വല്യത്താൻ (കഥ-പാർവതി പ്രവീൺ ,മേരിലാന്റ് )

sponsored advertisements

sponsored advertisements

sponsored advertisements

11 August 2022

വല്യത്താൻ (കഥ-പാർവതി പ്രവീൺ ,മേരിലാന്റ് )

പാർവതി പ്രവീൺ ,മേരിലാന്റ്

തിരു തോണ്ടി
അറു പിശുക്കൻ
വായ് തുറന്നാൽ അസഭ്യം പറയുന്നവൻ
ഇങ്ങനെ ഒക്കെയുള്ള വിശേഷണങ്ങൾ കുഞ്ഞിക്കുട്ടിയിൽ നിന്ന് കേട്ടാണ് വല്യത്താനെ അറിഞ്ഞു തുടങ്ങിയത്.
വടക്കേപ്പുറത്ത് നിന്ന് കുഞ്ഞികുട്ടിയുടെ കരച്ചിൽ കേട്ടാണ് അന്നത്തെ ദിവസം ഉണർന്നത്.നെഞ്ചത്തടിച്ച് അമ്മുമ്മയോട് കുഞ്ഞികുട്ടി കരയുന്ന കാഴ്ച കൗതുകത്തോടെ നോക്കി നിന്നു.
നാട്ടിൻ പുറത്തെ ഒരു വിനോദമായിട്ടാണ് ആ നെഞ്ചത്തടിയെ ആദ്യം കരുതിയത് .
അതിന് അതിശയം തോന്നിയിട്ട് കാര്യമില്ല
കാരണം ചിലപ്പോൾ “കൃഷ്ണ കൃഷ്ണ ” എന്ന പാട്ട് പാടി രാവിലെ ഉണർത്തുന്ന ഒരപ്പുപ്പൻ: പിന്നെ പലതരം വിനോദങ്ങൾ അല്ലെ !
അവധിക്കാലത്ത് നമ്മുടെ നാട്ടിൻ പുറത്ത്
വൈകുന്നേരങ്ങളിൽ കരടി കളി ,പുലിക്കളി, ഉറിയടി,ക്രിസ്തുമസ്സ് കരോൾ ,വിഷുവിന് .. കണി കാണിക്കൽ അങ്ങനെ ഒരു വിനോദത്തിൽ ഒന്നായിട്ടാണ് ഈ നെഞ്ചത്തടിയെ കണ്ടത്.
കാര്യം നിസ്സാരമല്ല അതായത് വിനോദമല്ല എന്ന് മനസ്സിലാക്കാൻ കുറച്ച് നേരമെടുത്തു.

വല്യത്താൻ എന്ന വ്യക്തിയെ മനസ്സിൽ പതിപ്പിക്കാൻ ആ കരച്ചിലിനു സാധിച്ചു.
കുഞ്ഞിക്കുട്ടിയുടെ ആവലാതികൾ ശമിച്ചപ്പോൾ
അടുത്ത് ചെന്നിരുന്നു കാര്യം തിരക്കി, കൂട്ടത്തിൽ “ആരാണ് ഈ വല്യ ത്താൻ ” എന്ന ചോദ്യവും’
ശമിച്ചു കൊണ്ടിരുന്ന ഗദ്ഗദം വീണ്ടും ശക്തി ആർജ്ജിക്കാൻ തുടങ്ങിയപ്പോൾ ഒന്നു പേടിച്ചു എങ്കിലും – ഉത്തരത്തിനായ് കാത്തിരുന്നു.

“അതിര്തോണ്ടി” എന്ന സംബോധനയിൽ കാര്യം പറയാൻ തുടങ്ങി. കാര്യങ്ങൾ എല്ലാം മനസ്സിലായില്ല എങ്കിലും അതിര്, പ്ലാവ്, ചക്കക്കുരു ,ചക്ക, വല്യത്താൻ ഇങ്ങനെയുള്ള നാമങ്ങൾ മനസ്സിൻ ഇടം പിടിച്ചു .മാത്രമല്ല വല്യത്താനെ കാണാൻ ഒരു മോഹവും.
അങ്ങനെയിരിക്കുമ്പോഴാണ് അമ്പലത്തിലെ ഉത്സവത്തിന് കൊടിയേറിയത്.ഉത്സവത്തിന് കുതിരക്കാഴ്ചയും ,താലപ്പൊലിയും ,പുതിയ കുപ്പി വളകളും ,സ്പ്രിംഗ് വളകളും കാണാൻ പോകുന്ന ഒരു സന്തോഷം മനസ്സിൽ മുളച്ചു. ഉത്സവപ്പറമ്പിൽ അച്ഛൻ്റെ കൈയ്യ പിടിച്ച് കെട്ട് കാഴ്ചകൾ കണ്ട് നടക്കുമ്പോൾ അച്ഛന്റയ് പിള്ള ചേട്ടന്റെയ് ചായക്കടയിൽ നിന്ന് അസഭ്യ വിളികൾ ഉയർന്നു.

“വല്യത്താൻ’ അച്ഛൻ പറഞ്ഞു
” ഏ വല്യത്താനോെ? ,എവിടെ? ”
കെട്ട് കാഴ്ച്ചകളിൽ അർമാദിച്ചു നിന്ന രണ്ടു കണ്ണുകളിൽ വല്യത്താനെ കാണുവാനുള്ള
ആകാംക്ഷ നിറഞ്ഞു .അങ്ങനെ വല്യത്താനെ കണ്ടു.
വല്യത്താൻ… ആറടി നീളം നല്ല ഒത്ത ശരീരം ,അല്പ വസ്ത്രധാരി, അല്പ വസ്ത്രധാരിയെന്ന് പറഞാൽ മുട്ടറ്റം മുണ്ട് അതും കരിംമ്പനടിച്ചത്, മേൽ മുണ്ടില്ല, ചെളി പിടിച്ച കാലുകൾ,കാലിലിടേണ്ട ചെരുപ്പ് കൈയ്യിൽ പിടിച്ചിട്ടുമുണ്ട്, പരുഷമായ മുഖം ,കാതിൽ ചുവന്ന കടുക്കൻ അങ്ങനെ ഒരു വല്യത്താൻ. കണ്ടപ്പോഴെ മനസ്സിലാക്കി നല്ല ഒന്നാന്തരം പിശുക്കൻ.ആ കുഞ്ഞു മനസ്സിൽ ആ ആറടി മനഷ്യൻ നിറഞ്ഞു നിന്നു.എപ്പോഴും ആലോചിച്ച് ഉത്തരം ഇല്ലാത്ത ഒരു ചോദ്യമാണ് ” വല്യത്താൻ ” എന്ന പേര്.
വല്യത്താൻ എന്ന പേര് യഥാർത്ഥ പേരാണോ?
അതോ രൂപം കണ്ട് നാട്ടുകാർ ഇട്ടതാണോ?

ഉത്സവത്തിൻ്റെ കൊടി ഇറങ്ങി… ഞങ്ങൾ അച്ഛൻ്റെ ജോലി സ്ഥലത്തേക്ക് യാത്രയായ്.
പതുക്കെ മനസ്സിൽ നിന്ന് “വല്യത്താൻ ” മറഞ്ഞും തുടങ്ങി.
കുറേ വർഷങ്ങൾ കഴിഞ്ഞു. അച്ഛൻ്റെ പതിവ് നാട്ടിലേക്കുള്ള കുശല ഫോൺ വിളിയിൽ
വല്യത്താൻ്റെ മരണവും അറിഞ്ഞു.
അതും ആത്മഹത്യ.
ആ പരുക്കനായ മനുഷ്യൻ തൻ്റെ വീടിൻ്റെ മുൻപിലുള്ള മാവിൻ ആടി തൂങ്ങിക്കിടക്കുന്ന ചിത്രം മനസ്സിൽ മിന്നി വന്നു.ആ മനുഷ്യൻ്റെ ശരീരം തൂങ്ങി നിന്ന മാവും,തുറിച്ച കണ്ണുകളും, മുറിഞ്ഞു പോയതിനാൽ തുങ്ങിയാടുന്ന നാവും ,കരിനീല നിറത്തിലുള്ള ശരീരവും മനസ്സിൽ തെളിഞ്ഞു .അത് എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു.

എന്തായിരുന്നു കാണും ആ കണ്ട പരുക്കനായ മനുഷ്യനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് കൊണ്ടുപോയത് ?

ആശകൾക്ക് കാന്തശക്തി ഉണ്ട്.അതു പോലെ സ്നേഹത്തിനും .സ്നേഹവും ആശകളും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു . ആശകൾ തീരുമ്പോൾ ജീവിതത്തിനോടുള്ള സ്നേഹം തീരും.
ആ മനുഷ്യന് ആശകൾ ഉണ്ടായിരുന്നോ?
ആ മനുഷ്യന് സ്നേഹം ഉണ്ടായിരുന്നോ?

അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പട്ടികയിൽ ഇതും ചേർന്നു.
നാളുകൾ കിഴഞ്ഞു .

വീണ്ടും ഒരു അവധിക്കാലം.
ഗ്രാമത്തിൻ്റെ കവാടത്തിൽ എത്തിയപ്പോഴെ മറഞ്ഞു കിടന്ന വല്യത്താൻ്റെ രൂപം തെളിഞ്ഞു വന്നു.
കുടുബത്തിലെ വടക്കേമുറി എൻ്റെ പ്രിയപ്പെട്ട മുറിയാണ്. മുറിയിലെ ജനാലകൾ തുറന്നിട്ടാൽ നല്ല കാറ്റാണ്.അമ്മുമ്മയുടെയും കുഞ്ഞിക്കുട്ടിയുടെയും ഉച്ച നേരമ്പോക്കുൻ്റെ മുറി. കുഞ്ഞിക്കുട്ടിയുടെ മടിയിൽ കിടന്ന് നാട്ടിലെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. തലയിൽ മുടിയിഴകളിലൂടെ കുഞ്ഞിക്കുട്ടിയുടെ കൈവിരലുകൾ പായുമ്പോൾ ഞാനറിയാതെ ഉറങ്ങും.
നാലു മണിയുടെ ഇളം വെയിലും, കാറ്റും, ആ തലോടലും മതി ഒന്ന് ഉറങ്ങാൻ .അന്നത്തെ നാട്ടുവർത്തമാനത്തിൽ ഞാൻ പെട്ടന്ന് ചോദിച്ചു
“വലൃത്താൻ എന്തിനാ മരിച്ചേ?”
മറന്നു കിടന്ന ഒരു ഭാവം അവരുടെ മുഖത്ത് തെളിഞ്ഞു.
കണ്ണുകൾ പെട്ടെന്ന് ഈറനായ്.
“വലുത്താൻ പോയ് കുഞ്ഞേ, ആ മനസ്സു മുഴുവൻ സ്നേഹമായിരുന്നു.”
“ആരോട്?”
ഉത്തരം അവരുടെ വിങ്ങിപ്പൊട്ടലിൽ അലിഞ്ഞു പോയ്.
വീണ്ടും ” ആരോട്? ” എന്ന ചോദ്യം വന്നില്ല.
സ്നേഹിക്കാൻ മറന്നു പോയതാണോ?
സ്നേഹിക്കാൻ ശ്രമിക്കാഞ്ഞതാണോ?
സ്നേഹിക്കാൻ അറിയാഞ്ഞതാണോ?’

” വല്യത്താൻ എന്തിനാ മരിച്ചേ? ” എന്ന ചോദ്യം എന്നെ പിൻ തുടന്നു കോണ്ടേയിരുന്നു.

മരിക്കുന്നതിൻ്റെ തലേ നാൾ ,പിള്ള ചേട്ടൻ്റെ ചായക്കടയുടെ വരാന്തയിൽ കലങ്ങിയ കണ്ണുകളായ് ആ പരുക്കനായ മനുഷ്യൻ വന്നിരുന്നത് കണ്ടവരുണ്ട്. തലയിലും കാല് മുട്ടിലും മുറിവുകൾ കാണപ്പെട്ടിരുന്നു, ചുണ്ടുകൾ ചതഞ്ഞ് വീർത്തിരുന്നു,ശരീരമാകേ ചേറ് പറ്റിയിരുന്നു, ഒരു വിളറിയ ഭാവത്തിൽ വരാന്തയിൽ തല കുനിച്ച് ഇരുന്നു.

” മക്കൾ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു ”
എന്ന് പതിഞ്ഞ സ്വരത്തിൽ അസഭ്യ വാക്കുകൾക്കായ് ഉരിയാടിയിരുന്ന മനുഷ്യൻ പുലമ്പി.
“മക്കൾ എന്നെ തള്ളിപ്പുറത്താക്കി, മാമ്പൂ കണ്ടും മക്കളെ കണ്ടും ആരും ഒന്നും മോഹിക്കരുതേ !”
എന്ന് പറഞ്ഞ് വിതുമ്പി കരഞ്ഞു.പ്രതീക്ഷയുടെ ദീപങ്ങൾ അണഞ്ഞ്, കുറ്റബോധവും സങ്കടവും കൊണ്ട് വീർപ്പുമുട്ടി ആ ചായക്കടയുടെ തൂണും ചാരി ഇരുന്നത് ഇപ്പോഴും ഗ്രാമവാസികൾ മറന്നിട്ടില്ല .ആരും ആശ്വസിപ്പിച്ചില്ല. സഹതപിച്ചില്ല.മക്കൾക്കായ് മാത്രം ശത്രുക്കളെ സമ്പാദിച്ച മനുഷ്യനെ ആര് സഹായം കൊടുക്കും, ആര് ആശ്വസിപ്പിക്കും.

ഒരാൾ വാക്കുകളിലൂടെ, ശബ്ദത്തിലൂടെ ,ഒരു സ്പർശനത്തിലൂടെ ഒന്ന് ആശ്വസിപ്പിച്ചിരുന്നു എങ്കിൽ ആ പരുക്കനായ മനുഷ്യൻ
ആ തിരുമാനം എടുക്കില്ലായിരുന്നു.

ആരുമറിഞ്ഞിരുന്നില്ല, ആ മനുഷ്യൻ്റെ മനസ്സിലെ കഠിന തീരുമാനം.
സ്നേഹവും പണവും ഒരു പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്.
ആവശ്യമുള്ളയിടങ്ങളിൽ ഉപയോഗിച്ചില്ലങ്കിൽ ഒരു പ്രയോജനമില്ലത്ത ഒരു വസ്തു.
” ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന പറയാനും പ്രകടിപ്പിക്കാനും കഴിയാത്തവർ മൃഗതുല്യരാണ്.
“അഹം” എന്ന ഭാവം പേറുന്ന മൃഗം .

അതിരു തോണ്ടി സ്വന്തം പുരേടത്തിനോട് ചേർത്തും,മുട്ടറ്റം മുണ്ടുടുത്തും, ചെരുപ്പ് തേയാതിരിക്കാൻ ചെരുപ്പ് കൈയ്യിൽ പിടിച്ചും നടന്ന് നാല് മക്കളെ വളർത്തിയ പിശുക്കൻ എന്ന പേര് സമ്പാധിച്ച “വല്യത്താൻ “.
സ്നേഹം എന്ന ഭാവത്തെ പണമായ് സൂക്ഷിച്ച അച്ഛൻ.സ്വന്തം സ്വപ്നങ്ങളെ സൂക്ഷിച്ചു വച്ചുണ്ടാക്കിയ ലാഭത്തെ മക്കൾക്കായ് വീതിച്ചു,അതിലുണ്ടാക്കിയ പാപത്തെ വീതിക്കാതെ സ്വന്തം മാക്കി മാറ്റി സ്നേഹിക്കാൻ മറന്നു പോയരച്ഛൻ.
തിരിച്ചു മക്കളുടെ സ്നേഹത്തിനായ കാത്തിരുന്ന അച്ഛൻ.
മക്കളുടെ സ്നേഹവും പണമാണെന്നറിഞ്ഞപ്പോൾ ആശകളുടെ നീരുറവ വറ്റി.

സ്നേഹം പണമാണന്ന് പഠിപ്പിച്ച അച്ഛനും
പണം സ്നേഹമാണന്ന പഠിച്ച മക്കളും.
“മനുഷ്യത്വം” എന്ത് എന്നറിയാതെ പോയ മനുഷ്യർ .
സ്നേഹം എന്ന സത്യത്തെ അറിയാതെ
അവസാനം സ്വപ്നങ്ങളും പേറി ആ വല്യത്താൻ മാവിൻ കൊമ്പിൽ കാറ്റിൻ്റെ താളത്തിനനുസരിച്ച് തൂങ്ങി നിന്നു . ജീവിതത്തിനും മരണത്തിനും ഇടലിൽ ഒരു നിമിഷമുണ്ട്. ആ നിമിഷം അയാളുടെ മനസ്സിൽ ജീവിക്കണമെന്ന് തോന്നിയിട്ടുണ്ടാകുമോ?

നാട്ടിൽ എത്തുമ്പോൾ ആ വീടിൻ്റെ മുൻപിൽ ആ മരണത്തിന് സാക്ഷ്യം വഹിച്ച മാവിനെ കാണുമ്പോൾ ഒരു ദീർഘ നിശ്വാസം മാത്രം. ഒരു അവധിക്കാലത്ത് മനസ്സിൽ കയറിപ്പറ്റിയ ഒരു മനുഷ്യൻ, പക്ഷെ അയാളുടെ മരണം എൻ്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഞാൻ തികച്ചും അയാൾക്ക് ഒരപരിചിത മാത്രം,ആ വ്യക്തിയോട് ഒന്നും ഞാൻ സംസാരിച്ചിട്ടില്ല.പക്ഷെ സ്നേഹം എന്ന വാക്കിൻ്റെ അർത്ഥം പഠിപ്പിച്ചു,ഒരു തുള്ളി സ്നേഹം ആർക്കും കൊടുക്കാതെ .

സ്വപ്നങ്ങളെ സ്വപ്നങ്ങളായ് കൂട്ടിലിടാതെ അതിനായ് പറക്കുക. ജീവിതം ആസ്വദിക്കുക! ജീവിതം ആസ്വദിക്കാൻ മറന്നു പോയ വല്യത്താൻ..

“വല്യത്താനെ ഈ ചതി എന്നോട് വേണ്ടായിരുന്നു ” എന്ന നിലവിളികൾ ആ നാട്ടിൽ നിശബ്ദമായ്.

.

പാർവതി പ്രവീൺ ,മേരിലാന്റ്