എന്നെ എന്റെ വഴിക്ക് വിട്ടേക്കൂ.മറ്റൊരു പെൺസുഹൃത്തിനെ കണ്ടെത്തൂ.”
ഇതു കേട്ട് അവന് ഒന്നും മിണ്ടാനായില്ല. അവൾ പറഞ്ഞതെല്ലാം ശരിയാണെന്ന് അവന് തോന്നി. അപ്പോൾ അവന് മനസിലായി യഥാർത്ഥ ശത്രു ആരാണെന്ന്. അവൻ അവരെലക്ഷ്യമാക്കി വേഗം നടന്നു.
രാത്രിനഗരം ആഘോഷ തിമിർപ്പിലായിരുന്നു.ആകാശത്ത് പലയിടത്തും വെടിക്കെട്ടുകൾ പ്രകാശവലയങ്ങൾ സൃഷ്ടിച്ചു.അവർ പബ്ബിലെ നിഴലും വെളിച്ചവും ഇടകലർന്ന വലിയ ഹാളിൽ ധാരാളം ആൺ പെൺ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. സംഗീത ദാരയുടെയും മദ്യത്തിന്റെയും ലഹരിയിൽ അവർ ആടിത്തിമിർത്തു.ഈ സമയമാണ് അവൻ അവിടെ എത്തിയത്. അവൻ മുകളിലേക്ക് തോക്കുയർത്തി വെടിവെച്ചു.ആ ശബ്ദത്തിൽ എല്ലാവരും നിശബ്ദനായി. ആളുകളുടെ ഇടയിൽ നിന്നും അവൻ അവരെ കണ്ടു പിടിച്ചു.അവരെ തോക്കു ചൂണ്ടി അവൻ പബ്ബിൽ നിന്നും പുറത്തിറക്കി. അവൻ വെടിവെയ്ക്കാതിരിക്കാൻ അവർ കൈകൾ ഉയർത്തി അവനെ അനുസരിച്ച് പബ്ബിന് പുറത്തിറങ്ങി. പുറത്തെത്തിയ അവർ തിരിഞ്ഞു നിന്ന് അവനോട് ചോദിച്ചു…
”
“എന്തഹങ്കാരമാണ് നീയീ കാണിച്ചത്… നിനക്കെന്താ ഞങ്ങളെ കൊല്ലണമെന്നുണ്ടോ..? അതിന് അവൻ അല്പം ശാന്തമായി, ക്രൂരമായ ചിരിയോടെ പറഞ്ഞു.. “അതേ നിങ്ങളെക്കൊല്ലാൻ തന്നെയാണ് ഞാൻ വന്നത്. ” ഇതു കേട്ടവർ ഭയം കൊണ്ടു വിറച്ചു.. എന്തിന് എന്ന ചോദ്യം പോലും അവരുടെ വായിൽ നിന്ന് വിറച്ചുകൊണ്ടാണ് പുറത്തുവന്നത്. അവൻ ഓരോരുത്തരുടെയും നേർക്ക് തോക്ക് ചൂണ്ടിക്കൊണ്ടാണ് അത് പറഞ്ഞത്.
“നിങ്ങൾ, നിങ്ങളാണെന്റെ ശത്രുക്കൾ. എന്റെ പരാജയങ്ങൾക്കെല്ലാം കാരണം നിങ്ങളാണ്.” അതു കേട്ടവർ പരസ്പരം നോക്കി .അവരിലൊരാൾ ചോദിച്ചു. ” നിന്റെ പരാജയ കാരണം ഞങ്ങളാകുന്നത് എങ്ങനെയാണ്.. ? ഞങ്ങൾ നിന്നെ എല്ലായിടത്തും കൂട്ടിയിട്ടേ ഉള്ളു.. ” മറ്റൊരാൾ അതിനൊപ്പം ഇങ്ങനെ പറഞ്ഞു.. “ഞങ്ങളുടെ സഹ സഞ്ചാരിയായിരുന്നല്ലോ നീ.. എന്നിട്ടും നീ ഞങ്ങളെ ശത്രുക്കളായി കണ്ടല്ലോ.. ”
അതിന് അവൻ അവരുടെ നേർക്ക് തോക്കു ചൂണ്ടിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു. “നിങ്ങൾ എന്നെ പല ദുശ്ശീലങ്ങളും പഠിപ്പിച്ചു. എന്റെ ഉയർച്ചയെ പലയിടത്തും തടയിട്ടു ഞാൻ നന്നാവുന്നത് നിങ്ങൾക്കിഷ്ടമായിരുന്നില്ല.”
അതു കേട്ട് അവരിലൊരാൾ പറഞ്ഞു.
” ശരിയാണ്. നിന്നെ ഞങ്ങൾ പല ദുശ്ശീലങ്ങളും പഠിപ്പിച്ചു.അതേപോലെ നീ ഞങ്ങളെയും പഠിപ്പിച്ചില്ലേ… പലതിനും നീ തന്നെ പണവും മുടക്കിയില്ലേ…”
അത് കേട്ട് ദേഷ്യം വന്നവൻ ചോദിച്ചു.
“എന്റെ ഉയർച്ചയ്ക്ക് നിങ്ങൾ തടയിട്ടതോ…”
അവർ പറഞ്ഞു
“അത് ശത്രുവായത് കൊണ്ടല്ല സുഹൃത്തേ.. വെറും അസൂയകൊണ്ട് മാത്രമാണ്. നീ ഞങ്ങളേക്കാൾ വലുതായാൽ ഞങ്ങൾക്ക് നിന്നെ നഷ്ടപ്പെടും എന്നൊരു തോന്നൽ. അല്ലാതെ നിന്നെ നശിപ്പിച്ചിട്ട് ഞങ്ങളെന്ത് നേടാൻ.. നീ ഞങ്ങളോടൊപ്പം തന്നെ വലുതായാൽ അതിന്റെ ഗുണം ഞങ്ങൾക്കും കൂടിയുള്ളതല്ലേ.. ഞങ്ങളേക്കാൾ നീ വലുതാകരുതെന്നും ചെറുതാകരുതെന്നും ഞങ്ങളോടൊപ്പമുണ്ടാകണമെന്നും ആശിച്ചു. നീ ഞങ്ങൾക്ക് അന്യനാവുന്നത് ഞങ്ങൾക്ക് താങ്ങാനാവില്ല സുഹൃത്തേ.. ഈ പറഞ്ഞതെല്ലാം കള്ളമാണെന്നു തോന്നുന്നെങ്കിൽ ഞങ്ങളെ കൊന്നോളൂ.. ”
ഇത് കേട്ട് അവൻസംശയാകുലനായി. അവൻ സ്വയം ചോദിച്ചു. “അപ്പോൾ ആരാണ് എന്റെ ശത്രു..?” അവന്റെ ആത്മഗതം അവനറിയാതെ തന്നെ പുറത്തു വന്നിരുന്നു.അത് കേട്ടവർ പറഞ്ഞു.
“നീ തന്നെ നിന്റെ ശത്രുവിനെ കണ്ടു പിടിക്കൂ.. ഞങ്ങൾക്ക് അതിന് നിന്നെ സഹായിക്കാനാവില്ല. ഒരു പക്ഷെ ഞങ്ങൾ കാട്ടിത്തരുന്ന ആൾ യഥാർത്ഥ ശത്രു അല്ലെങ്കിലോ.. ” ഇത് കേട്ട് സംശയാകുലനായി അവൻ അവിടെ നിന്നും നടന്നു നീങ്ങി..
അവൻ തോക്ക് അരയിൽ വെച്ച് കടൽക്കരെ ഒറ്റയ്ക്കിരുന്ന രാത്രിയിൽ തിരമാലയുടെ ശബ്ദവും ആകാശത്തെ വർണാഭമാക്കുന്ന ദീപപ്രഭയും അവന്റെ ശ്രദ്ദയിൽ വന്നില്ല. അവൻ കുറേ നേരം അങ്ങനെ ഇരുന്നു.പിന്നെ പതിയെ നടന്ന് വീട്ടിലേക്ക് പോയി.
രാത്രിയുടെ ഏതോ യാ മത്തിൽ ശബ്ദം കേട്ട് അവൻ എഴുന്നേറ്റു. അവന്റെ മുറിയുടെ കതക് തുറന്നു കിടന്നിരുന്നു. ജനലുകളിലൂടെ കാറ്റ് അതിശയക്തമായിട്ട് വീശി, വാതിൽ തിരശീലകർ ഭ്രാന്തമായി കാറ്റിൽ ഇളകിയാടി, ഈ സമയത്തും അപ്പുറത്തെ ആകാശത്ത് വെടിക്കെട്ട്.ശബ്ദഘോഷത്തോടെയും വർണാഭയോടെയും തുടർന്നുകൊണ്ടിരുന്നു. അവന്റെ മുൻപിൽ ഒരു രൂപം വന്നു നിന്നു. മുറിയുടെ ഇരുട്ടിൽ തലയിലൂടെ ഉടുപ്പിന്റെ മേൽ ഭാഗം വലിച്ചിട്ട് മറച്ചിരുന്നു. അയാളുടെ മുഖം വ്യക്തമല്ലായിരുന്നു. അവൻ പെട്ടെന്ന് കട്ടിലിൽ നിന്നും മാടിയെണീറ്റ് ചോദിച്ചു.
“ആരാ?” അതിന് ആ രൂപത്തിൽ നിന്ന് മറ്റു പടി വളരെ സൗമ്യമായി വന്നു.”നിന്റെ ശത്രു,, ”
അവൻ ഒരു നിമിഷം കൊണ്ട് അത്ഭുത പര തന്ത്രനായി ഒപ്പം ഭയാശങ്കകളുമുണ്ടായി. വിറയാർന്ന സ്വരത്തിൽ അവൻ ചോദിച്ചു.. “എന്റെ ശത്രുവോ…” അവന്റെ ആ ചോദ്യത്തിന് വളരെ ദൃഢവും സൗമ്യവുമായിത്തന്നെ ആ രൂപം ഉത്തരം പറഞ്ഞു.
“അതെനീ ആരെയാണോ തിരഞ്ഞ് നടന്നത്, അവൻ തന്നെയാണ് ഞാൻ…”
അവൻ കിടക്കയിൽ കിടന്നു കൊണ്ട് തന്നെ തോക്കെടുത്ത് ആ രൂപം ശ്രദ്ദിക്കാതെ അരയിൽത്തിരുകി, കട്ടിലിൽ നിന്ന് എഴുന്നേറ്റു.കട്ടിലിൽ കിടക്കുകയായിരുന്നുവെങ്കിലും അവൻ ഉറങ്ങുകയായിരുന്നില്ല. അതിനാൽ അവന്പെട്ടെന്ന് ചാടി എഴുന്നേൽക്കാൻ കഴിഞ്ഞു. അവൻ എഴുന്നേറ്റ് ആ രൂപത്തിന്റെ അടുത്തേക്ക് ചെന്ന് ആളിനെ അവൻ തിരിച്ചറിഞ്ഞു. അവൻ ചോദിച്ചു… “നീ… നീയെങ്ങനെ എന്റെ ശത്രുവാകും.. നിന്നെ എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതല്ലേ.. ” അതിന് മറുപടിയായി അവൻ പറഞ്ഞു.
“ഞാനാണ് നിന്നെ പല പ്രശ്നങ്ങളിലും കൊണ്ട് ചാടിച്ച് നിന്നെ കുഴപ്പത്തിലാക്കിയത്..”
അതു കേട്ട് അവന് വിഷമമായി.. “എന്തിന്…?” അവന്റെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു
“നീ കുഴപ്പങ്ങളിൽ ചെന്ന് ചാടിയെങ്കിലേ അതിൽ നിന്ന് നീ പഠിക്കൂ എന്ന് കണ്ടിട്ട്…” ഇതു കേട്ട് അവന് സങ്കടമായി. അവൻ ആ രൂപത്തോട് ചോദിച്ചു.
“നിനക്കെന്നെ ഉപദേശിക്കാമായിരുന്നില്ലേ…. ”
അവന്റെ ചോദ്യം കേട്ട് ആ രൂപം ചിരിച്ചു. ചിരിയിൽ മുഴുകി അവൻ ഉത്തരം പറഞ്ഞു. ” ശത്രുക്കൾ ഒരിക്കലും ഉപദേശിക്കാറില്ല “ഇരു കെട്ട് അവന് ദേഷ്യം വന്നു. അവൻ അരയിൽ നിന്ന് തോക്കെടുത്ത് അവന്റെ നേർക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.
“നീ യാണല്ലോ എല്ലാ പരാജയങ്ങൾക്കും കാരണം ” അപ്പോൾ ആ രൂപം ശാന്ത
മായിത്തന്നെ മറുപടി പറഞ്ഞു.
“അതെ ഞാൻ തന്നെയാണ്, ഞാനാണ് നിന്റെ ആത്മാർത്ഥ ശത്രു എന്നതുകൊണ്ട് തന്നെ അവന് സംശയമായി.
“ആത്മാർത്ഥ ശത്രുവോ..?” അവനിൽ നിന്നും മറുപടി വന്നു.” അതെ ശത്രുവിന് ആത്മാർത്ഥത കുറഞ്ഞാൽ അവൻ ശത്രു വല്ലാതാകും..”
ഇതു കേട്ട അവൻ കുറച്ചു കൂടി അവന്റെ നേർക്ക് ചെന്ന് സമീപത്ത് നിന്ന് തോക്ക് അവന്റെ നേർക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“എങ്കിൽ… എങ്കിൽ നിന്നെ ഞാൻ കൊല്ലാൻ പോവുകയാണ്. എനിക്ക് വിജയിക്കണം. എനിക്കീ പരാജയങ്ങൾ മടുത്തു. അതിന് നിന്നെ കൊന്നേ പറ്റുവെങ്കിൽ അങ്ങനെത്തന്നെ… ”
തോക്കിന്റെ കാഞ്ചിയിൽ വിരലമർത്താൻ പോകുന്ന അവനെക്കണ്ട് ആ രൂപം പറഞ്ഞു. ” അരുത്… എന്നെ കൊല്ലരുത്…” ആ രൂപം അല്പം വിറയാർന്ന ശബ്ദത്തോടെയാണ് അത് പറഞ്ഞത്. അവൻ തോക്ക് ചൂണ്ടി അവനോട് പറഞ്ഞു. ” ഇല്ല എനിക്ക് വിജയിക്കണം, അതിന് നിന്നെ കൊന്നേ മതിയാവൂ…” ഇതു കേട്ടവൻ അവൻ മറുപടി പറഞ്ഞു. ” ഞാൻ പറയുന്നത് ഒന്നു കേൾക്കു.എല്ലാവർക്കും ഒരു ശത്രു ആവശ്യമാണ് അത് വിജയത്തിന് ഉത്തമമാണ് താനും.രാജ്യത്തിന് മറ്റൊരു രാജ്യം ശത്രു. ഭരണാധികാരിക്ക് മറ്റൊരു ഭരണാധികാരി ശത്രു. തത്വങ്ങൾക്ക് എതിർ തത്വം ശത്രു. ശത്രുവുമായുള്ള മത്സരത്തിൽ വിജയിച്ചാൽ അവൻ വിജയിച്ചാൽ അവൻ വിജയി. അല്ലെങ്കിൽ പരാജിതൻ.ചിലർക്ക് സാഹചര്യമാകാം ശത്രു.മത്സരബുദ്ദി വരുന്നത് പോലും ഒരു ശത്രുവിനെ കണ്ടെത്തിക്കൊണ്ടാണ്. എന്തിനേറെ പറയുന്നു. സർവ്വ ശക്തിയായ ഈശ്വരനു പോലും സ്വന്ത ശക്തിയിൽ നിന്നും പിശാച് എന്ന ശത്രുവിനെ ഉണ്ടാക്കിയില്ലേ.. ഈശ്വരഭക്തിയാണോ പൈശാചിക ഭക്തിയാണോ മനുഷ്യനുണ്ടാവുക എന്നറിയാനായിരുന്നു. അത്. എന്നോട് നീ മത്സരിച്ചു തോറ്റെങ്കിൽ നീ കഴിവ് കുറഞ്ഞവനെന്ന് സാരം, അതിന് നീ എന്നെ പഴി ചാരിയിട്ടെന്തു കാര്യം ”
അതിനു മറുപടിയായി അവൻ മറുപടി പറഞ്ഞു.
“നീ നശിച്ചാൽ പിന്നെ നിഷ്ക്രിയ നായി ഇരുന്നാൽ പോലും എനിക്ക് പരാജയപ്പെടേണ്ട കാര്യമില്ല. പിന്നെ നീ എന്നോടൊപ്പം നിന്ന് എന്നെ തെറ്റായ മാർഗo ഉപദേശിക്കില്ല” തന്റെ നേരെ തോക്ക് ചൂണ്ടുന്ന അവനെ കണ്ട് അവന്റെ ശത്രു പറഞ്ഞു.
” അരുത് ഇത് നിന്റെ സർവ്വനാശത്തിനാണ്. ഞാൻ നശിച്ചാൽ നീയും നശിക്കും. അതാണ് സംഭവിക്കാൻ പോകുന്നത് .”
അതിന് അവൻ വർധിച്ച ദേഷ്യത്തോടെ മറുപടി പറഞ്ഞു.
” ഇല്ല, എനിക്ക് വിജയിക്കണം, അതിന് നീ മറിച്ചേ മതിയാവൂ.. ” തോക്കുമായി അവന്റെ ശിരസിന്റെ അടുക്കലേക്ക് വന്ന അവനെ അവൻ തടഞ്ഞു. ഈ സമയം പിന്നിൽ ആകാശത്ത് ആഘോഷങ്ങളുടെ വെടിക്കെട്ടുകൾ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. അവൻ ശത്രു വിന്റെ ഏറ്റവും അടുത്ത് ചെന്ന് ശിരസ് നോക്കി കാഞ്ചിയിൽ വിരലമർത്തി ഒറ്റ വെടി…..
പിറ്റേന്ന് പ്രഭാതത്തിൽ ചായയുമായ് വന്ന വേലക്കാരിയാണ് അത് കണ്ടത്. വലിയ നിലക്കണ്ണാടിയിൽ രക്തം കട്ടപിടിച്ച് പടർന്ന് കിടക്കുന്നു. നിലത്ത് പടർന്നൊഴുകിക്കിടക്കുന്ന ചോര അതിലേക്ക് അവളുടെ കയ്യിൽ നിന്നും ചായക്കപ്പ് വീണ് അത് രണ്ടായി ഉടഞ്ഞു. ചായ ചോരയോടൊപ്പം ചേർന്ന് അത് ഒഴുകിച്ചെന്നത് സ്വന്തം ശിരസിൽ വെടിവെച്ചു മരിച്ചഅവന്റെ മുഖത്തിനടുത്തേക്കായിരുന്നു…
