പൊളിച്ചു പണിഞ്ഞ താവാടിൻ്റെ
പാല് കാച്ചലാണ്. രാവിലെ നേരത്തെ ഗണപതിഹോമവും ധാരയും പൂജയും ഒക്കെ കഴിഞ്ഞിരിക്കുന്നു. വടക്കിനി പൊളിച്ചു നവീകരിച്ചിരിക്കുന്നു. പരദേവതയുടെ പീഠവും മാലതാങ്ങിയും ഒക്കെ പഴയത് തന്നെ. പഴമ നഷ്ടപ്പെടാത്ത പൂജാമുറി കണ്ടപ്പോൾ ഉണ്ണിമായക്ക് മനസ്സ് നിറഞ്ഞു. അഥിതികൾ വന്നു തുടങ്ങിയിരിക്കുന്നു.
ഉണ്ണിമായ മേൽമുണ്ട് ഒന്നുകൂടി ഒതുക്കി..’
കോടിമണം പോയിട്ടില്ല. ഞാന്ന് കിടക്കുന്ന കമ്മൽ വീണ്ടും കാതിലേക്ക് കേറ്റിയിട്ടു. അനുസരണയില്ലാതെ അത് വീണ്ടും ഞാന്ന് തൂങ്ങി.
വെഞ്ചാമരമായ മുടി ചന്ദനാദി തേച്ച് ഒതുക്കിയിട്ടു.
അപ്പുവിന് മോശം ആകരുത് എന്നും ഉണ്ണിമായ അതേ വിചാരിക്കാറുള്ളു. രണ്ട് പഴയ സെറ്റ്മുണ്ട് ആരും കാണാതെ വടക്കിനിയുടെ വാതിലിന് മുകളിൽ വെച്ചിട്ടുണ്ട്. അടിച്ചു തളിക്കാരി ദേവകിയും അലക്കുന്നോൾ ദാക്ഷായണിയും ഇന്ന് വരാതിരിക്കില്ല. കുറെയായി അവരെയൊക്കെ
കണ്ടിട്ട്….
” മുത്തശ്ശി എന്താ ആലോചിങ്ങുന്നെ”
ആരോ ചോദിക്കുന്നത് കേട്ട് ഉണ്ണിമായ മെല്ലെ എണീറ്റ് അടുക്കളയിലേക്ക് നടന്നു.
മനോഹരമായ അടുക്കള. കണ്ണാടിയിട്ട അലമാറകളിൽ നിറയെ ഭംഗിയുള്ള പാത്രങ്ങളും ഗ്ലാസ്സുകളും,മിക്സികളും .
ഓർമ്മകളിൽ പഴയ അടുക്കള ഒരു വേള പുകയുയർത്തിയപ്പോൾ ഉണ്ണിമായയുടെ കണ്ണിൽ നിന്നും വെള്ളം പൊടിഞ്ഞു.
അടുക്കള അടിച്ചു തുടച്ച് അടുപ്പു് കെടുത്തി ഊര നൂർത്തുമ്പോഴേക്കും സമയം ഒരുപാടായിരുന്നു . പഞ്ചായത്ത് ചർച്ചകൾ കഴിഞ്ഞ് കുളിക്കാൻ പോയവർ മടങ്ങിയെത്തണമെങ്കിൽ ഒരു സമയമാകും. ഉമ്മറത്തെ ഒഗേൽ പാനീസ് വിളക്കിൻറെ തിരി അണയാനായിട്ടുണ്ടാകും.
റേഷൻ ചിമ്മിനി കഴിയാറായിട്ടുണ്ട്.ആരോടും പറയാനില്ല. പര്യപ്പുറത്ത് ഓലക്കൊടികൾക്ക് മീതെ ഉറങ്ങികഴിഞ്ഞ അപ്പുവിനെ വിളിച്ചെഴുന്നേൽപ്പിക്കാൻ ഇനി ഒരു യുദ്ധം തന്നെ വേണ്ടി വരും.
കൊട്ടത്തളത്തിലെ ചെമ്പ് വെള്ളം കളഞ്ഞ് കമഴ്ത്തി.കിണറ്റുവാതിൽ
അടക്കാൻ തുടങ്ങിയപ്പോഴാണ് തുടിയിലെ കയറ് പിന്നെയും പൊട്ടാനായത് ശ്രദ്ധയിൽ പെട്ടത്.
അപ്പുവിനെ ഉണർത്തി വടക്കെ അറയിൽ വിരിച്ചു കിടത്തി. ഓവറയുടെ വാതിൽ തുറന്നെപ്പോഴാണ് ബക്കറ്റിൽ വെള്ളം നിറച്ചില്ലായെന്ന് ഓർത്തത്. വീണ്ടും കിഴക്കിനിയും ഇടനാഴിയും വാതിൽ തുറന്ന് കിണറ്റു വാതിലിന്റെ അരമ നീക്കുമ്പോൾ ഒരു നിമിഷം സംശയിച്ചു. തുടിയുടെ ശബ്ദം രാത്രിയുടെ നിശബ്ദതയിൽ ഇരട്ടിയാവും. ഉറക്കത്തിലായവർക്ക് ബുദ്ധിമുട്ടാവും. രാവിലെ പരാതികൾ കേൾക്കയും വേണം .
വെള്ളമില്ലാതെ വയ്യല്ലോ. കോരുക തന്നെ. രാവിലെ നേരത്തെ എണീറ്റ് വെള്ളം കോരുമ്പോൾ തുടിയുടെ ശബ്ദം കേൾക്കുമ്പോൾ
എണീറ്റ് കുളിച്ചാൽ അഞ്ചര വണ്ടി കിട്ടുമെന്ന് അടുത്തുള്ളവർ പറയാറുണ്ടത്രെ…
പതിനൊന്നാമത്തെ വയസ്സിൽ അപ്പുവിന്റെ അച്ഛൻ കൈ പിടിച്ച് തോണികടന്ന് ഇരുവഞ്ഞിപ്പുഴയോടും പുഴത്തീരത്തെ എൽ.പി. സ്കൂളിനോടും കളിക്കൂട്ടുകാരോടും കൂടപ്പിറപ്പുകളോടും യാത്ര പറഞ്ഞ് പടി കയറി കുടിവെപ്പ് നടന്ന ദിവസം ഉണ്ണിമായ ഒരു നിമിഷം ഓർത്തു…
പരിചയമില്ലാത്തവർ ആരൊക്കെയോ ഇരിക്കുന്നുണ്ട്.
അടുക്കളയിലെത്തിയപ്പോൾ’
ഉണ്ണിമായക്ക് സന്തോഷം കൂടുതലായി.
പഴയ കൊട്ടത്തളവും
അടുക്കള കിണറും ഒക്കെ അതേ പോലെ തന്നെ. തുടിയും കയറും ഭംഗിയായിട്ടിരിക്കുന്നു. പക്ഷെ കോരുമ്പോൾ ശബ്ദം ഉണ്ടാവില്ലത്രെ..
” മുത്തശ്ശി ഉമ്മറത്തെക്ക് വാ”
കുട്ടികളാരോ വിളിച്ചപോലെ…’
പൂമുഖത്ത് പഴയതായി അപ്പുവിന്റെ അച്ഛന്റെ ചാരുകസേര അതേ പോലെ തന്നെയുണ്ട്. പോളിഷ് ചെയ്ത് നന്നാക്കിയിരിക്കുന്നു.
ഉമ്മറത്തെ ചുമരിൽ പഴയ കലപ്പയും നുകവും ആണിയടിച്ചിരിക്കുന്നു. മാൻ കൊമ്പുകളും.’ മുറ്റത്തിന്റെ അരികിൽ പഴയ ഓവറയിൽ നിന്നും പൊളിച്ച ഓവ് കാൽ കഴുകാനായി പൈപ്പിന് താഴെ ഭംഗിയായി ഒതുക്കിയിരിക്കുന്നു.
വീണ്ടും പഴമയെ കൈവിടാത്ത അപ്പുവിന്റെ രീതികൾ ഉണ്ണിമായക്ക് സന്തോഷം നൽകി..
പാല് കാച്ചാനായിട്ടുണ്ടാവും.
എല്ലാവരും തിരക്കിലാണ്.
നടുമുറ്റത്തിന്റെ പടിയിൽ ഇരുന്നപ്പോൾ പഴയ ഭസ്മകൊട്ട പരുക്കുകൾ തീർത്ത് ഭംഗിയാക്കിയിട്ടുണ്ട്. അരികിൽ ഒരു ആട്ടു കിട്ടിലും..
“ശിന്നെ”
കോണിയിറങ്ങി അപ്പുവിന്റെ അച്ഛൻ താഴെ വന്നു് വിളിക്കു ന്നത് പോലെ.
മുകളിലെ ചാണകം മെഴുകിയ മുറിയിൽ നിന്നും
കോണിയിറങ്ങി വന്നു വിളിക്കുന്നത് പോലെ..
വരാതിരിക്കില്ല.
“ഏട്ടനാരെയാ നോക്കുന്നെ.
പാലതാ തിളച്ച് മറിയാണെ”
പഞ്ചസാരയിടണ്ടെ”
ഓർമ്മകളുടെ കോണിപ്പടികളിറങ്ങി അപ്പു പെട്ടെന്നു തന്നെ തിരിച്ചു അടുക്കളയിലെത്തി…
പാല് തിളച്ച് തുടങ്ങിയിരിക്കുന്നു .
കോടിമണം മാറാത്ത ഒരു മൽമൽ മുണ്ടിൻറെ മണം എവിടെന്നോ അടിക്കുന്നുണ്ട്. ചന്ദനാദി എണ്ണയുടെയും നാൽപ്പാമര സോപ്പിന്റെയും ഗന്ധം. ഉള്ളി വറുത്തിട്ട ചോറുപ്പുമാവിൻറെ ഗന്ധം. പര്യപ്പുറത്തെ ഓലക്കൊടികെട്ടിൽ നിന്നും ഉറക്കം നടിച്ചു അമ്മയുടെ കഴുത്തിൽ തൂങ്ങിയിരിക്കുന്ന കുട്ടിയായി ബാല്യത്തിലേക്ക് പോയ പോലെ…
മഴ പെയ്ത കർക്കിടക രാവിൽ അമ്മയെ പിടിച്ചൂട്ടി ഉറങ്ങുമ്പോഴുള്ള കരിമ്പടത്തിന്റെ ഗന്ധം.
ഇല്ലായ്മകൾക്കിടയിലും അര ഗ്ലാസ്സ് പാലിൽ ഉറയിട്ടു് തൈര് കൂട്ടി കുഴച്ച ചോറും കടുമാങ്ങയും ഇട്ട ചോറ്റുപാത്രത്തിന്റെ കരുതൽ..
അമ്മ ഇവിടെ എവിടെയോ ഉണ്ട്. തന്റെ ഐശ്വര്യങ്ങൾക്ക് അനുഗ്രഹങ്ങളുമായി…’
ആരും കാണാതെ അപ്പു കണ്ണു തുടച്ചു. അപ്പോഴും ചന്ദനാദി എണ്ണയുടെ ഗന്ധം അവിടെ ഒക്കെ ഒഴുകി വരുന്നുണ്ടായിരുന്നു.
അമ്മയുടെ ഗന്ധം.
