ഷാജു കുളത്തുവയൽ
നഗരത്തിലെ അറിയപ്പെടുന്ന ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഒരു വെറും പുറം പണിക്കാരനും തൂപ്പുകാരനുമായിരുന്നു അയാൾ . റോഡിനോടു ചേർന്നുള്ള പ്രധാന കവാടം കടന്ന് ഏകദേശം ഒരു നൂറുനൂറ്റമ്പത് മീറ്റർ നടന്നാൽ അടുത്ത കവാടമായി അത് കടന്ന് പിന്നെയും കുറച്ച് നടന്ന് വേണം കോളേജിലേക്ക് എത്താൻ . രണ്ടാമത്തെ കവാടം കടക്കുന്നതിനു മുൻപായി വലത്തോട്ട് തിരിഞ്ഞാൽ വിശാലമായ സ്ഥലവും ഇൻഡോർ ബാറ്റ്മിന്റൻ കോർട്ടുകളും ഫുട്ബോൾ ടർഫും നീന്തൽക്കുളവും ജിമ്മും അടങ്ങുന്ന സ്പോർട്ട്സ് കോംപ്ലക്സും സ്ഥിതി ചെയ്യുന്നു. സത്യത്തിൽ പറയാൻ വന്ന കാര്യം ഇതല്ല പറഞ്ഞ് വന്നപ്പോൾ സാന്ദർഭികമായി ഇത്രയും സൂചിപ്പിച്ചു എന്ന് മാത്രം. നമുക്ക് മടങ്ങിവരാം ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് കവാടങ്ങൾ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ അതിൽ ആദ്യത്തെ കവാടം കടന്നാൽ നടുവിലായി പുൽത്തകിടിയും ഇടവിട്ട് പൂക്കളുള്ള ചെടികളും മനോഹരമായി നട്ടുപിടിപ്പിച്ച് പാത രണ്ടായി തിരിച്ചിരിക്കുകയാണ്. പാതക്ക് പലതുവശത്തായി നിരനിരയായി ചെറിയ ഇലകളുള്ള വലിയ മരങ്ങൾ രണ്ടാമത്തെ കവാടം വരെ തലയെടുപ്പോടെ നിൽക്കുന്നു. ആ പാത ദിവസവും കാലത്ത് വൃത്തിയാക്കുക എന്നതായിരുന്നു ആദ്യമേ സൂചിപ്പിച്ച തൂപ്പുകാരന്റെ പ്രധാന ജോലി. ദിവസവും രാവിലെ ബാറ്റ്മിന്റൻ കോർട്ടിലേക്ക് പോകുന്ന ഞാൻ പലപ്പോഴും വണ്ടി ഓടിക്കുന്നതിനിടയിൽ കൈ ഉയർത്തി അയാളെ അഭിവാദ്യം ചെയ്യാൻ മടിക്കാറില്ല അതുകണ്ടാൽ അയാൾ പ്രത്യഭിവാദമെന്നോണം തല ഉയർത്തി ഒന്ന് ചിരിക്കും .പലപ്പോഴും തലേദിവസം ജീവിതം അവസാനിപ്പിച്ച് മരത്തിൽ നിന്നും വേർപിരിഞ്ഞ് നിലത്ത് വീണു കിടക്കുന്ന കുഞ്ഞിലകൾ കുനിഞ്ഞുനിന്ന് അടിച്ചുകൂട്ടി വാരിയെടുത്ത് ചാക്കിലാക്കുന്ന തിരക്കിലായിരിക്കും അയാൾ. അത് തീർത്തിട്ട് വേറെയും ജോലികൾ ഉള്ളതാണ്. അയാൾ ആ മരങ്ങളെയും അതിൽ നിന്നും കൊഴിഞ്ഞ് വീഴുന്ന ഇലകളേയും ഉള്ളിൽ വെറുക്കുന്നുണ്ടാവും മാത്രമല്ല ശപിക്കുന്നുണ്ടാവും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം അത്രയും വിശാലമായ വീഥിയിൽ നിന്നും വളരെ കുഞ്ഞിലകളെ അടിച്ച് വാരി അവിടം വൃത്തിയാക്കുകയെന്നത് കാഴ്ചയിൽ എളുപ്പമെങ്കിലും വലിയ ശ്രമകരമായ ജോലിതന്നെയാണ്. കുനിഞ്ഞ് നിന്ന് നിന്ന് നടു ഒരു പരിവത്തിലാകും. ഈ അവസ്ഥ ജീവിത പ്രാരാപ്തങ്ങളേക്കാൾ വലുതല്ലാത്തതിനാൽ അത് കാര്യമാക്കേണ്ടതില്ലെന്ന് അയാൾക്ക് തോന്നിക്കാണും !. ആരോ കുറേ നാളുകൾക്ക് മുൻപ് ആ മരതൈകൾ അവിടെ വച്ചുപിടിപ്പിക്കുകയും പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന ആ മരങ്ങൾ അവിടെ ഉണ്ടാവുകയുമില്ല ദിവസവും ഇലകൾ വീണ് വഴി വൃത്തികേടാകുകയുമില്ലായിരുന്നു. അയാൾക്ക് എന്നും കാലത്ത് ഇങ്ങനെ ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ലായിരുന്നു. ചിലപ്പോൾ മരം വച്ചു പിടിപ്പിച്ചവനേയും അയാൾ പ്രാകുന്നുണ്ടാവാം.ഇവിടെ മറ്റൊരു ചിന്ത എന്നിലുണർന്നു . ഇന്ന് ആ മരങ്ങൾ അവിടെ വച്ച് പിടിപ്പിക്കാൻ നന്മനസ്സു കാണിച്ചില്ലായിരുന്നെങ്കിൽ ഇന്ന് അവ ഇലകൾ വിരിച്ച് നിന്നില്ലായിരുന്നെങ്കിൽ എത്രയോ കുട്ടികൾക്ക് തണൽ നഷ്ടപ്പെടുമായിരുന്നു അയാൾക്ക് അയാളുടെ ജീവിതമാർഗ്ഗമായ ജോലിതന്നെ ഇല്ലാതെ പോയേനെ!!
നഷ്ടപ്പെട്ടു പോകുമായിരുന്ന ആ തണലിനും ജീവിതത്തെതന്നെ നട്ടുവളർത്തുന്ന അയാളുടെ ജോലിക്കും നമ്മൾ ഇന്നെന്തു വിലയിടും ?! കരിയിലകളുടെ വിലയോ, ശാപവാക്കുകളോ, അതോ …..?!!! അതേക്കുറിച്ചോർത്താൽ പിന്നീടൊരിക്കലുമയാൾ ആ ജോലിയെ വെറുക്കില്ലായെന്നും ഇനിയുള്ള കാലം മുഴുവൻ ഇഷ്ടത്തോടെ ആസ്വദിച്ച് അയാൾ തന്റെ ജോലി ചെയ്യുമെന്നും എന്റെ മനസ്സ് എന്നോട് പറയുന്നുണ്ടായിരുന്നു .
ഷാജു കുളത്തുവയൽ