1983 (കഥ -സരിത സുഗുണൻ)

sponsored advertisements

sponsored advertisements

sponsored advertisements


22 February 2023

1983 (കഥ -സരിത സുഗുണൻ)

സരിത സുഗുണൻ

“ഇന്നെങ്കിലും ഒരുമ്മ തരുമോ?”

കോളേജ് ക്യാമ്പസിലെ ഒഴിഞ്ഞ കോണിൽ ചെമ്പകമരത്തിനോട് ചേർന്നുള്ള സിമന്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു അവർ. എതിരാളിക്ക് പിടികൊടുക്കാതെ വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറുന്ന ഗുസ്തിക്കാരിയെപ്പോലെ, ‘ഉമ്മ തരുമോ?’ എന്ന അവന്റെ ചോദ്യത്തിൽ നിന്ന് ഒരുപാട് തവണ അവൾ ഒഴിഞ്ഞു മാറിയിട്ടുണ്ട്. പതിവ് പോലെ, ചോദ്യത്തിന് അപേക്ഷയെക്കാളും അക്ഷമയുടെ ടോൺ ആയിരുന്നു. അവന്റെ മുഖത്തും അത് തെളിഞ്ഞു കണ്ടു. തന്റെ അവകാശമാണ് ചോദിക്കുന്നതെന്ന മട്ടാണവന്!

“ഇന്നൊരുമ്മ തന്നാൽ ഇനിയും ചോദിക്കില്ലെന്നുറപ്പ് തരാമോ?” അവൾ ചോദിച്ചു.

“ഉറപ്പ്‌”, അവന്റെ മുഖത്ത് യുദ്ധം ജയിച്ച സന്തോഷം.

സത്യത്തിൽ അവനിത് ഒരുമ്മയുടെ കുളിരിനേക്കാൾ, കൂട്ടുകാരോട് ആജീവനാന്തം വീമ്പ് പറയാനുള്ള ഒരു വിജയമാണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും ഇതോട് കൂടി ഈ ചോദ്യം നിൽക്കുമെന്ന പ്രതീക്ഷയും അതിന്റെ പേരിലുള്ള മുഖം വീർപ്പിക്കൽ കാണണ്ടല്ലോ എന്ന വിചാരവും കൊണ്ടാണ് മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചത്.

ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തി, കണ്ണുകൾ ഇറുകെ അടച്ച് അവന്റെ കവിളിലൊരുമ്മ കൊടുത്ത അതേ നിമിഷത്തിൽ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ മറ്റൊരു മുഖം അവളുടെ അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു വന്നു.

കണ്ണ് തുറന്ന് അവന്റെ മുഖത്തേക്കൊന്ന് നോക്കിയെന്ന് വരുത്തി, ‘ഞാൻ പോകുന്നു’ എന്നു മാത്രം പറഞ്ഞുകൊണ്ടവൾ ബസ്സ്റ്റോപ്പിലേക്ക് നടന്നു. പുറകിൽ അവന്റെ വിളികേട്ടതും അവൾ നടത്തത്തിന്റെ വേഗത കൂട്ടി.

ആദ്യചുംബനത്തിന്റെ ആത്മഹർഷം പോയിട്ട് ഒരുതരം വരണ്ട തണുപ്പല്ലാതെ വേറൊന്നും അവൾക്കന്നേരം തോന്നിയില്ല. വേണ്ടാത്തതെന്തോ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ അവൾ തന്റെ ചുണ്ടുകൾ അമർത്തി തുടച്ചു കൊണ്ടേയിരുന്നു. മനഃപൂർവ്വം മറവിയുടെ ആഴങ്ങളിൽ കുഴിച്ചിട്ട ആ മുഖമെന്തേ പെട്ടെന്നിങ്ങനെ ഓർമ്മ വരാനെന്നോർക്കുന്നതിനൊപ്പം തന്നെ, ആ ചുണ്ടുകളിൽ ഒരുമ്മ കൊടുക്കണമെന്ന കലശലായ മോഹവും ഉള്ളിൽ ഉണരുന്നത് അവളറിഞ്ഞു.

******

‘നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എന്റെ നെഞ്ചിലേ’

പാട്ടിന്റെ താളം തീയേറ്ററിനുള്ളിൽ മുഴുവൻ ആവേശം നിറച്ചു കൊണ്ടിരിക്കേ, കപിൽ ദേവും ടീമും ലോകകപ്പ് ഉയർത്തുന്നത് നേരിൽ കണ്ടത് പോലെ അവൾക്ക് തോന്നി. രമേശന്റെയും കൂട്ടുകാരുടെയും കൂടെ ഒരു മടല് ബാറ്റുമായി അവളും ക്രിക്കറ്റ്‌ കളിക്കാനിറങ്ങി. പണ്ട് പറമ്പിൽ ക്രിക്കറ്റ്‌ കളിക്കുമ്പോൾ മിഡിൽ സ്റ്റമ്പ് തെറിച്ചാലും ഔട്ടാവാൻ സമ്മതിക്കാത്തത് കൊണ്ട് സ്ഥിരം ഫീൽഡറായി മാറിയതൊക്കെ ഓർത്ത് നൊസ്റ്റാൾജിയയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ്, യൂണിഫോമിട്ട് രണ്ടായിപ്പിന്നിയിട്ട മുടിയുമായി നായിക മഞ്ജുളയുടെ വരവ്. മഞ്ജുളക്ക് തന്റെ മുഖമാണെന്നവൾക്ക് തോന്നി. സ്കൂളും ക്ലാസ്സ്‌മുറിയുടെ ജനാലയും ഇടവേളകളിലെ ഒളിച്ചു കടത്തിയ നോട്ടങ്ങളും… രമേശന്റെ സൈക്കിളും ഉരുട്ടി ആ മുഖം വീണ്ടും അവളുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു; വർഷങ്ങൾക്ക് മുൻപാ ചുംബനത്തിനിടയിൽ തെളിഞ്ഞു വന്ന അതേ മുഖം. നെട്ടോട്ടമോടിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് റിവേഴ്‌സെടുത്ത് പഴയ സ്കൂൾ മുറ്റത്ത് പോയി സഡൻ ബ്രേക്കിട്ട് നിന്ന പോലെ ആയിരുന്നു സിനിമ തീരുന്നത് വരെ.

വീട്ടിൽ വന്ന് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴാണ് ‘ആണുങ്ങൾക്ക് മാത്രം നൊസ്റ്റാൾജിയ മതിയോ?കളി ക്രിക്കറ്റ്‌ ആയത് കൊണ്ട് പെണ്ണുങ്ങൾക്കെന്ത് നൊസ്റ്റാൾജിയ’ എന്ന് 1983 സിനിമ കണ്ട് കുണ്ഠിതപ്പെട്ട ‘പ്രശസ്ത’ നിരൂപകനോടൊരു വാക്ക് ചോദിക്കാമെന്ന് കരുതി അവൾ ഫേസ്ബുക്ക് തുറന്നത്. ആദ്യം കാണുന്നത് സുഹൃത്ത് കമന്റിട്ട ഒരു പ്രൊഫൈൽ ഫോട്ടോയാണ്. ഫോട്ടോയിലെ മുഖം എവിടെയോ കണ്ട് മറന്നത് പോലെ. സൂക്ഷിച്ചു നോക്കിയപ്പോൾ കഴിഞ്ഞ കുറേ മണിക്കൂറുകളായി മായാതെ മനസ്സിൽ നിൽക്കുന്ന ആ മുഖത്തോട് നല്ല സാമ്യമുണ്ടെന്നു തോന്നി. കട്ടി മീശക്ക് താഴെ വർഷങ്ങൾക്ക് മുൻപ് കണ്ട മുഖം ഒളിച്ചിരിക്കുന്നുണ്ട്. പേര് നോക്കി ഉറപ്പിച്ചു ആളതുതന്നെയെന്ന്. ‘Epitome of coincidence’ എന്നവൾക്ക് തോന്നി.

ആന്റിബയോട്ടിക്‌സ് കഴിക്കുന്നത് പോലെ കൃത്യമായ ഇടവേളകളിൽ അവന്റെ പ്രൊഫൈലിൽ കയറി അരിച്ചു പെറുക്കുന്നതൊരു ശീലമാക്കിയിട്ടും പിന്നെയും നാളുകൾ കഴിഞ്ഞാണ് ഒരു മെസ്സേജ് അയക്കാനുള്ള ധൈര്യം അവൾക്കുണ്ടായത്.

പല മെസ്സേജുകളും ടൈപ്പ് ചെയ്തും മായ്ച്ചും അവസാനം ‘ഹലോ, ഓർമ്മയുണ്ടോ? സുഖമല്ലേ?’ എന്നൊരു മെസ്സേജ് അയച്ചു

തന്നെ ഓർമ്മയുണ്ടാകുമോ, മറുപടി അയക്കുമോ, ഒരു വാക്ക് പോലും പറയാതെ പിരിഞ്ഞതിൽ പിണക്കമോ ദേഷ്യമോ ആയിരിക്കുമോ എന്നൊക്കെ ആലോചിച്ച് എപ്പോഴോ അവളുറങ്ങി. രാവിലെ നോട്ടിഫിക്കേഷൻ കണ്ട് നെഞ്ചിടിപ്പോടെയാണ് മെസ്സേജ് തുറന്നു നോക്കിയത്.

‘ആദ്യത്തെ പ്രണയവും പ്രണയിനിയേയും അങ്ങനെയങ്ങ് മറക്കാനൊക്കുമോ?’ എന്ന മറുപടി എത്ര തവണ വായിച്ചുവെന്ന് അവൾക്ക് തന്നെ നിശ്ചയം പോരാ.

‘ഇപ്പോൾ എവിടെയാണ്?’, ‘എന്ത് ചെയ്യുന്നു?’ തുടങ്ങിയ ചോദ്യങ്ങളൊക്കെയായി കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വർഷങ്ങളുടെ വിടവില്ലാതാകുന്നത് പോലെ അവൾക്ക് തോന്നി.

“പ്രതീക്ഷിക്കാതെ നിന്റെ മെസ്സേജ് കണ്ടപ്പോൾ ഒരു മിന്നലേറ്റ പോലെ ആയിരുന്നു കേട്ടോ.”

അവളുടെ മനസ്സിലും മുഖത്തും വിരിഞ്ഞ ചിരി ഒരുപാട് സ്മൈലികളായി ചാറ്റ് വിൻഡോയിലും നിറഞ്ഞു.

ഇടയ്ക്ക് കുശലം ചോദിക്കുന്നതും പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ചിരിക്കുന്നതും പിന്നെയൊരു പതിവായി. അങ്ങനെയൊരു ദിവസം, പണ്ടേ മനസ്സിലുണ്ടായിരുന്ന ആ ചോദ്യമവൾ മടിച്ചാണെങ്കിലും ചോദിച്ചു.

“അന്ന് ശരിക്കും എന്നോട് സ്നേഹമുണ്ടായിരുന്നോ?”

“അതെന്തേ ഇപ്പോ അങ്ങനെ ചോദിക്കാൻ? എനിക്കിപ്പോഴും നിന്നോട് സ്നേഹം തന്നെ.”

ഇത്തവണ മിന്നലേറ്റത് അവൾക്കായിരുന്നു. പണ്ട് ഈ ചോദ്യത്തിന് ഇല്ല എന്ന് സ്വയം ഉത്തരം കണ്ടെത്തി ഒന്നും പറയാതെ പിരിഞ്ഞതോർത്ത് അവൾക്ക് കരച്ചിൽ വന്നു.

“അന്നങ്ങനെ ഞാൻ ഒന്നും പറയാതെ പിരിഞ്ഞതിന് എന്നോട് ദേഷ്യം തോന്നിയിട്ടില്ലേ?”

“ഏയ്‌, ഒരിക്കലുമില്ല. വീണ്ടും ആ സ്കൂൾ മുറ്റത്തേക്ക് ഒരിക്കൽക്കൂടിയൊന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്നിടക്ക് തോന്നാറുണ്ട്. ഒരു ടൈം മെഷീൻ…”

“1983 കണ്ടിരുന്നോ?”, പെട്ടെന്നവൾ ചോദിച്ചു.

“ഇല്ല. 1942 A Love Story കണ്ടിട്ടുണ്ട്. അത് മതിയോ?”

“അത് പോരാ…ഒരു ടൈം മെഷീൻ കിട്ടാൻ വകുപ്പുണ്ടോ എന്ന് ഞാനൊന്ന് നോക്കട്ടെ…”

അവളപ്പോൾത്തന്നെ ആമസോണിൽ നിന്ന് 1983യുടെ ഒരു ഡിവിഡി ഓർഡർ ചെയ്ത്, മനഃപാഠമായിരുന്ന അഡ്രസ്സിലേക്ക് ഷിപ്പിങ് കൊടുത്തു ചാറ്റ് വിൻഡോയിലേക്ക് തിരിച്ചു വന്നപ്പോൾ ‘ടൈം മെഷീനൊക്കെ നമ്മൾ തന്നെ കണ്ടുപിടിക്കേണ്ടി വരും’ എന്ന അവന്റെ മെസ്സേജാണ് കണ്ടത്. മറുപടി തിരിച്ചൊരു സ്മൈലിയിൽ ഒതുക്കി അവൾ മനസ്സ് നിറഞ്ഞു ചിരിച്ചു.

സരിത സുഗുണൻ