പ്രൊഫ.ബാബു പൂഴിക്കുന്നേൽ
“താമസമെന്തേ വരുവാൻ പ്രാണസഖി എന്റെ മുന്നിൽ
താമസമെന്തേ അണയാൻ പ്രേമമയി എന്റെ കണ്ണിൽ”
തോമസ്‌ക്കുട്ടി കപ്പിലുമാവിൻ കൊമ്പിലിരുന്ന് ഉറക്കെ പാടി. ആ പ്രദേശമാകെ ആ ഗാനം അലയടിച്ചു. തോമസ്‌ക്കുട്ടി അങ്ങനെയാണ്. സിനിമാഗാനങ്ങളല്ലാം പെട്ടെന്ന് പഠിച്ചെടുക്കും. ഉറക്കെപാടി നാട്ടുകാരെ രസിപ്പിക്കും. അയൽവീടുകളിലെ പെൺകുട്ടികളൊക്കെ തോമസ്‌ക്കുട്ടിയുടെ പാട്ടു കേൾക്കാറുണ്ട്.
തോമസ്‌ക്കുട്ടി പ്രീഡിഗ്രി തോറ്റു നിൽക്കുന്ന സമയമാണ്. വീടിന്റെ
രണ്ടു വീടുകൾക്കപ്പുറത്തുള്ള പച്ചപ്പുകൾക്കു നടുവിലെ ഒരുവീട്ടിൽ പത്താംക്ലാസ് പരീക്ഷയെഴുതി അമ്മ വീട്ടിലവധിക്കെത്തിയ ഡെയ്സി ഈ പാട്ടു കേട്ട് ജനാലയുടെ അഴികളിൽ പിടിച്ച് കുന്നിൻമുകളിലുള്ള ഓടിട്ട വീടിന്റെ സമീപത്തു നിൽക്കുന്ന കപ്പിലുമാവിലേക്ക് നോക്കി. പ്രാണസഖി ഞാൻ തന്നെയെന്ന് ഡെയ്സിക്കു തോന്നി. ഹൈറേഞ്ചിൽ വീടുള്ള ഡെയ്സി പത്താം ക്ലാസ് ജയിച്ചാൽ നഗരത്തിലെ കോളജ് ഹോസ്റ്റലിൽ നിന്ന് പ്രീഡിഗ്രിക്ക് പഠിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
സുന്ദരിയായ ഡെയ്സിയോടുള്ള അനുരാഗമാണ് തോമസ്‌ക്കുട്ടിയെക്കൊണ്ട് ഈ പാട്ടു പാടിക്കുന്നത്.
തോമസ്‌ക്കുട്ടി വീണ്ടും പാടി.
“കായലരികത്ത് വലയെറിഞ്ഞപ്പം വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോ ഒരു നറുക്കിനു ചേർക്കണേ”
ഈ പാട്ടു കേട്ട് ഡെയ്സി മുറ്റത്തേക്കിറങ്ങി നിന്നു.
അപ്പോൾ തോമസ്ക്കുട്ടി ഇങ്ങനെ പാടി.
“യവനസുന്ദരീ സ്വീകരിക്കുമീ
പവിഴമല്ലികപ്പൂവു നീ”
മകന്റെ പാട്ടും ഡെയ്സിയുടെ നിൽപ്പും ശ്രദ്ധിച്ച തോമസ്‌ക്കുട്ടിയുടെ അമ്മ മറിയാമ്മച്ചേടത്തിക്ക് എവിടെയോ ഒരു പന്തികേടു തോന്നി. മൂത്തമകനാണ് തോമസ്‌ക്കുട്ടി. അവൻ പഠിച്ചു മിടുക്കനായി ജോലി കിട്ടിയിട്ടുവേണം താഴെയുള്ള മൂന്നു പെൺമക്കളുടെ കാര്യങ്ങളൊക്കെ നോക്കാൻ.പക്ഷേ, തോമസ്ക്കുട്ടിക്ക് പ്രണയത്തിന്റെ അസുഖമുണ്ട്. സുന്ദരിമാരെ കണ്ടാൽ അല്പനേരം പുറകെ
നടക്കുക, അല്ലറചില്ലറ പ്രണയലേഖനങ്ങളൊക്കെ അയക്കുക, സ്വപ്നജീവിയെപ്പോലെ പാട്ടു പാടുക. അങ്ങനെയാണ് പത്താം ക്ലാസ്സിൽ ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നവൻ പ്രീഡിഗ്രിക്കു തോറ്റത്. അപകടം മണത്തറിഞ്ഞു മറിയാമ്മച്ചേടത്തി മകനെ വിളിച്ചു.
“തോമസ്സുകുട്ടിയേ, പശുവിനെ അഴിച്ചു കെട്ടടാ. ഇല്ലെങ്കിൽ
അപ്പൻ വരുമ്പോ എനിക്ക് കിടക്കപ്പൊറുതിയില്ല. തുറുവിൽനിന്ന് അല്പം കച്ചിയും വലിച്ചിട്ടു കൊടു
ക്ക്.” അമ്മയെ ക്രുദ്ധനായി നോക്കിക്കൊണ്ട് തോമസ്ക്കുട്ടി പശുവിനെ അഴിക്കാൻ പോയി. ഡെയ്സി വീടിനകത്തേക്കും പോയി.
കുരിശുവര കഴിഞ്ഞാണ് തോമസ്‌ക്കുട്ടിയുടെ കുളി. വീടിരിക്കുന്നതിന് രണ്ടുമൂന്നു പറമ്പുകൾക്കകലെയാണ് കിണറ്. കർഷകനായ അപ്പൻ ഏഴുമണിക്കു കുരിശു വരക്കും. എട്ടുമണിക്ക് അത്താഴം കഴിക്കും. ഒൻപതുമണിക്ക് ഉറങ്ങാൻ കിടക്കും. അതൊക്കെ അപ്പന്റെ ചിട്ടയാണ്. കുരിശുവര കഴിഞ്ഞ് തോമസ്ക്കുട്ടി എണ്ണയും തോർത്തുമെടുത്ത് താഴെ കിണറ്റുകരയിലേക്കു പോയി. കിണറ്റിൽ നിന്നുംവെള്ളം കോരി തലയിൽ ഒഴിക്കുമ്പോൾ തോമസ്ക്കുട്ടി വീണ്ടും പാട്ടു തുടങ്ങി.
“മാനസമൈനേ വരൂ മധുരം നുള്ളി തരു
നിന്നരുമപ്പൂവാടിയിൽ തേടുവതാരേ ആരേ
മാനസമൈനേ വരൂ”
പാട്ടു കേട്ട് ഡെയ്സി ജനാലയിലൂടെ കിണറ്റിൻ കരയിലേക്കു നോക്കി. ലൈറ്റും വെട്ടവും ഒന്നും ഇല്ലാതിരുന്നതിനാൽ ആളെ കാണത്തില്ല. പാട്ടു മാത്രം കേൾക്കാം. എങ്കിലും ആ ഗന്ധർവ്വഗാനം തനിക്കുള്ളതാണെന്ന് ഡെയ്സിക്കു തോന്നി.
കുളി കഴിഞ്ഞ് തോർത്തിക്കൊണ്ടിരുന്ന തോമസ്ക്കുട്ടി വീണ്ടും അടുത്ത ഗാനം എടുത്തിട്ടു.
“താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ.
പൂമുഖക്കിളിവാതിൽ അടയ്ക്കുകില്ല
കാമിനീ നിന്നെ ഞാൻ ഉറക്കുകില്ല…”
മുകളിൽ അടുക്കളവാതിൽക്കൽ നിന്ന് മകന്റെ പാട്ടു കേട്ട് അപകടം മണത്ത മറിയാമ്മച്ചേടത്തി “തോമസ്ക്കുട്ടിയേ, വേഗം വാ… വന്നു കഞ്ഞി കുടിക്ക് എനിക്ക് അടുക്കള അടയ്ക്കണം”
മനസ്സില്ലാ മനസ്സോടെ തോമസ്ക്കുട്ടി ഈറൻ തോർത്തും തോളിലിട്ട് വീട്ടിലേക്കു മടങ്ങി. അത്താഴം കഴിഞ്ഞ് ചായ്പ്പിലെ ജനലിലൂടെ നോക്കിനിന്നു കൊണ്ട് വീണ്ടും പാടി:
“ഹൃദയസരസ്സിലെ പ്രണയ
പുഷ്പമേ ഇനിയും നിൻ കഥ പറയു..”.
ജൂൺ മാസമായപ്പോൾ പത്താംക്ലാസ്സ് ജയിച്ച ഡെയ്സി നഗരത്തിലെ വനിതാ കോളേജിൽ ചേർന്ന് ഹോസ്റ്റലിൽ താമസമാക്കി. തോമസ്ക്കുട്ടി പ്രീഡിഗ്രി വീണ്ടും എഴുതി ജയിച്ച് ഡിഗ്രിക്കു ചേർന്നു. കർഷകനായ പിതാവ് പാടുപെട്ടാണ് മകന്റെ കോളേജു ഫീസും
ചെലവുകളും വഹിക്കുന്നത്. സ്വപ്നലോകത്തിലെ തോമസ്ക്കുട്ടിക്ക് അതൊന്നും അത്ര കാര്യമായി തോന്നിയില്ല. അനുരാഗവിവശയായ ഡെയ്സി ചില ആഴ്ചകളിൽ തന്റെ അമ്മവീട്ടിൽ വീണ്ടും എത്തും.അപ്പോഴും തോമസ്ക്കുട്ടി മനോഹരമായ സിനിമാഗാനങ്ങൾ പഠിച്ച് ആലപിക്കും.
“കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും”
ഡെയ്സി വീണ്ടും മുറ്റത്തേക്കിറങ്ങിനിൽക്കും. ആഞ്ഞിലിക്കാ പറിക്കാനെന്ന വ്യാജേന ആഞ്ഞിലി മരത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് തോമസ്ക്കുട്ടി അടുത്ത ഗാനമെടുക്കും
“പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തു വിടർന്നു.
നീലോൽപ്പല മിഴി.. നീലോൽപ്പലമിഴി
നീ മാത്രമെന്തിനുറങ്ങി….”
ഡെയ്സിയുടെ നീലോൽപ്പലമിഴികൾ വിടർന്നു വികസിക്കും. അപ്പോഴായിരിക്കും മറിയാമ്മ ചേടത്തി ഉറക്കെ വിളിക്കുക
“തോമസ്ക്കുട്ടിയേ, പോയി നെല്ലു കുത്തിച്ചോണ്ടു വാടാ. പുഴുങ്ങി ഉണ
ങ്ങിയ നെല്ല് ചാക്കിൽ കെട്ടിവച്ചിട്ട് നേരം കൊറെ ആയി. ആ നാണംകെട്ടവൻ പാട്ടും പാടി നടക്കുകയാ”
മറിയാമ്മച്ചേടത്തി പിറുപിറുത്തു. മുടിഞ്ഞുപോകാൻ ഒരു നെല്ലുകുത്ത് സ്വയം ശപിച്ചുകൊണ്ട് തോമസ്‌ക്കുട്ടി വീട്ടിലേക്കു തിരികെ നടന്നു. ദൂരേന്ന് ഇങ്ങനെ ഓരോന്ന് വിളിച്ചുപറയുമെന്നല്ലാതെ
പ്രായപൂർത്തിയായ മകനോട് ഒന്നും ചോദിക്കാനോ പറയാനോ ആ അമ്മയ്ക്ക് ധൈര്യമില്ല.
വെള്ളിയാഴ്ച വന്ന ഡെയ്സി ഞായറാഴ്ച വൈകുന്നേരം ഹോസ്റ്റലിലേക്ക് തിരികെപ്പോയി. ഓണാവധിക്ക് ഹൈറേഞ്ചിലുള്ള സ്വന്തം വീട്ടിൽ പോകാതെ ഒറ്റയ്ക്കു താമസിക്കുന്ന വല്ല്യമ്മച്ചിക്ക് കൂട്ടെന്നു പറഞ്ഞുകൊണ്ട് ഡെയ്സി അമ്മവീട്ടിലേക്കാണ് പോന്നത്.
ഒരു മുല്ലപ്പൂമാല കോർത്ത് കഴുത്തിൽ ഇട്ടുകൊണ്ട് ഡെയ്സി പകൽ സമയത്ത് പറമ്പിലൂടെ നടക്കും. അപ്പോൾ തോമസ്ക്കുട്ടി മുകളിൽ നിന്നു പാടും..
“ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വയ്ക്കു നീ! നഗ്നപാദയായ് അകത്തുവരൂ.
ചക്രവർത്തിനി എന്നു കേൾക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചമാണ് ഡെയ്സിക്ക്. ശരീരമാകെ കുളിരു കോരുന്നതുപോലെ അവൾക്ക് അനുഭവ
പ്പെടും. ഒരരയന്നം പോലെ അവൾ പറമ്പിലൂടെ നടക്കും.അപ്പോൾ തോമസ്ക്കുട്ടി ഇങ്ങനെ പാടും
“അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി! ശിങ്കാരക്കിളി!
ഇഷ്ടമാണോ?
നിനക്കിഷ്ടമാണോ?
ഇഷ്ടമാണെന്നമട്ടിൽ സിനിമയിൽ ജയഭാരതി നടക്കുന്നതുപോലെ ഒരു നടപ്പാണ് പിന്നെ ഡെയ്സി. പക്ഷേ, ഒരു പൊതുവഴി അവരുടെ വീടുകളെ തമ്മിൽ വേർതിരിക്കുന്നതിനാലും അയൽപക്കത്തെ ചില പെണ്ണുങ്ങൾ ഇതൊക്കെ ശ്രദ്ധിക്കുന്നതിനാലും അടുത്തുപോയി ഇരുന്നു സംസാരി
ക്കാനുള്ള ധൈര്യം ഉണ്ടായില്ല. എങ്കിലും കാണാനും പറയാനും അടങ്ങാത്ത മോഹം.
തോമസ്ക്കുട്ടി ചങ്കു തകർന്നു പാടി
“പൂന്തേനരുവീ
പൊൻമുടിപ്പുഴയുടെയനുജത്തീ
നമുക്കൊരേ പ്രായം.
നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം!
ദയനീയമായി ആ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ദീർഘനിശ്വാസങ്ങൾ തീവ്രതയോടെ പ്രവഹിച്ചു. അന്ന് സന്ധ്യയ്ക്ക് കിണറ്റിൻ കരയിൽ നിന്ന് വെള്ളം കോരി തലയിൽ ഒഴിച്ചുകൊണ്ട് അനുരാഗവിവശനായി ഇങ്ങനെ പാടി
“സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗസീമകൾ ഉമ്മവയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലിക ശൈലിയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ ഇന്നുമീവർണശാലയിൽ”
ഇത്തവണ മറിയാമ്മച്ചേടത്തി ഇറങ്ങിവന്ന് തോമസ്ക്കുട്ടിയെ ശകാരിച്ചു: “എടാ! കേറിവരുന്നുണ്ടോ. അപ്പനിതുവല്ലോം അറിഞ്ഞാൽ നിന്നെ കൊന്നുകളയും. നാലഞ്ച് അക്ഷരം പഠിച്ച് രക്ഷപ്പെടാനുള്ളതിന് അവൻ സ്വർണ്ണച്ചാമരം വീശി നടക്കുവാ.
“മിണ്ടാതിരി തള്ളേ!”
പിറുപിറുത്തുകൊണ്ട് തോമസ്ക്കുട്ടി വേഗം വീട്ടിലേക്കു നടന്നു. ഇഷ്ട
പ്പെടാത്തവനെപ്പോലെ ഉപ്പുമാങ്ങാ ശക്തിയോടെ പിഴിഞ്ഞ് കഞ്ഞിയും കുടിച്ച് തോമസ്ക്കുട്ടി പഠിക്കാനായി തന്റെ ചായ്പ്പിലേക്കു പോയി. കതകു വലിച്ചടച്ചു. മറിയാമ്മച്ചേടത്തി കിടക്കാറായപ്പോൾ
മുറിയിലേക്കു ശ്രദ്ധിച്ചു. റാന്തൽ വിളക്കിന്റെ വെട്ടമുണ്ട്. ഇനി കുഴപ്പമില്ല. പഠിച്ചോളും!
കുരിശു വരച്ച് സ്വയം ആശ്വസിച്ച് മറിയാമ്മ ചേടത്തി ഉറങ്ങാൻ കിടന്നു. ഒരുറക്കം കഴിഞ്ഞ് മറിയാമ്മച്ചേടത്തിക്ക് ഒരു സംശയം. ചെറുക്കൻ അകത്തില്ലേ?
ഇടക്കതക് തുറന്ന് മറിയാമ്മച്ചേടത്തി പതുക്കെ നോക്കിയപ്പോൾ വിളക്കു കത്തുന്നുണ്ട്. ചെറുക്കൻ അകത്തില്ല. മറിയാമ്മച്ചേടത്തി അകത്തു കടന്നു നോക്കിയപ്പോൾ തിണ്ണയിലേക്കുള്ള കതക് ചാരിയിട്ടിരിക്കുന്നു. ചെറുക്കൻ അകത്തില്ല. മറിയാമ്മച്ചേടത്തിയുടെ
ഉള്ളിലൂടെ പലവിചാരങ്ങൾ കടന്നുപോയി. ഭയപ്പെട്ട് അകത്തേക്കോടിയ മറിയാമ്മച്ചേടത്തി അപ്പന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു. ചാടിയെഴുന്നേറ്റ് അപ്പൻ മുണ്ടും മടക്കിക്കുത്തി പുറത്തേക്കൊരു നടപ്പാണ്.
കന്നുകാലിക്കൂട്ടിൽനിന്നും കാളകളെ തല്ലുന്ന ചാട്ട വലിച്ചെടുത്തു. പരിഭ്രാന്തനായ ഒരു പിതാവിനെപ്പോലെ അയാൾ താഴേക്ക് ഒറ്റ നടപ്പാണ്. കിണറ്റിൻകരയിലൂടെ റോഡ് കുറുകെ കടന്ന് അയാൾ അയൽവീട്ടിലെത്തി. വീടിന്റെ മുമ്പിലുള്ള മാവിൻ ചുവട്ടിൽ രണ്ടുപേർ. സൂക്ഷിച്ചുനോക്കിയപ്പോൾ തോമസ്ക്കുട്ടിയും ഡെയ്സിയും ആലിംഗനബന്ധരായി മാവിൻ ചുവട്ടിൽ ചാരിയിരിക്കുന്നു.
“എടാഎരണം കെട്ടവനേ!” അയാൾ അലറി.
ഭയപ്പെട്ട ഡെയ്സി ജീവനും കൊണ്ടാടി. ഓടാൻ ശ്രമിച്ച തോമസ്ക്കുട്ടിയെ അയാൾ ചാട്ടകൊണ്ടടിച്ചു. തുടയുടെ പിൻഭാഗത്ത് അടികൊണ്ട് ചോര കിനിഞ്ഞു.
അടികൊണ്ടോടിയ തോമസ്ക്കുട്ടി വീട്ടിൽ ചായ്പ്പിനകത്തു കയറി കതകടച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അപ്പനും കട്ടിലിൽ കയറി കിടന്നു. രണ്ടുമൂന്നുദിവസത്തേക്ക് ആ വീട്ടിൽ ആരും ഒന്നും സംസാരിച്ചതേയില്ല. തന്റെ തുടയിലെ അടിയുടെ ചോരപ്പാടുകൾ ഇളയ സഹോദരങ്ങൾ കാണാതിരിക്കാൻ തോമസ്ക്കുട്ടി രണ്ടുമൂന്നു ദിവസത്തേക്ക് മുണ്ടുമടക്കിക്കുത്തിയില്ല. പിറ്റേന്നുതന്നെ ഡെയ്സി ഹൈറേഞ്ചിലേക്കു മടങ്ങി. രണ്ടു ദിനങ്ങൾ കഴിഞ്ഞപ്പോൾ തോമസ്ക്കുട്ടി സമനില വീണ്ടെടുത്തു. കിണറ്റിൻകരയിൽ നിന്ന് വീണ്ടും പാടി
“ഓ…ഓ…ഓ…
കാറ്റടിച്ചു കാറ്റടിച്ചു കൊടുംകാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലിൻ
അക്കരയോ
ഇക്കരയോ….”
ഡെയ്സി പ്രീഡിഗ്രി പഠനം കഴിഞ്ഞു. പ്രായത്തിൽ കവിഞ്ഞ വളർച്ചയും പെട്ടെന്ന് അനുരാഗവൈവശ്യം പ്രകടിപ്പിക്കുന്ന ശീലവും ഉണ്ടായിരുന്നതിനാൽ പപ്പായും മമ്മിയും അവളെ കെട്ടിച്ചയയ്ക്കാൻ തീരുമാനിച്ചു. അടിമാലിയിൽ ജൂവലറി നടത്തുന്ന ഒരു ചെറുപ്പക്കാരനുമായി കല്ല്യാണം ഉറപ്പിച്ചു. കല്ല്യാണം വിളിക്കുവാൻ പപ്പായുടെയും മമ്മിയുടെ കൂടെ ഡെയ്‌സിയും തോമസ്ക്കുട്ടിയുടെ വീട്ടിലെത്തി.
അടച്ചിട്ട ചായ്പ്പിലിരുന്ന തോമസ്ക്കുട്ടി അവരുടെ സംസാരം കേട്ടുകൊണ്ടാണിരുന്നത്. ഒന്നും സംഭവിക്കാത്തതുപോലെ കല്ല്യാണം വിളിച്ച് അവർ യാത്രയായി. അന്ന് ആ കുടുംബം വല്ല്യമ്മയുടെ വീട്ടിൽ തന്നെയാണ് താമസിച്ചത്. നാട്ടിൽ അവർക്ക് പിറ്റേ ദിവസവും കല്ല്യാണം വിളിക്കാനുണ്ട്.
അന്നു രാത്രിയിലും കിണറ്റിൻ കരയിൽ നിന്നുകൊണ്ട് തോമസ്ക്കുട്ടി ദയനീയമായി പാടി.
“കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ.
മറക്കുവാൻ പറയുവാനെന്തെളുപ്പം
മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം
കരയുന്നോ പുഴ ചിരിക്കുന്നോ”
പാട്ടു കേട്ട് മറിയാമ്മച്ചേടത്തിക്ക് സങ്കടം തോന്നി. അവർ അവനെ വിളിച്ചില്ല. അവൻ പാടട്ടെ.
പാടി ആശ്വസിക്കട്ടെ. അവനതിനുള്ള വിധിയില്ല.
അപ്പോൾ തോമസ്ക്കുട്ടി അടുത്ത പാട്ടു തുടങ്ങി.
“സന്യാസിനി ഓ… ഓ… ഓ……..
നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്പമായ് വന്നു.
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു.
നിന്റെ ദുഃഖാർദ്രമാം മോഹാശ്രുധാരയിൽ
എന്റെ സ്വപ്നങ്ങൾ അലിഞ്ഞു
സഗദ്ഗതം എന്റെ മോഹങ്ങൾ മരിച്ചു.
മറിയാമ്മച്ചേടത്തി പാട്ടു കേട്ട് വീണ്ടും സങ്കടപ്പെട്ടു നിന്നപ്പോൾ പുറകിലൊരു കാൽപ്പെരുമാറ്റം.
അപ്പൻ !!!!
ഞെട്ടിത്തെറിച്ച മറിയാമ്മച്ചേടത്തി ഭയപ്പെട്ടെങ്കിലും അയാൾ ശാന്തനായി മറിയാമ്മച്ചേട്ടത്തിയുടെ ചുമലിൽ പിടിച്ചു. സമ്മിശ്രവികാരങ്ങളോടെ ആ വൃദ്ധദമ്പതികൾ അടുത്ത പാട്ടു കേട്ടുനിന്നു
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പു തരൂ! എനിക്ക് മാപ്പു തരൂ!
പാട്ടു നിർത്തി തോമസ്ക്കുട്ടി നോക്കുമ്പോൾ അപ്പനും അമ്മയും കയ്യാലയിൽ നിൽക്കുന്നു.
അവർ മകനെ ചേർത്തുപിടിച്ച് വീട്ടിലേക്കു കൊണ്ടുപോയി.
“വിധിയാണെന്നോർത്താൽ മതി മോനേ.
മറിയാമ്മച്ചേടത്തി പറഞ്ഞു. പഠിച്ച് മിടുക്കനായിട്ട് നീ ഒരു ജോലി മേടിക്കടാ. പെണ്ണുങ്ങൾ പുറകേവരും” തോമസ്ക്കുട്ടിക്ക്
അപ്പോൾ അതൊന്നും മനസ്സിലായില്ല.
