BREAKING NEWS

Chicago
CHICAGO, US
4°C

ഡയമണ്ട് നെക്ലൈസ് (കഥ -താരാ കുര്യൻ )

sponsored advertisements

sponsored advertisements

sponsored advertisements

10 March 2022

ഡയമണ്ട് നെക്ലൈസ് (കഥ -താരാ കുര്യൻ )

“ നാളെ നമ്മുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികമാണ്” സാലി പറഞ്ഞു. സാബുവും സാലിയും- ഒത്തിരി സന്തോഷങ്ങളും, ഇത്തിരി സങ്കടങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം നിറഞ്ഞതായിരുന്നു അവരുടെ വിവാഹ ജീവിതം. ഹൈറേഞ്ചിലെ ആ കൊച്ചു പട്ടണത്തിലെ തിരക്കുള്ള ഒരു ബിസിനസുകാരനാണ് സാബു.
“ നാളെ എന്താ പരിപാടി?”പുതുതായി വാങ്ങിയ സ്വിഫ്റ്റ് ഡിസയർ കാറിൻറെ ഡോർ തുറന്നു കൊണ്ട് സാബു ചോദിച്ചു. ആറുമാസം മുമ്പ് ബുക്ക് ചെയ്ത വെള്ള
സ്വിഫ്റ്റ് കാർ കഴിഞ്ഞ ആഴ്ച കിട്ടിയതേ ഉള്ളൂ.
“:നാളെ നമുക്ക് ഒന്ന് ഷോപ്പിങ്ങിന് പോയാലോ?” അല്പം ശബ്ദം താഴ്ത്തി സാലി ചോദിച്ചു.”എനിക്ക് നമ്മുടെ ആനിവേഴ്സറിക്ക് ഒരു ഡയമണ്ട് നെക്‌ലേസ് വാങ്ങി തരാമോ?”
“അത് ശരി അപ്പോൾ പള്ളിയിൽ പോകേണ്ടേ? പെണ്ണിന് ഷോപ്പിംഗ് എന്ന ഒറ്റ ചിന്തയേ ഉള്ളൂ” സാബു അല്പം തമാശയായി പറഞ്ഞു.

അന്ന് രാത്രി അവൾക്ക് തീരെ ഉറങ്ങാൻ സാധിച്ചില്ല. ഷോപ്പിങ്ങിനെ കുറിച്ചും പിറ്റേന്ന് വാങ്ങാൻ പോകുന്ന നെക്‌ലേസ് നെ കുറിച്ചും ഉള്ള ചിന്തയിലായിരുന്നു അവൾ. പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ അവൾ എഴുന്നേറ്റു. ഇടവക പള്ളിയിൽ കുർബാന കൂടിയിട്ട് അവർ ഷോപ്പിങ്ങിനായി അകലെയുള്ള നഗരത്തിലേക്ക് യാത്ര തിരിച്ചു
ഒരു മണിക്കൂർ വേണം അവിടെ എത്താൻ. കൂടെ അമ്മയെയും അവർ കൂട്ടി. സാലി തന്നെ കൈകൊണ്ട് കൊണ്ട് തുന്നിയ ഷാഡോ വർക്ക് ചെയ്ത ചുവന്ന പൂക്കളുള്ള ഒരു ഗ്രേ കളർ ഓർഗൺഡി സാരിയാണ് അമ്മ ഉടുത്തിരുന്നത്.
“ അമ്മയുടെ സാരിയും വണ്ടിയുടെ സീറ്റും മാച്ചിംഗ് ആണല്ലോ” സാബു പുറകിലിരുന്ന അമ്മയെ നോക്കി പറഞ്ഞു.
“മക്കൾ എന്തിയേടീ?“ അമ്മ ചോദിച്ചു.
“ അവർക്ക് പഠിക്കാൻ ഉണ്ട് അമ്മേ. അല്ലെങ്കിലും കോളേജിൽ കയറിയതിനുശേഷം ഫ്രണ്ട്സിൻറെ കൂടെ പോകാനാണ് അവർക്കിഷ്ടം” അല്പം പരിഭവത്തോടെ സാലി പറഞ്ഞു. രണ്ട് ആൺമക്കളാണ് അവർക്ക്.

25 വർഷം മുമ്പ് നടന്ന വിവാഹ ദിവസത്തിൻറെ ഓർമ്മകൾ പുതുക്കി ചിരിച്ചും തമാശകൾ പറഞ്ഞു കൊണ്ടും അവർ യാത്ര തുടർന്നു. നഗരത്തിലേക്കുള്ള വഴിയിലൊരു പുതിയ ബൈപാസ് ഉണ്ട്. അവിടെ എത്തിയപ്പോൾ സാബു വണ്ടി അങ്ങോട്ട് തിരിച്ചു. “ഇതിലെ പോയാൽ വേഗം എത്താം” സാബു പറഞ്ഞു. കുറച്ചു മുൻപോട്ടു പോയപ്പോൾ അകലെയായി അവർ ആ കാഴ്ച കണ്ടു. റോഡിനു നടുവിൽ ഒരു കണ്ടെയ്നർ ലോറി കിടക്കുന്നു. സാബു സൂക്ഷിച്ചുനോക്കി. ആ ലോറിയുടെ അടിയിൽ ഒരു യുവതി കിടക്കുന്നു അടുത്ത് ഒരു ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കാണാം. തൊട്ടടുത്തായി ഇരിക്കുന്ന ഒരു യുവാവിനെയും. അവിടെ ഓടിക്കൂടിയ ആളുകൾ വരുന്ന വാഹനങ്ങൾ നിർത്തുന്നതിനായി കൈ കാണിക്കുന്നുണ്ട്. ആരും നിർത്തുന്നില്ല. സാബു വലതുകാൽ ആക്സിലറേറ്ററിൽ നിന്നും എടുത്ത് ബ്രേക്കിൽ അമർത്തി ചവിട്ടി. റോഡിൽ ചെറിയ പാടുകൾ വീഴ്ത്തി ടയറുകൾ ഉരഞ്ഞ് വണ്ടി നിന്നു.
ആരോ രണ്ടുപേർ യുവതിയെ കോരിയെടുത്ത് അവരുടെ കാറിനുനേരെ അതിവേഗത്തിൽ വന്നു. അമ്മ പെട്ടെന്ന് പുറത്തിറങ്ങി സാലിയുടെ കൂടെ മുൻസീറ്റിൽ ഒതുങ്ങിയിരുന്നു. വന്നവർ പുറകിലത്തെ സീറ്റിൽ ഇരുന്ന് യുവതിയെ മടിയിൽ കിടത്തി. വെളുത്തു മെല്ലിച്ച യുവതിയുടെ വലതുകാലിൽ ലോറിയുടെ ടയർ കയറി ഇറങ്ങി എന്നു തോന്നുന്നു. കാലിൽ നിന്ന് രക്തം വാർന്നു കൊണ്ടിരിക്കുന്നു. യുവതിയുടെ പട്ടുസാരി രക്തത്തിൽ നനഞ്ഞു കുതിർന്നിരിക്കുന്നു.
പു തു മണവാളനും മണവാട്ടിയും ആണെന്നാണ് തോന്നുന്നത്.

“വണ്ടി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകട്ടെ. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്” ആൾക്കൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞു. സാബു വണ്ടിയുടെ ലൈറ്റ് ഇട്ട്, ഹോൺ അടിച്ചു കൊണ്ട് അതിവേഗം വണ്ടി മുന്നോട്ടു എടുത്തു.എതിരെ വരുന്ന വാഹനങ്ങൾ വഴിമാറിക്കൊടുത്തു. യുവതിയുടെ ദയനീയമായ കരച്ചിൽ പുറകിൽ നിന്നും ഉയർന്നുകൊണ്ടിരുന്നു. സാലിയും അമ്മയും അറിയാവുന്ന എല്ലാ പ്രാർത്ഥനകളും ചൊല്ലി കൊണ്ടിരുന്നു.
റോഡിൽ ഗട്ടറുകൾ കുറവായതിനാൽ നല്ല വേഗത്തിൽ തന്നെ ഹോസ്പിറ്റലിൽ എത്താൻ സാധിച്ചു. .കൂടെ ഉണ്ടായിരുന്ന യുവാവിനെ അപ്പോഴേക്കും ആരോ ആരോ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. സംഭവസ്ഥലത്ത് വെച്ച് തലകറങ്ങി ഇരുന്നെങ്കിലും അയാൾക്ക് പരിക്കുകൾ ഒന്നും ഇല്ലായിരുന്നു.
നേരത്തെ ഹോസ്പിറ്റലിൽ വിളിച്ച് പറഞ്ഞതിനാൽ അവിടെ എല്ലാം റെഡി ആയിരുന്നു. അവളെ പെട്ടെന്ന് തന്നെ ഓപ്പറേഷന് കയറ്റി.
ഓപ്പറേഷൻ തിയേറ്ററിനു പുറത്ത് എല്ലാവരും അവളുടെ ജീവനുവേണ്ടി മനസ്സ് നൊന്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷം അവസാനം ഡോക്ടർ പുറത്തിറങ്ങി വന്നു. കാലിൽ ലോറിയുടെ ടയർ കയറി ഇറങ്ങിയതിനാൽ ഞരമ്പുകൾ എല്ലാം ചതഞ്ഞരഞ്ഞിരുന്നു. അവളുടെ വലതുകാൽ മുറിച്ചു കളയേണ്ട തായി വന്നു. ഡോക്ടർ പറഞ്ഞു “സമയത്തിന് ഇവിടെ എത്തിച്ച തിനാൽ ജീവൻ രക്ഷിക്കാനായി”
കണ്ണുകൾ നിറഞ്ഞ്, കൈകൾ കൂപ്പി ആ യുവാവ് എങ്ങനെ നന്ദി പറയണമെന്ന് അറിയാതെ അവരെ നോക്കി. നിസ്സഹായനായി ആയി നിന്ന അയാൾ അവളുടെ ഭർത്താവ് ആയിരുന്നു. ഒപ്പം കൂടെയുണ്ടായിരുന്നു എല്ലാവരും അവർക്ക് ഒത്തിരി, ഒത്തിരി നന്ദി പറഞ്ഞു.
രക്തത്തിൽ നനഞ്ഞ നിറം മാറിപ്പോയ ഗ്രേ കളർ സീറ്റ് എല്ലാവരുംകൂടി തുടച്ചു. മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അമ്മയെ അവിടെ ഇരുത്തി. വെഡിങ് ആനിവേഴ്സറി യും ഡയമണ്ട് നെക്ലേസ് എല്ലാം അവർ മറന്നു. ഒരു ജീവൻ രക്ഷിക്കാൻ ആയതിൻറെ ചാരിതാർത്ഥ്യം അവരുടെ മനസ്സിൽ നിറഞ്ഞു. സ്വർഗ്ഗത്തിലേക്കുള്ള ഒരു ചവിട്ടുപടി നമ്മൾ കയറി അല്ലേ സാലി മന്ത്രിച്ചു.

ഒരു വർഷത്തിനു ശേഷം വീണ്ടും ഒരു വിവാഹവാർഷികം കടന്നുവന്നു. ഇപ്രാവശ്യത്തെ വിവാഹ വാർഷികത്തിന് സമ്മാനത്തിന് പകരം ആ യുവതിയെയും യുവാവിനെയും നമുക്ക് ഒന്നു പോയി കാണാമെന്ന് സാലി പറഞ്ഞു. അത് സാബുവിനും സമ്മതമായിരുന്നു. അങ്ങനെ ഒരു കേക്കും കുറച്ച് മിഠായികളും വാങ്ങി അവർ ആ യുവാവിനെയും യുവതിയെയും കാണാൻ പോയി. ആസ്ബറ്റോസ് മേഞ്ഞ ഒരു ചെറിയ വീട്. സാബു കോളിംഗ് ബെല്ലിൽ വിരലമർത്തി. യുവതി വാതിൽ തുറന്നു. അന്ന് തൻറെ ജീവൻ രക്ഷിച്ച അവർ ഇതാ മുൻപിൽ നിൽക്കുന്നു. അവൾ അത്ഭുതത്തോടെ അവരെനോക്കി. “വരൂ കയറിയിരിക്കു” അവൾ പറഞ്ഞു.
കയ്യിലിരുന്ന കേക്കിൻറെ കവർ അവിടെ ഉണ്ടായിരുന്ന ചെറിയ ടേബിളിൽ വച്ച് സാലി ചോദിച്ചു “എങ്ങനെയുണ്ട്?”
വിഷാദത്തിൽ ചാലിച്ച ഒരു പുഞ്ചിരി ചുണ്ടിൽ അണിഞ്ഞ് അവൾ പറഞ്ഞു “കുഴപ്പമില്ല. ജയ്പൂരിൽ കൃത്രിമക്കാൽ ഓർഡർ ചെയ്തിട്ടുണ്ട്. അടുത്തമാസം ഫിറ്റ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇരിക്കൂ ചായ എടുക്കാം.” നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ ക്രച്ചസ് കുത്തി ഇടതുകാൽ മുന്നോട്ട് വലിച്ചു വച്ചു. അപ്പോഴേക്കും അവരുടെ സംസാരത്തിൻറെ ശബ്ദം കേട്ട് തലവേദനയായി കിടക്കുകയായിരുന്നു ഭർത്താവ് പതിയെ എഴുന്നേറ്റ് വന്നു. അവരെ കണ്ടു അത്ഭുതത്തോടെ അയാൾ ചോദിച്ചു. “ഈ ദിവസം ഇത്ര കൃത്യമായി നിങ്ങൾ എങ്ങനെ ഓർത്തു?”
“അന്ന് ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആയിരുന്നു.” സാബുവും സാലിയും ഒന്നിച്ചു പറഞ്ഞു