രണ്ട് മനുഷ്യക്കടത്തുകൾ (കഥ -പ്രൊഫ.ബാബു പൂഴിക്കുന്നേൽ)

sponsored advertisements

sponsored advertisements

sponsored advertisements

21 February 2023

രണ്ട് മനുഷ്യക്കടത്തുകൾ (കഥ -പ്രൊഫ.ബാബു പൂഴിക്കുന്നേൽ)

പ്രൊഫ.ബാബു പൂഴിക്കുന്നേൽ

“എന്റെ ചെറുക്കൻ തല്ലുകൊള്ളാതെ പോന്നു. അമ്മ നിറകണ്ണുകളോടെ പറഞ്ഞു. അപ്പച്ചൻ മിണ്ടാതെ നിന്നതേയുള്ളൂ. കോഴഞ്ചേരിക്കടുത്തുള്ള ചാത്തൻതറയിൽ പോയതിന്റെ കഥ ഞാൻ പറയുക
യാണ്. വിദേശത്തുള്ള അളിയനും പെങ്ങളും കുറെ നാളായി നാട്ടിൽനിന്ന് ഒരു വേലക്കാരിയെകൊണ്ടുപോകാൻ നോക്കുകയാണ്. അവരുടെ പള്ളിയിൽ വരുന്ന ആരോ പറഞ്ഞതനുസരിച്ച് ചാത്തൻതറയിലുള്ള പാറമടയിൽ മേരിയെക്കുറിച്ചന്വേഷിക്കാനായി എന്നെയാണ് ചുമതലപ്പെടുത്തിയത് അപ്പച്ചന്റെയും അമ്മച്ചിയുടെയും വഴക്കു കേട്ട് നിവൃത്തിയില്ലാതെ ഒരു ദിവസം കോളജിൽനിന്ന് ഹാഫ് ഡേ ലീവെടുത്ത് ഞാൻ കോഴഞ്ചേരിയിലേക്ക് പുറപ്പെട്ടു. കോഴഞ്ചേരിയിൽ ഇറങ്ങി അവിടുന്നു ചാത്തൻപാറയ്ക്കുള്ള ബസ് പിടിച്ചു. ബസ്സിറങ്ങി കവലയിൽ കണ്ട് ഒരു മുറുക്കാൻ കടക്കാരനോട് ഞാൻ പാറമടയിൽ മേരിയുടെ വീടന്വേഷിച്ചു. പ്രായം ചെന്ന് അയാൾ കട്ടിക്കണ്ണാടിയിലൂടെ എന്നെ തുറിച്ചു നോക്കി

“എന്താ കാര്യം?” അയാൾ ചോദിച്ചു.

“ഒരു ജോലിക്കാര്യമാണ്”

അയാൾ ഒരു ഇടവഴി ചൂണ്ടിക്കാണിച്ച് “അതിലെ ഒരു മുക്കാൽ കിലോമീറ്റർ പോയി ഇടത്തോട്ട്
തിരിഞ്ഞു ഒരു കയറ്റം കയറുമ്പോൾ ഒരു പാറമടയുടെ മുകളിലുള്ള വീടാണ്.”

കേട്ടപാടേ കൂടുതൽ അന്വേഷിക്കാതെ ഞാൻ തിടുക്കത്തോടെ ഇടവഴിയിലൂടെ വേഗം നടന്നു. സന്ധ്യയ്ക്കു മുമ്പേ തിരി
ച്ചു പോകണമല്ലോ. കുറെ ദൂരം നടന്നുകഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. ഞാൻ വീണ്ടും
പാറമടയിൽ മേരിയുടെ വീട് ചോദിച്ചു. നെറ്റി ചുളിച്ച് ഇഷ്ടപ്പെടാത്തപോലെ അയാൾ ചോദിച്ചു

“എന്താ കാര്യം?”

“ദുബായിൽ ഒരു ജോലിക്കാണ്. എന്റെ സഹോദരിയുടെ വീട്ടിലേക്കാ. പാസ്പോർട്ടിന്റെ കോപ്പി മേടിക്കാൻ വന്നതാ.

ചെറുചിരിയോടെ അയാൾ പറഞ്ഞു: “പാസ്പോർട്ടോ! ആ, അന്വേഷിച്ചുനോക്ക്. കുറെ ദൂരം
എന്റെ കൂടെ വന്ന് അയാൾ കൃത്യമായി വീട് കാണിച്ചുതന്നു. വഴിയിൽ നിന്ന് കുറെ മുകളിലായി ഒരു ഓലപ്പുര. പാറ പൊട്ടിക്കുന്ന സ്ഥലവും പാറക്കുളവും അതിനടുത്തായിട്ടുണ്ട്. പാന്റും ഷർട്ടു ധരിച്ച് കൂസലി
ല്ലാതെ നടന്ന് വീടിന്റെ മുറ്റത്തെത്തിയ എന്നെ മുറ്റത്തൊരു ബഞ്ചിലിരിക്കുന്ന മനുഷ്യൻ തുറിച്ചു നോക്കി.

അൻപതുവയസ്സിനോടടുത്ത മുണ്ടും ബ്ലൗസും ധരിച്ച് കറുത്ത ഒരു സ്ത്രീ എന്നോടു ചോദിച്ചു.

“എന്താ കാര്യം?”

“ദുബായിലെ ഒരു ജോലിക്കാര്യം പറയാൻ വന്നതാ. എന്റെ പെങ്ങളുടെ വീട്ടിൽ ഒരു ആളുവേണം . പാസ്പോർട്ടിന്റെ കോപ്പി ഇവിടെ വന്നാൽ തരുമെന്ന് എഴുത്തയച്ചിരുന്നു…”

“ഇവിടെ പാസ്പോർട്ടുമില്ല കോപ്പിയുമില്ല. വേഗം പോകാൻ നോക്ക്.” അവർ അകത്തേക്കുകയറിപ്പോയി .
കുറച്ചുനേരം കൂടി പരുങ്ങി ഞാനാ മുറ്റത്തു നിന്നപ്പോൾ മുറ്റത്തിരുന്ന മനുഷ്യൻ പറഞ്ഞു:

അവളെങ്ങോട്ടും പോരത്തില്ല കൊച്ചെ
ചീത്ത കേൾക്കാതിരിക്കണമെങ്കിൽ വേഗം പൊയ്ക്കോ”

കാര്യം മനസ്സിലാകാതെ വിളറി വെളുത്ത ഞാൻ തിരികെ നടന്നു. ഞാൻ വഴിയിൽ ഇറങ്ങിയപ്പോൾ അല്പം ദൂരെയായി ആ ചെറുപ്പക്കാരൻ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.

“അവൾ എന്ത്
പറഞ്ഞു?”

ചെറുപ്പക്കാരൻ കൗതുകപൂർവ്വം എന്നോടു ചോദിച്ചു
“വരത്തില്ലെന്നാ പറഞ്ഞെ” ഞാൻ നിരാശയോടെ പറഞ്ഞു.

“ചേട്ടന്റെ വീടെവിടെയാ?” അയാൾ വീണ്ടും ചോദിച്ചു.

“കോട്ടയത്ത്”

“എന്നാ ജോലി?

“കോളേജിൽ പഠിപ്പിക്കുകയാ…

“ശരിക്കും ദുബായ്ക്ക് കൊണ്ടുപോകാൻ വേണ്ടി ആണോ“

“അതെ. അവിടെ പിള്ളേരെ നോക്കാൻ ആളില്ല. ഞാൻ നിഷ്ക്കളങ്കമായി പറഞ്ഞു.
കുറച്ചുകൂടെ എന്നോടു ചേർന്നു നടന്നുകൊണ്ട് താഴ്ന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു:

“ഇനി മേലാൽ ഇവളെ അന്വേഷിച്ചുവരരുത്. അവൾ ആളു പിശകാ. ആരോ നിങ്ങളെ പറഞ്ഞു
കളിപ്പിച്ചതാണ്. ഇത്രയും പറഞ്ഞിട്ട് അയാൾ തിരികെ നടന്നു. വലിയ ഒരു അപകടത്തിൽ നിന്നു രക്ഷപ്പെട്ട ആശ്വാസത്തോടെ ഞാൻ മെയിൻ റോഡിനെ ലക്ഷ്യമാക്കി വേഗം നടന്നു. കിതപ്പും വിയർപ്പും
ഒന്നും ഞാൻ വകവെച്ചതേയില്ല. ഒരു സോഡാ കുടിക്കുവാനുള്ള ദാഹം ഉണ്ടായിരുന്നെങ്കിലും മുറുക്കാൻകടക്കാരനെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാതിരുന്നതിനാൽ മറുവശത്തുള്ള വെയിറ്റിംഗ്
ഷെഡിൽ കോഴഞ്ചേരിക്കുള്ള ബസും കാത്തു നിന്നു. ഈ സംഭവമാണ് ഞാൻ അപ്പച്ചനോടും അമ്മ
ച്ചിയോടും വിവരിച്ചത്.

“അവരെ ആരോ കളിപ്പിച്ചതാടാ.” അപ്പച്ചൻ നിഗമനത്തിലെത്തി.

പിറ്റേദിവസം എസ്.ടി.ഡി. ബൂത്തിൽനിന്ന് ഈ കഥ വിളിച്ചുപറഞ്ഞപ്പോൾ കബളിപ്പിക്കപ്പെട്ടതിന്റെ നാണ
ക്കേടിൽ “ഇനി നീ അന്വേഷിച്ച് അങ്ങോട്ട് പോകണ്ടാ എന്നു മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അന്വേഷണം പിന്നെയും മുറുകി. അങ്ങനെയാണ് ചെങ്ങളംകാരി റോസമ്മയെ കണ്ടെത്തിയത്. റോസമ്മയുടെ മക്കളൊക്കെ വളർന്ന് വലുതായി. ഭർത്താവ് ചാക്കപ്പനല്പം മദ്യപാനശീലവുമുണ്ട്.
അപ്പച്ചന്റെ നിർദ്ദേശപ്രകാരം അവർ പെട്ടെന്നുതന്നെ പാസ്പോർട്ടെടുത്തു. പാസ്പോർട്ട് കിട്ടിയ
അന്നുതന്നെ ചാക്കപ്പൻ ചേട്ടനും റോസമ്മച്ചേടത്തിയും വീട്ടിൽ വന്നു. കോപ്പി അടുത്ത ദിവസം തന്നെ ദുബായിലേക്ക് അയച്ചുകൊടുത്തു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നു വന്ന ഒരാ
ളുടെ കൈവശം ഒറിജിനൽ വിസായും ടിക്കറ്റും കൊടുത്തുവിട്ടു. അപ്പോഴാണ് അറിയുന്നത് റോസമ്മച്ചേടത്തിയുടെ പാസ്പോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ്’ എന്നാണ് അടിച്ചിരിക്കുന്ന
ത്. ഇനി കൊച്ചിയിൽ കോപ്പി പോയി പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷന്റെ ആഫീസിലെത്തി 20000 രൂപ കെട്ടിവച്ച് ഇമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന സീൽ പതിപ്പിക്കണം. എന്നാലേ ദുബായ്ക്ക് കയറി
പോകാൻ പറ്റുകയുള്ളു അവധിയെടുത്ത് പിറ്റേദിവസം തന്നെ ഞാൻ റോസമ്മച്ചേടത്തിയുമായി കൊച്ചിയിലെത്തി. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻസിന്റെ ഓഫീസിൽ കയറി കാര്യം പറഞ്ഞപ്പോൾ അവർ
കൈമലർത്തി. ഇപ്പോൾ ഹൗസ് മെയിഡിനെ ഗൾഫിലേക്കു കയറ്റിവിടുവാൻ നിർവ്വാഹമില്ല. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവു വന്നിരിക്കുന്നു. നിരാശയോടെ കോട്ടയത്തെത്തിയ ഞാൻ എസ്.
ടി.ഡി ബൂത്തിൽനിന്ന് അളിയനെ വിളിച്ച് വിവരം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പെങ്ങളുടെ ഫോൺ വന്നു. തിരുവനന്തപുരത്ത് ഒരു ഏജന്റുണ്ട്. അവരുടെ നമ്പറും പറഞ്ഞുതന്നു. അവരെപ്പോയി
കണ്ടാൽ കാര്യം സാധിക്കാം. പിറ്റേദിവസം തന്നെ ഞാൻ വീണ്ടും അവധിയെടുത്ത് തിരുവനന്തപുരത്തേക്കു പോയി. 10000 രൂപയാണ് അവർ പ്രതിഫലമായി വാങ്ങിയത്. ടിക്കറ്റിൽ പറഞ്ഞ ദിവസം
തന്നെ രാവിലെ യാത്രക്കാരിയുമായി തിരുവനന്തപുരത്ത് ഒരു ലോഡ്ജിൽ എത്താൻ അവർ നിർദ്ദേശം നൽകി. ഇത്തരം കാര്യങ്ങളൊന്നും റോസമ്മച്ചേടത്തിയോടും ചാക്കപ്പൻ ചേട്ടനോടും പറഞ്ഞിരുന്നി
ല്ല. പുലർച്ചെ തിരുവനന്തപുരത്തെത്തുന്നതിനുള്ള തയ്യാറെടുപ്പിൽ കാറിൽ ഞാൻ ചെങ്ങളത്തെത്തി.
വീട്ടുകാരും നാട്ടുകാരും ചേർന്ന് റോസമ്മ ചേടത്തിയെ പ്രതീക്ഷയോടെ യാത്രയാക്കി. തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഹോട്ടലിന്റെ ലോബിയിൽ ഞങ്ങളെ പ്രതീക്ഷിച്ച് ഒരാൾ നിൽക്കുന്നു.
ണ്ടായിരുന്നു. വെള്ള പാന്റ് ഇൻ ചെയ്ത് വെള്ള ഫുൾ സ്ലീവ് ഷർട്ട് ധരിച്ച കറുത്ത ബൽറ്റ് ധരിച്ച ഒരു ആജാനുബാഹു. പാസ്പോർട്ടും ടിക്കറ്റും പരിശോധിച്ച് ടിക്കറ്റ് ഫ്ളൈറ്റ് നമ്പറും പേരും എഴുതിയെടുത്ത്
അയാൾ പറഞ്ഞു,

“ധൈര്യമായിട്ട് എയർപോർട്ടിൽ എത്തി ചെക്കിൻ ചെയ്ത് വിമാനത്തിൽ
കയറിക്കൊള്ളുക. നോ പ്രോബ്ലം. ഞാൻ എയർപോർട്ടിൽ കാണും. എനിക്ക് ഇന്നുതന്നെ കൊച്ചിക്ക് മടങ്ങണം.” അയാൾ അപ്രത്യക്ഷനായി.

റോസമ്മച്ചേടത്തിയെ യാത്രയാക്കി ചങ്കിടിപ്പോടെ ഞാൻ
പുറത്ത് കാത്തുനിന്നു. ബോഡിംഗ് പാസ് കിട്ടിയ റോസമ്മച്ചേടത്തി കൈ വീശി കടന്നുപോകുന്നത് ചില്ലിനകത്തുകൂടി ഞാൻ കണ്ടു. വിമാനം പൊങ്ങി കുറെ നേരം കൂടി ഞാൻ എയർപോർട്ടിൽ കാത്തു
നിന്നു. എങ്ങാനും റോസമ്മച്ചേടത്തി തിരികെ വന്നാലോ? വീട്ടിൽ എത്തി ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ, റോസമ്മച്ചേടത്തി സുരക്ഷിതമായി വീട്ടിൽ എത്തിയെന്ന് ദുബായിൽ നിന്ന് പെങ്ങൾ
വിളിച്ചുപറഞ്ഞു. വരുംവരായ്കകളുടെ ഗുരുതരാവസ്ഥ അറിയാവുന്ന ഏക ആളെന്ന നിലയിൽ ഞാൻ ഒട്ടും സമാധാനമില്ലാതെ കിടന്നുറങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അനധികൃതമായി ഗൾഫിലേക്ക് ആളെ കയറ്റിവിടുന്ന ചാവക്കാട്ടുകാരൻ മുസ്തഫ അറസ്റ്റിലായിരിക്കുന്നു എന്ന വാർത്ത പത്രത്തിൽ കണ്ടു. വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ച അതേ ആജാനബാഹുവിന്റെ ചിത്രമാണ് ഞാൻ വാർത്തയോടൊപ്പം കണ്ടത്. പിന്നീട് എന്നും ഒരു ഉൾക്കിടിലത്തോടെ ജീവിച്ച എനിക്ക് മൂന്നു വർഷം കഴിഞ്ഞ് ഗൾഫിലെ തന്റെ സേവനം അവസാനിപ്പിച്ച് റോസമ്മച്ചേടത്തി സുരക്ഷിതയായി മടങ്ങിയെത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്.
വിദ്യാർത്ഥിയായിരുന്നപ്പോൾ മദിരാശിയിൽ താമസിച്ചിരുന്ന ചേട്ടനുവേണ്ടി മൂന്നുനാലു തവണ ഞാൻ വേലക്കാരികളെ ട്രെയിനിൽ കൊണ്ടുപോയിട്ടുണ്ട്. അതിൽ അവസാനത്തെ ആൾ ചെങ്ങന്നുർകാരിയായ ഒരു വല്യമ്മച്ചിയായിരുന്നു. മദിരാശിയിലെ ചേച്ചിയുടെ അകന്ന ഒരു ബന്ധുവാണവർ. റിസർവേഷൻ ഒന്നും ഇല്ലാതെയാണ് ഞങ്ങൾ കോട്ടയം റെയിൽവേസ്റ്റേഷനിൽനിന്ന് യാത്ര
ആരംഭിക്കുന്നത്. ജനറൽ കംപാർട്ട്മെന്റ് ആയിരുന്നെങ്കിലും ഞങ്ങൾക്ക് ഇരിക്കാൻ സീറ്റ് കിട്ടി.വൈക്കം റോഡിൽ ഒരാളിറങ്ങിയപ്പോൾ ചെങ്ങന്നൂരമ്മാമ്മ സീറ്റിലേക്ക് കാല് മടക്കിവച്ച് ആ സ്ഥലം കൂടി കരസ്ഥമാക്കി. എറണാകുളത്ത് രണ്ടുമൂന്നു പേർ കൂടി ഇറങ്ങിയപ്പോൾ ചെങ്ങന്നൂരമ്മാമ്മ സീറ്റിൽ
കിടപ്പായി. പുതിയ യാത്രക്കാർ കയറിവന്നെങ്കിലും പ്രായമുള്ള വല്ല്യമ്മ എന്ന നിലയിൽ ആരും ഒന്നും പ്രതികരിച്ചില്ല. എറണാകുളം വിട്ടപ്പോൾ ഇരിപ്പും കിടപ്പും ഒന്നുമല്ലാത്തൊരു പൊസിഷനിൽ
ഇരുന്നുകൊണ്ട് ചെങ്ങന്നൂരമ്മാമ്മ പൊതിച്ചോറ് ഉണ്ടു. വെള്ളവും കുടിച്ചു. നീണ്ട ഒരു ഏമ്പക്കം പാസ്സാക്കി ചെങ്ങന്നൂരമ്മാമ്മ വീണ്ടും കിടന്നു. ബാഗിൽ നിന്നും ഒരു ചെറിയ പുതപ്പെടുത്ത് ശരീരമാ
സകലം മൂടിപ്പുതച്ചു.

തൃശൂരെത്തിയപ്പോൾ നിർത്തിയിട്ട് വണ്ടിയിലേക്ക് കൂടുതൽ യാത്രക്കാർ കയറി. സ്റ്റേഷൻ വിട്ടപ്പോൾ ബോഗിക്കുള്ളിലെ ലൈറ്റ് ആരോ ഓഫ് ചെയ്തു. അപ്പോൾ അവിടേക്ക് കട
ന്നുവന്ന ഒരു യാത്രക്കാരന് ഒരു ചാക്കുകെട്ട് സീറ്റിൽ വച്ചിരിക്കുന്നതായിട്ടാണ് തോന്നിയത്.

മൂടിപ്പുതച്ചു കിടക്കുന്നത് വല്യമ്മയാണെന്നു മനസ്സിലാകാതെ അയാൾ ചോദിച്ചു
“ആരാണ് ഈ ചാക്ക്
കെട്ട് സീറ്റിൽ കൊണ്ടുവന്നു വച്ചത്?

ആരും പ്രതികരിക്കാതിരുന്നപ്പോൾ എടുത്തു താഴേക്കിടാം
എന്നു പറഞ്ഞ് ചാക്കുകെട്ടിൽ പിടിച്ചൊന്നു വലിച്ചു. കാൽ മുതൽ അരക്കെട്ടുവരെയുള്ള ഭാഗം താഴേക്കു പതിച്ചു. വല്യമ്മ പുതപ്പ് ദൂരേക്കെറിഞ്ഞ് ഭദ്രകാളിയെപ്പോലെ എഴുന്നേറ്റുനിന്നു.

“ആരെടാ എന്റെ
ദേഹത്തു തൊട്ടത്?”

പിന്നെ വല്യമ്മയുടെ വായിൽനിന്നു വന്ന വാക്കുകൾ നിഘണ്ടുവിൽ ഇല്ലാത്തതായിരുന്നു.

“ഇതെന്തൊരു തള്ളയാണ്?” എന്ന് അവരുടെ പ്രതിയോഗി ചോദിച്ചു.

“നിന്റെ അമ്മയാടാ തള്ള. പട്ടീ!” എന്നു പറഞ്ഞുകൊണ്ട് അയാളുടെ ഷർട്ടിൽ പിടിക്കാൻ വല്യമ്മ ആഞ്ഞപ്പോൾ അയാൾ ഒഴിഞ്ഞുമാറി. എല്ലാവരും ഭയചകിതരായപ്പോൾ ചെങ്ങന്നൂരമ്മാമ്മ
വീണ്ടും സീറ്റിൽ കയറി പുതപ്പുകൊണ്ട് മൂടിപ്പുതച്ചു കിടന്നു. ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ
ഞാൻ മറുവശത്തുള്ള സീറ്റിൽ ഉറക്കം നടിച്ചിരുന്നു.

പ്രൊഫ.ബാബു പൂഴിക്കുന്നേൽ